Wednesday, February 10, 2010

ഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ ഹിറ്റുകള്‍ മാത്രം



ഓലപ്പഴുതിലൂടെ ഇടിമിന്നല്‍പോലെ താണിറങ്ങുന്ന സൂര്യരശ്‌മിയുടെ പടലങ്ങള്‍. അത്‌ വെള്ളിത്തിരയിലും ജയഭാരതിയുടെ മാറിന്‍മേലും പതിച്ച്‌ ഒരു നിമിഷാര്‍ധത്തിന്റെ ശൂന്യത സൃഷിടിച്ച കാലം.

ഏറ്റവും മുന്നിലിരുന്ന്‌ ഞങ്ങള്‍ കുട്ടികള്‍ കഴുത്തു തിരിച്ചുനോക്കും. എവിടെനിന്നാണ്‌ ഈ അത്ഭുതം. പിന്നില്‍ അല്‌പം ഉയര്‍ന്നു നില്‍ക്കുന്ന മുറിയില്‍ നിന്നും ഒരു പ്രകാശധാര വന്ന്‌ വെള്ളിത്തിരയെ ചുംബിക്കുന്നു. വരം നല്‍കുന്ന ദൈവത്തിന്റെ കൈയില്‍നിന്നെന്നപോലെ...

അപ്പോള്‍ എല്ലാം തെളിയുന്നു.

ഈ പ്രതിഭാസം നോക്കി അന്നത്തെ കുഞ്ഞു കഴുത്തുകള്‍ എത്ര കഴച്ചിട്ടുണ്ടാകും.

ഒരിക്കലും നസീര്‍ ഷീലയെ ഒറിജിനലായി ചുംബിക്കുമെന്ന്‌ ഞങ്ങള്‍ കരുതിയില്ല. കൈതക്കാടുകള്‍ക്കിടയിലൂടെ സ്‌കൂളിലേക്കു നടന്നുപോകുമ്പോള്‍ ഇക്കു എന്നു വിളിക്കുന്ന സുരേഷ്‌ മോന്‍ ഞങ്ങള്‍ക്ക്‌ ആ ടെക്‌നിക്ക്‌ പറഞ്ഞുതന്നു... അത്‌ ഫിലിം അടുപ്പിക്കുന്നതാണ്‌...

അവന്‍ മറ്റൊന്നുകൂടി പറഞ്ഞു. ബാലന്‍ കെ. നായരും ജയനും തമ്മില്‍ ശത്രുതയില്ല...

സംഘട്ടനം എന്നു പറഞ്ഞാല്‍ സംഭവം ഫിലിം വെട്ടിക്കുന്നതാണ്‌. നന്നായി സിനിമാക്കഥ പറയുമായിരുന്ന ഇക്കുവിനെ പിന്നെ ഞാന്‍ കണ്ടത്‌ തീയേറ്ററിന്റെ അകത്തെ ആളായിട്ടാണ്‌.

പോസ്‌റ്റര്‍ പതിക്കാന്‍ പോകുന്ന അവനെ ഞങ്ങള്‍ ആരാധിച്ചു. ഇടവേളകളില്‍ എട്ടിന്റെ ഷേപ്പുള്ള തോടുകപ്പലണ്ടിയുമായി അവന്‍ സ്‌ക്രീനിനു മുന്നിലൂടെ നടക്കും. കപ്പലേണ്ടിയേ.... അപ്പോള്‍ പിന്നില്‍നിന്നൊരു വിളികേട്ടു... ഒറ്റച്ചെവിയാ.... പരസ്യ സ്ലൈഡിന്റെ വെളിച്ചത്തില്‍ അവന്റെ തല താണുപോകുന്നതും ഞങ്ങള്‍ സ്‌ക്രീനില്‍ കണ്ടു. അപ്പന്റെ അപരനാമധേയം അത്രയേറെ അവനെ ധര്‍മസങ്കടത്തിലാക്കി. അന്ന്‌ തീയേറ്ററില്‍നിന്നും കിട്ടിയ പാട്ടുപുസ്‌തകത്തില്‍നിന്നും കാണാതെ പഠിച്ച പാട്ടുകള്‍ ഇന്നും ഓര്‍മയില്‍നിന്നും മായുന്നില്ല...

അനുരാഗ കളരിയില്‍

അങ്കത്തിനു വന്നവളേ...

വെള്ളിയാഴ്‌ചകളെ ഞങ്ങളേറെ ഇഷ്‌ടപ്പെട്ടു. അന്ന്‌ രേഖയില്‍ പടം മാറും. പലതായി മുറിച്ച വമ്പന്‍ പോസ്‌റ്ററുകള്‍ വലിയ ഫ്രെയ്‌മില്‍ ചേര്‍ത്തുവയ്‌ക്കുന്നതു കാണാന്‍ വലിയ കൗതുകമായിരുന്നു. അതിനുമീതെ തീയേറ്ററിന്റെ പേരും കളിവിവരവും ചേര്‍ത്ത സ്ലിപ്പ്‌ ഒട്ടിക്കും. താരങ്ങളൂടെ മുക്കും ചുണ്ടും മുറിയാതെ പോസ്‌റ്റര്‍ ചേര്‍ത്തൊട്ടിക്കുന്ന മൊട്ട സജിയുടെ ധീരതയെ ഞങ്ങള്‍ വാഴ്‌ത്തി.

മുട്ടീനു മീതെ നഗ്നത പ്രദര്‍ശിപ്പിച്ചാലും അന്ന്‌ വലിയ എ ആയിരുന്നു സര്‍ട്ടിഫിക്കറ്റ്‌. എ എന്നു കണ്ടാല്‍ പിള്ളേര്‍ക്ക്‌ പ്രവേശനമില്ല. എ പടങ്ങള്‍ ഞങ്ങള്‍ക്ക്‌ അന്യമായി. എരിപൊരിയന്‍ വെയിലേറ്റ്‌ തീയേറ്ററിനുള്ളില്‍ മാറ്റിനി കാണാന്‍ കയറി പടം തീര്‍ന്ന്‌ ഇളം വെയിലിന്റെ സാന്ത്വനത്തിലേക്ക്‌ ഇറങ്ങുമ്പോള്‍ ഒരു യുഗം കടന്നുപോയ പ്രതീതിയാണ്‌. എല്ലാ കളറുകള്‍ക്കും മീതേ പതിഞ്ഞു അന്നത്തെ ഇസ്‌റ്റ്മാന്‍ കളര്‍. സ്‌കൂളിലേക്കുള്ള യാത്രയില്‍ അങ്ങകലെ കേള്‍ക്കാം... മൂശാരേത്ത്‌ ബാലന്റെ ഗംഭീര ശബ്‌ദത്തില്‍ അനൗണ്‍സ്‌മെന്റ്‌.

നയനമനോഹരമായ വെള്ളിത്തിരയില്‍ 2.45 നുള്ള മാറ്റിനി ഷോയോടുകൂടി ആദ്യ പ്രദര്‍ശനം അനാവരണം ചെയ്യുന്നു. ശരപഞ്‌ജരം ദിവസേന മൂന്നു കളികള്‍. കാറിന്റെ പിന്‍സീറ്റില്‍ എം.എന്‍ നമ്പ്യാരെപ്പോലെ ബാലന്‍ മലര്‍ന്നു കിടക്കും. നിറംമങ്ങിയ നോട്ടീസുകള്‍ വാരി വിതറുന്ന ജോലിയും ബാലന്‍ ഒറ്റയ്‌ക്കു ചെയ്‌തു.

ഒരെണ്ണം കിട്ടിയാല്‍ ജന്മ സാഫല്യമായി. ഓടാനറിയാത്ത ഞാന്‍ എന്നും പിന്നിലായി. ഒടുവില്‍ ഒരൊത്തുതീര്‍പ്പുമായി കൂട്ടുകാരന്‍ വന്നു. രണ്ടു തുലാഭാരം തന്നാല്‍ പകരം ഒരു ശരപഞ്‌ജരം തരാം.

അങ്ങനെ കൈമാറി വാങ്ങിയ നോട്ടീസുകളൊക്കെ വീടിന്റെ മൂലയില്‍ ഒരു കോമ്പലില്‍ കൊരുത്തിട്ടു. എപ്പോഴാണ്‌ ആ നിധി നഷ്‌ടമായതെന്നോര്‍മയില്ല.

ഓരോ നോട്ടീസിനും പിന്നിലെ കഥാസാരത്തിന്റെ ഒടുവില്‍ ഞങ്ങള്‍ മൗനികളായി. ശേഷം ഭാഗം സ്‌ക്രീനില്‍. ഇത്‌ ഒരു ഭാവനാലോകത്തിലേക്കുള്ള പ്രവേശനത്തിനു തുടക്കമായി. കുതിരയെ എണ്ണ തേപ്പിച്ച്‌ മസില്‍ പെരുപ്പിച്ചു നില്‍ക്കുന്ന ജയന്റെ പുറത്ത്‌ ഷീലഅളവുനോക്കുമെടാ.. കൃത്യം ആറു ചാണ്‍ വീതി...

തീയേറ്ററില്‍ നിന്നിറങ്ങിവന്ന ഒരുവന്റെ കഥകേട്ട്‌ വിഭ്രമത്തിലായ നാളുകള്‍. ഇത്‌ പിന്നീട്‌ സ്വപ്‌നങ്ങളില്‍ ഉദ്വേഗത്തിന്റെ വെടിക്കെട്ടുകളായി.

ഞങ്ങളുടെ കൊട്ടകയില്‍ തടവറ ഓടുമ്പോഴാണ്‌ ജയന്‍ അപകടത്തില്‍ മരിച്ചത്‌. അന്നു ഞങ്ങള്‍ സ്‌കൂളില്‍ പോയില്ല. കൊഴുവട്ടശേരിലെ കാവില്‍ കയറിയിരുന്നു. തീയേറ്റര്‍ ജംഗ്‌ഷന്‍ മൂകമായി. സ്വാമീസ്‌ ഹോട്ടലിലെ പരിപ്പുവട അന്നാദ്യമായി അധികം വന്നു. പിരിയന്‍ ഗോപാലകൃഷ്‌ണന്‍ എന്ന ഞങ്ങളുടെ കൊച്ചാട്ടന്‍ വിതുമ്പിക്കൊണ്ടു പറഞ്ഞു.

സഹിക്കാന്‍ വയ്യാടോ..

തടവറയുടെ പോസ്‌റ്ററില്‍ നാട്ടുകാര്‍ വലിയ മാല ചാര്‍ത്തി.

രണ്ടു കൊട്ടകകളുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരായി സഹോദര സ്‌ഥാപനങ്ങളുടെ ഉടമകളായ കുട്ടനും രാജനും പരസ്‌പരം മത്സരിക്കുന്ന കാഴ്‌ച ഞങ്ങള്‍ക്ക്‌ അതിശയമായി. കുട്ടന്‍ ഇടത്തിട്ട സിന്ധുവിന്റെ പ്രചാരകനും രാജന്‍ രേഖയുടെ ആളുമായിരുന്നു.

മുറുക്കാന്‍ കടകള്‍ക്കു മുന്നില്‍ ഇരുവരും പോസ്‌റ്റര്‍ പതിച്ച ബോര്‍ഡുകള്‍ ആവുന്നത്ര ശ്രദ്ധാപൂര്‍വം പ്രദര്‍ശിപ്പിച്ച്‌ മത്സരിച്ചു.

കുമാരസംഭവം ഓടിയ കാലം നാട്ടില്‍ സംഭവമായിരുന്നു. വരാത്ത സംഭവത്തിന്റെ പെട്ടിക്കുവേണ്ടി പ്രദേശിക വാര്‍ത്ത എന്ന സിനിമയിലെപ്പോലെ ഞങ്ങള്‍ കാത്തുനിന്നു. ഏറെ വൈകി പെട്ടിയുമായി കാറില്‍ വന്നിറങ്ങിയ മറുകര രാമകൃഷ്‌ണപിള്ളയ്‌ക്ക് ഞങ്ങള്‍ ജയ്‌ വിളിച്ചു.

വെള്ളിത്തിരയുടെ വീതി നീളങ്ങള്‍ വര്‍ധിച്ചു. സിനിമാസ്‌കോപ്പായി ആ വാക്കൊന്ന്‌ നന്നായി ഉച്ചരിക്കാന്‍ ഞങ്ങള്‍ ഏറെ പണിപ്പെട്ടു. പഴയ കൊട്ടകയില്‍ വലിയ തുണികള്‍ വലിച്ചുകെട്ടി. അപ്പോഴും തീയേറ്ററിനുള്ളിലെ തൂണിന്‍മേല്‍ പതിയുന്ന പ്രൊജക്‌ടര്‍ വെള്ളിച്ചത്തില്‍ പ്രിയ താരങ്ങളുടെ മുഖങ്ങള്‍ ശിഥിലമായി...

അമ്മമാര്‍ ആവശ്യപ്പെടാതെ തന്നെ ഞങ്ങള്‍ മൗനമായി സമ്മതിച്ച ഒരു വ്യവസ്‌ഥയുണ്ടായിരുന്നു. സ്‌ക്രീനില്‍ പ്രേമ രംഗങ്ങള്‍ കണ്ടാല്‍ ഉടന്‍ പിന്നിലെ പ്രകാശത്തിലേക്ക്‌ നോക്കിക്കൊള്ളാം. ജീവിത നൗകയും, ഭാര്യയും ഞങ്ങള്‍ അങ്ങനെയാണ്‌ കണ്ടത്‌.

ജ്യേഷ്‌ഠനും കുടുംബവും മൂന്നു നേരം ആഹാരം കഴിച്ച്‌ കൈകഴുകുമ്പോള്‍ താഴെ വീഴുന്ന ചോറുപോരായിരുന്നോ ജ്യേഷ്‌ഠാ എന്റെ കുഞ്ഞിനും ഭാര്യയ്‌ക്കും ഒരുനേരം വയറുനിറയാന്‍ എന്ന്‌ കരഞ്ഞുകൊണ്ടുള്ള തിക്കുറിശിയുടെ ജീവിതനൗകയിലെ ഡയലോഗിനോളം ശക്‌തിയുള്ളതൊന്നും പിന്നെ ഇതുവരെ കേട്ടിട്ടില്ല.

കാണാന്‍ കഴിയാത്ത സിനിമകളുടെ ശബ്‌ദരേഖകള്‍ കേള്‍ക്കാന്‍ തീയേറ്ററിന്റെ ചൂടാറാത്ത മതിലില്‍ ഇരുന്ന വൈകുന്നേരങ്ങള്‍ ഓര്‍ക്കാത്തവരല്ലല്ലോ നമ്മള്‍ എഴുപത്‌ മോഡല്‍ ചെറുപ്പക്കാര്‍. കടത്തനാട്ട്‌ മാക്കം കണ്ടിരിക്കുമ്പോള്‍ ഒരു അറിയിപ്പ്‌ വീഴുന്നു.

വരുന്നു ടൈഗര്‍ സലിം...

ഏതാനും ഭാഗങ്ങള്‍ കാണിക്കും.

മക്കളെ കയറൂരി വിടാത്ത കാലമാകയാല്‍ അന്നു കണ്ട ഏതാനും ഭാഗമല്ലാതെ സലിമിനെ മൊത്തത്തില്‍ കണ്ടിട്ടില്ല.

കൊലപ്പാറമലയിലെ ഉത്സവ വിവരവും നാട്ടിലെ രാഗം സ്‌റ്റുഡിയോയുടെ പരസ്യവും ഭംഗിയുള്ള കയ്യക്ഷരത്തില്‍ കരിപിടിപ്പിച്ച സ്ലൈഡില്‍ എഴുതിവച്ച ശൈലി രാജു ഞങ്ങളുടെ മനസില്‍ അന്ന്‌ എം.ടിയേക്കള്‍ വലിയ എഴുത്തുകാരനായി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. നാട്ടിലെ ആന്റിനകളിലിരുന്ന്‌ കാക്കകള്‍ കാഷ്‌ടിച്ചു തുടങ്ങി...

ഇടത്തിട്ട സിന്ധുവില്‍ മാറ്റിനി കാണാന്‍ പോയ മോങ്ങ്‌് മുരളി പറഞ്ഞു പെട്ടി വന്നില്ല. കൊടുമണ്‍ ഗീതയ്‌ക്കുമുമ്പില്‍ അറിയിപ്പുകണ്ടു. നാളെ മുതല്‍ ഒരു ഷോ മാത്രം. വള്ളിക്കോട്‌ രേഖയുടെ പ്രൊജക്‌ടര്‍ വാങ്ങാന്‍ ഒരു തമിഴന്‍ വട്ടിപ്പലിശക്കാരന്‍ രഹസ്യമായി വന്നുപോയത്രേ..

കൊട്ടകകള്‍ ഒന്നൊന്നായി അടഞ്ഞു. ചിലത്‌ കല്യാണ മണ്ഡപങ്ങളായി. മറ്റു ചിലത്‌ ഇടിച്ചു നിരത്തി. ഏത്തവാഴ കൃഷി ചെയ്‌തു.

വാഴ്‌വേമായം ചതിച്ചാലും ഏത്തവാഴ ചതിക്കില്ലെന്ന്‌ ഒരു തീയേറ്റര്‍ മുതലാളി കദനം പറഞ്ഞു. നാട്ടിലെ ഒരു ഫെമിനിസ്‌റ്റ് സംഘടനയും തിരിച്ചറിയാതെ പോയ ഒരു വലിയ സത്യമുണ്ട്‌. പൂട്ടിയ കൊട്ടകകളത്രയും പെണ്‍ പേരുകളിലുള്ളതാണ്‌. രേഖ, ഗീത, ശാന്തി, സീത, സിന്ധു, ലക്ഷ്‌മി, ജോയ്‌സി.

ഗ്രാമത്തിന്റെ ആഘോഷങ്ങളെ ചെറിയ ചെറിയ സന്തോഷങ്ങള്‍കൊണ്ട്‌ കോരിനിറച്ച കൊട്ടകകള്‍. നിഷ്‌കളങ്കമായ സിനിമാസ്വാദനമായിരുന്നു അതെന്ന്‌ ഇനി ആരോടുപറയാന്‍. പതുക്കെ 90 കളിലേക്ക്‌ കടന്നപ്പോഴേക്കും ഗ്രാമീണ കൊട്ടകകള്‍ അടഞ്ഞുതുടങ്ങി. പ്രംനസീറും ജയനും രാഘവനും സോമനും ഷീലയും ശാരദയും തീയേറ്ററിന്റെ അപ്രസക്‌തിയില്‍ മൗനികളായി. ഈ ദുരന്തം ആ പ്രായത്തില്‍ ഞങ്ങള്‍ക്ക്‌ താങ്ങാനാവുന്നതിലും അധികമായി. എല്ലാം നഷ്‌ടപ്പെട്ട പ്രതീതി. പൂട്ടിയ കൊട്ടകകള്‍ കാണുമ്പോള്‍ പഴമ്പാട്ടിലെ പാണന്റെ ഉടുക്കുതാളം പോലെ ഹൃദയമിടിപ്പിനു വേഗം കൂടും.

ഇന്നും വൈകുന്നേരങ്ങളില്‍ ഓര്‍മകളുടെ പാട്ടുപെട്ടിയില്‍ പ്ലെയ്‌റ്റുകള്‍ കറങ്ങുന്നുണ്ട്‌. സുന്ദരാംബാളിന്റെ ജ്‌ഞാനപ്പഴം മുഴങ്ങുന്നുണ്ട്‌. സന്ധ്യാദീപം കൊളുത്താന്‍ നേരമായെന്ന്‌ ഞങ്ങളുടെ സഹോദരിമാര്‍ തിരിച്ചറിഞ്ഞത്‌ ജ്‌ഞാനപ്പഴം

കേട്ടായിരുന്നു.സിനിമാ തീര്‍ന്നുവരുന്ന അമ്മമാര്‍ക്കായി ഞങ്ങളിപ്പോള്‍ കാത്തുനില്‍ക്കേണ്ടതില്ല. അവരിപ്പോള്‍ ചതുരപ്പെട്ടിക്കു മുമ്പിലാണ്‌. ഒരുയുഗം അവസാനിക്കുന്നു. അപ്പോഴും ഓര്‍മകള്‍ കുരുടന്‍മാരെപ്പോലെ പഴയ തീയേറ്ററുകളിലേക്ക്‌ വഴി തിരിഞ്ഞുപോകുന്നു.

പൂര്‍വകാല അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഇവരുമുണ്ട്‌ നമുക്കൊപ്പം.

തിരശീലയിലെ സ്വപ്‌നദൃശ്യങ്ങള്‍ പെരുമ്പടവം ശ്രീധരന്‍ (നോവലിസ്‌റ്റ്)

വര്‍ഷവും തീയതിയുമൊന്നും ഓര്‍മയില്ല. എന്റെ കുട്ടിക്കാലത്തുനിന്നാണ്‌ ഓര്‍മ തുടങ്ങുന്നത്‌. 8- 9 വയസുകാണുമന്ന.്‌ പെരുമ്പടവത്തുനിന്നും 7- 8 മൈല്‍ മലകയറിയിറങ്ങി പാടം നീന്തി പിറവത്തേക്കുപോകും. ഞാനും അമ്മയും അമ്മൂമ്മയും. സിനിമ കാണാനാണ്‌. അക്കാലത്ത്‌ വല്യമ്മയുടെ പ്രായമുള്ള മറ്റൊരാളും സിനിമാ കാണാന്‍ അത്ര ദൂരം പോയിരുന്നില്ല. സന്ധ്യക്കു മുമ്പേ പിറവത്തെത്തും. പിറവം സെന്‍ട്രല്‍ തീയേറ്റര്‍ . അതിന്റെ മുറ്റത്തുചെന്നിരിക്കും. അവിടെ ആകാശംമുട്ടെ ഒരു ഇലവ്‌ മരം നില്‍ക്കുന്നുണ്ടായിരുന്നു. നാലു വശത്തേക്കും ശാഖകള്‍ വീശി നില്‍ക്കുന്ന ആ ഇലവുമരത്തിന്‌ ഒരു വൃക്ഷരാജന്റെ ഗമയുണ്ടായിരുന്നു. അതിന്റെ ഏറ്റവും ഉയരത്തിലുള്ള കവരത്തിലാണ്‌ പാട്ടുപെട്ടിയുടെ കോളാമ്പിവച്ചിരുന്നത്‌. മണി ആറടിക്കുമ്പോള്‍ തൊട്ടു പാട്ടുകേള്‍ക്കാന്‍ തുടങ്ങും. ഒക്കെയും തമിഴാണ്‌. ഒന്നും മനസിലായിട്ടില്ലെങ്കിലും ഞാനതിന്‌ ചെവിയോര്‍ക്കും. 6.30-ന്‌ ടിക്കറ്റ്‌ കൊടുക്കും. വെള്ളിത്തിരയോടുചേര്‍ന്ന്‌ പുഴമണല്‍ വിരിച്ച തറയ്‌ക്കാണ്‌ ടിക്കറ്റെടുക്കുന്നത്‌. നാലണയോ മറ്റോ ആണ്‌ തറടിക്കറ്റിന്റെ വില.

നല്ല കനത്തില്‍ വിരിച്ച പുഴമണ്ണില്‍ ചമ്രം പടിഞ്ഞ്‌ വെള്ളിത്തിരനോക്കിയിരിക്കുമ്പോള്‍ വരുന്നു വെല്‍ക്കം.

സ്വാഗതമൊന്നുമല്ല, ഇംഗ്ലീഷിലുള്ള വെല്‍ക്കം തന്നെ. അതു കഴിഞ്ഞ്‌ പരസ്യങ്ങളാണ്‌. പിറവത്തും ചുറ്റുപാടുകളിലുമുള്ള ചില പ്രധാന കടകളുടെ പരസ്യങ്ങള്‍. അതൊക്കെ അത്ഭുതമായിരുന്നു എനിക്കന്ന്‌. പിന്നെ തുടങ്ങുന്നു ന്യൂസ്‌ റീല്‍. അതും തമിഴാണ്‌. ഇപ്പോഴിതിന്റെ ഓര്‍മ ബാക്കിയുള്ളത്‌ ഇതാണ്‌. അയല്‍നാട്ടു ശെയ്‌തികള്‍ വിളയാട്ടു പന്തയങ്ങള്‍. പിന്നെ ന്യൂസ്‌ റീലില്‍ എനിക്ക്‌ ഓര്‍മയുള്ളത്‌ വിമാനത്തില്‍ വന്നിറങ്ങുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ്‌. ആളിനെ എനിക്കു പിടിച്ചു. പറഞ്ഞത്‌ പിടികിട്ടിയില്ല. ഇടയ്‌ക്ക് ചില അണക്കെട്ടിന്റെയും കൃഷിയിടങ്ങളുടെയും വ്യവസായ ശാലകളുടെയും ചിത്രങ്ങള്‍.

പിന്നെ പടം തുടങ്ങി. ആയിരം തലൈവാങ്കി അപൂര്‍വ ചിന്താമണി. ഞാന്‍ ആദ്യം കണ്ട സിനിമ അതാണ്‌്. നല്ല ഒന്നാന്തരം തമിഴ്‌. കണ്ണിമയ്‌ക്കാതെ തലൈവാങ്കി കണ്ടിരുന്നു. അവിടെ തന്നെയാണ്‌ ആരായ്‌ചമണി കണ്ടതും. അതും തമിഴാണ്‌.

എന്തെങ്കിലും സങ്കടം ബോധിപ്പിക്കാനുള്ളവര്‍ക്ക്‌ രാജകൊട്ടാരത്തിന്റെ ഉള്ളില്‍ നിന്നു പുറത്തേക്കു തൂക്കിയ കയറില്‍ പിടിച്ചുവലിക്കാം. അപ്പോള്‍ അകത്ത്‌ മണി മുഴങ്ങും. ഉടന്‍ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടുന്ന രാജാവിനോട്‌ സങ്കടങ്ങള്‍ പറയാം. ഒരിക്കല്‍ കയറില്‍ പിടിച്ചുവലിച്ചത്‌ എല്ലും തൊലിയുമായ ഒരു പശുവാണ്‌. അസ്‌ഥി പഞ്ചരമായ എല്ലാ തെരുവു പശുക്കള്‍ക്കും വൈക്കോലും പിണ്ണാക്കും കൊടുക്കാന്‍ ഉത്തരവായി. ഗ്രാമത്തിലെ കൊട്ടകയില്‍ നിന്നും ആദ്യം കണ്ട രണ്ട്‌ സിനിമകളുടെ ഓര്‍മകള്‍ വളരെ പ്രിയപ്പെട്ടതായി ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നു. ഇപ്പോള്‍ പിറവത്ത്‌ സെന്‍ട്രല്‍ തീയേറ്ററില്ല. എങ്കിലും അതുവഴി പോകുമ്പോള്‍ ഞാന്‍ നോക്കും. എന്റെ ഓര്‍മയില്‍ ഓലമേഞ്ഞ ആ നെടുങ്കന്‍ തീയേറ്റര്‍ ഇപ്പോഴും അവിടെ നില്‍ക്കുന്നു. അതിന്റെ മുറ്റത്ത്‌ സിനിമാ പാട്ടു കേള്‍പ്പിക്കുന്ന കോളാമ്പിവച്ച കൂറ്റന്‍ ഇലവുമരവും.

തിരശീലയില്‍ തെളിഞ്ഞ ആ വാര്‍ത്ത പ്രൊഫ. കെ.വി തമ്പി (കവിയും പരിഭാഷകനും)

കാലം 1948. അന്ന്‌ മൂവാറ്റുപുഴയില്‍ താമസിക്കുമ്പോള്‍ പങ്കജം തീയേറ്ററില്‍ സ്‌ഥിരം സിനിമ കാണാന്‍ പോകുമായിരുന്നു. അച്‌ഛന്‍ അഞ്ചല്‍ ഇന്‍സ്‌പെക്‌ടറായിരുന്നതിനാല്‍ ഫ്രീ പാസുണ്ടായിരുന്നു. ഏതോ തമിഴ്‌ പടമാണ്‌. വെള്ളിത്തിരയിലെ നായകന്റെ പരാക്രമങ്ങള്‍ കണ്ട്‌ ആര്‍പ്പുവിളിയും കരഘോഷവും. പെട്ടെന്ന്‌ എല്ലാം നിലച്ചു. സ്‌ക്രീനില്‍ ആരോ കൈകൊണ്ട്‌ കോറിയിട്ട സ്ലൈഡില്‍ അക്ഷരങ്ങള്‍ തെളിഞ്ഞു.

മഹാത്മാഗാന്ധി വെടികൊണ്ടു മരിച്ചു

സിനിമ അവസാനിച്ചു. ആ നടുക്കത്തില്‍നിന്നും ഞാനിന്നും മോചിതനല്ല. മൂവാറ്റുപുഴ പങ്കജം ഇന്നില്ല. എങ്കിലും ഭാരതത്തിന്റെ നെഞ്ചില്‍ തറച്ച ആ വെടിയൊച്ച ഇന്നും മുഴങ്ങുന്നു... ഓര്‍മയില്‍

കിളിവാതില്‍ കാഴ്‌ചകള്‍ മധുപാല്‍ (നടന്‍, സംവിധായകന്‍)

കുട്ടിക്കാലത്ത്‌ സിനിമയും ഫുട്‌ബോളുമായിരുന്നു എന്റെ ഇഷ്‌ട വിനോദങ്ങള്‍. നഗരത്തില്‍ പോയി സിനിമ കാണുവാന്‍ അന്ന്‌ അനുവാദമുണ്ടായിരുന്നില്ല. പറളിയില്‍നിന്നും 12 കിലോമീറ്റര്‍ സഞ്ചരിക്കണം നഗരത്തിലെത്താന്‍. പുതിയ സിനിമകളൊന്നും കാണാന്‍ കഴിഞ്ഞില്ല. കണ്ണപ്പനുണ്ണി, ആരോമലുണ്ണി, തുടങ്ങിയ സിനിമകളൊക്കെ ഇറങ്ങി ഒരുവര്‍ഷം കഴിഞ്ഞാണ്‌ കാണാന്‍ കിട്ടുക. എന്റെ സിനിമാ ആസ്വാദനം കാണികള്‍ക്കൊപ്പമിരുന്നായിരുന്നില്ല.

പ്രൊജക്‌ടര്‍ റൂമിലെ കിളിവാതിലിലൂടെയായിരുന്നു. കാരണം പറളി കല്ല്യാണി എന്ന ഓലക്കൊട്ടക എടത്തുനടത്തിയിരുന്നത്‌ എന്റെ അച്‌ഛനായിരുന്നു. ഓരോ സിനിമയ്‌ക്കുമിടയില്‍ നാല്‌ ഇടവേളകളുണ്ടായിരുന്നു. തറ, ബഞ്ച്‌, ചാരുകസേര. എല്ലാം തിങ്ങി നിറഞ്ഞ്‌ പുരുഷാരം. നാട്ടിലെ പൗര പ്രാമാണിമാര്‍ക്കായി പ്രത്യേകം സോഫകള്‍. ഓരോ ഇടവേളകളിലും കണ്ട കാഴ്‌ചയുടെ ചര്‍ച്ചകള്‍, വരാന്‍ പോകുന്ന രംഗങ്ങളെക്കുറിച്ചുള്ള വാതുവയ്‌പ്പുകള്‍.

കയ്യൂക്കിന്റെ കളരിയായിരുന്നു ടിക്കറ്റ്‌ കൗണ്ടര്‍. പാടത്തും ചെങ്കല്‍ ചൂളയിലും പണികഴിഞ്ഞുവന്ന്‌ തൊഴിലാളികള്‍ കൂട്ടമായി സിനിമാ കാണാനെത്തും. ഗ്രാമത്തിന്റെ ആഘോഷങ്ങള്‍ എന്തായാലും കൊട്ടക നിറഞ്ഞുകവിയും.

എം.ജി ആറിന്റെയും ശിവാജി ഗണേശന്റെയും സിനിമകളായിരുന്നു ഏറെയും. പ്രൊജക്‌ടറിനും വെള്ളിത്തിരയ്‌ക്കും ഇടയിലുള്ള പ്രേക്ഷകന്റെ അത്യാഹ്‌ളാദങ്ങളാണ്‌ സിനിമയെന്ന ഫൈനല്‍ പ്രോഡക്‌ടിന്റെ പൂര്‍വലോകങ്ങളിലേക്ക്‌ സഞ്ചരിക്കാന്‍ എനിക്ക്‌ പ്രേരകമായത്‌.

അന്യര്‍ക്കു പ്രവേശനമില്ലാത്ത ആ പ്രോജക്‌ടര്‍ റൂമിലിരുന്നുള്ള ജാലക കാഴ്‌ചയാണ്‌ എന്നെ ഒരു സിനിമാക്കാരനാക്കിയത്‌.

അനില്‍ വള്ളിക്കോട്‌

1 comment:

  1. I came by this write-up just now while broesing for something. It mentions: "പറളി കല്ല്യാണി എന്ന ഓലക്കൊട്ടക എടത്തുനടത്തിയിരുന്നത്..." This, I am afraid, is facturally wrong. If the Parali mentioned here is the Parali (which is in the Palakkad district) where I grew up, the Kallyani theatre ( which was on the way to Odanoor from Parali) I remember from my childhood had not been an "olakottaka". It had tin sheets for its roof and was built with proper walls. Parali, in fact, had an "olakottaka" before the Kallyani theatre came and it was on the Pacahiyappa grounds just before the high school and opposite the present Panchayat office. Kallyanai opened in Parali just after the closure of that "olakottaka".

    ReplyDelete