Wednesday, February 10, 2010

ഇങ്ങനെയുമൊരു മിസ്‌റ്റര്‍ കേരള



കുടുംബം പട്ടിണിയാകരുത്‌..അതിനു ദിവസവും ജോലി വേണം...പിന്നെ ഒരു കൊച്ചു വീട്‌...ഒരു കൂലിപ്പണിക്കാരന്റെ സ്വപ്‌നങ്ങള്‍ ഏതാണ്ട്‌ ഇത്രയൊക്കെ. ഇവിടെ,തൃപ്രയാറില്‍ ഒരു കൂലിപ്പണിക്കാരന്‍ സ്വപ്‌നം കാണുന്നു- 'മിസ്‌റ്റര്‍ ഇന്ത്യ' പട്ടം!- മിസ്‌റ്റര്‍ കേരള മണികണ്‌ഠനാണ്‌ ഈ ഗ്രാമപ്രദേശത്തിരുന്നു സ്വപ്‌നങ്ങളുടെ ചുമടിറക്കുന്നത്‌.

തുടര്‍ച്ചയായി പല വര്‍ഷങ്ങളിലും 'മിസറ്റര്‍ കേരള'യായി തൃപ്രയാറിലെ കനോലി കനാലിനു തീരത്തെ വീട്ടിലേക്ക്‌ ഇയാള്‍ വന്നിട്ടുണ്ട്‌. പക്ഷേ മിസ്‌റ്റര്‍ ഇന്ത്യയാകാന്‍ കഴിഞ്ഞില്ല ഇതുവരെ. കാരണം, പണം മുമ്പില്‍ 'മസിലു' പിടിച്ചു നില്‍ക്കുന്നതു തന്നെ.

ഒരെണ്ണമൊഴിച്ച്‌ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും വിജയിച്ച ചരിത്രമാണ്‌ മണികണ്‌ഠന്റേത്‌. തന്റെ 38 വയസിന്റെ കാലയളവിനുള്ളില്‍ മിസ്‌റ്റര്‍ ഇന്ത്യയാകാന്‍ ചെയ്യാവുന്നതെല്ലാം ചെയ്‌തു. 89 മുതല്‍ 93 വരെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം മിസ്‌റ്റര്‍ കേരള. 2000 ത്തില്‍ മിസ്‌റ്റര്‍ സൗത്ത്‌ ഇന്ത്യാ മത്സരത്തില്‍ രണ്ടാം സ്‌ഥാനം. പല തവണ മിസ്‌റ്റര്‍ തൃശൂര്‍. 2009 ല്‍ മിസ്‌റ്റര്‍ കേരളയും മിസ്‌റ്റര്‍ തൃശൂരും. ഇതിനിടയില്‍ 95 ല്‍ മിസ്‌റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടു.

ഇപ്പോഴും മിസ്‌റ്റര്‍ ഇന്ത്യയാകുക എന്ന ലക്ഷ്യത്തിനുവേണ്ടി പരിശ്രമം തുടരുകയാണ്‌- വിവാഹംപോലും കഴിക്കാതെ. ഒരു സ്‌പോണ്‍സറെ കിട്ടിയാല്‍ തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന്‌ മണികണ്‌ഠന്‍ പറയുന്നു. ഭക്ഷണത്തിനുവേണ്ടിയാണ്‌ മണികണ്‌ഠന്‍ സ്‌പോണ്‍സറെ തേടുന്നത്‌. മത്സരങ്ങള്‍ക്കു മുമ്പുള്ള പ്രാക്‌ടീസ്‌ സമയത്ത്‌ ഒരു ദിവസത്തെ ഭക്ഷണത്തിന്‌ 600 രൂപ ചിലവാകും. മൂന്നുമാസത്തെ പ്രാക്‌ടീസ്‌ നടത്തിയാലേ മത്സരത്തിനു പങ്കെടുക്കാന്‍ സാധിക്കൂ. ഈ തുക കണ്ടെത്താന്‍ തൃപ്രയാറിലെ കയറ്റിറക്കുതൊഴിലാളിയായ ഇയാള്‍ കഷ്‌ടപ്പെടുകയാണ്‌. നാട്ടിലെ കൂട്ടുകാരുടെ സഹായത്തോടെയാണ്‌ മത്സരങ്ങളില്‍ പലപ്പോഴും പങ്കെടുക്കുന്നത്‌.

മണികണ്‌ഠന്റെ ചരിത്രം

പട്ടിണികിടക്കാതിരിക്കാന്‍ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തി. പിന്നെ കൂലിപ്പണിക്കിറങ്ങി. കൂലിപ്പണിക്കാരായ അച്‌ഛന്‍ കുമാരനും അമ്മ കുറുമ്പയ്‌ക്കും മക്കള്‍ക്കുവേണ്ടി കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മണികണ്‌ഠന്‍ കൂലിപ്പണിക്കിറങ്ങുമ്പോള്‍ തടയാനും കഴിഞ്ഞില്ല. അല്ലറ ചില്ലറ ജോലിചെയ്‌തു നടക്കുമ്പോഴാണ്‌ മുമ്പില്‍ മസിലുള്ള ഒരാള്‍ പ്രത്യക്ഷപ്പെടുന്നത്‌. എവിടെ വച്ചാണ്‌ അയാളെ കണ്ടതെന്നോ ആരാണ്‌ അയാളെന്നോ ഓര്‍മയില്ല. പക്ഷേ അയാളായിരുന്നു ബോഡി ബില്‍ഡിംഗിലേക്ക്‌ മണികണ്‌ഠനെ തള്ളിവിട്ടത്‌. ഈ ആഗ്രവുമായി ജിംനേഷ്യത്തില്‍ എത്തുന്നത്‌ 16-ാമത്തെ വയസില്‍. തൃപ്രയാറിലെ ലൈഫ്‌ സ്‌റ്റൈല്‍ ക്ലബിന്റെ ഉടമ വി.എം. ബഷീറാണ്‌ ഗുരുനാഥന്‍. ആദ്യമൂന്നുമാസം ഗുരു ഫീസ്‌ വാങ്ങി. പിന്നെ ശിഷ്യന്റെ താല്‌പര്യം കണ്ട്‌ ഫീസ്‌ വേണ്ടെന്നു വച്ചു. അല്ലെങ്കിലും ഫീസ്‌ കൊടുക്കില്ലായിരുന്നുവെന്ന്‌ മണികണ്‌ഠന്‍. കാരണം കൈയില്‍ കാശില്ല; അത്ര തന്നെ. 18 വയസായസിലാണ്‌ ആദ്യമായി മത്സരത്തിനെത്തുന്നത്‌. ഇത്‌1989-ല്‍. അന്ന്‌ 60 കിലോ സീനിയര്‍ വിഭാഗത്തില്‍ മിസ്‌റ്റര്‍ കേരള. എന്നും 60 കിലോ വിഭാഗത്തില്‍ മാത്രമാണ്‌ മണികണ്‌ഠന്‍ മത്സരിച്ചത്‌. പീന്നീടങ്ങോട്ട്‌ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഈ വിഭാഗത്തില്‍ ഒന്നാമത്തെപേര്‌ മണികണ്‌ഠന്റേതായിരുന്നു.

പക്ഷേ...

93 മുതല്‍ മണികണ്‌ഠന്‌ മത്സരത്തിനെത്താനായില്ല. വേണ്ടരീതിയില്‍ ഭക്ഷണം കഴിക്കാന്‍ പണമുണ്ടയില്ല. മത്സരങ്ങള്‍ക്കു പോയി വരാന്‍ തുച്‌ഛമായ പണം മതി. അതിനുമുമ്പത്തെ പരിശീലനകാലമാണു പ്രശ്‌നം. ഒന്നരകിലോ കോഴി, 200 മുട്ട, രണ്ടുകിലോ മീന്‍, പാല്‍ എട്ട്‌ ലിറ്റര്‍, അഞ്ചു കിലോ നേന്ത്രപ്പഴം, രണ്ടുകിലോ ഉരുളന്‍ കിഴങ്ങ്‌, രണ്ടരകിലോ പച്ചക്കറി ഇതാണ്‌ ഒരു ദിവസത്തെ ഭക്ഷണം. ഇതിന്റെ ചിലവ്‌ 600 രൂപ. ഇത്‌ എവിടെ നിന്ന്‌ ഒപ്പിക്കുമെന്ന്‌ ഇയാള്‍ ചോദിക്കുന്നു. പണ്ട്‌ തൃപ്രയാറിലെ കയറ്റിറക്കു പണിയെടുത്താല്‍ ഒരു ദിവസം 600 രൂപ കിട്ടുമായിരുന്നു. ഇപ്പോള്‍ അതും ഇല്ല. എന്നിട്ടും മത്സരിക്കാനുള്ള ആഗ്രഹം കൊണ്ട്‌ 2007 ല്‍ വീണ്ടും ഫീല്‍ഡിലെത്തി; മിസ്‌റ്റര്‍ തൃശൂരായി!. മിസ്‌റ്റര്‍ കേരളയില്‍ രണ്ടാമതും. ഒരു സുഹൃത്ത്‌ ഭക്ഷണം വാങ്ങികൊടുത്തതുകൊണ്ട്‌ 2009 ല്‍ വീണ്ടും എത്തി. മിസ്‌റ്റര്‍ തൃശൂരും മിസ്‌റ്റര്‍ കേരളയും മണികണ്‌ഠനു സ്വന്തം!.

ഇനി...............

ഫെബ്രുവരിയിലാണ്‌ മിസ്‌റ്റര്‍ സൗത്ത്‌ ഇന്ത്യാ മത്സരം. തീയതി തീരുമാനിച്ചിട്ടില്ല. കോയമ്പത്തൂരായിരിക്കും മത്സരം. മണികണ്‌ഠന്‌ പങ്കെടുക്കണമെന്നുണ്ട്‌. സെലക്ഷനും കിട്ടി. പരിശീലനം തുടങ്ങിയിട്ടും ഭക്ഷണക്രമം ശരിയാക്കാനായിട്ടില്ല. സ്‌ഥിരം മെനു പാലിക്കാനായി പാടുപെടുകയാണ്‌. അറിയാവുന്ന ചിലര്‍ സഹായിക്കും. പക്ഷേ അതുകൊണ്ട്‌ ഒന്നുമാകില്ല. സ്‌ഥിരം സ്‌പോണ്‍സറെയാണ്‌ മണികണ്‌ഠന്‍ അന്വേഷിക്കുന്നത്‌. പട്ടികജാതിക്കാരനായതുകൊണ്ട്‌ നാട്ടില്‍ പലര്‍ക്കും സഹായിക്കാന്‍ മടി. ഇതിന്റെ പീഡനങ്ങള്‍ ക്ലബില്‍ നിന്നുപോലും സഹിക്കേണ്ടിവന്നു. ഇപ്പോള്‍ 'ഫിറ്റനസ്‌ വേള്‍ഡി'ലാണ്‌ പരിശീലനം. മിസറ്റര്‍ ഇന്ത്യ മത്സരവും ഉടന്‍വരും. ആരെങ്കിലും സഹായിച്ചാല്‍ അതിലും പങ്കെടുക്കണം - മണികണ്‌ഠന്‍ ആഗ്രഹം മറച്ചു വയ്‌ക്കുന്നില്ല.

സി.വി.കവിത

No comments:

Post a Comment