ആയിരത്തിഅറുനൂറോളം കിലോമീറ്റര്‍ ഘോരവനത്തിലൂടെ യാത്രചെയ്‌ത് 'മലപൂജാരികള്‍' തെളിക്കുന്ന ഐശ്വര്യത്തിന്റെ തിരിവെട്ടം. ആ വെളിച്ചം എത്തിയാല്‍ മാത്രമേ ഒരു നാട് മുഴുവന്‍ ഇരുട്ടിനെ ഉപേക്ഷിച്ച് ദീപത്തിന്റെ പ്രഭയ്‌ക്ക് ഇടം നല്‌കൂ. ആ വെളിച്ചം കണ്ട് അതിന്റെ പ്രഭയില്‍ സായൂജ്യമടയുന്ന ഊരുകളും ഗോത്രജനതയും. മല്ലീശ്വരന്റെ ഗോത്രവെളിച്ചം... അത് ഐശ്വര്യമായി വരാനിരിക്കുന്ന കാലത്തിന്റെ ശുഭപ്രതീക്ഷകളായി ജീവിച്ചിരിക്കാനും കൃഷിചെയ്യാനുമുള്ള ഉണര്‍വായി മലയുടെ താഴ്‌വാരങ്ങളിലെ ഗോത്രജീവിതത്തിലേക്ക് അരിച്ചിറങ്ങുന്നു. പൊതുവെ ശിവരാത്രിയുടെ ഭാഗമായി നമ്മുടെ നാട്ടില്‍ നടന്നു കാണുന്ന അനുഷ്‌ഠാനപരതയില്‍ നിന്നും വ്യത്യസ്‌തമായി സവിശേഷമായ നിര്‍വ്വഹണങ്ങള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും അനുബന്ധകഥകള്‍ കൊണ്ടും ശ്രദ്ധേയമാണ് പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍പ്പെടുന്ന അട്ടപ്പാടി മല്ലീശ്വരന്‍മുടിയിലെ ശിവരാത്രി ആഘോഷം. പാലക്കാട്ട് ജില്ലയുടെ വടക്കുകിഴക്ക് മാറിയും നീലഗിരി മലനിരകള്‍ക്കും കോയമ്പത്തൂര്‍ ജില്ലയ്‌ക്കും ഓരം ചേര്‍ന്നു അട്ടപ്പാടി എന്ന പ്രകൃതിമനോഹരമായ സ്‌ഥലം സ്‌ഥിതിചെയ്യുന്നു. അട്ടപ്പാടിയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് മല്ലീശ്വരന്‍മുടി. കേരളത്തിലെ ആദിവാസികളുടെ ഹൃദയഭൂമിയെന്നാണ് അട്ടപ്പാടി അറിയപ്പെടുന്നത്. ഗോത്രസംസ്‌കാരത്തിന്റെയും തനതു ജീവിതശൈലിയുടെയും ഈറ്റില്ലമായിരുന്ന അട്ടപ്പാടിക്ക് ഇന്ന് ഈ വിശേഷണം എത്രത്തോളം ചേരുമെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇവിടുത്തെ ആദിവാസിക്ക് മാത്രമായി അവകാശപ്പെടാവുന്ന ഒരു അനുഷ്‌ഠാനമാണ് മല്ലീശ്വരന്‍മുടിയിലെ ശിവരാത്രി. മുഴുവന്‍ ഗോത്രജനതയുടെയും ഹൃദയമാണ് ഇവിടെ അരങ്ങും അണിയറയും. ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍ തുടങ്ങി മൂന്നു വിഭാഗം ഗോത്രജനതയാണ് അട്ടപ്പാടിയില്‍ അധിവസിക്കുന്നത്. പുരാവൃത്തങ്ങളും കേട്ടുകഥകളും മല്ലീശ്വരന്‍മുടിയുടെ താഴെ മല്ലീശ്വര ആദിവാസി ക്ഷേത്രമുണ്ട്. ക്ഷേത്രത്തില്‍ ഈശ്വരിയും മല്ലീശ്വരന്‍മുടിയില്‍ ഈശ്വരനും കുടികൊള്ളുന്നുവെന്ന് വിശ്വാസം. മല്ലീശ്വരന്‍മുടിയുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പുരാവൃത്തങ്ങളുടെ സ്വഭാവത്തില്‍ ഗോത്രസമൂഹത്തിലെ വിവിധ സമുദായങ്ങളുടെ ഇടയില്‍ നിലനില്‌ക്കുന്നു. 'കരുവാര' ഊരിലെ കുറുമ്പവിഭാഗത്തില്‍പ്പെട്ട മല്ലിക (മല്ലീശ്വരി) എന്ന പെണ്‍കുട്ടിയെ ഇരുളവിഭാഗത്തില്‍പ്പെട്ട ഒരാള്‍ (മല്ലീശ്വരന്‍) പ്രണയിച്ചു. രണ്ട് വിഭാഗം ആയതുകൊണ്ട് തന്നെ അത് സമൂഹം അംഗീകരിക്കില്ലായിരുന്നു. (മല്ലീശ്വരന് വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നതായും ചില പഴമക്കാര്‍ പറയുന്നു) സമുദായത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച് രണ്ടുപേരും സ്വന്തം ഇഷ്‌ടപ്രകാരം ഒളിച്ചോടി. ഇവരെ പിടിക്കാന്‍ മല്ലികയുടെ ഊരുകാര്‍ നാലുപാടും അന്വേഷിച്ചുനടന്നു. ഭയന്നോടിയ മല്ലികയും കാമുകനും മല്ലീശ്വരന്‍മുടിയിലേക്ക് ഓടിക്കയറി അപ്രത്യക്ഷമായി. (ഇവര്‍ അവിടെ മരിച്ചു കിടന്നതായും പറഞ്ഞു കേള്‍ക്കുന്നു. മരണശേഷം മരിച്ചവരെ ദൈവതുല്യം ആരാധിക്കുന്ന ഗോത്രരീതി ഇതിനെ സാധൂകരിക്കുന്നു). അതിനുശേഷം എല്ലാ ശിവരാത്രിയിലും മല്ലീശ്വരന്‍ തന്റെ അനുഗ്രഹം ഊരുകള്‍ക്ക് ആകെ തന്നെ തിരിവെട്ടത്തിന്റെ പ്രകാശമായി പകര്‍ന്നു നല്‌കുന്നു. എല്ലാ ഊരുകള്‍ക്കും കാണാന്‍ കഴിയുന്ന തന്റെ വെളിച്ചമാണെന്നും അത് എന്നും ഗോത്രജനതയെ കാത്തുകൊള്ളുമെന്നും മല്ലീശ്വരന്‍ അനുഗ്രഹിച്ചപ്പോള്‍ തന്നെയും മല്ലീശ്വരിയെയും ദ്രോഹിച്ച കരുവാര ഊരിനെ മാത്രം ദൈവം ശപിച്ചു. ഒരിക്കലും മല്ലീശ്വരന്‍മുടിയിലെ ദീപം കരുവാര ഊരിന് കാണാന്‍ കഴിയാതാകട്ടെ എന്നായിരുന്നു ശാപം. അട്ടപ്പാടിയിലെ 187 ഊരുകളില്‍ കരുവാര ഊരിനുമാത്രം ഇന്നും ശിവരാത്രിയിലെ ജ്യോതി കാണാന്‍ കഴിയില്ല. ശിവന്‍ കാട്ടാളവേഷത്തില്‍ എത്തുകയും മല്ലിക എന്ന ആദിവാസി പെണ്‍കുട്ടിയെ മോഹിക്കുകയും ഒടുവില്‍ അവളെ ഗര്‍ഭിണിയാക്കിയശേഷം ഉപേക്ഷിച്ച് പോവുകയും ചെയ്‌തതായി മറ്റൊരു കഥ പറയുന്നു. എന്നാല്‍ കുറേ കാലങ്ങള്‍ക്കുശേഷം മടങ്ങിവന്ന തന്റെ മകളാണെന്നറിയാതെ മല്ലികയുടെ മകളെയും ശിവന്‍ മോഹിക്കുന്നു. ഇതറിഞ്ഞെത്തിയ മല്ലിക ശിവനെ ശപിക്കുകയും ശിവന്‍ മല്ലീശ്വരന്‍മുടിയില്‍ പാറയായി മാറുകയും ചെയ്‌തു. ഈ പുരാവൃത്തം പില്‍ക്കാലത്ത് ഹൈന്ദവവത്‌ക്കരണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട് വന്നതാവാം. മുഡുഗര്‍ വര്‍ഷങ്ങളായി ആരാധിച്ചുവന്ന ഒരു കല്‍വിഗ്രഹവും ഈ വിഭാഗത്തില്‍പ്പെട്ട മല്ലിക എന്ന പെണ്‍കുട്ടിയെയും തങ്ങളുടെ കൃഷിക്ക് കാവല്‍നില്‌ക്കാന്‍ വന്ന 'നിണ്ടി' എന്ന ഇരുളയുവാവ് കടത്തിക്കൊണ്ട് പോവുകയും ചോദിക്കാന്‍ ചെന്ന മുഡുഗരില്‍ ഒരാളെ ഇയാള്‍ തലവെട്ടിയതായി ഒരു കഥ മുഡുഗരുടെ ഇടയിലും ഇരുളവിഭാഗത്തില്‍പ്പെട്ട സഹോദരങ്ങളായ ഞണ്ടിപാട്ടനും കൊക്കപാട്ടനും കാലിമേയ്‌ച്ച് ജീവിക്കുന്നതിനിടയില്‍ ആണ്ടിപാട്ടന്‍ മല്ലികയെന്ന മുഡുഗവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കൂട്ടി നാടുവിടുകയും ഇവരെ തിരഞ്ഞ് അനുജന്‍ കൊക്കപാട്ടനോട് വഴക്കിനു ചെന്ന മുഡുഗരിലൊരാളെ ഇയാള്‍ തലവെട്ടി കൊന്നതായി ഒരു കഥ ഇരുളരുടെ ഇടയിലും കാണുന്നു. അന്ന് മരിച്ച അയാള്‍ക്ക് ക്ഷേത്രത്തിന് അരികില്‍ സ്‌ഥാനവും നല്‌കിയിട്ടുണ്ട്. ഓരോ പുരാവൃത്തങ്ങളും അതു നിലനില്‌ക്കുന്ന സ്‌ഥലത്തിന്റെ, സമുദായത്തിന്റെ ന്യായീകരണം കൂടിയായി മാറുന്നു. അനുഷ്‌ഠാനവും ചടങ്ങുകളും മല്ലീശ്വരമുടിയില്‍ ക്ഷേത്രത്തിന്റെ അധികാരം ഇരുളര്‍ക്കും മലയുടെ അധികാരം മുഡുഗര്‍ക്കുമാണ്. ക്ഷേത്രത്തില്‍ പൂജ നടത്തുന്നത് ബ്രാഹ്‌മണനല്ല മറിച്ച് ഇരുളവിഭാഗത്തില്‍ ദേവണാര്‍ കുലത്തില്‍പെട്ട ആദിവാസി തന്നെയാണ്. മലയില്‍ പോയി പൂജ നടത്തി സന്ധ്യസമയത്ത് ജ്യോതി തെളിക്കാനുള്ള അവകാശം മുഡുഗര്‍ക്കാണ്. മുഡുഗവിഭാഗത്തിലെ പൂജാരികള്‍ 41 ദിവസം വ്രതം നിന്ന് മലകയറി ജ്യോതി തെളിക്കുന്നു. ശിവരാത്രിയുടെ അന്ന് രാവിലെ മലപൂജാരികളെ ഭവാനിപ്പുഴയുടെ തീരത്തുനിന്ന് ചെണ്ടയുടെയും ആദിവാസി വാദ്യങ്ങളുടെയും കുഴലിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു. മലപൂജാരികളുടെ പുറകില്‍ വലിയ നീളവും വ്യാപ്‌തിയുള്ള മുള ആവനാഴിപോലെ കെട്ടിയിട്ടുണ്ടാവും. ഇതില്‍ നിറച്ചാണ് ഊരില്‍ നിന്നും നേര്‍ച്ചയായി എത്തുന്ന നെയ്യും എണ്ണയും പാലും ധാന്യങ്ങളും മലപൂജാരികള്‍ മലയിലേക്ക് കൊണ്ടുപോവുന്നത്. ക്ഷേത്രത്തിന് മുന്നിലിരുന്ന് തിരികെട്ടി നേര്‍ച്ചയും കാണിക്കയും സ്വീകരിച്ച് ഉച്ചകഴിയുന്നതിനു മുമ്പുതന്നെ ഭവാനിപ്പുഴ കടത്തി മലപൂജാരികളെ യാത്രയാക്കുന്നു. ഗോത്രജന്യമായ ഒരു ശബ്‌ദാരവത്തോടെ അവര്‍ അകന്നുപോവുന്നതിന്റെ ശബ്‌ദം അന്തരീക്ഷമുഖരിതമാക്കുന്നു. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവര്‍ തങ്ങളുടെ കൃഷിയിടത്തെ ആദ്യ വിളവ്, പ്രധാനമായും തുവര, ക്ഷേത്രത്തിന് ചുറ്റും വാരിവിതറുന്നത് ഒരു പ്രധാന ചടങ്ങാണിവിടെ. ഈ ധാന്യങ്ങള്‍ മറ്റുള്ളവര്‍ ശേഖരിച്ച് വിത്തായി അടുത്ത കൃഷിക്കുവേണ്ടി കൊണ്ടുപോകുന്നു. വിത്തുള്ളവന്‍ എറിയുകയും ഇല്ലാത്തവന്‍ എടുക്കുകയും ചെയ്യുന്നു. ക്ഷേത്ര പരിസരമാകെ വിത്തുകള്‍കൊണ്ട് നിറഞ്ഞിരിക്കും. കാളകളെയും മണ്ണിലുണ്ടാക്കിയ കാളയുടെ ചെറിയ രൂപങ്ങളും ഇതേസമയം നടയ്‌ക്കിരുത്തുകയും ചെയ്യും. മലമുകളിലെത്തുന്ന മലപൂജാരികള്‍ അവിടെ ചില പൂജകള്‍ നടത്തിയശേഷം സന്ധ്യയോടെ വലിയ മുളയുടെ അടുത്ത് കെട്ടിയ ചൂട്ട് കത്തിച്ച് വീശികാണിക്കുന്നു. അതിനുശേഷമാണ് അനുഷ്‌ഠാനത്തിന്റെ ഭാഗമായ വലിയ തിരി കത്തിക്കുന്നത്. മലമുകളില്‍ തിരി തെളിയുന്നതുവരെ ഊരുകളും നാടാകെ തന്നെയും ഇരുട്ടിലാകും. തിരി തെളിയുന്നതോടെ വിശ്വാസികളുടെ മനസ്സും നാടും പ്രകാശഭൂരിതമാകും. ശബരിമലയിലെ ജ്യോതിക്ക് സമാനമായ കാഴ്‌ചയാണ് മല്ലീശ്വരന്‍മുടിയിലെ ജ്യോതിയും നല്‌കുന്നത്. മല്ലീശ്വരന്‍മുടിയിലെ ജ്യോതി തനിയേ തെളിയുന്ന ദിവ്യ ജ്യോതിയല്ലെന്ന് മാത്രം. പിറ്റേന്നാണ് മലപൂജാരികള്‍ മടങ്ങിവരുന്നത്. ആനയും പുലിയും കടുവയും എല്ലാം ഉള്ള ഘോരവനത്തിലൂടെ യാത്ര ചെയ്‌ത് ഒരു രാത്രി, അവിടെ കഴിക്കുന്നു. സുരക്ഷിതമായി ഇവര്‍ മടങ്ങിവരുന്നതുവരെ ഉറക്കം ഒഴിച്ച് അവര്‍ക്കുവേണ്ടി ഒരു പ്രദേശവും അവിടുത്തെ ഗോത്രജനതയും നടത്തുന്ന മനമുരുകിയ പ്രാര്‍ത്ഥനയാണ് മല്ലീശ്വരന്‍മുടിയിലെ ഗോത്ര ശിവരാത്രിയുടെ ആത്മാവ്. ഇവര്‍ മടങ്ങിയെത്തുന്നതോടു കൂടിയാണ് ശിവരാത്രി അതിന്റെ പാരമ്യത്തിലെത്തുന്നത്. മലമുകളില്‍ നിന്നും ശേഖരിക്കുന്ന വെള്ളവും ക്ഷേത്രത്തില്‍ നിന്നുകൊണ്ട് പോയ നേര്‍ച്ചദ്രവ്യങ്ങളും ചേര്‍ത്ത് തയാറാക്കിയ നിവേദ്യം മലപൂജാരികള്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. മുകളില്‍ നിന്നും ആടിയും പാടിയും സംഘങ്ങള്‍ ക്ഷേത്രത്തിലെത്തും. ബോധം പാതി മാഞ്ഞും വിശ്വാസത്തില്‍ പൂര്‍ണമായി അര്‍പ്പിച്ചും എല്ലാവരും ആനന്ദനൃത്തം ചവിട്ടും. മലപൂജാരികളെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് മടക്കിക്കൊണ്ട് വരുന്ന യാത്ര നയനമനോഹരവും ഏറെ ആനന്ദദായകവുമാണ്. പ്രതീക്ഷയ്‌ക്കും ആകുലതയ്‌ക്കും ആകാംക്ഷയ്‌ക്കും ഒടുവില്‍ ആഹ്ലാദം നടത്തുന്ന ആട്ടത്തിന്റെയും പാട്ടിന്റെയും ലഹരിയാണ് ഗോത്രഭക്‌തിയുടെ ജീവന്‍. മനുഷ്യനും പ്രകൃതിയും മനസ്സും എല്ലാം അരങ്ങാവുകയും ആടി തിമിര്‍ക്കുകയും ചെയ്യുന്ന അസുലഭനിമിഷങ്ങള്‍. ലക്ഷക്കണക്കിന് ആദിവാസികളും അല്ലാത്തവരും ആയ വിശ്വാസികളെകൊണ്ട് ക്ഷേത്രപരിസരം നിറയും. തദവസരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ക്ഷേത്രത്തിന് ലഭിക്കും. കാള നേര്‍ച്ചയിലൂടെയും കച്ചവടത്തിന് സ്‌ഥലം ലേലം ചെയ്യുന്നതിലൂടെയും ലക്ഷങ്ങളാണ് ഉത്സസമയ വരുമാനം. ഹൈന്ദവവിശ്വാസത്തിലെ ശിവരാത്രി സങ്കല്‌പവുമായി നിരവധി വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും ഗോത്രശിവരാത്രിക്കുണ്ട്. ആത്മാവും ശരീരവും എല്ലാം ഇത്രയധികം ആര്‍ജ്‌ജവത്തോടെ വ്യതിരിക്‌തവും തനിമയാര്‍ന്നതുമാകുമ്പോള്‍ ശിവരാത്രിയെന്ന് ഈ ചടങ്ങിനെ വിളിച്ചു തീര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. ഹിന്ദുവിശ്വാസപ്രകാരമുള്ള ശിവരാത്രിയില്‍ വിശ്വാസികള്‍ ഭക്ഷണം കഴിക്കില്ലയെന്നത് പ്രധാന വ്രത ചടങ്ങാണല്ലോ. എന്നാല്‍ മല്ലീശ്വരമുടിയില്‍ വിളക്കുതെളിയുന്നതോടെ ഊരുകളില്‍ നേരത്തെ തയാറാക്കിയ വിഭവസമൃദ്ധമായ സദ്യ ഊരിലെല്ലാവരും കഴിക്കുന്നു. സവിശേഷതയും തനിമയും മായ്‌ച്ചുകളഞ്ഞ് ഹിന്ദുവിശ്വാസത്തിലേക്ക് ശിവരാത്രിയെ പറിച്ചുനടാനും ക്ഷേത്രത്തിന്റെ ഭരണം ദേവസ്വംബോര്‍ഡ് ഏറ്റെടുക്കാനും സംസ്‌കാരത്തിന്റെ തലത്തിലും അധികാരത്തിന്റെ തലത്തിലും ശ്രമങ്ങള്‍ നടക്കുന്നു. ആദിവാസി പൂജിക്കുന്ന അമ്പലത്തില്‍ ഹിന്ദുപരിവാര രാഷ്‌ട്രീയസംഘങ്ങള്‍ മോര് വിതരണം നടത്തുന്നു. പക്ഷേ ഈ ബാഹ്യ ഇടപെടലുകളെയെല്ലാം ചെറുത്ത് എത്രകാലം മല്ലീശ്വരനെ ഗോത്രജനതയ്‌ക്ക് ഹൃദയത്തില്‍ സംരക്ഷിക്കാനാവും എന്നത് കണ്ടുതന്നെ അറിയണം. അന്യവത്‌ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ദൈവത്തിന്റെ മാഞ്ഞുപോകുന്ന ഒരു ചിത്രം ഒരു പക്ഷേ നമുക്ക് മല്ലീശ്വരന്‍മുടിയില്‍ തെളിഞ്ഞുകാണാം. നഷ്‌ടപ്പെടലുകള്‍ക്ക് നടുവിലും കാഴ്‌ചയുടെ വിശ്വാസത്തിലും വിശ്വാസത്തിന്റെ കാഴ്‌ചയ്‌ക്കും ഊര്‍ജ്‌ജം പകരാന്‍ പുറംലോകത്തിന്റെ കൂടി കണ്ണുകള്‍ക്ക് നിറം പകരാന്‍ മല്ലീശ്വരന്‍മുടി ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസികളെയും അന്വേഷകരെയും പഠിതാക്കളെയും യാത്രാപ്രേമികളെയും എല്ലാം ഗോത്ര ജനത ഫെബ്രുവരി 12, 13 ദിവസങ്ങളില്‍ അവരുടെ വിശ്വാസത്തിന്റെ ഹൃദയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. (മണ്ണാര്‍ക്കാട് നിന്ന് ആനക്കട്ടി റൂട്ടില്‍ ചൊമണൂരാണ് മല്ലീശ്വരക്ഷേത്രം) കമല്‍ സി. ചവറ | ||
Wednesday, February 10, 2010
മല്ലീശ്വരന്‍മുടിയിലെ ഗോത്ര ശിവരാത്രി
Subscribe to:
Post Comments (Atom)
No comments:
Post a Comment