അയിത്തത്തിന്റെ അഴുക്കുപുരണ്ട സമൂഹമധ്യത്തില്‍ നൂറ്റാണ്ടുകളോളം മൃഗതുല്യരായി ജനിച്ചുജീവിച്ച അധകൃതലക്ഷങ്ങളെ ആത്മാഭിമാനവും സംഘബോധവും നല്‍കി വിളിച്ചുണര്‍ത്തിയ വിപ്ലവകാരിയായ ഗുരുവിനെക്കുറിച്ചുള്ള സിനിമയ്‌ക്ക് സുകുമാരന്‍ പേരും നേരത്തേതന്നെ നിശ്‌ചയിച്ചിരുന്നു. 'യുഗപുരുഷന്‍'. '16 വര്‍ഷങ്ങള്‍ നീണ്ട എന്റെ പരിശ്രമമാണ് 'യുഗപുരുഷന്‍'. ഇപ്പോള്‍ കണ്ണടച്ചാല്‍ ഞാന്‍ കാണുന്നത് ഗുരുവിനെ മാത്രമാണ്. ഈ സിനിമ മെച്ചപ്പെട്ടതാണെന്ന് നിങ്ങള്‍ പറയണ്ട, പകരം ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. അതാണു ഞാന്‍ ആഗ്രഹിക്കുന്നതും'. സുകുമാരന്‍ തുടരുന്നു. ശ്രീനാരായണഗുരുവിനെക്കുറിച്ച് ഒരു ഡോക്യൂമെന്ററിയല്ല ഞാന്‍ ഉദ്ദേശിച്ചത്. ഗുരുദര്‍ശനങ്ങളെ ജനങ്ങള്‍ക്കു മുന്നിലേക്കെത്തിക്കണമെങ്കില്‍ കൊമേഴ്‌സ്യല്‍ തലത്തില്‍ കഥ പറയണമെന്ന് എനിക്കുതോന്നി. ഒരു സിനിമാറ്റിക് കണ്‍സെപ്‌റ്റില്‍ ചരിത്രത്തെ മാറ്റിപ്പറയാനാണു ഞാന്‍ ശ്രമിച്ചത്. ഗുരുവിനോടൊപ്പം ചരിത്രപുരുഷന്‍മാരായ നിരവധി മഹാന്‍മാര്‍ യുഗപുരുഷനിലുണ്ട്. കഥ പറയാന്‍ ഞാനവരെ ഉപയോഗിക്കുകയായിരുന്നു. അതോടൊപ്പം ചില കഥാപാത്രങ്ങളെ സൃഷ്‌ടിക്കുകയും ചെയ്‌തു. കലാഭവന്‍ മണി അവതരിപ്പിക്കുന്ന 'കോരന്‍' എന്ന കഥാപാത്രത്തെ ഞാനുണ്ടാക്കിയതാണ്. തൊലിയുടെ നിറം കറുത്തതായതിനാല്‍ മാറിനടക്കേണ്ടിവന്ന പലരില്‍ ഒരാള്‍. അങ്ങനെയുള്ള നിരവധിപേര്‍ അക്കാലത്തുണ്ടായിരുന്നു. ദലിതനെ മാല ചാര്‍ത്തി സാമൂഹികവിപ്ലവത്തിനു വഴി തുറക്കാന്‍ സ്വയമൊരുങ്ങിയ ബ്രാഹ്‌മണ പെണ്‍കൊടിയായ നവ്യയുടെ കഥാപാത്രവും എന്റെ സൃഷ്‌ടിയാണ്. മമ്മൂട്ടിയുടെ കെ.സി കുട്ടനെന്ന കഥാപാത്രം ചരിത്രത്തില്‍ ഇല്ലെന്നു പറയുന്നവര്‍ ഒന്നുകില്‍ അജ്‌ഞരാണ്. അല്ലെങ്കില്‍ അവര്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നു. ചേര്‍ത്തലയില്‍ ഇപ്പോഴും കുട്ടന്റെ ഇളയമകനുണ്ട്, ചെറുമക്കളും ബന്ധുക്കളുമുണ്ട്. അദ്ദേഹത്തിന് ചിത്തിരതിരുനാള്‍ മഹാരാജാവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സത്യത്തിനുവേണ്ടി നിലകൊണ്ട വ്യക്‌തിത്വമാണ് അദ്ദേഹം. അതിനാലാണ് സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ നിത്യയൗവനമാക്കിയത്. മറ്റുള്ളവര്‍ വയസായപ്പോഴും കുട്ടനെ മാത്രം ഒരു നര പോലുമില്ലാതെ ഞാന്‍ കുട്ടപ്പനാക്കി നിര്‍ത്തിയത് സത്യത്തിന്റെയും പ്രതീക്ഷയുടെ ചിഹ്നമാക്കിയാണ്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്' എന്നു പറഞ്ഞ ഗുരു, ഏതു ജാതിയില്‍പ്പെട്ട ഏതു മതത്തില്‍പ്പെട്ട ദൈവത്തിനെയാണ് പ്രതിഷ്‌ഠിക്കേണ്ടതെന്ന് സമൂഹത്തോടു ചോദിക്കാന്‍ ധൈര്യം കാണിച്ചത് കുട്ടനാണ്. കുട്ടന്റെ ബലിഷ്‌ഠമായ കരങ്ങളില്‍ പിടിച്ച് ശക്‌തി ഉറപ്പുവരുത്തി, ഭാവി ഏല്‍പ്പിച്ചാണ് ഒടുവില്‍ ഗുരു മടങ്ങുന്നത്. എല്ലാ മഹാന്‍മാരെയും പോലെ ഗുരുവും ഒടുവില്‍ നിരാശനായാണു മടങ്ങുന്നത്. അപ്പോള്‍ അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ച യുവസമൂഹത്തിന്റെ പ്രതിനിധിയാണു കുട്ടന്‍. അവാച്യാനുഭൂതിയുടെ അസംഖ്യം ഗുരുവചനങ്ങള്‍ പ്രപഞ്ച സാഹോദര്യത്തിന്റെ പ്രതീക്ഷയായി പ്രതിധ്വനിക്കുമ്പോള്‍ സമകാലീന സമൂഹത്തോടുള്ള കടമ അറിയിക്കാന്‍ ഗുരു നിയോഗിക്കുന്നതു കുട്ടനെയാണ്. 'ഗുരുപ്രസാദം' എന്ന പേരില്‍ ഈ സിനിമയെടുക്കാനാണ് തുടക്കത്തില്‍ പദ്ധതിയുണ്ടായിരുന്നത്. എന്നാല്‍ അതിനുവേണ്ടി സഹകരിച്ച വ്യക്‌തി ഒടുവില്‍ കാലുമാറി. പിന്നീട് മുംബൈ സ്വദേശിയായ ഗുരുഭക്‌തന്‍ കെ.എസ് തമ്പിയാണ് ഈ പ്രോജക്‌ടിനുവേണ്ടി മുന്നിട്ടിറങ്ങിയത്. 'ഗുരു ക്രിയേഷന്‍സ്' എന്ന പേരില്‍ പദ്ധതിയുടെ ആസൂത്രണവുമായി മുന്നോട്ടുപോയെങ്കിലും അതും നടന്നില്ല. വര്‍ഷങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ അനാദ്യന്തമായ സ്വസ്‌തിയുടെ പ്രവാചകനെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ എനിക്കു സമയം നല്‍കി. നിരവധി പുസ്‌തകങ്ങള്‍... ഗുരുവുമായി ബന്ധമുണ്ടായിരുന്ന നിരവധിപേര്‍.... അവയെല്ലാം കാലദേശാതീതനായ ഗുരു ശ്രീനാരായണനെയും ആ ധര്‍മ്മത്തിന്റെ സ്‌ഫടിക ദര്‍ശനങ്ങളെയും എനിക്കു മുന്നിലെത്തിച്ചു. ഒടുവില്‍ ഒരു നിയോഗം പോലെ എറണാകുളത്തുനിന്നും ഗുരുഭക്‌തനായ കെ.എസ് സിദ്ധാര്‍ഥന്റെ ഫോണ്‍കോളെത്തി. അദ്ദേഹമാണ് എ.വി അനൂപിനെ (മെഡിമിക്‌സ്) പരിചയപ്പെടുത്തിയത്. അപ്പോഴേക്കും 'യുഗപുരുഷന്‍' എന്റെ നിയോഗമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. മമ്മൂട്ടിയെയാണു ഗുരുവായി ആദ്യം നിശ്‌ചയിച്ചിരുന്നത്. തിരക്കഥ പൂര്‍ണമായി വായിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പിന്‍മാറി. ഗുരുവിന്റെ മാനറിസങ്ങളും ശരീരഭാഷയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ തനിക്കു കഴിയില്ലെന്നു പറഞ്ഞാണു അദ്ദേഹം പിന്‍മാറിയത്. പിന്നീട് ദിവസങ്ങള്‍ നീണ്ട അന്വേഷണമായിരുന്നു. ആയിരത്തിലധികം പേരെ പരിഗണിച്ചു. ഒടുവില്‍ തമിഴ്‌നടനായ തലൈവാസല്‍ വിജയിനെ കണ്ടെത്തി. ചെന്നൈയിലും എറണാകുളത്തും തിരുവനന്തപുരത്തുമായി നടന്ന മൂന്നു ഫോട്ടോസെഷനുകള്‍ക്കു ശേഷമാണു അദ്ദേഹത്തെ ഗുരുവായി തീരുമാനിച്ചത്. വിജയ് ഗുരുവായപ്പോള്‍ പൃഥിരാജിനു വച്ചിരുന്ന കെ.സി കുട്ടന്റെ വേഷം മമ്മൂട്ടിക്കു നല്‍കി. സ്വാമി വിവേകാനന്ദന്റെ വേഷം മോഹന്‍ലാലിനു വേണ്ടി തയാറാക്കിയെങ്കിലും കോള്‍ഷീറ്റിന്റെ പ്രശ്‌നങ്ങള്‍ മൂലം അദ്ദേഹത്തിനും പങ്കെടുക്കാനായില്ല. സത്യത്തിന്റെ ജീവസ്‌പര്‍ശത്തോടെ ഗുരുവിന്റെ ഒരു ചിത്രം മാത്രമേ നാം കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ മുന്‍കാല ഛായയും ഒടുവില്‍ വയസായപ്പോഴുള്ള ഭാവവും വിജയ് ആവിഷ്‌കരിച്ചത് തന്‍മയത്വത്തോടെയാണ്. ഇപ്പോള്‍ വിജയിനെ ആള്‍ക്കാര്‍ കാണുന്നത് ഒരു ഗുരുവിനെപ്പോലെയാണ്. അദ്ദേഹത്തിന്റെ ഭാര്യ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടു. ഇപ്പോള്‍ അദ്ദേഹത്തെ കണ്ടാലുടന്‍ ഭാര്യ എണീറ്റുനിന്നു തൊഴും. അതാണു വിജയിന്റെ പരാതി. 68 ദിവസം കൊണ്ടാണു ചിത്രം പൂര്‍ത്തിയായത്. ഒറ്റപ്പാലം, ചേര്‍ത്തല, കണ്ണൂര്‍, ചിത്രാജ്‌ഞലി സ്‌റ്റുഡിയോ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷന്‍- പറഞ്ഞു തീരുന്നതിനിടയില്‍ സുകുമാരന്റെ മൊബൈല്‍ഫോണ്‍ ചിലച്ചു. 'തിയേറ്ററിന്റെ വിഷയമെല്ലാം നിങ്ങള്‍ നോക്കൂ.... ഞാന്‍ എന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. എന്റെ നിയോഗമായിരുന്നു അത്'.... വിദേശങ്ങളിലുള്‍പ്പെടെ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള സുകുമാരന്‍ പെയിന്റിംഗ് ബ്രഷും ക്യാന്‍വാസും മാറ്റിവച്ചാണ് യുഗപുരുഷനു വേണ്ടി വര്‍ഷങ്ങള്‍ ചെലവിട്ടത്. മലയാളസിനിമയില്‍ മാറ്റത്തിന്റെ വഴിവിളക്കുകളായ രണ്ടുചിത്രങ്ങള്‍ മാത്രമാണു സുകുമാരന്റെ അക്കൗണ്ടിലുള്ളത്, പാദമുദ്രയും രാജശില്‍പ്പിയും. ആദ്യചിത്രമായ പാദമുദ്ര കോമഡിചിത്രങ്ങളില്‍ കുടുങ്ങിക്കിടന്ന മോഹന്‍ലാലിനെ സീരിയസ് വേഷങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചു. ഈ ചിത്രത്തിലൂടെ മലയാളസിനിമയില്‍ മികച്ചൊരു സംവിധായകന്റെ കസേരയും സുകുമാരനു സ്വന്തമായി. ഭ്രാന്താലയമായിരുന്ന ഇരുണ്ട ഭൂപ്രദേശത്തിലെ ഉപേക്ഷിക്കപ്പെട്ട ജനലക്ഷങ്ങളുടെ മനസില്‍ ഗുരു കൊളുത്തിവച്ചത് വിദ്യയുടെയും വിവേകത്തിന്റെയും വിളക്കുകളായിരുന്നു. മാനവികതയ്‌ക്കായി മിന്നിത്തിളങ്ങിയ ശാന്തിയുടെയും സാഹോദര്യത്തിന്റെയും ഒരു മിഴിവിളക്ക്. ആ പ്രകാശം ഊതിക്കത്തിക്കാനാണു സുകുമാരന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, 'ഒരു നിയോഗം പോലെ'.... സി.എസ്. സിദ്ധാര്‍ഥന്‍ | ||
Wednesday, February 10, 2010
ഒരു നിയോഗം പോലെ യുഗപുരുഷന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment