നിളയോരത്തെ ശ്‌മശാനത്തിലേക്ക് തണ്ടിലേറ്റിയെത്തിച്ച മൃതദേഹം ദഹിച്ചുതീരുംവരെയുള്ള അക്ഷമ നിറഞ്ഞ കാത്തിരിപ്പ്. അരികില്‍, നിളയോരത്ത് കര്‍മ്മത്തിനായി ഒരുക്കിവച്ച സാധനങ്ങള്‍ക്ക് കൂട്ടായാണ് നില്‍പ്പ്. ചിതയെരിഞ്ഞ് തുടങ്ങി തിരിച്ച് നടന്ന് നിളയില്‍ മൂന്നുവട്ടം മുങ്ങിനിവര്‍ന്ന് പരേതാത്മാവിന്റെ ജന്മാന്തരകെട്ടുപ്പാടുകള്‍ അറുത്തുമാറ്റി പിണ്ഡംവയ്‌ക്കുവാന്‍ ഒരുങ്ങിനില്‍ക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കി ഒതുങ്ങിനിന്ന യുവാവിന്റെ നീട്ടിപിടിച്ച കൈക്കുമ്പിളിലേക്ക് വീണുചിതറുന്ന ദക്ഷിണയെന്ന നാണയത്തുട്ടുകള്‍. ദിവസം ഒരു കൂട്ടരെത്തിയാല്‍ പിന്നെ പിറ്റേദിവസം വരെ കാത്തിരിക്കണം മറ്റൊരു കൂട്ടരില്‍ നിന്ന് ദക്ഷിണ കിട്ടുവാന്‍. ഒരു ദിവസം ഒരു മൃതദേഹമെങ്കിലും എരിയാന്‍ ചിതയൊരുങ്ങുന്നത് തന്നെ അപൂര്‍വം... നിളയേക്കാള്‍ വേഗത്തില്‍ കാലമൊഴുകി. ശ്‌മശാന ഭൂമിയിലെ പാലമരത്തൈ വളര്‍ന്ന് പന്തലിച്ചു. രണ്ടേക്കര്‍ വ്യാപിച്ച പഞ്ചായത്ത് പൊതുശ്‌മശാനത്തിലേക്ക് പാറിയണഞ്ഞ ഐതിഹ്യം പാലമരകൊമ്പില്‍ കൂടുകൂട്ടി നാടാകെ കഥപറഞ്ഞു. ശ്‌മശാനത്തിലെ ആറടിമണ്ണില്‍ ദഹിച്ചാല്‍ ദേഹി സ്വര്‍ഗം പൂകുമെന്ന് നാട്ടില്‍ ചൊല്ലായി. പഞ്ചപാണ്ഡവര്‍ ധര്‍മ്മയുദ്ധത്തില്‍ മരിച്ച പിതൃപരമ്പരകള്‍ക്ക് 'ഭാരത്‌ഖണ്ഡ'ത്തിലെത്തി ബലിതര്‍പ്പണം നടത്തി മോക്ഷമേകിയെന്നായി ഐതിഹ്യം. കേട്ടറിഞ്ഞവര്‍ പിതൃപരമ്പരയ്‌ക്ക് മോക്ഷമേകാന്‍ ഭാരത്‌ഖണ്ഡം തേടിയെത്തിയപ്പോള്‍ പഞ്ചായത്തും അവസരത്തിനൊത്തുയര്‍ന്നു. ഐതിഹ്യം വിറ്റ് കാശാക്കാന്‍ മുന്നിട്ടിറങ്ങിയ പഞ്ചായത്ത് മൃതദേഹം ദഹിപ്പിക്കാന്‍ കാശ് ഈടാക്കിതുടങ്ങി. ഇതേത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മൃതദേഹം ദഹിപ്പിക്കാന്‍ വിഹിതംപിരിക്കാനുള്ള അവകാശം ലേലത്തില്‍ പോയത് മൂന്നരലക്ഷം രൂപയ്‌ക്ക്. ഇങ്ങനെ തൃശൂര്‍ ജില്ലാതിര്‍ത്തിയില്‍ തികച്ചും അവികസിതമായിരുന്ന ഒരു പഞ്ചായത്ത് പൊതുശ്‌മശാനത്തിലൂടെ നാടാകെ അറിഞ്ഞുതുടങ്ങി. പിതൃക്കള്‍ക്ക് മോക്ഷമേകാനെത്തിയ പാണ്ഡവര്‍ ബലിതര്‍പ്പണം നടത്തിയത് ഭാരതപ്പുഴയില്‍ ഉയര്‍ന്നുനിന്ന ബലിക്കല്ലിലാണെന്ന് പുരാണം. നിളയുടെ മാറുകീറി മണലൂറ്റിയപ്പോള്‍ പാറകള്‍ അനേകം ഉയര്‍ന്നുവന്നു. ഇതിലേത് ബലിക്കല്ലെന്ന് പുതുതലമുറയ്‌ക്ക് തിരിച്ചറിയാതായി. പുഴ വഴിമാറിയൊഴുകുംപോലെ ശ്‌മശാനത്തിന് പ്രാധാന്യമേകാന്‍ ഐതിഹ്യവും ദിശമാറിയൊഴുകി. അപ്പോള്‍ പാണ്ഡവര്‍ തര്‍പ്പണം ചെയ്‌തത് പൊതുശ്‌മശാനത്തോടുചേര്‍ന്ന ഐവര്‍മഠം ശ്രീകൃഷ്‌ണക്ഷേത്രത്തിലെ മുന്നിലെ നിളയില്‍ ഭാരത്‌ഖണ്ഡത്തിലായി. പാണ്ഡവര്‍ക്ക് വഴികാട്ടിയെത്തിയ ശ്രീകൃഷ്‌ണനായി വ്യാസന്‍ പ്രതിഷ്‌ഠനടത്തിയ ക്ഷേത്രമായി ഐവര്‍മഠം മാറി. തര്‍പ്പണമല്ലാതെ സംസ്‌ക്കാരത്തെകുറിച്ച് പുരാണത്തില്‍ യാതൊന്നും പറയുന്നില്ലെങ്കിലും പിന്നീടെപ്പേഴോ ഐതിഹ്യവും വാമൊഴിയാല്‍ മാറ്റപ്പെട്ടു. കാലപ്പഴക്കം ഗണിച്ചെടുക്കുക പ്രയാസമെങ്കിലും ഇത്തരത്തില്‍ പിതൃദര്‍പ്പണത്തിനും സംസ്‌കരണത്തിനും മറ്റെവിടേയുമില്ലാത്ത പ്രാധാന്യം ഐവര്‍മഠംശ്രീകൃഷ്‌ണക്ഷേത്രത്തോട് ചേര്‍ന്ന പൊതുശ്‌മശാനത്തിന് കൈവന്നിട്ട് പത്തു വര്‍ഷത്തിനുമീതെയായിട്ടില്ല. വഴിമാറിയ ഐതിഹ്യപെരുമയില്‍ കരിന്തിരി പുകഞ്ഞ കോവിലില്‍ നെയ്‌ത്തിരി നാളങ്ങള്‍ വിളങ്ങി. ശാന്തിയ്‌ക്കും കഴകക്കാരനും കൈനിറയെ കാശായി. ക്ഷേത്രം മനോഹരമായി പുതുക്കിപ്പണിതു. ഭൂപരിഷ്‌ക്കരണ നിയമത്തിലൂടെ സ്വത്തുകള്‍ നഷ്‌ടമായ മണ്ണൂര്‍ സ്വരൂപം ശാന്തിക്ക് പണംനല്‍കാനില്ലാതെ ക്ഷേത്രം അടച്ചുപൂട്ടാനൊരുങ്ങിയപ്പോള്‍ ഏറ്റെടുത്ത പുത്തം വാരിയത്തെ മാധവവാര്യര്‍ പത്ത് പതിനഞ്ച് വര്‍ഷം മുന്നെ ക്ഷേത്രത്തിന്റെ അധികാരം രേഖാമൂലം സ്വന്തമാക്കി. ഐതിഹ്യം വഴിമാറിയെത്തിയ പൊതുശ്‌മശാനത്തില്‍ ശവദാഹചടങ്ങുകള്‍ക്കുള്ള മേല്‍നോട്ടചുമതലയും മാധവവാരിയര്‍ ഏറ്റെടുത്തു. ഐവര്‍മഠത്തിന്റെ ഖ്യാതി നാടുനീളെ പടര്‍ന്നതോടെ, അന്ന് തര്‍പ്പണത്തിനെത്തുന്നവരെ അക്ഷമയോടെ കാത്ത് നിന്ന വാര്യത്തെ യുവാവായ മാധവവാരിയര്‍ക്ക് ഇന്ന് തിരക്കേറി. തനിക്കൊപ്പമുള്ള വാരിയത്തിന്റെ പേരുമാറ്റി 'ഐവര്‍മഠ'മെന്നാക്കിയ മാധവവാര്യര്‍ വിസിറ്റിംഗ് കാര്‍ഡടിച്ച് നാടുനീളെ വിതരണം ചെയ്‌തു. ഒരു മൊബെല്‍ഫോണ്‍ ചെവിയില്‍ വയ്‌ക്കുമ്പോള്‍ കീശയില്‍കിടക്കുന്നത് ചിലച്ചുകൊണ്ടിരിക്കുന്ന തിരക്ക്. ഇതോടെ തനിക്ക്‌കീഴില്‍ പത്തുമുപ്പതു പണിക്കാരെ വച്ചു. വിളിച്ചാല്‍ വിളികേട്ട് കുതിച്ചെത്താന്‍ ആംബുലന്‍സുകള്‍ സ്വന്തമായി. തന്റെ കര്‍മ്മം ഏറ്റെടുത്ത് മറ്റൊരു യുവാവ് കൂടെവരികയും തനിക്കൊപ്പം നിന്ന് കര്‍മ്മം പഠിച്ച മറ്റൊരു വാരിയര്‍ രണ്ട് വര്‍ഷംമുന്നെ സ്വതന്ത്രനാവുകയും ചെയ്‌തു. ഇവര്‍ മൂന്നുപേരുടേയും ഗ്രൂപ്പില്‍ ഇപ്പോള്‍ പൊതുശ്‌മശാനത്തിലുള്ളത് നൂറോളം തൊഴിലാളികള്‍. അന്യദിക്കില്‍നിന്നെത്തുന്നവര്‍ക്കായി ചായക്കടകളും ലഘുഭക്ഷണശാലകളും ഉയര്‍ന്നു. വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസായും പഞ്ചായത്തിന് വരുമാനമായി. ലക്കിടി പാമ്പാടി- കുഴല്‍മന്ദം റൂട്ടില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായ വാഹനം ആംബുലന്‍സുകളായി. ദിവസം ശരാശരി 60 മൃതദേഹങ്ങളെങ്കിലും ദഹിപ്പിക്കാനുണ്ടാകും. ഇവര്‍ക്കായി വിറകുപുരകളില്‍ മരച്ചീളുകള്‍ കുന്നുകൂടി. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാത്രമല്ല ദക്ഷിണ- ഉത്തരേന്ത്യകളില്‍ നിന്നുപോലും ഒട്ടേറെപേരെത്തി, ഉറ്റവര്‍ക്ക് മോക്ഷമേകാന്‍ മൃതദേഹങ്ങളുമായി. വിറകിനും മറ്റ് സംസ്‌ക്കാര ചെലവുകള്‍ക്കുമടക്കം വാങ്ങുന്നത് 1500 മുതല്‍ 2000 വരെയാണ്. ആംബുലന്‍സിനും മറ്റും വേറെ നല്‍കണം. മൂന്നാംപക്കവും അഞ്ചാംപക്കവും എത്തി ചടങ്ങുകള്‍ നിര്‍വഹിക്കണമെങ്കില്‍ ആയിരങ്ങള്‍ പിന്നേയും ചെലവാകും. അഗ്നിവിഴുങ്ങിയ ദേഹത്തിന്റെ പേരെഴുതിയ മുളംകോല്‍ ചിതച്ചാലിനരികില്‍ കുത്തിനിര്‍ത്തും. മൂന്നാംപക്കമെത്തി അസ്‌ഥിയെടുത്ത് ക്രിയകള്‍ ചെയ്യുന്നതിനുള്ള അടയാളമാണിത്. അതിനു കാശായി ആയിരങ്ങള്‍ മുടക്കേണ്ടതിനാല്‍ പലരും ഒരു ദിനംകൊണ്ട് തന്നെ എല്ലാ ബന്ധങ്ങളും വിഛേദിക്കും. അത്തരം ചാലുകളില്‍ മുളംകോലുകള്‍ അടയാളമിടില്ല. നിളയില്‍ മുങ്ങിനിവര്‍ന്ന് ചെറുകലത്തില്‍ വെള്ളമെടുത്ത് കരയ്‌ക്കണഞ്ഞ് കര്‍മ്മംചെയ്‌തിരുന്ന കാലം ഇപ്പോള്‍ വര്‍ഷക്കാലത്ത് മാത്രം പരിചിതം. വെയിലിന് തീപിടിച്ച് തുടങ്ങുംമുന്നെതന്നെ നിള വറ്റി. മാലിന്യംനിറഞ്ഞ് ഇത്തിരിപോന്ന ഇടത്ത് മാത്രം തളംകെട്ടിയ ആസന്നമൃത്യുവായ നിളയില്‍ മുങ്ങി പരസഹായത്താല്‍ പുറംനനച്ചാണ് ഇപ്പോഴത്തെ കര്‍മ്മം. ഇനിയും വേനല്‍കനക്കുമ്പോള്‍ നിളയില്‍ മണല്‍പരപ്പിലെവിടെയെങ്കിലും കുഴികുത്തിവേണം കര്‍മ്മത്തിനായി വെള്ളം ശേഖരിക്കല്‍. ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്ന പഞ്ചായത്തിന് പക്ഷെ, പുഴയെ സംരക്ഷിക്കാനൊരു നടപടിയുമില്ല. എരിയുന്ന ചിതയില്‍നിന്ന് തിരിനീട്ടി അന്തി കറുക്കുമ്പോള്‍ കത്തിതീര്‍ന്ന പകലിന്റെ പുകച്ചുരുളുകളാവും ശ്‌മശാനം നിറയെ. ആളൊഴിഞ്ഞ നിളാതീരത്ത് നീരാടി നീരണിഞ്ഞ മുടിയിഴകള്‍ പുകച്ചുരുളില്‍ വിതറി പാലമരക്കൊമ്പില്‍ കഥപറയുന്ന പരേതാത്മാക്കളില്‍ പലതരക്കാരുണ്ടാകും. സാഹിത്യ കുലപതികളും രാഷ്‌ട്രീയ നേതാക്കളും സാംസ്‌ക്കാരിക പ്രമുഖരും എന്നുവേണ്ട ശവദാഹത്തിനുള്ള പണം മുന്‍കൂറടച്ച് വൃദ്ധസദനത്തിന്റെ മൂലയില്‍ പൊന്നോമനകള്‍ തള്ളിയ വാര്‍ദ്ധക്യംവരെ ഇവിടെ ഒന്നായി സന്ദേഹങ്ങില്ലാതെ ആനന്ദിക്കും. വൈലോപ്പിള്ളിയും ഒ.വി വിജയനും വി.കെ.എന്നു മെന്നുവേണ്ട എണ്ണമറ്റ പ്രശസ്‌ത ദേഹങ്ങളൊക്കെ ഇവിടെ അഗ്നിയില്‍ നേദിക്കപ്പെട്ടു. നാടറിഞ്ഞ ഐതിഹ്യപെരുമയില്‍ മോക്ഷമാര്‍ഗ്ഗം തേടി മൃതദേഹങ്ങള്‍ നാടിന്റെ അതിരുകള്‍ മായ്‌ച്ച് എണ്ണമില്ലാതെയെത്തിയതോടെ പ്രദേശത്തിന് കത്തുന്ന മനുഷ്യശരീരത്തിന്റെ ഗന്ധമായി. അവരുടെ ഊണിലും ഉറക്കിലും മനംമടുപ്പിക്കുന്ന ഗന്ധം പൊതിഞ്ഞു. അവരുടെ ശ്വാസകോശങ്ങളില്‍ ജന്മാന്തരങ്ങളുടെ സൗഖ്യംതേടി പേരറിയാത്ത ആത്മാക്കളുടെ മണവും മമതയും നിറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ പലരും താമസം മാറ്റി. ഇനിയും അവശേഷിക്കുന്നുണ്ട് നൂറിലേറെ കുടുംബങ്ങള്‍. അവര്‍ പൗരസമിതി രൂപീകരിച്ച് നിവേദനങ്ങള്‍ നല്‍കി. സംസ്‌ക്കാരചടങ്ങുകള്‍ക്ക് സമയപരിധിവയ്‌ക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വിശ്വാസവുമായി ബന്ധപ്പെട്ടതോടെ ശ്‌മശാനത്തിനെതിരേ ശക്‌തമായി പ്രതികരിക്കാന്‍ പരിസരവാസികള്‍ക്കും മടിയായി. നിളയൊഴികിയ വഴികളും കടന്ന് പേരുംപെരുമയും ദേശങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്കൊഴുകിയതോടെ ഒരു വര്‍ഷംമുന്നെ പൗരപ്രമുഖരടങ്ങിയ 'പാമ്പാടി ഐവര്‍മഠം ഡവലപ്‌മെന്റ് ട്രസ്‌റ്റ്' നിലവില്‍വന്നു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണിവര്‍. ഐവര്‍മഠത്തിലെ അന്ത്യവിശ്രമമെന്ന ജന്മാഗ്രഹം മക്കളോടോ കൊച്ചുമക്കളോടോ പറയാം. എന്നാല്‍ ഉറ്റവരും ഉടയവരുമില്ലാത്തവര്‍ എന്തുചെയ്യുമെന്നാണ് ആശങ്കയെങ്കില്‍ അതിനുമുണ്ട് വഴികളേറെ. 4000 രൂപ അടച്ചാല്‍ 60 തികഞ്ഞവര്‍ക്ക് ഇവര്‍ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയില്‍ ചേരാം. രജിസ്‌ട്രേഷന്‍ കാര്‍ഡ്‌കിട്ടികഴിഞ്ഞാല്‍ പിന്നെ പേടിക്കുകയേ വേണ്ട; കണ്ണടഞ്ഞെന്ന വിവരം കിട്ടിയാല്‍ മതി എവിടെയാണെങ്കില്‍ ട്രസ്‌റ്റ് ഭാരവാഹികള്‍ ഇടപെട്ട് ഐവര്‍മഠത്തിലെത്തിയ്‌ക്കും. പിന്നെ ആഗ്രഹിച്ചപോലുള്ള ജന്മാന്തരകര്‍മ്മങ്ങള്‍... നാളുകള്‍ കഴിഞ്ഞുള്ള തര്‍പ്പണം... എല്ലാം മുറപോലെ നടക്കുമെന്നാണ് ട്രസ്‌റ്റ് ഭാരവാഹികള്‍ പറയുന്നത്. അതായത് 60 കഴിഞ്ഞാല്‍ 4000 രൂപയുണ്ടെങ്കില്‍ ഇനി പരലോകത്തെകുറിച്ചുള്ള ആശങ്കയൊഴിഞ്ഞ് മരിക്കാമെന്ന് സാരം...! ജിനേഷ് പൂനത്ത് |
Wednesday, February 10, 2010
ഇവിടെ ചിത അണയുന്നില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment