ഇതൊരു ഓര്‍മ്മകുറിപ്പല്ല. ഞാനൊരു എഴുത്തുകാരനുമല്ല. പക്ഷേ മൊബെല്‍ഫോണിലൂടെ ഹനീഫിക്കായുടെ മരണം എന്നെ തേടിയെത്തുമ്പോള്‍ എന്തെടുക്കുമെന്നറിയാതെ തളര്‍ന്നുനിന്ന നിമിഷങ്ങള്‍. ആ നിമിഷാര്‍ത്ഥങ്ങളില്‍ എന്റെ മനസിലേക്ക് ഓടിയെത്തിയ ചിന്തകള്‍. കാലം എനിക്ക് ഹനീഫിക്കായൊടൊപ്പം സമ്മാനിച്ച നിമിഷങ്ങളെല്ലാം ആ ഒരു നിമിഷം വേദനിപ്പിക്കുന്ന ഓര്‍മ്മകളാവുകയായിരുന്നു ഒരു മികച്ച സംവിധായകന്‍, അഭിനേതാവ്, കഥാകൃത്ത് വിട്ടുപിരിഞ്ഞു പോയി എന്ന് എല്ലാവരെയും പോലെ ഹനീഫിക്കായുടെ മരണത്തില്‍ പറഞ്ഞൊഴിയാന്‍ എനിക്കാവുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു എട്ടു വയസ്സുകാരന്റെ തോളില്‍ കൈയ്യിട്ട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് മനസില്‍ കയറിയ കൂടിയ ഹനീഫ എന്ന ചലച്ചിത്രതാരം എന്റെ ജീവിതത്തോളം വളര്‍ന്നു നില്‍ക്കുകയാണിപ്പോള്‍... അന്ന്, കാലങ്ങള്‍ക്ക് പിറകില്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ ഇപ്പോഴത്തെ ഷാന്‍ എന്ന തീയറ്ററില്‍ ആട്ടകലാശമെന്ന സിനിമയുടെ അമ്പതാം ദിവസത്തെ വിജയാഘോഷം, മോഹന്‍ലാല്‍, സുകുമാരി എന്നിവരൊടൊപ്പം കൊച്ചിന്‍ ഹനീഫ. അന്ന് എന്റെ ബാപ്പയായിരുന്നു ആഘോഷങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്നത്. വര്‍ണ്ണാഭമായ ആഘോഷം. അതിനുശേഷം അവിടെ തീയറ്റര്‍ ഉടമയുടെ വീട്ടില്‍ വിരുന്ന്. അവിടെയെത്തിയ ഹനീഫിക്കായുടെ അടുക്കല്‍ ഞാനെത്തി. എന്റെ തോളില്‍ കൈയ്യിട്ട് വിശേഷങ്ങള്‍ ചോദിച്ചു. ഒരുമിച്ചു നിന്നു ഫോട്ടോകളെടുത്തു. കാലങ്ങള്‍ക്കു ശേഷം ആ എട്ടു വയസുകാരന്‍ വളര്‍ന്ന് പിന്നീട് കോട്ടയം നസീറായപ്പോള്‍ ഒരു ദിവസം ഹനീഫിക്കായോട് ഈ സംഭവം പറഞ്ഞു. അന്ന് മിമിക്രിവേദിയില്‍ ഹനീഫിക്കായെ അനുകരിച്ച് അല്‌പം പേരുണ്ടായിരിക്കുന്ന സമയം. അരമനവീടും അഞ്ഞൂറേക്കറും എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയ എന്നെ ഹനീഫിക്കാ പാലക്കാട് ഗസ്‌റ്റഹൗസിലേ മുറിയിലേക്ക് കൂട്ടി. അവിടെ ചെന്ന് ചായയ്‌ക്ക് പറഞ്ഞു. എത്തിയ ചായ ഊതി കുടിച്ചു. എന്നോടും ചായ കുടിക്കാന്‍ പറഞ്ഞു. പിന്നെ ഗൗരവത്തില്‍ എന്നെ ഉപദേശിച്ചു തുടങ്ങി നീ ഇപ്പോള്‍ എത്ര സിനിമ ചെയ്‌തു. നീ മിമിക്രി ചെയ്യുന്നത് ഞാന്‍ കണ്ടു, കൊളളാം, പക്ഷേ സിനിമയുടെ താരപ്രഭ കണ്ട് എല്ലാ സിനിമയിലും ചാടി അഭിനയിക്കരുത്. അത് ദോഷമേ ചെയ്യൂ, ഞാന്‍ ഒന്നു മിണ്ടാതെ കേട്ടിരുന്നു. ഒടുവില്‍ ഞാന്‍ ചോദിച്ചു, ഇക്കായ്‌ക്ക് എന്നെ ഓര്‍മ്മയുണ്ടോ. ഇക്കാ എന്നെ സൂക്ഷിച്ചു നോക്കി ഞാന്‍ കറുകച്ചാലിലെ ആ എട്ടുവയസുകാരന്റെ കഥ പറഞ്ഞു. ഒരു പൊട്ടിചിരിയായിരുന്നു മറുപടി. പിന്നീട് ചിരിക്കിടയില്‍ ഒരു ചോദ്യവും നീ ആ നാട്ടുകാരനാ. അതൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു. അവിടെ വച്ച് ഇക്കായുടെ ആവശ്യപ്രകാരം ഞാന്‍ ഹൈദ്രോസായി. പിന്നീട് എത്രയൊ വേദികളില്‍ ഇക്കായ്‌ക്ക് മുന്‍പില്‍ കൊച്ചിന്‍ഹനീഫയുടെ രൂപവും ശബ്‌ദവുമായി. പിന്നീട് കാണുമ്പോള്‍ അല്ലെങ്കില്‍ ഞാന്‍ എവിടേക്കെങ്കിലും കടന്നുചെല്ലുമ്പോള്‍ ഇക്കാ പറയും ദേ കൊച്ചിന്‍ ഹനീഫ വരുന്നു. ഞാന്‍ തിരിച്ച് ചോദിക്കും കോട്ടയം നസീര്‍ നേരത്തെ എത്തിയോ. ഇക്കാ എന്നും എനിക്ക് ഒരു അനിയന്റെ വാത്സല്യമാണ് തന്നത്. ഒരിക്കല്‍ ഇക്കായുടെ അനിയന്റെ കല്ല്യാണത്തിന് ചെന്നപ്പോള്‍ എന്നെയും ഇക്കായെയും പലരും മാറി മാറി നോക്കുന്നു. ഞങ്ങള്‍ ബന്ധുകളാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. പലരും ചോദിച്ചപ്പോള്‍ ഇക്ക എന്റെ അടുത്തെത്തി എന്നെ ചേര്‍ത്ത്‌് പിടിച്ചു പറഞ്ഞു ഇവന്‍ എന്റെ അനിയന്‍ തന്നെ. കണ്ണു നിറഞ്ഞുപോയ നിമിഷമായിരുന്നു അത്. ഒപ്പം എന്റെ ഭാഗ്യത്തില്‍ അഹങ്കാരം തോന്നിയ നിമിഷവും. ഞങ്ങള്‍ ഒത്തു ചേരുമ്പോഴേക്കെ സംസാരം മിമിക്രിയെ കുറിച്ചായിരുന്നു. സത്യന്‍ മാഷിനെ ഇക്ക ഭംഗിയായി അവതരിപ്പിക്കുമായിരുന്നു. തങ്കപ്പതക്കം എന്ന സിനിമയിലെ ഡയലോഗാവും പറയുക. പറഞ്ഞു തീര്‍ത്തിട്ട് ഹനീഫിക്കാ എന്നോട് ചോദിക്കും ഇപ്പോള്‍ നിങ്ങള്‍ മിമിക്രിക്കാര് സത്യന്‍മാഷിനെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണോ എന്ന്. എനിക്കു മറുപടിയുണ്ടാവില്ല. ഒരിക്കല്‍ മമ്മൂക്ക(മമ്മൂട്ടി) പോലും പറഞ്ഞിരുന്നു ഹനീഫയുടെ സത്യന്റെ ഫാനാണ് ഞാനെന്ന്. അങ്ങനെ ഇക്കായെ അടുത്തറിയമ്പോഴെല്ലാം ഇക്കാ എന്നെ വിസ്‌മയിപ്പിച്ചിരുന്നു. അതിലൊന്നാണ് ഇക്കായുടെ ബന്ധങ്ങള്‍. കരുണാനിധിയില്‍ തുടങ്ങി പ്രതിഭകളായ എത്രയൊ പേര്‍. ഞാന്‍ ഒരിക്കല്‍ ചോദിച്ചു ഇത്രയെറെ ബന്ധങ്ങള്‍ എങ്ങനെ സൂക്ഷിക്കുന്നു ഒരു ചിരിയായിരുന്നു മറുപടി. ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ എല്ലാവരും പറയും നമ്മള്‍ അയാളുടെ കഴിവുകള്‍ വേണ്ടവിധത്തില്‍ ഉപയോഗപെടുത്തിയില്ല എന്ന് എന്നാല്‍ ഹനീഫിക്കായുടെ കഴിവുകള്‍ ആര്‍ക്കും പിടികിട്ടുന്നതിലപ്പുറമായിരുന്നു. സിനിമസംവിധാനം, രചന. ഇതിലൊക്കെ അപ്പുറം മനുഷത്വം. വാക്കുകളില്‍ നിറയ്‌ക്കാന്‍ കഴിയുന്നതിലപ്പുറം വലിയ പ്രതിഭയായിരുന്നു ഹനീഫ. എന്റെ ജീവിതത്തില്‍ എനിക്ക് ഒരു ലേബലുണ്ടായത് മിമിക്രി വേദികളില്‍ കൊച്ചിന്‍ ഹനീഫയായി മാറിയതിനു ശേഷമാണ്. ആശുപത്രി കിടക്കയിലായിരുന്ന സമയത്തും ഞാന്‍ വിളിച്ചിരുന്നു അപ്പോള്‍ എന്നോട് പറഞ്ഞു എനിക്ക് ഒന്നുമില്ലെടാ ഒരു ചെറിയ ഗ്യാസിന്റെ പ്രശ്‌നം. ഞാന്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോള്‍ എന്നെ വിലക്കി. അതിനുമാത്രം ഒന്നുമില്ല ഇവിടെ ഓടിപിടിച്ചു വരാന്‍ എന്നായി. എന്നാല്‍ ഇക്കായുടെ നില ഗുരുതരമാണന്ന് എല്ലാവര്‍ക്കും അറിയാവുന്ന സമയം. എന്നിട്ടും സ്വന്തം വിഷമം ഉളളില്‍ ഒതുക്കി എന്നോട് എന്റെ വിശേഷങ്ങളറിയാനായിരുന്നു താത്‌പര്യം കൂടുതല്‍. ഇന്ന് ആ സ്‌നേഹവാത്സല്യം എനിക്കൊപ്പമില്ല. ഒരു പാട് പേര്‍ എന്നെ വിളിച്ചു പറഞ്ഞു. ഹനീഫായുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ മനസില്‍ ആദ്യം ഓടിയെത്തിയത് നിന്റെ മുഖമാണന്ന്... അവര്‍ക്കൊക്കെ ഹനീഫിക്ക എന്റെ ആരൊക്കെയൊ ആണ്. എനികാകട്ടെ എന്റെ കൂടപ്പിറപ്പാണ് എന്നില്‍ നിന്നകന്നത്. എനിക്ക് ജീവിതം തന്ന 'ആസാനേ' എന്ന വിളിയും 'കീരിക്കാടന്‍ ചത്തേ' എന്ന ആര്‍പ്പുവിളിയും എനിക്ക് ചുറ്റും മുഴങ്ങുകയാണ്. എന്നെ ഞാനാക്കിയ ഹനീഫിക്കാ നിങ്ങളെ എനിക്ക് മറക്കാന്‍കഴിയില്ല. നിങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന് അകലുവാനും തയാറാക്കിയത്. എം.എസ്. സന്ദീപ്. |
Wednesday, February 10, 2010
'ആസാന് അനിയന്റെ പ്രണാമം'
Subscribe to:
Post Comments (Atom)
No comments:
Post a Comment