ബയോസ്‌കോപ്പ് ഒരു പുരാവൃത്തമാണ്. സിനിമയുടെ ബഹു വര്‍ണത്തില്‍ നിന്നും ആദിമ രൂപത്തിലേക്കുള്ള യാത്ര. ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ പ്രത്യേക അവാര്‍ഡ് നേടി മലയാളത്തിന്റെ മാനം കാത്തത് ബയോസ്‌കോപ്പിന്റെ സംവിധായകന്‍ കെ.എം. മധുസൂദനനാണ്. ചിത്രകലയുടെ മൗന സൗന്ദര്യത്തില്‍ നിന്നാണ് ഈ സംവിധായകന്‍ സിനിമയുടെ ലവണരസം കണ്ടെത്തുന്നത്. നിശബ്‌ദ ചിത്രങ്ങളെ കുറിച്ചുള്ള എട്ടുവര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മധുസൂദനന്‍ 'ബയോസ്‌കോപ്പി'ന്റെ പണിപ്പുരയിലേക്കു പ്രവേശിച്ചത്. സിനിമയുടെ പുരാതന സങ്കേതങ്ങളും അതിന്റെ വ്യാകുലതകളുമാണ് 94 മിനിട്ട് ദൈര്‍ഘ്യമുള്ള ബയോസ്‌കോപ്പില്‍ അവതരിപ്പിച്ചത്. നിരവധി വിദേശ ഫിലിം ഫെസ്‌റ്റുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മൂന്ന് അന്താരാഷ്‌ട്ര അവാര്‍ഡുകളും നേടി. നേരത്തെ അഞ്ച് സംസ്‌ഥാന അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ തന്നെ സിനിമാ പ്രേമികളുടെ മനസില്‍ അദ്ദേഹം ഇടം കണ്ടെത്തി. ആലപ്പുഴയിലാണ് കെ.എം. മധുസൂദനന്റെ ജനനം. പിതാവ് മാണിക്യം. അമ്മ തങ്കമ്മാള്‍. ചിത്രകലയോടുള്ള പ്രണയം മധുസൂദനനെ തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ എത്തിച്ചു. ഉപരിപഠനം ബറോഡ ഫൈന്‍ ആര്‍ട്‌സ് കോളജില്‍. നിരവധി അംഗീകാരങ്ങളും പെരുമയും നേടാന്‍ ഈ കാലയളവില്‍ കഴിഞ്ഞു. പിന്നീട് വെള്ളിത്തിരയിലേക്ക്. നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്‌തു. അവയൊക്കെ അംഗീകരിക്കപ്പെട്ടു. പ്രശസ്‌തിയിലേക്കുള്ള കുറുക്കുവഴികള്‍ അപ്പോഴും ഈ ഫിലിം മേക്കര്‍ക്ക് അജ്‌ഞാതമായിരുന്നു. 2002-ല്‍ സാഹിത്യ അക്കാദമിക്കു വേണ്ടിയെടുത്ത 'ലൈഫ് ആന്‍ഡ് വര്‍ക്ക്‌സ്', ഒ.വി വിജയന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. പിന്നെ 'ബാലാമണിയമ്മ', ദി സ്‌റ്റോറി ഓഫ് സുജ', മായാബസാര്‍ തുടങ്ങി നിരവധി ഹ്രസ്വ ചിത്രങ്ങള്‍. രണ്ടു തവണ ന്യുയോര്‍ക്ക് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിന്റെ പുരസ്‌കാരം ലഭിച്ചു. സിനിമ എന്ന മാധ്യമത്തെ നന്നായി വിനിയോഗിച്ച് കാഴ്‌ചയുടെ ഉത്സവമാക്കാന്‍ സംവിധായകനു കഴിഞ്ഞതായി പുരസ്‌കാര സമിതി വിലയിരുത്തിയിരുന്നു. നെറ്റ്‌പാക് ജൂറി അവാര്‍ഡ്, ബെസ്‌റ്റ് സിനിമോട്ടോഗ്രാഫി അവാര്‍ഡ്, ഓഷ്യന്‍സ് സിനിഫാന്‍ ഇന്റര്‍നാഷണല്‍ ജൂറി അവാര്‍ഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍. ഒടുവില്‍ സ്വന്തം നാടിന്റെ ആദരവിന് പാത്രമാകുമ്പോള്‍ മധുസൂദനന്‍ എന്ന ചലച്ചിത്രകാരന്‍ ഏറെ വിനയാന്വിതനാകുന്നു. സിനിമയ്‌ക്കുള്ളിലെ സിനിമയാണ് ബയോസ്‌കോപ്പ്. ഒരു സമൂഹത്തിലേക്ക് സിനിമ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരുടെ കഷ്‌ടപ്പാടുകളുടെ കഥയാണ് സിനിമ പറയുന്നത്. അമച്വര്‍ ആര്‍ട്ടിസ്‌റ്റുകളാണ് കഥാപാത്രങ്ങള്‍ക്ക് മുഖം നല്‍കിയത്. ഒരു കാലഘട്ടത്തെ പറിച്ചു നടുമ്പോള്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖം കാണിച്ചാല്‍ അത് അനുയോജ്യമാവില്ലെന്നും മധുസൂദനന്‍ പറയുന്നു. നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ചിത്രത്തിന്റെ സാക്ഷാത്‌കാരത്തിന് ഏറെ സഹായിച്ചത്. ഛായാഗ്രഹണം എം.ജെ രാധാകൃഷ്‌ണന്‍. എഡിറ്റിംഗ്- ബീനാപോള്‍, സംഗീതം -ചന്ദ്രന്‍, ഇവരോടെല്ലാം മധുസൂദനന്‍ നന്ദിപറയുന്നു. അവാര്‍ഡ് പ്രഖ്യാപനത്തില്‍ മലയാള സിനിമയെ തഴഞ്ഞു എന്ന അഭിപ്രായമൊന്നും മധുസൂദനനില്ല. പുതിയ ചിത്രമായ 'മാജിക് ലാന്റേണ്‍' ചിത്രീകരണം തുടങ്ങി. ബയോസ്‌കോപ്പിനും പുറകിലേക്കുള്ള യാത്രയാണിത്. ആദ്യ ചിത്രത്തിന് ദേശീയ അംഗീകാരം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് മധുസൂദനന്‍ പറയുന്നു. ഡല്‍ഹിയിലാണ് താമസം. കൊല്‍ക്കൊത്തക്കാരി അനുരാധയാണ് ഭാര്യ: മകള്‍: നീലാംബരി. അനില്‍ വള്ളിക്കോട് | ||
Wednesday, February 10, 2010
അംഗീകാര പ്രഭയില്‍ മാണിക്യം മകന്‍ മധുസൂദനന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment