Wednesday, February 10, 2010

സി.പിയുടെ സ്വന്തം ഇത്തിക്കര പക്കി



ഉള്ളവനില്‍ നിന്ന്‌ പിടിച്ചെടുത്ത്‌ ഇല്ലാത്തവന്‌ കൊടുത്ത്‌ അവന്റെ പട്ടിണി മാറ്റുന്നതിലൂടെ സംതൃപ്‌തിയടഞ്ഞ പാവങ്ങളുടെ കള്ളന്‍ ഇത്തിക്കരപ്പക്കിയുടെ ഓര്‍മകളിലൂടെ ജീവിതസായാഹ്നത്തില്‍ ആശ്വാസത്തിന്റെ മധുരം നുകരുന്ന ഒരാളുണ്ട്‌ പക്കിയുടെ നാട്ടില്‍. സി.പി എന്ന ഓമനപ്പേരില്‍ നാട്ടുകാര്‍ വിളിക്കുന്ന മീരാസാഹിബ്‌ എന്ന എണ്‍പത്തഞ്ചുകാരന്‍.

ഇത്തിക്കരപക്കിയുടെ കുടുംബത്തിലെ മൂന്നാമത്തെ പിന്‍തലമുറക്കാരന്‍. ഇത്തിക്കരപക്കിയുടെ സാഹസകഥകള്‍ കുട്ടിക്കാലത്ത്‌ ബാപ്പയില്‍ നിന്നും ഉപ്പുപ്പായില്‍ നിന്നും കേട്ടറിഞ്ഞതിനപ്പുറം പക്കിയുമായി ഒരാത്മബന്ധമുണ്ടായിരുന്നുവെന്നേ മീരാസാഹിബിനെ അടുത്തറിയുന്നവര്‍ക്ക്‌ തോന്നുകയുള്ളൂ.

തന്റെ നാടിനെ പ്രശസ്‌തമാക്കിയ കുടുംബക്കാരനെ നെഞ്ചിലേറ്റി ആരാധിക്കുക മാത്രമല്ല ഇദ്ദേഹം, പുതിയ തലമുറയ്‌ക്ക് ഇത്തിക്കര പക്കിയെക്കുറിച്ചുള്ള കഥകള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യുകയാണ്‌ കൊല്ലം ജില്ലയിലെ ഇത്തിക്കര ജവാദ്‌ മന്‍സിലില്‍ മീരാസാഹിബ്‌.

ഇത്തിക്കര പക്കിയെപ്പറ്റി സിനിമയിലും ചിത്രകഥകളിലും വായിച്ചറിഞ്ഞിട്ടുള്ള കുട്ടികള്‍ പക്കിയുടെ വീരസാഹസികതകള്‍ അറിയാന്‍ മീരാസാഹിബിനെ സമീപിക്കും. സി.പി അപ്പുപ്പന്‍ എന്നാണ്‌ കുട്ടികള്‍ മീരാസാഹിബിനെ വിളിക്കാറ്‌.

അവധി ദിവസങ്ങളില്‍ സി.പി അപ്പുപ്പന്റെ വീടിന്റെ മുറ്റത്തെ മാവിന്‍ചോട്ടില്‍ കുട്ടികളുടെ നല്ല കൂട്ടമുണ്ടാകും. ചാരുകസേരയില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന്‌ സി.പി കുട്ടികളില്‍ ഒരാളായി മാറും. പിന്നെ മണിക്കൂറുകള്‍ നീളുന്ന കഥ പറച്ചില്‍. ടി.വിയില്‍ ഇത്തിക്കരപക്കി സിനിമ കണ്ടിട്ടുള്ള കുട്ടികള്‍ക്ക്‌ അതില്‍ നിന്ന്‌ വിഭിന്നമാണ്‌ യഥാര്‍ത്ഥ കഥയെന്ന്‌ അപ്പോഴാണ്‌ മനസിലാകുന്നത്‌.

പ്രേംനസീര്‍ അവതരിപ്പിച്ച കഥാനായകനെക്കാള്‍ എത്രയോ വ്യത്യസ്‌തന്‍ എന്ന്‌ കുട്ടികള്‍ക്ക്‌ തോന്നിപ്പോകും സി.പിയുടെ സ്വന്തം ഇത്തിക്കര പക്കിയുടെ കഥ കേട്ടാല്‍. കായംകുളം കൊച്ചുണ്ണി, വെള്ളായണി പരമു, ജംബുലിംഗം, മുളമൂട്ടില്‍ അടിമ, കാട്ടുബാവ എന്നിവരുമായുള്ള ഇത്തിക്കര പക്കിയുടെ കൊള്ള നടത്തലിനെക്കുറിച്ചുള്ളവ കുട്ടികള്‍ക്ക്‌ ഹരമാകുന്നത്‌ സി.പിയ്‌ക്ക് പ്രായത്തെ മറന്നുള്ള ത്രില്ലാണ്‌. ഇന്നത്തെ പോലെ പാതിരാത്രി വീട്ടിനുള്ളില്‍ കയറി തൊട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച്‌ വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കുകയും ബൈക്കിലെത്തി മാലപൊട്ടിച്ച്‌ പണവുമായി നാടുവിട്ട്‌ ആഡംബര ജീവിതം നയിക്കുന്ന രീതിയൊന്നുമല്ലായിരുന്നു അന്ന്‌.

പാവങ്ങളെ അടിമകളെപോലെ പണിയെടുപ്പിച്ച്‌ പണമുണ്ടാക്കുകയും കപ്പം കൊടുക്കാത്തവരുടെ കൃഷിയിടങ്ങള്‍ കൈയേറി കാര്‍ഷിക ഉല്‌പന്നങ്ങള്‍ സ്വന്തം പത്തായത്തിലാക്കുന്നവരാണ്‌ ഇത്തിക്കരപക്കിയുടെ നോട്ടപുള്ളികള്‍. ഇവരെ കൊള്ള നടത്തികിട്ടുന്ന മുതലുകള്‍ പാവങ്ങള്‍ക്ക്‌ നല്‍കുകയാണ്‌ പക്കിയുടെ രീതി.

ഇത്തിക്കരയാറിന്റെ ഭാഗങ്ങളാണ്‌ പക്കിയുടെയും കൂട്ടരുടേയും സങ്കേതം. പരവൂര്‍ കായല്‍, ആറ്റിങ്ങലാറ്‌ എന്നിവിടങ്ങളിലും പകല്‍കൊള്ളയും തീവെട്ടിക്കൊള്ളയും നടത്തും. തിരുവിതാംകൂര്‍ രാജഭരണം അവസാന ഘട്ടത്തിലെത്തിനില്‍ക്കുന്ന സമയമായിരുന്നു അന്ന്‌. ബ്രിട്ടീഷ്‌ചക്രം നിലവിലുള്ള കാലം.

28 ചക്രമാണ്‌ ഇന്നത്തെ ഒരു രൂപ. ഇരുപത്തിയെട്ടര ചക്രം ഒരു ബ്രിട്ടീഷ്‌ ചക്രം- സി.പി അപ്പുപ്പന്‍ കഥ പറയാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ കാതുകൂര്‍പ്പിക്കും. -ഒരിയ്‌ക്കല്‍ ആദിച്ചനല്ലൂര്‍ എന്ന സ്‌ഥലത്ത്‌ നാട്ടിലെ പ്രമാണിയായ ഒരു നമ്പൂതിരി കുടുംബം താമസിച്ചിരുന്നു. നമ്പ്യാര്‍മഠം എന്നായിരുന്നു കുടുംബപ്പേര്‌. സമ്പത്ത്‌ ഉണ്ടായിട്ടും പ്രമാണി അറുത്ത കൈയ്‌ക്ക് ഉപ്പു തേയ്‌ക്കാത്ത അറുപിശുക്കനായിരുന്നു. വീടിനു സമീപം നോക്കെത്താദൂരം വരെ പാടം.

വിശന്ന്‌ അന്നത്തിനായി യാചിക്കുന്നവരെ അടിച്ചുപുറത്താക്കുന്ന പ്രമാണിയുടെ വീട്ടില്‍ കയറാന്‍ ഇത്തിക്കര പക്കിയും കൂട്ടരും തീരുമാനിച്ചു. അന്നു രാത്രിതന്നെ അവര്‍ പ്രമാണിയെ കെട്ടിയിട്ട്‌ കൊള്ള നടത്തി. നെല്ലും പണവും വാരിക്കെട്ടി പോകാന്‍ നേരം, പുഴവക്കില്‍ തല ചായ്‌ക്കുമ്പോള്‍ ഉപയോഗിക്കാനായി പ്രമാണിയുടെ മുറിയിലുണ്ടായിരുന്ന തലയിണ കൂടി പക്കിയെടുത്തു.

അതുകണ്ട്‌ പ്രമാണി വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി. നിങ്ങള്‍ പണമോ നെല്ലോ എന്തുവേണമെങ്കിലും കൊണ്ടുപൊയ്‌ക്കാ, തലയിണ മാത്രം ദയവായി കൊണ്ടു പോകരുത്‌. വെറും ഒരു തലയിണയ്‌ക്കുവേണ്ടി പ്രമാണി എന്താണിങ്ങനെ?- ഇത്തിക്കരപക്കി സംശയിച്ചുനിന്നു. തലയിണ മുറിച്ച്‌ പരിശോധിച്ചപ്പോഴോ നിറച്ചും രത്നങ്ങള്‍. പാവങ്ങളെ പറ്റിച്ച്‌ ഉണ്ടാക്കിയ അവയൊക്കെ അവരവര്‍ക്കുതന്നെ വീതിച്ചു നല്‍കുകയും ചെയ്‌തു. - ഇങ്ങനെയുള്ള ഇത്തിക്കരപക്കിയുടെ കഥ കേള്‍ക്കാ ന്‍ ഓരോ ദിവസവും സി.പിയുടെ വീട്ടില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌.

ഇത്തിക്കരപക്കി വിഹരിച്ചിരുന്ന ഇത്തിക്കരയാറിന്റെ തീരത്തും കൊള്ള നടത്താന്‍ പദ്ധതിയിടുന്ന സ്‌ഥലവും സി.പിയ്‌ക്ക് പരിചിതമാണ്‌. ഇവിടെ വന്നിരുന്ന്‌ ഏറെനേരം കേട്ടറിഞ്ഞുള്ള കഥകളിലൂടെ ഓര്‍മകളെ താലോലിക്കാറുണ്ട്‌.

ഉമയനല്ലൂര്‍ എന്ന സ്‌ഥലത്തുള്ള ഒരു മത്സ്യക്കച്ചവടക്കാരന്റെ മകനായിരുന്നു ഇത്തിക്കരപക്കി. യഥാര്‍ത്ഥ പേര്‌ മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍. ഉമ്മയോടൊപ്പം ബന്ധുക്കള്‍ക്കൊപ്പം കുട്ടിക്കാലത്ത്‌ ഇത്തിക്കരയില്‍ എത്തി സ്‌ഥിര താമസമായി. പഠനത്തില്‍ പിന്നിലാണെങ്കിലും അന്യരെ സഹായിക്കാന്‍ സദാസന്നദ്ധന്‍. ആറ്റിലും കടലിലും ഏതഭ്യാസത്തിലും മിടുക്കനായിരുന്നു.

ആറ്റില്‍ വീണ്‌ ജീവനുവേണ്ടി കേണ നിരവധിപ്പേരെ പക്കി രക്ഷപ്പെടുത്തിയിട്ടുണ്ട്‌. ജന്മികള്‍ക്ക്‌ വേണ്ടി ആറ്റിലൂടെ കെട്ടുവള്ളത്തില്‍ കൊണ്ടുപോകുന്ന കാര്‍ഷിക വിളകളും മറ്റും തട്ടിയെടുത്ത്‌ നിര്‍ധനരുടെ വീടുകളില്‍ കൊണ്ടുപോയി കൊടുത്തിരുന്നു. ഇവയൊക്കെയാണ്‌ പക്കിയെ കള്ളനെങ്കിലും നാട്ടുകാര്‍ക്ക്‌ പ്രിയപ്പെട്ടവനാക്കിയത്‌.

എവിടെയും എത്ര വേഗത്തിലും കൃത്യം നടത്തുവാനുള്ള പ്രാവീണ്യമാണ്‌ പക്കി എന്ന പേരുണ്ടാകാന്‍ കാരണമെന്ന്‌ സി.പി പറയുന്നു. പ്രദേശത്തെ ആദ്യ പോലീസ്‌ സ്‌റ്റേഷന്‍ പരവൂരായിരുന്നു. ഇവിടത്തെ പോലീസുകാര്‍ക്കെല്ലാം പക്കിയെ ഭയവുമായിരുന്നു. ഒരിയ്‌ക്കല്‍ പോലും പിടികൂടാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുമില്ലായിരുന്നു. അക്കാലത്ത്‌ പരവൂര്‍ കായല്‍ വഴിയും തോടുവഴിയും കായംകുളത്തു നിന്നും കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കും മറ്റും വലിയ വള്ളത്തില്‍ ചരക്ക്‌ കടത്ത്‌ ഉണ്ടായിരുന്നു.

ഇതില്‍ നിന്നും കൊള്ള നടത്താന്‍ കായംകുളം കൊച്ചുണ്ണിയെ്‌ക്കാപ്പം പക്കിയും കാണുമായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ ഉറ്റസുഹൃത്തായ പക്കി ഒരിയ്‌ക്കലും ഒപ്പം നിന്നവരെ ചതിച്ചിട്ടില്ലെന്ന്‌ മുന്‍തലമുറ പറഞ്ഞിട്ടുള്ളതായി സി.പി ഓര്‍ക്കുന്നു. സി.പിയുടെ ഉപ്പുപ്പായുടെ സഹോദരന്റെ മകനാണ്‌ പക്കി. ഒരു പക്ഷേ പക്കിയുടെ കുടുംബത്തിലെ അവസാന കണ്ണി സി.പിയെന്ന്‌ വേണമെങ്കില്‍ പറയാം.

45-ാമത്തെ വയസില്‍ കാന്‍സര്‍ പിടിപ്പെട്ടാണ്‌ പക്കി മരണത്തിന്‌ കീഴടങ്ങുന്നത്‌. ഒരു കള്ളന്‍ മരിയ്‌ക്കുമ്പോഴത്തെ വികാരമായിരുന്നില്ല അന്നുണ്ടായതെന്ന്‌ സി.പിയുടെ കേട്ടറിഞ്ഞ ഓര്‍മകളില്‍ നിന്നും പറയുന്നു.

സാധാരണ ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ഒരു രാഷ്‌ട്രീയ നേതാവിന്റെ വേര്‍പടിന്റെ വേദനയായിരുന്നു നാട്ടുകാര്‍ക്ക്‌. മൈലക്കാട്‌ സിത്താരമുക്കിലെ കൊട്ടുമ്പുറം പള്ളിയിലെ ഖബര്‍സ്‌ഥാനില്‍ ആദ്യ വരിയിലെ രണ്ടാമനായി നിത്യവിശ്രമം കൊള്ളുന്നത്‌ ഇത്തിക്കരപക്കിയാണെന്ന്‌ സ്വന്തം നാട്ടിലെ പോലും പുതിയ തലമുറയ്‌ക്ക് അജ്‌ഞാതമായിരിക്കുമെന്നാണ്‌ സി.പി പറയുന്നത്‌.

സന്തോഷ്‌ പ്രിയന്‍

ഇവിടെ ചിത അണയുന്നില്ല



പത്തുമുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. വേനല്‍ചൂടിലും കുളിരലതീര്‍ത്ത്‌ നിറഞ്ഞൊഴുകിയിരുന്ന നിളാതീരത്ത്‌ തിളങ്ങുന്ന മണല്‍പരപ്പില്‍ അക്ഷമനായി ഒരു യുവാവ്‌. കരിന്തിരിപുകഞ്ഞ്‌ ഇടിഞ്ഞ്‌ പൊളിഞ്ഞ്‌ വീഴാറായ ശ്രീകൃഷ്‌ണക്ഷേത്രത്തിലെ ഒരു നേരപൂജയ്‌ക്ക്ശേഷം വാറിലയില്‍ പകര്‍ന്നുകിട്ടിയ നൈവേദ്യച്ചോറുണ്ട്‌ വിശപ്പടക്കിയെത്തിയ കഴകക്കാരന്‍.

നിളയോരത്തെ ശ്‌മശാനത്തിലേക്ക്‌ തണ്ടിലേറ്റിയെത്തിച്ച മൃതദേഹം ദഹിച്ചുതീരുംവരെയുള്ള അക്ഷമ നിറഞ്ഞ കാത്തിരിപ്പ്‌. അരികില്‍, നിളയോരത്ത്‌ കര്‍മ്മത്തിനായി ഒരുക്കിവച്ച സാധനങ്ങള്‍ക്ക്‌ കൂട്ടായാണ്‌ നില്‍പ്പ്‌. ചിതയെരിഞ്ഞ്‌ തുടങ്ങി തിരിച്ച്‌ നടന്ന്‌ നിളയില്‍ മൂന്നുവട്ടം മുങ്ങിനിവര്‍ന്ന്‌ പരേതാത്മാവിന്റെ ജന്മാന്തരകെട്ടുപ്പാടുകള്‍ അറുത്തുമാറ്റി പിണ്ഡംവയ്‌ക്കുവാന്‍ ഒരുങ്ങിനില്‍ക്കുന്നവര്‍ക്ക്‌ നിര്‍ദേശം നല്‍കി ഒതുങ്ങിനിന്ന യുവാവിന്റെ നീട്ടിപിടിച്ച കൈക്കുമ്പിളിലേക്ക്‌ വീണുചിതറുന്ന ദക്ഷിണയെന്ന നാണയത്തുട്ടുകള്‍. ദിവസം ഒരു കൂട്ടരെത്തിയാല്‍ പിന്നെ പിറ്റേദിവസം വരെ കാത്തിരിക്കണം മറ്റൊരു കൂട്ടരില്‍ നിന്ന്‌ ദക്ഷിണ കിട്ടുവാന്‍. ഒരു ദിവസം ഒരു മൃതദേഹമെങ്കിലും എരിയാന്‍ ചിതയൊരുങ്ങുന്നത്‌ തന്നെ അപൂര്‍വം...

നിളയേക്കാള്‍ വേഗത്തില്‍ കാലമൊഴുകി. ശ്‌മശാന ഭൂമിയിലെ പാലമരത്തൈ വളര്‍ന്ന്‌ പന്തലിച്ചു. രണ്ടേക്കര്‍ വ്യാപിച്ച പഞ്ചായത്ത്‌ പൊതുശ്‌മശാനത്തിലേക്ക്‌ പാറിയണഞ്ഞ ഐതിഹ്യം പാലമരകൊമ്പില്‍ കൂടുകൂട്ടി നാടാകെ കഥപറഞ്ഞു. ശ്‌മശാനത്തിലെ ആറടിമണ്ണില്‍ ദഹിച്ചാല്‍ ദേഹി സ്വര്‍ഗം പൂകുമെന്ന്‌ നാട്ടില്‍ ചൊല്ലായി. പഞ്ചപാണ്ഡവര്‍ ധര്‍മ്മയുദ്ധത്തില്‍ മരിച്ച പിതൃപരമ്പരകള്‍ക്ക്‌ 'ഭാരത്‌ഖണ്ഡ'ത്തിലെത്തി ബലിതര്‍പ്പണം നടത്തി മോക്ഷമേകിയെന്നായി ഐതിഹ്യം. കേട്ടറിഞ്ഞവര്‍ പിതൃപരമ്പരയ്‌ക്ക് മോക്ഷമേകാന്‍ ഭാരത്‌ഖണ്ഡം തേടിയെത്തിയപ്പോള്‍ പഞ്ചായത്തും അവസരത്തിനൊത്തുയര്‍ന്നു. ഐതിഹ്യം വിറ്റ്‌ കാശാക്കാന്‍ മുന്നിട്ടിറങ്ങിയ പഞ്ചായത്ത്‌ മൃതദേഹം ദഹിപ്പിക്കാന്‍ കാശ്‌ ഈടാക്കിതുടങ്ങി. ഇതേത്തുടര്‍ന്ന്‌ കഴിഞ്ഞവര്‍ഷം മൃതദേഹം ദഹിപ്പിക്കാന്‍ വിഹിതംപിരിക്കാനുള്ള അവകാശം ലേലത്തില്‍ പോയത്‌ മൂന്നരലക്ഷം രൂപയ്‌ക്ക്. ഇങ്ങനെ തൃശൂര്‍ ജില്ലാതിര്‍ത്തിയില്‍ തികച്ചും അവികസിതമായിരുന്ന ഒരു പഞ്ചായത്ത്‌ പൊതുശ്‌മശാനത്തിലൂടെ നാടാകെ അറിഞ്ഞുതുടങ്ങി.

പിതൃക്കള്‍ക്ക്‌ മോക്ഷമേകാനെത്തിയ പാണ്ഡവര്‍ ബലിതര്‍പ്പണം നടത്തിയത്‌ ഭാരതപ്പുഴയില്‍ ഉയര്‍ന്നുനിന്ന ബലിക്കല്ലിലാണെന്ന്‌ പുരാണം. നിളയുടെ മാറുകീറി മണലൂറ്റിയപ്പോള്‍ പാറകള്‍ അനേകം ഉയര്‍ന്നുവന്നു. ഇതിലേത്‌ ബലിക്കല്ലെന്ന്‌ പുതുതലമുറയ്‌ക്ക് തിരിച്ചറിയാതായി. പുഴ വഴിമാറിയൊഴുകുംപോലെ ശ്‌മശാനത്തിന്‌ പ്രാധാന്യമേകാന്‍ ഐതിഹ്യവും ദിശമാറിയൊഴുകി. അപ്പോള്‍ പാണ്ഡവര്‍ തര്‍പ്പണം ചെയ്‌തത്‌ പൊതുശ്‌മശാനത്തോടുചേര്‍ന്ന ഐവര്‍മഠം ശ്രീകൃഷ്‌ണക്ഷേത്രത്തിലെ മുന്നിലെ നിളയില്‍ ഭാരത്‌ഖണ്ഡത്തിലായി. പാണ്ഡവര്‍ക്ക്‌ വഴികാട്ടിയെത്തിയ ശ്രീകൃഷ്‌ണനായി വ്യാസന്‍ പ്രതിഷ്‌ഠനടത്തിയ ക്ഷേത്രമായി ഐവര്‍മഠം മാറി. തര്‍പ്പണമല്ലാതെ സംസ്‌ക്കാരത്തെകുറിച്ച്‌ പുരാണത്തില്‍ യാതൊന്നും പറയുന്നില്ലെങ്കിലും പിന്നീടെപ്പേഴോ ഐതിഹ്യവും വാമൊഴിയാല്‍ മാറ്റപ്പെട്ടു. കാലപ്പഴക്കം ഗണിച്ചെടുക്കുക പ്രയാസമെങ്കിലും ഇത്തരത്തില്‍ പിതൃദര്‍പ്പണത്തിനും സംസ്‌കരണത്തിനും മറ്റെവിടേയുമില്ലാത്ത പ്രാധാന്യം ഐവര്‍മഠംശ്രീകൃഷ്‌ണക്ഷേത്രത്തോട്‌ ചേര്‍ന്ന പൊതുശ്‌മശാനത്തിന്‌ കൈവന്നിട്ട്‌ പത്തു വര്‍ഷത്തിനുമീതെയായിട്ടില്ല.

വഴിമാറിയ ഐതിഹ്യപെരുമയില്‍ കരിന്തിരി പുകഞ്ഞ കോവിലില്‍ നെയ്‌ത്തിരി നാളങ്ങള്‍ വിളങ്ങി. ശാന്തിയ്‌ക്കും കഴകക്കാരനും കൈനിറയെ കാശായി. ക്ഷേത്രം മനോഹരമായി പുതുക്കിപ്പണിതു. ഭൂപരിഷ്‌ക്കരണ നിയമത്തിലൂടെ സ്വത്തുകള്‍ നഷ്‌ടമായ മണ്ണൂര്‍ സ്വരൂപം ശാന്തിക്ക്‌ പണംനല്‍കാനില്ലാതെ ക്ഷേത്രം അടച്ചുപൂട്ടാനൊരുങ്ങിയപ്പോള്‍ ഏറ്റെടുത്ത പുത്തം വാരിയത്തെ മാധവവാര്യര്‍ പത്ത്‌ പതിനഞ്ച്‌ വര്‍ഷം മുന്നെ ക്ഷേത്രത്തിന്റെ അധികാരം രേഖാമൂലം സ്വന്തമാക്കി. ഐതിഹ്യം വഴിമാറിയെത്തിയ പൊതുശ്‌മശാനത്തില്‍ ശവദാഹചടങ്ങുകള്‍ക്കുള്ള മേല്‍നോട്ടചുമതലയും മാധവവാരിയര്‍ ഏറ്റെടുത്തു.

ഐവര്‍മഠത്തിന്റെ ഖ്യാതി നാടുനീളെ പടര്‍ന്നതോടെ, അന്ന്‌ തര്‍പ്പണത്തിനെത്തുന്നവരെ അക്ഷമയോടെ കാത്ത്‌ നിന്ന വാര്യത്തെ യുവാവായ മാധവവാരിയര്‍ക്ക്‌ ഇന്ന്‌ തിരക്കേറി. തനിക്കൊപ്പമുള്ള വാരിയത്തിന്റെ പേരുമാറ്റി 'ഐവര്‍മഠ'മെന്നാക്കിയ മാധവവാര്യര്‍ വിസിറ്റിംഗ്‌ കാര്‍ഡടിച്ച്‌ നാടുനീളെ വിതരണം ചെയ്‌തു. ഒരു മൊബെല്‍ഫോണ്‍ ചെവിയില്‍ വയ്‌ക്കുമ്പോള്‍ കീശയില്‍കിടക്കുന്നത്‌ ചിലച്ചുകൊണ്ടിരിക്കുന്ന തിരക്ക്‌. ഇതോടെ തനിക്ക്‌കീഴില്‍ പത്തുമുപ്പതു പണിക്കാരെ വച്ചു. വിളിച്ചാല്‍ വിളികേട്ട്‌ കുതിച്ചെത്താന്‍ ആംബുലന്‍സുകള്‍ സ്വന്തമായി. തന്റെ കര്‍മ്മം ഏറ്റെടുത്ത്‌ മറ്റൊരു യുവാവ്‌ കൂടെവരികയും തനിക്കൊപ്പം നിന്ന്‌ കര്‍മ്മം പഠിച്ച മറ്റൊരു വാരിയര്‍ രണ്ട്‌ വര്‍ഷംമുന്നെ സ്വതന്ത്രനാവുകയും ചെയ്‌തു. ഇവര്‍ മൂന്നുപേരുടേയും ഗ്രൂപ്പില്‍ ഇപ്പോള്‍ പൊതുശ്‌മശാനത്തിലുള്ളത്‌ നൂറോളം തൊഴിലാളികള്‍. അന്യദിക്കില്‍നിന്നെത്തുന്നവര്‍ക്കായി ചായക്കടകളും ലഘുഭക്ഷണശാലകളും ഉയര്‍ന്നു. വാഹനങ്ങളുടെ പാര്‍ക്കിംഗ്‌ ഫീസായും പഞ്ചായത്തിന്‌ വരുമാനമായി.

ലക്കിടി പാമ്പാടി- കുഴല്‍മന്ദം റൂട്ടില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായ വാഹനം ആംബുലന്‍സുകളായി. ദിവസം ശരാശരി 60 മൃതദേഹങ്ങളെങ്കിലും ദഹിപ്പിക്കാനുണ്ടാകും. ഇവര്‍ക്കായി വിറകുപുരകളില്‍ മരച്ചീളുകള്‍ കുന്നുകൂടി. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ മാത്രമല്ല ദക്ഷിണ- ഉത്തരേന്ത്യകളില്‍ നിന്നുപോലും ഒട്ടേറെപേരെത്തി, ഉറ്റവര്‍ക്ക്‌ മോക്ഷമേകാന്‍ മൃതദേഹങ്ങളുമായി. വിറകിനും മറ്റ്‌ സംസ്‌ക്കാര ചെലവുകള്‍ക്കുമടക്കം വാങ്ങുന്നത്‌ 1500 മുതല്‍ 2000 വരെയാണ്‌. ആംബുലന്‍സിനും മറ്റും വേറെ നല്‍കണം. മൂന്നാംപക്കവും അഞ്ചാംപക്കവും എത്തി ചടങ്ങുകള്‍ നിര്‍വഹിക്കണമെങ്കില്‍ ആയിരങ്ങള്‍ പിന്നേയും ചെലവാകും. അഗ്നിവിഴുങ്ങിയ ദേഹത്തിന്റെ പേരെഴുതിയ മുളംകോല്‍ ചിതച്ചാലിനരികില്‍ കുത്തിനിര്‍ത്തും. മൂന്നാംപക്കമെത്തി അസ്‌ഥിയെടുത്ത്‌ ക്രിയകള്‍ ചെയ്യുന്നതിനുള്ള അടയാളമാണിത്‌. അതിനു കാശായി ആയിരങ്ങള്‍ മുടക്കേണ്ടതിനാല്‍ പലരും ഒരു ദിനംകൊണ്ട്‌ തന്നെ എല്ലാ ബന്ധങ്ങളും വിഛേദിക്കും. അത്തരം ചാലുകളില്‍ മുളംകോലുകള്‍ അടയാളമിടില്ല.

നിളയില്‍ മുങ്ങിനിവര്‍ന്ന്‌ ചെറുകലത്തില്‍ വെള്ളമെടുത്ത്‌ കരയ്‌ക്കണഞ്ഞ്‌ കര്‍മ്മംചെയ്‌തിരുന്ന കാലം ഇപ്പോള്‍ വര്‍ഷക്കാലത്ത്‌ മാത്രം പരിചിതം. വെയിലിന്‌ തീപിടിച്ച്‌ തുടങ്ങുംമുന്നെതന്നെ നിള വറ്റി. മാലിന്യംനിറഞ്ഞ്‌ ഇത്തിരിപോന്ന ഇടത്ത്‌ മാത്രം തളംകെട്ടിയ ആസന്നമൃത്യുവായ നിളയില്‍ മുങ്ങി പരസഹായത്താല്‍ പുറംനനച്ചാണ്‌ ഇപ്പോഴത്തെ കര്‍മ്മം. ഇനിയും വേനല്‍കനക്കുമ്പോള്‍ നിളയില്‍ മണല്‍പരപ്പിലെവിടെയെങ്കിലും കുഴികുത്തിവേണം കര്‍മ്മത്തിനായി വെള്ളം ശേഖരിക്കല്‍. ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്ന പഞ്ചായത്തിന്‌ പക്ഷെ, പുഴയെ സംരക്ഷിക്കാനൊരു നടപടിയുമില്ല.

എരിയുന്ന ചിതയില്‍നിന്ന്‌ തിരിനീട്ടി അന്തി കറുക്കുമ്പോള്‍ കത്തിതീര്‍ന്ന പകലിന്റെ പുകച്ചുരുളുകളാവും ശ്‌മശാനം നിറയെ. ആളൊഴിഞ്ഞ നിളാതീരത്ത്‌ നീരാടി നീരണിഞ്ഞ മുടിയിഴകള്‍ പുകച്ചുരുളില്‍ വിതറി പാലമരക്കൊമ്പില്‍ കഥപറയുന്ന പരേതാത്മാക്കളില്‍ പലതരക്കാരുണ്ടാകും. സാഹിത്യ കുലപതികളും രാഷ്‌ട്രീയ നേതാക്കളും സാംസ്‌ക്കാരിക പ്രമുഖരും എന്നുവേണ്ട ശവദാഹത്തിനുള്ള പണം മുന്‍കൂറടച്ച്‌ വൃദ്ധസദനത്തിന്റെ മൂലയില്‍ പൊന്നോമനകള്‍ തള്ളിയ വാര്‍ദ്ധക്യംവരെ ഇവിടെ ഒന്നായി സന്ദേഹങ്ങില്ലാതെ ആനന്ദിക്കും. വൈലോപ്പിള്ളിയും ഒ.വി വിജയനും വി.കെ.എന്നു മെന്നുവേണ്ട എണ്ണമറ്റ പ്രശസ്‌ത ദേഹങ്ങളൊക്കെ ഇവിടെ അഗ്നിയില്‍ നേദിക്കപ്പെട്ടു.

നാടറിഞ്ഞ ഐതിഹ്യപെരുമയില്‍ മോക്ഷമാര്‍ഗ്ഗം തേടി മൃതദേഹങ്ങള്‍ നാടിന്റെ അതിരുകള്‍ മായ്‌ച്ച് എണ്ണമില്ലാതെയെത്തിയതോടെ പ്രദേശത്തിന്‌ കത്തുന്ന മനുഷ്യശരീരത്തിന്റെ ഗന്ധമായി. അവരുടെ ഊണിലും ഉറക്കിലും മനംമടുപ്പിക്കുന്ന ഗന്ധം പൊതിഞ്ഞു. അവരുടെ ശ്വാസകോശങ്ങളില്‍ ജന്മാന്തരങ്ങളുടെ സൗഖ്യംതേടി പേരറിയാത്ത ആത്മാക്കളുടെ മണവും മമതയും നിറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ പലരും താമസം മാറ്റി. ഇനിയും അവശേഷിക്കുന്നുണ്ട്‌ നൂറിലേറെ കുടുംബങ്ങള്‍. അവര്‍ പൗരസമിതി രൂപീകരിച്ച്‌ നിവേദനങ്ങള്‍ നല്‍കി. സംസ്‌ക്കാരചടങ്ങുകള്‍ക്ക്‌ സമയപരിധിവയ്‌ക്കണമെന്നാണ്‌ ഇവരുടെ പ്രധാന ആവശ്യം. വിശ്വാസവുമായി ബന്ധപ്പെട്ടതോടെ ശ്‌മശാനത്തിനെതിരേ ശക്‌തമായി പ്രതികരിക്കാന്‍ പരിസരവാസികള്‍ക്കും മടിയായി.

നിളയൊഴികിയ വഴികളും കടന്ന്‌ പേരുംപെരുമയും ദേശങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്കൊഴുകിയതോടെ ഒരു വര്‍ഷംമുന്നെ പൗരപ്രമുഖരടങ്ങിയ 'പാമ്പാടി ഐവര്‍മഠം ഡവലപ്‌മെന്റ്‌ ട്രസ്‌റ്റ്' നിലവില്‍വന്നു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണിവര്‍. ഐവര്‍മഠത്തിലെ അന്ത്യവിശ്രമമെന്ന ജന്മാഗ്രഹം മക്കളോടോ കൊച്ചുമക്കളോടോ പറയാം. എന്നാല്‍ ഉറ്റവരും ഉടയവരുമില്ലാത്തവര്‍ എന്തുചെയ്യുമെന്നാണ്‌ ആശങ്കയെങ്കില്‍ അതിനുമുണ്ട്‌ വഴികളേറെ. 4000 രൂപ അടച്ചാല്‍ 60 തികഞ്ഞവര്‍ക്ക്‌ ഇവര്‍ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയില്‍ ചേരാം. രജിസ്‌ട്രേഷന്‍ കാര്‍ഡ്‌കിട്ടികഴിഞ്ഞാല്‍ പിന്നെ പേടിക്കുകയേ വേണ്ട; കണ്ണടഞ്ഞെന്ന വിവരം കിട്ടിയാല്‍ മതി എവിടെയാണെങ്കില്‍ ട്രസ്‌റ്റ് ഭാരവാഹികള്‍ ഇടപെട്ട്‌ ഐവര്‍മഠത്തിലെത്തിയ്‌ക്കും. പിന്നെ ആഗ്രഹിച്ചപോലുള്ള ജന്മാന്തരകര്‍മ്മങ്ങള്‍... നാളുകള്‍ കഴിഞ്ഞുള്ള തര്‍പ്പണം... എല്ലാം മുറപോലെ നടക്കുമെന്നാണ്‌ ട്രസ്‌റ്റ് ഭാരവാഹികള്‍ പറയുന്നത്‌. അതായത്‌ 60 കഴിഞ്ഞാല്‍ 4000 രൂപയുണ്ടെങ്കില്‍ ഇനി പരലോകത്തെകുറിച്ചുള്ള ആശങ്കയൊഴിഞ്ഞ്‌ മരിക്കാമെന്ന്‌ സാരം...!

ജിനേഷ്‌ പൂനത്ത്‌

ഇങ്ങനെയുമൊരു മിസ്‌റ്റര്‍ കേരള



കുടുംബം പട്ടിണിയാകരുത്‌..അതിനു ദിവസവും ജോലി വേണം...പിന്നെ ഒരു കൊച്ചു വീട്‌...ഒരു കൂലിപ്പണിക്കാരന്റെ സ്വപ്‌നങ്ങള്‍ ഏതാണ്ട്‌ ഇത്രയൊക്കെ. ഇവിടെ,തൃപ്രയാറില്‍ ഒരു കൂലിപ്പണിക്കാരന്‍ സ്വപ്‌നം കാണുന്നു- 'മിസ്‌റ്റര്‍ ഇന്ത്യ' പട്ടം!- മിസ്‌റ്റര്‍ കേരള മണികണ്‌ഠനാണ്‌ ഈ ഗ്രാമപ്രദേശത്തിരുന്നു സ്വപ്‌നങ്ങളുടെ ചുമടിറക്കുന്നത്‌.

തുടര്‍ച്ചയായി പല വര്‍ഷങ്ങളിലും 'മിസറ്റര്‍ കേരള'യായി തൃപ്രയാറിലെ കനോലി കനാലിനു തീരത്തെ വീട്ടിലേക്ക്‌ ഇയാള്‍ വന്നിട്ടുണ്ട്‌. പക്ഷേ മിസ്‌റ്റര്‍ ഇന്ത്യയാകാന്‍ കഴിഞ്ഞില്ല ഇതുവരെ. കാരണം, പണം മുമ്പില്‍ 'മസിലു' പിടിച്ചു നില്‍ക്കുന്നതു തന്നെ.

ഒരെണ്ണമൊഴിച്ച്‌ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും വിജയിച്ച ചരിത്രമാണ്‌ മണികണ്‌ഠന്റേത്‌. തന്റെ 38 വയസിന്റെ കാലയളവിനുള്ളില്‍ മിസ്‌റ്റര്‍ ഇന്ത്യയാകാന്‍ ചെയ്യാവുന്നതെല്ലാം ചെയ്‌തു. 89 മുതല്‍ 93 വരെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം മിസ്‌റ്റര്‍ കേരള. 2000 ത്തില്‍ മിസ്‌റ്റര്‍ സൗത്ത്‌ ഇന്ത്യാ മത്സരത്തില്‍ രണ്ടാം സ്‌ഥാനം. പല തവണ മിസ്‌റ്റര്‍ തൃശൂര്‍. 2009 ല്‍ മിസ്‌റ്റര്‍ കേരളയും മിസ്‌റ്റര്‍ തൃശൂരും. ഇതിനിടയില്‍ 95 ല്‍ മിസ്‌റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടു.

ഇപ്പോഴും മിസ്‌റ്റര്‍ ഇന്ത്യയാകുക എന്ന ലക്ഷ്യത്തിനുവേണ്ടി പരിശ്രമം തുടരുകയാണ്‌- വിവാഹംപോലും കഴിക്കാതെ. ഒരു സ്‌പോണ്‍സറെ കിട്ടിയാല്‍ തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന്‌ മണികണ്‌ഠന്‍ പറയുന്നു. ഭക്ഷണത്തിനുവേണ്ടിയാണ്‌ മണികണ്‌ഠന്‍ സ്‌പോണ്‍സറെ തേടുന്നത്‌. മത്സരങ്ങള്‍ക്കു മുമ്പുള്ള പ്രാക്‌ടീസ്‌ സമയത്ത്‌ ഒരു ദിവസത്തെ ഭക്ഷണത്തിന്‌ 600 രൂപ ചിലവാകും. മൂന്നുമാസത്തെ പ്രാക്‌ടീസ്‌ നടത്തിയാലേ മത്സരത്തിനു പങ്കെടുക്കാന്‍ സാധിക്കൂ. ഈ തുക കണ്ടെത്താന്‍ തൃപ്രയാറിലെ കയറ്റിറക്കുതൊഴിലാളിയായ ഇയാള്‍ കഷ്‌ടപ്പെടുകയാണ്‌. നാട്ടിലെ കൂട്ടുകാരുടെ സഹായത്തോടെയാണ്‌ മത്സരങ്ങളില്‍ പലപ്പോഴും പങ്കെടുക്കുന്നത്‌.

മണികണ്‌ഠന്റെ ചരിത്രം

പട്ടിണികിടക്കാതിരിക്കാന്‍ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തി. പിന്നെ കൂലിപ്പണിക്കിറങ്ങി. കൂലിപ്പണിക്കാരായ അച്‌ഛന്‍ കുമാരനും അമ്മ കുറുമ്പയ്‌ക്കും മക്കള്‍ക്കുവേണ്ടി കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മണികണ്‌ഠന്‍ കൂലിപ്പണിക്കിറങ്ങുമ്പോള്‍ തടയാനും കഴിഞ്ഞില്ല. അല്ലറ ചില്ലറ ജോലിചെയ്‌തു നടക്കുമ്പോഴാണ്‌ മുമ്പില്‍ മസിലുള്ള ഒരാള്‍ പ്രത്യക്ഷപ്പെടുന്നത്‌. എവിടെ വച്ചാണ്‌ അയാളെ കണ്ടതെന്നോ ആരാണ്‌ അയാളെന്നോ ഓര്‍മയില്ല. പക്ഷേ അയാളായിരുന്നു ബോഡി ബില്‍ഡിംഗിലേക്ക്‌ മണികണ്‌ഠനെ തള്ളിവിട്ടത്‌. ഈ ആഗ്രവുമായി ജിംനേഷ്യത്തില്‍ എത്തുന്നത്‌ 16-ാമത്തെ വയസില്‍. തൃപ്രയാറിലെ ലൈഫ്‌ സ്‌റ്റൈല്‍ ക്ലബിന്റെ ഉടമ വി.എം. ബഷീറാണ്‌ ഗുരുനാഥന്‍. ആദ്യമൂന്നുമാസം ഗുരു ഫീസ്‌ വാങ്ങി. പിന്നെ ശിഷ്യന്റെ താല്‌പര്യം കണ്ട്‌ ഫീസ്‌ വേണ്ടെന്നു വച്ചു. അല്ലെങ്കിലും ഫീസ്‌ കൊടുക്കില്ലായിരുന്നുവെന്ന്‌ മണികണ്‌ഠന്‍. കാരണം കൈയില്‍ കാശില്ല; അത്ര തന്നെ. 18 വയസായസിലാണ്‌ ആദ്യമായി മത്സരത്തിനെത്തുന്നത്‌. ഇത്‌1989-ല്‍. അന്ന്‌ 60 കിലോ സീനിയര്‍ വിഭാഗത്തില്‍ മിസ്‌റ്റര്‍ കേരള. എന്നും 60 കിലോ വിഭാഗത്തില്‍ മാത്രമാണ്‌ മണികണ്‌ഠന്‍ മത്സരിച്ചത്‌. പീന്നീടങ്ങോട്ട്‌ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഈ വിഭാഗത്തില്‍ ഒന്നാമത്തെപേര്‌ മണികണ്‌ഠന്റേതായിരുന്നു.

പക്ഷേ...

93 മുതല്‍ മണികണ്‌ഠന്‌ മത്സരത്തിനെത്താനായില്ല. വേണ്ടരീതിയില്‍ ഭക്ഷണം കഴിക്കാന്‍ പണമുണ്ടയില്ല. മത്സരങ്ങള്‍ക്കു പോയി വരാന്‍ തുച്‌ഛമായ പണം മതി. അതിനുമുമ്പത്തെ പരിശീലനകാലമാണു പ്രശ്‌നം. ഒന്നരകിലോ കോഴി, 200 മുട്ട, രണ്ടുകിലോ മീന്‍, പാല്‍ എട്ട്‌ ലിറ്റര്‍, അഞ്ചു കിലോ നേന്ത്രപ്പഴം, രണ്ടുകിലോ ഉരുളന്‍ കിഴങ്ങ്‌, രണ്ടരകിലോ പച്ചക്കറി ഇതാണ്‌ ഒരു ദിവസത്തെ ഭക്ഷണം. ഇതിന്റെ ചിലവ്‌ 600 രൂപ. ഇത്‌ എവിടെ നിന്ന്‌ ഒപ്പിക്കുമെന്ന്‌ ഇയാള്‍ ചോദിക്കുന്നു. പണ്ട്‌ തൃപ്രയാറിലെ കയറ്റിറക്കു പണിയെടുത്താല്‍ ഒരു ദിവസം 600 രൂപ കിട്ടുമായിരുന്നു. ഇപ്പോള്‍ അതും ഇല്ല. എന്നിട്ടും മത്സരിക്കാനുള്ള ആഗ്രഹം കൊണ്ട്‌ 2007 ല്‍ വീണ്ടും ഫീല്‍ഡിലെത്തി; മിസ്‌റ്റര്‍ തൃശൂരായി!. മിസ്‌റ്റര്‍ കേരളയില്‍ രണ്ടാമതും. ഒരു സുഹൃത്ത്‌ ഭക്ഷണം വാങ്ങികൊടുത്തതുകൊണ്ട്‌ 2009 ല്‍ വീണ്ടും എത്തി. മിസ്‌റ്റര്‍ തൃശൂരും മിസ്‌റ്റര്‍ കേരളയും മണികണ്‌ഠനു സ്വന്തം!.

ഇനി...............

ഫെബ്രുവരിയിലാണ്‌ മിസ്‌റ്റര്‍ സൗത്ത്‌ ഇന്ത്യാ മത്സരം. തീയതി തീരുമാനിച്ചിട്ടില്ല. കോയമ്പത്തൂരായിരിക്കും മത്സരം. മണികണ്‌ഠന്‌ പങ്കെടുക്കണമെന്നുണ്ട്‌. സെലക്ഷനും കിട്ടി. പരിശീലനം തുടങ്ങിയിട്ടും ഭക്ഷണക്രമം ശരിയാക്കാനായിട്ടില്ല. സ്‌ഥിരം മെനു പാലിക്കാനായി പാടുപെടുകയാണ്‌. അറിയാവുന്ന ചിലര്‍ സഹായിക്കും. പക്ഷേ അതുകൊണ്ട്‌ ഒന്നുമാകില്ല. സ്‌ഥിരം സ്‌പോണ്‍സറെയാണ്‌ മണികണ്‌ഠന്‍ അന്വേഷിക്കുന്നത്‌. പട്ടികജാതിക്കാരനായതുകൊണ്ട്‌ നാട്ടില്‍ പലര്‍ക്കും സഹായിക്കാന്‍ മടി. ഇതിന്റെ പീഡനങ്ങള്‍ ക്ലബില്‍ നിന്നുപോലും സഹിക്കേണ്ടിവന്നു. ഇപ്പോള്‍ 'ഫിറ്റനസ്‌ വേള്‍ഡി'ലാണ്‌ പരിശീലനം. മിസറ്റര്‍ ഇന്ത്യ മത്സരവും ഉടന്‍വരും. ആരെങ്കിലും സഹായിച്ചാല്‍ അതിലും പങ്കെടുക്കണം - മണികണ്‌ഠന്‍ ആഗ്രഹം മറച്ചു വയ്‌ക്കുന്നില്ല.

സി.വി.കവിത

ഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ ഹിറ്റുകള്‍ മാത്രം



ഓലപ്പഴുതിലൂടെ ഇടിമിന്നല്‍പോലെ താണിറങ്ങുന്ന സൂര്യരശ്‌മിയുടെ പടലങ്ങള്‍. അത്‌ വെള്ളിത്തിരയിലും ജയഭാരതിയുടെ മാറിന്‍മേലും പതിച്ച്‌ ഒരു നിമിഷാര്‍ധത്തിന്റെ ശൂന്യത സൃഷിടിച്ച കാലം.

ഏറ്റവും മുന്നിലിരുന്ന്‌ ഞങ്ങള്‍ കുട്ടികള്‍ കഴുത്തു തിരിച്ചുനോക്കും. എവിടെനിന്നാണ്‌ ഈ അത്ഭുതം. പിന്നില്‍ അല്‌പം ഉയര്‍ന്നു നില്‍ക്കുന്ന മുറിയില്‍ നിന്നും ഒരു പ്രകാശധാര വന്ന്‌ വെള്ളിത്തിരയെ ചുംബിക്കുന്നു. വരം നല്‍കുന്ന ദൈവത്തിന്റെ കൈയില്‍നിന്നെന്നപോലെ...

അപ്പോള്‍ എല്ലാം തെളിയുന്നു.

ഈ പ്രതിഭാസം നോക്കി അന്നത്തെ കുഞ്ഞു കഴുത്തുകള്‍ എത്ര കഴച്ചിട്ടുണ്ടാകും.

ഒരിക്കലും നസീര്‍ ഷീലയെ ഒറിജിനലായി ചുംബിക്കുമെന്ന്‌ ഞങ്ങള്‍ കരുതിയില്ല. കൈതക്കാടുകള്‍ക്കിടയിലൂടെ സ്‌കൂളിലേക്കു നടന്നുപോകുമ്പോള്‍ ഇക്കു എന്നു വിളിക്കുന്ന സുരേഷ്‌ മോന്‍ ഞങ്ങള്‍ക്ക്‌ ആ ടെക്‌നിക്ക്‌ പറഞ്ഞുതന്നു... അത്‌ ഫിലിം അടുപ്പിക്കുന്നതാണ്‌...

അവന്‍ മറ്റൊന്നുകൂടി പറഞ്ഞു. ബാലന്‍ കെ. നായരും ജയനും തമ്മില്‍ ശത്രുതയില്ല...

സംഘട്ടനം എന്നു പറഞ്ഞാല്‍ സംഭവം ഫിലിം വെട്ടിക്കുന്നതാണ്‌. നന്നായി സിനിമാക്കഥ പറയുമായിരുന്ന ഇക്കുവിനെ പിന്നെ ഞാന്‍ കണ്ടത്‌ തീയേറ്ററിന്റെ അകത്തെ ആളായിട്ടാണ്‌.

പോസ്‌റ്റര്‍ പതിക്കാന്‍ പോകുന്ന അവനെ ഞങ്ങള്‍ ആരാധിച്ചു. ഇടവേളകളില്‍ എട്ടിന്റെ ഷേപ്പുള്ള തോടുകപ്പലണ്ടിയുമായി അവന്‍ സ്‌ക്രീനിനു മുന്നിലൂടെ നടക്കും. കപ്പലേണ്ടിയേ.... അപ്പോള്‍ പിന്നില്‍നിന്നൊരു വിളികേട്ടു... ഒറ്റച്ചെവിയാ.... പരസ്യ സ്ലൈഡിന്റെ വെളിച്ചത്തില്‍ അവന്റെ തല താണുപോകുന്നതും ഞങ്ങള്‍ സ്‌ക്രീനില്‍ കണ്ടു. അപ്പന്റെ അപരനാമധേയം അത്രയേറെ അവനെ ധര്‍മസങ്കടത്തിലാക്കി. അന്ന്‌ തീയേറ്ററില്‍നിന്നും കിട്ടിയ പാട്ടുപുസ്‌തകത്തില്‍നിന്നും കാണാതെ പഠിച്ച പാട്ടുകള്‍ ഇന്നും ഓര്‍മയില്‍നിന്നും മായുന്നില്ല...

അനുരാഗ കളരിയില്‍

അങ്കത്തിനു വന്നവളേ...

വെള്ളിയാഴ്‌ചകളെ ഞങ്ങളേറെ ഇഷ്‌ടപ്പെട്ടു. അന്ന്‌ രേഖയില്‍ പടം മാറും. പലതായി മുറിച്ച വമ്പന്‍ പോസ്‌റ്ററുകള്‍ വലിയ ഫ്രെയ്‌മില്‍ ചേര്‍ത്തുവയ്‌ക്കുന്നതു കാണാന്‍ വലിയ കൗതുകമായിരുന്നു. അതിനുമീതെ തീയേറ്ററിന്റെ പേരും കളിവിവരവും ചേര്‍ത്ത സ്ലിപ്പ്‌ ഒട്ടിക്കും. താരങ്ങളൂടെ മുക്കും ചുണ്ടും മുറിയാതെ പോസ്‌റ്റര്‍ ചേര്‍ത്തൊട്ടിക്കുന്ന മൊട്ട സജിയുടെ ധീരതയെ ഞങ്ങള്‍ വാഴ്‌ത്തി.

മുട്ടീനു മീതെ നഗ്നത പ്രദര്‍ശിപ്പിച്ചാലും അന്ന്‌ വലിയ എ ആയിരുന്നു സര്‍ട്ടിഫിക്കറ്റ്‌. എ എന്നു കണ്ടാല്‍ പിള്ളേര്‍ക്ക്‌ പ്രവേശനമില്ല. എ പടങ്ങള്‍ ഞങ്ങള്‍ക്ക്‌ അന്യമായി. എരിപൊരിയന്‍ വെയിലേറ്റ്‌ തീയേറ്ററിനുള്ളില്‍ മാറ്റിനി കാണാന്‍ കയറി പടം തീര്‍ന്ന്‌ ഇളം വെയിലിന്റെ സാന്ത്വനത്തിലേക്ക്‌ ഇറങ്ങുമ്പോള്‍ ഒരു യുഗം കടന്നുപോയ പ്രതീതിയാണ്‌. എല്ലാ കളറുകള്‍ക്കും മീതേ പതിഞ്ഞു അന്നത്തെ ഇസ്‌റ്റ്മാന്‍ കളര്‍. സ്‌കൂളിലേക്കുള്ള യാത്രയില്‍ അങ്ങകലെ കേള്‍ക്കാം... മൂശാരേത്ത്‌ ബാലന്റെ ഗംഭീര ശബ്‌ദത്തില്‍ അനൗണ്‍സ്‌മെന്റ്‌.

നയനമനോഹരമായ വെള്ളിത്തിരയില്‍ 2.45 നുള്ള മാറ്റിനി ഷോയോടുകൂടി ആദ്യ പ്രദര്‍ശനം അനാവരണം ചെയ്യുന്നു. ശരപഞ്‌ജരം ദിവസേന മൂന്നു കളികള്‍. കാറിന്റെ പിന്‍സീറ്റില്‍ എം.എന്‍ നമ്പ്യാരെപ്പോലെ ബാലന്‍ മലര്‍ന്നു കിടക്കും. നിറംമങ്ങിയ നോട്ടീസുകള്‍ വാരി വിതറുന്ന ജോലിയും ബാലന്‍ ഒറ്റയ്‌ക്കു ചെയ്‌തു.

ഒരെണ്ണം കിട്ടിയാല്‍ ജന്മ സാഫല്യമായി. ഓടാനറിയാത്ത ഞാന്‍ എന്നും പിന്നിലായി. ഒടുവില്‍ ഒരൊത്തുതീര്‍പ്പുമായി കൂട്ടുകാരന്‍ വന്നു. രണ്ടു തുലാഭാരം തന്നാല്‍ പകരം ഒരു ശരപഞ്‌ജരം തരാം.

അങ്ങനെ കൈമാറി വാങ്ങിയ നോട്ടീസുകളൊക്കെ വീടിന്റെ മൂലയില്‍ ഒരു കോമ്പലില്‍ കൊരുത്തിട്ടു. എപ്പോഴാണ്‌ ആ നിധി നഷ്‌ടമായതെന്നോര്‍മയില്ല.

ഓരോ നോട്ടീസിനും പിന്നിലെ കഥാസാരത്തിന്റെ ഒടുവില്‍ ഞങ്ങള്‍ മൗനികളായി. ശേഷം ഭാഗം സ്‌ക്രീനില്‍. ഇത്‌ ഒരു ഭാവനാലോകത്തിലേക്കുള്ള പ്രവേശനത്തിനു തുടക്കമായി. കുതിരയെ എണ്ണ തേപ്പിച്ച്‌ മസില്‍ പെരുപ്പിച്ചു നില്‍ക്കുന്ന ജയന്റെ പുറത്ത്‌ ഷീലഅളവുനോക്കുമെടാ.. കൃത്യം ആറു ചാണ്‍ വീതി...

തീയേറ്ററില്‍ നിന്നിറങ്ങിവന്ന ഒരുവന്റെ കഥകേട്ട്‌ വിഭ്രമത്തിലായ നാളുകള്‍. ഇത്‌ പിന്നീട്‌ സ്വപ്‌നങ്ങളില്‍ ഉദ്വേഗത്തിന്റെ വെടിക്കെട്ടുകളായി.

ഞങ്ങളുടെ കൊട്ടകയില്‍ തടവറ ഓടുമ്പോഴാണ്‌ ജയന്‍ അപകടത്തില്‍ മരിച്ചത്‌. അന്നു ഞങ്ങള്‍ സ്‌കൂളില്‍ പോയില്ല. കൊഴുവട്ടശേരിലെ കാവില്‍ കയറിയിരുന്നു. തീയേറ്റര്‍ ജംഗ്‌ഷന്‍ മൂകമായി. സ്വാമീസ്‌ ഹോട്ടലിലെ പരിപ്പുവട അന്നാദ്യമായി അധികം വന്നു. പിരിയന്‍ ഗോപാലകൃഷ്‌ണന്‍ എന്ന ഞങ്ങളുടെ കൊച്ചാട്ടന്‍ വിതുമ്പിക്കൊണ്ടു പറഞ്ഞു.

സഹിക്കാന്‍ വയ്യാടോ..

തടവറയുടെ പോസ്‌റ്ററില്‍ നാട്ടുകാര്‍ വലിയ മാല ചാര്‍ത്തി.

രണ്ടു കൊട്ടകകളുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരായി സഹോദര സ്‌ഥാപനങ്ങളുടെ ഉടമകളായ കുട്ടനും രാജനും പരസ്‌പരം മത്സരിക്കുന്ന കാഴ്‌ച ഞങ്ങള്‍ക്ക്‌ അതിശയമായി. കുട്ടന്‍ ഇടത്തിട്ട സിന്ധുവിന്റെ പ്രചാരകനും രാജന്‍ രേഖയുടെ ആളുമായിരുന്നു.

മുറുക്കാന്‍ കടകള്‍ക്കു മുന്നില്‍ ഇരുവരും പോസ്‌റ്റര്‍ പതിച്ച ബോര്‍ഡുകള്‍ ആവുന്നത്ര ശ്രദ്ധാപൂര്‍വം പ്രദര്‍ശിപ്പിച്ച്‌ മത്സരിച്ചു.

കുമാരസംഭവം ഓടിയ കാലം നാട്ടില്‍ സംഭവമായിരുന്നു. വരാത്ത സംഭവത്തിന്റെ പെട്ടിക്കുവേണ്ടി പ്രദേശിക വാര്‍ത്ത എന്ന സിനിമയിലെപ്പോലെ ഞങ്ങള്‍ കാത്തുനിന്നു. ഏറെ വൈകി പെട്ടിയുമായി കാറില്‍ വന്നിറങ്ങിയ മറുകര രാമകൃഷ്‌ണപിള്ളയ്‌ക്ക് ഞങ്ങള്‍ ജയ്‌ വിളിച്ചു.

വെള്ളിത്തിരയുടെ വീതി നീളങ്ങള്‍ വര്‍ധിച്ചു. സിനിമാസ്‌കോപ്പായി ആ വാക്കൊന്ന്‌ നന്നായി ഉച്ചരിക്കാന്‍ ഞങ്ങള്‍ ഏറെ പണിപ്പെട്ടു. പഴയ കൊട്ടകയില്‍ വലിയ തുണികള്‍ വലിച്ചുകെട്ടി. അപ്പോഴും തീയേറ്ററിനുള്ളിലെ തൂണിന്‍മേല്‍ പതിയുന്ന പ്രൊജക്‌ടര്‍ വെള്ളിച്ചത്തില്‍ പ്രിയ താരങ്ങളുടെ മുഖങ്ങള്‍ ശിഥിലമായി...

അമ്മമാര്‍ ആവശ്യപ്പെടാതെ തന്നെ ഞങ്ങള്‍ മൗനമായി സമ്മതിച്ച ഒരു വ്യവസ്‌ഥയുണ്ടായിരുന്നു. സ്‌ക്രീനില്‍ പ്രേമ രംഗങ്ങള്‍ കണ്ടാല്‍ ഉടന്‍ പിന്നിലെ പ്രകാശത്തിലേക്ക്‌ നോക്കിക്കൊള്ളാം. ജീവിത നൗകയും, ഭാര്യയും ഞങ്ങള്‍ അങ്ങനെയാണ്‌ കണ്ടത്‌.

ജ്യേഷ്‌ഠനും കുടുംബവും മൂന്നു നേരം ആഹാരം കഴിച്ച്‌ കൈകഴുകുമ്പോള്‍ താഴെ വീഴുന്ന ചോറുപോരായിരുന്നോ ജ്യേഷ്‌ഠാ എന്റെ കുഞ്ഞിനും ഭാര്യയ്‌ക്കും ഒരുനേരം വയറുനിറയാന്‍ എന്ന്‌ കരഞ്ഞുകൊണ്ടുള്ള തിക്കുറിശിയുടെ ജീവിതനൗകയിലെ ഡയലോഗിനോളം ശക്‌തിയുള്ളതൊന്നും പിന്നെ ഇതുവരെ കേട്ടിട്ടില്ല.

കാണാന്‍ കഴിയാത്ത സിനിമകളുടെ ശബ്‌ദരേഖകള്‍ കേള്‍ക്കാന്‍ തീയേറ്ററിന്റെ ചൂടാറാത്ത മതിലില്‍ ഇരുന്ന വൈകുന്നേരങ്ങള്‍ ഓര്‍ക്കാത്തവരല്ലല്ലോ നമ്മള്‍ എഴുപത്‌ മോഡല്‍ ചെറുപ്പക്കാര്‍. കടത്തനാട്ട്‌ മാക്കം കണ്ടിരിക്കുമ്പോള്‍ ഒരു അറിയിപ്പ്‌ വീഴുന്നു.

വരുന്നു ടൈഗര്‍ സലിം...

ഏതാനും ഭാഗങ്ങള്‍ കാണിക്കും.

മക്കളെ കയറൂരി വിടാത്ത കാലമാകയാല്‍ അന്നു കണ്ട ഏതാനും ഭാഗമല്ലാതെ സലിമിനെ മൊത്തത്തില്‍ കണ്ടിട്ടില്ല.

കൊലപ്പാറമലയിലെ ഉത്സവ വിവരവും നാട്ടിലെ രാഗം സ്‌റ്റുഡിയോയുടെ പരസ്യവും ഭംഗിയുള്ള കയ്യക്ഷരത്തില്‍ കരിപിടിപ്പിച്ച സ്ലൈഡില്‍ എഴുതിവച്ച ശൈലി രാജു ഞങ്ങളുടെ മനസില്‍ അന്ന്‌ എം.ടിയേക്കള്‍ വലിയ എഴുത്തുകാരനായി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. നാട്ടിലെ ആന്റിനകളിലിരുന്ന്‌ കാക്കകള്‍ കാഷ്‌ടിച്ചു തുടങ്ങി...

ഇടത്തിട്ട സിന്ധുവില്‍ മാറ്റിനി കാണാന്‍ പോയ മോങ്ങ്‌് മുരളി പറഞ്ഞു പെട്ടി വന്നില്ല. കൊടുമണ്‍ ഗീതയ്‌ക്കുമുമ്പില്‍ അറിയിപ്പുകണ്ടു. നാളെ മുതല്‍ ഒരു ഷോ മാത്രം. വള്ളിക്കോട്‌ രേഖയുടെ പ്രൊജക്‌ടര്‍ വാങ്ങാന്‍ ഒരു തമിഴന്‍ വട്ടിപ്പലിശക്കാരന്‍ രഹസ്യമായി വന്നുപോയത്രേ..

കൊട്ടകകള്‍ ഒന്നൊന്നായി അടഞ്ഞു. ചിലത്‌ കല്യാണ മണ്ഡപങ്ങളായി. മറ്റു ചിലത്‌ ഇടിച്ചു നിരത്തി. ഏത്തവാഴ കൃഷി ചെയ്‌തു.

വാഴ്‌വേമായം ചതിച്ചാലും ഏത്തവാഴ ചതിക്കില്ലെന്ന്‌ ഒരു തീയേറ്റര്‍ മുതലാളി കദനം പറഞ്ഞു. നാട്ടിലെ ഒരു ഫെമിനിസ്‌റ്റ് സംഘടനയും തിരിച്ചറിയാതെ പോയ ഒരു വലിയ സത്യമുണ്ട്‌. പൂട്ടിയ കൊട്ടകകളത്രയും പെണ്‍ പേരുകളിലുള്ളതാണ്‌. രേഖ, ഗീത, ശാന്തി, സീത, സിന്ധു, ലക്ഷ്‌മി, ജോയ്‌സി.

ഗ്രാമത്തിന്റെ ആഘോഷങ്ങളെ ചെറിയ ചെറിയ സന്തോഷങ്ങള്‍കൊണ്ട്‌ കോരിനിറച്ച കൊട്ടകകള്‍. നിഷ്‌കളങ്കമായ സിനിമാസ്വാദനമായിരുന്നു അതെന്ന്‌ ഇനി ആരോടുപറയാന്‍. പതുക്കെ 90 കളിലേക്ക്‌ കടന്നപ്പോഴേക്കും ഗ്രാമീണ കൊട്ടകകള്‍ അടഞ്ഞുതുടങ്ങി. പ്രംനസീറും ജയനും രാഘവനും സോമനും ഷീലയും ശാരദയും തീയേറ്ററിന്റെ അപ്രസക്‌തിയില്‍ മൗനികളായി. ഈ ദുരന്തം ആ പ്രായത്തില്‍ ഞങ്ങള്‍ക്ക്‌ താങ്ങാനാവുന്നതിലും അധികമായി. എല്ലാം നഷ്‌ടപ്പെട്ട പ്രതീതി. പൂട്ടിയ കൊട്ടകകള്‍ കാണുമ്പോള്‍ പഴമ്പാട്ടിലെ പാണന്റെ ഉടുക്കുതാളം പോലെ ഹൃദയമിടിപ്പിനു വേഗം കൂടും.

ഇന്നും വൈകുന്നേരങ്ങളില്‍ ഓര്‍മകളുടെ പാട്ടുപെട്ടിയില്‍ പ്ലെയ്‌റ്റുകള്‍ കറങ്ങുന്നുണ്ട്‌. സുന്ദരാംബാളിന്റെ ജ്‌ഞാനപ്പഴം മുഴങ്ങുന്നുണ്ട്‌. സന്ധ്യാദീപം കൊളുത്താന്‍ നേരമായെന്ന്‌ ഞങ്ങളുടെ സഹോദരിമാര്‍ തിരിച്ചറിഞ്ഞത്‌ ജ്‌ഞാനപ്പഴം

കേട്ടായിരുന്നു.സിനിമാ തീര്‍ന്നുവരുന്ന അമ്മമാര്‍ക്കായി ഞങ്ങളിപ്പോള്‍ കാത്തുനില്‍ക്കേണ്ടതില്ല. അവരിപ്പോള്‍ ചതുരപ്പെട്ടിക്കു മുമ്പിലാണ്‌. ഒരുയുഗം അവസാനിക്കുന്നു. അപ്പോഴും ഓര്‍മകള്‍ കുരുടന്‍മാരെപ്പോലെ പഴയ തീയേറ്ററുകളിലേക്ക്‌ വഴി തിരിഞ്ഞുപോകുന്നു.

പൂര്‍വകാല അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഇവരുമുണ്ട്‌ നമുക്കൊപ്പം.

തിരശീലയിലെ സ്വപ്‌നദൃശ്യങ്ങള്‍ പെരുമ്പടവം ശ്രീധരന്‍ (നോവലിസ്‌റ്റ്)

വര്‍ഷവും തീയതിയുമൊന്നും ഓര്‍മയില്ല. എന്റെ കുട്ടിക്കാലത്തുനിന്നാണ്‌ ഓര്‍മ തുടങ്ങുന്നത്‌. 8- 9 വയസുകാണുമന്ന.്‌ പെരുമ്പടവത്തുനിന്നും 7- 8 മൈല്‍ മലകയറിയിറങ്ങി പാടം നീന്തി പിറവത്തേക്കുപോകും. ഞാനും അമ്മയും അമ്മൂമ്മയും. സിനിമ കാണാനാണ്‌. അക്കാലത്ത്‌ വല്യമ്മയുടെ പ്രായമുള്ള മറ്റൊരാളും സിനിമാ കാണാന്‍ അത്ര ദൂരം പോയിരുന്നില്ല. സന്ധ്യക്കു മുമ്പേ പിറവത്തെത്തും. പിറവം സെന്‍ട്രല്‍ തീയേറ്റര്‍ . അതിന്റെ മുറ്റത്തുചെന്നിരിക്കും. അവിടെ ആകാശംമുട്ടെ ഒരു ഇലവ്‌ മരം നില്‍ക്കുന്നുണ്ടായിരുന്നു. നാലു വശത്തേക്കും ശാഖകള്‍ വീശി നില്‍ക്കുന്ന ആ ഇലവുമരത്തിന്‌ ഒരു വൃക്ഷരാജന്റെ ഗമയുണ്ടായിരുന്നു. അതിന്റെ ഏറ്റവും ഉയരത്തിലുള്ള കവരത്തിലാണ്‌ പാട്ടുപെട്ടിയുടെ കോളാമ്പിവച്ചിരുന്നത്‌. മണി ആറടിക്കുമ്പോള്‍ തൊട്ടു പാട്ടുകേള്‍ക്കാന്‍ തുടങ്ങും. ഒക്കെയും തമിഴാണ്‌. ഒന്നും മനസിലായിട്ടില്ലെങ്കിലും ഞാനതിന്‌ ചെവിയോര്‍ക്കും. 6.30-ന്‌ ടിക്കറ്റ്‌ കൊടുക്കും. വെള്ളിത്തിരയോടുചേര്‍ന്ന്‌ പുഴമണല്‍ വിരിച്ച തറയ്‌ക്കാണ്‌ ടിക്കറ്റെടുക്കുന്നത്‌. നാലണയോ മറ്റോ ആണ്‌ തറടിക്കറ്റിന്റെ വില.

നല്ല കനത്തില്‍ വിരിച്ച പുഴമണ്ണില്‍ ചമ്രം പടിഞ്ഞ്‌ വെള്ളിത്തിരനോക്കിയിരിക്കുമ്പോള്‍ വരുന്നു വെല്‍ക്കം.

സ്വാഗതമൊന്നുമല്ല, ഇംഗ്ലീഷിലുള്ള വെല്‍ക്കം തന്നെ. അതു കഴിഞ്ഞ്‌ പരസ്യങ്ങളാണ്‌. പിറവത്തും ചുറ്റുപാടുകളിലുമുള്ള ചില പ്രധാന കടകളുടെ പരസ്യങ്ങള്‍. അതൊക്കെ അത്ഭുതമായിരുന്നു എനിക്കന്ന്‌. പിന്നെ തുടങ്ങുന്നു ന്യൂസ്‌ റീല്‍. അതും തമിഴാണ്‌. ഇപ്പോഴിതിന്റെ ഓര്‍മ ബാക്കിയുള്ളത്‌ ഇതാണ്‌. അയല്‍നാട്ടു ശെയ്‌തികള്‍ വിളയാട്ടു പന്തയങ്ങള്‍. പിന്നെ ന്യൂസ്‌ റീലില്‍ എനിക്ക്‌ ഓര്‍മയുള്ളത്‌ വിമാനത്തില്‍ വന്നിറങ്ങുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ്‌. ആളിനെ എനിക്കു പിടിച്ചു. പറഞ്ഞത്‌ പിടികിട്ടിയില്ല. ഇടയ്‌ക്ക് ചില അണക്കെട്ടിന്റെയും കൃഷിയിടങ്ങളുടെയും വ്യവസായ ശാലകളുടെയും ചിത്രങ്ങള്‍.

പിന്നെ പടം തുടങ്ങി. ആയിരം തലൈവാങ്കി അപൂര്‍വ ചിന്താമണി. ഞാന്‍ ആദ്യം കണ്ട സിനിമ അതാണ്‌്. നല്ല ഒന്നാന്തരം തമിഴ്‌. കണ്ണിമയ്‌ക്കാതെ തലൈവാങ്കി കണ്ടിരുന്നു. അവിടെ തന്നെയാണ്‌ ആരായ്‌ചമണി കണ്ടതും. അതും തമിഴാണ്‌.

എന്തെങ്കിലും സങ്കടം ബോധിപ്പിക്കാനുള്ളവര്‍ക്ക്‌ രാജകൊട്ടാരത്തിന്റെ ഉള്ളില്‍ നിന്നു പുറത്തേക്കു തൂക്കിയ കയറില്‍ പിടിച്ചുവലിക്കാം. അപ്പോള്‍ അകത്ത്‌ മണി മുഴങ്ങും. ഉടന്‍ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടുന്ന രാജാവിനോട്‌ സങ്കടങ്ങള്‍ പറയാം. ഒരിക്കല്‍ കയറില്‍ പിടിച്ചുവലിച്ചത്‌ എല്ലും തൊലിയുമായ ഒരു പശുവാണ്‌. അസ്‌ഥി പഞ്ചരമായ എല്ലാ തെരുവു പശുക്കള്‍ക്കും വൈക്കോലും പിണ്ണാക്കും കൊടുക്കാന്‍ ഉത്തരവായി. ഗ്രാമത്തിലെ കൊട്ടകയില്‍ നിന്നും ആദ്യം കണ്ട രണ്ട്‌ സിനിമകളുടെ ഓര്‍മകള്‍ വളരെ പ്രിയപ്പെട്ടതായി ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നു. ഇപ്പോള്‍ പിറവത്ത്‌ സെന്‍ട്രല്‍ തീയേറ്ററില്ല. എങ്കിലും അതുവഴി പോകുമ്പോള്‍ ഞാന്‍ നോക്കും. എന്റെ ഓര്‍മയില്‍ ഓലമേഞ്ഞ ആ നെടുങ്കന്‍ തീയേറ്റര്‍ ഇപ്പോഴും അവിടെ നില്‍ക്കുന്നു. അതിന്റെ മുറ്റത്ത്‌ സിനിമാ പാട്ടു കേള്‍പ്പിക്കുന്ന കോളാമ്പിവച്ച കൂറ്റന്‍ ഇലവുമരവും.

തിരശീലയില്‍ തെളിഞ്ഞ ആ വാര്‍ത്ത പ്രൊഫ. കെ.വി തമ്പി (കവിയും പരിഭാഷകനും)

കാലം 1948. അന്ന്‌ മൂവാറ്റുപുഴയില്‍ താമസിക്കുമ്പോള്‍ പങ്കജം തീയേറ്ററില്‍ സ്‌ഥിരം സിനിമ കാണാന്‍ പോകുമായിരുന്നു. അച്‌ഛന്‍ അഞ്ചല്‍ ഇന്‍സ്‌പെക്‌ടറായിരുന്നതിനാല്‍ ഫ്രീ പാസുണ്ടായിരുന്നു. ഏതോ തമിഴ്‌ പടമാണ്‌. വെള്ളിത്തിരയിലെ നായകന്റെ പരാക്രമങ്ങള്‍ കണ്ട്‌ ആര്‍പ്പുവിളിയും കരഘോഷവും. പെട്ടെന്ന്‌ എല്ലാം നിലച്ചു. സ്‌ക്രീനില്‍ ആരോ കൈകൊണ്ട്‌ കോറിയിട്ട സ്ലൈഡില്‍ അക്ഷരങ്ങള്‍ തെളിഞ്ഞു.

മഹാത്മാഗാന്ധി വെടികൊണ്ടു മരിച്ചു

സിനിമ അവസാനിച്ചു. ആ നടുക്കത്തില്‍നിന്നും ഞാനിന്നും മോചിതനല്ല. മൂവാറ്റുപുഴ പങ്കജം ഇന്നില്ല. എങ്കിലും ഭാരതത്തിന്റെ നെഞ്ചില്‍ തറച്ച ആ വെടിയൊച്ച ഇന്നും മുഴങ്ങുന്നു... ഓര്‍മയില്‍

കിളിവാതില്‍ കാഴ്‌ചകള്‍ മധുപാല്‍ (നടന്‍, സംവിധായകന്‍)

കുട്ടിക്കാലത്ത്‌ സിനിമയും ഫുട്‌ബോളുമായിരുന്നു എന്റെ ഇഷ്‌ട വിനോദങ്ങള്‍. നഗരത്തില്‍ പോയി സിനിമ കാണുവാന്‍ അന്ന്‌ അനുവാദമുണ്ടായിരുന്നില്ല. പറളിയില്‍നിന്നും 12 കിലോമീറ്റര്‍ സഞ്ചരിക്കണം നഗരത്തിലെത്താന്‍. പുതിയ സിനിമകളൊന്നും കാണാന്‍ കഴിഞ്ഞില്ല. കണ്ണപ്പനുണ്ണി, ആരോമലുണ്ണി, തുടങ്ങിയ സിനിമകളൊക്കെ ഇറങ്ങി ഒരുവര്‍ഷം കഴിഞ്ഞാണ്‌ കാണാന്‍ കിട്ടുക. എന്റെ സിനിമാ ആസ്വാദനം കാണികള്‍ക്കൊപ്പമിരുന്നായിരുന്നില്ല.

പ്രൊജക്‌ടര്‍ റൂമിലെ കിളിവാതിലിലൂടെയായിരുന്നു. കാരണം പറളി കല്ല്യാണി എന്ന ഓലക്കൊട്ടക എടത്തുനടത്തിയിരുന്നത്‌ എന്റെ അച്‌ഛനായിരുന്നു. ഓരോ സിനിമയ്‌ക്കുമിടയില്‍ നാല്‌ ഇടവേളകളുണ്ടായിരുന്നു. തറ, ബഞ്ച്‌, ചാരുകസേര. എല്ലാം തിങ്ങി നിറഞ്ഞ്‌ പുരുഷാരം. നാട്ടിലെ പൗര പ്രാമാണിമാര്‍ക്കായി പ്രത്യേകം സോഫകള്‍. ഓരോ ഇടവേളകളിലും കണ്ട കാഴ്‌ചയുടെ ചര്‍ച്ചകള്‍, വരാന്‍ പോകുന്ന രംഗങ്ങളെക്കുറിച്ചുള്ള വാതുവയ്‌പ്പുകള്‍.

കയ്യൂക്കിന്റെ കളരിയായിരുന്നു ടിക്കറ്റ്‌ കൗണ്ടര്‍. പാടത്തും ചെങ്കല്‍ ചൂളയിലും പണികഴിഞ്ഞുവന്ന്‌ തൊഴിലാളികള്‍ കൂട്ടമായി സിനിമാ കാണാനെത്തും. ഗ്രാമത്തിന്റെ ആഘോഷങ്ങള്‍ എന്തായാലും കൊട്ടക നിറഞ്ഞുകവിയും.

എം.ജി ആറിന്റെയും ശിവാജി ഗണേശന്റെയും സിനിമകളായിരുന്നു ഏറെയും. പ്രൊജക്‌ടറിനും വെള്ളിത്തിരയ്‌ക്കും ഇടയിലുള്ള പ്രേക്ഷകന്റെ അത്യാഹ്‌ളാദങ്ങളാണ്‌ സിനിമയെന്ന ഫൈനല്‍ പ്രോഡക്‌ടിന്റെ പൂര്‍വലോകങ്ങളിലേക്ക്‌ സഞ്ചരിക്കാന്‍ എനിക്ക്‌ പ്രേരകമായത്‌.

അന്യര്‍ക്കു പ്രവേശനമില്ലാത്ത ആ പ്രോജക്‌ടര്‍ റൂമിലിരുന്നുള്ള ജാലക കാഴ്‌ചയാണ്‌ എന്നെ ഒരു സിനിമാക്കാരനാക്കിയത്‌.

അനില്‍ വള്ളിക്കോട്‌

'ആസാന്‌ അനിയന്റെ പ്രണാമം'

കോട്ടയം നസീര്‍




ഇതൊരു ഓര്‍മ്മകുറിപ്പല്ല. ഞാനൊരു എഴുത്തുകാരനുമല്ല. പക്ഷേ













മൊബെല്‍ഫോണിലൂടെ ഹനീഫിക്കായുടെ മരണം എന്നെ തേടിയെത്തുമ്പോള്‍ എന്തെടുക്കുമെന്നറിയാതെ തളര്‍ന്നുനിന്ന നിമിഷങ്ങള്‍. ആ നിമിഷാര്‍ത്ഥങ്ങളില്‍ എന്റെ മനസിലേക്ക്‌ ഓടിയെത്തിയ ചിന്തകള്‍. കാലം എനിക്ക്‌ ഹനീഫിക്കായൊടൊപ്പം സമ്മാനിച്ച നിമിഷങ്ങളെല്ലാം ആ ഒരു നിമിഷം വേദനിപ്പിക്കുന്ന ഓര്‍മ്മകളാവുകയായിരുന്നു

ഒരു മികച്ച സംവിധായകന്‍, അഭിനേതാവ്‌, കഥാകൃത്ത്‌ വിട്ടുപിരിഞ്ഞു പോയി എന്ന്‌ എല്ലാവരെയും പോലെ ഹനീഫിക്കായുടെ മരണത്തില്‍ പറഞ്ഞൊഴിയാന്‍ എനിക്കാവുന്നില്ല. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു എട്ടു വയസ്സുകാരന്റെ തോളില്‍ കൈയ്യിട്ട്‌ വര്‍ത്തമാനങ്ങള്‍ പറഞ്ഞ്‌ മനസില്‍ കയറിയ കൂടിയ ഹനീഫ എന്ന ചലച്ചിത്രതാരം എന്റെ ജീവിതത്തോളം വളര്‍ന്നു നില്‍ക്കുകയാണിപ്പോള്‍...

അന്ന്‌, കാലങ്ങള്‍ക്ക്‌ പിറകില്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ ഇപ്പോഴത്തെ ഷാന്‍ എന്ന തീയറ്ററില്‍ ആട്ടകലാശമെന്ന സിനിമയുടെ അമ്പതാം ദിവസത്തെ വിജയാഘോഷം, മോഹന്‍ലാല്‍, സുകുമാരി എന്നിവരൊടൊപ്പം കൊച്ചിന്‍ ഹനീഫ. അന്ന്‌ എന്റെ ബാപ്പയായിരുന്നു ആഘോഷങ്ങള്‍ക്ക്‌ ചുക്കാന്‍പിടിച്ചിരുന്നത്‌. വര്‍ണ്ണാഭമായ ആഘോഷം. അതിനുശേഷം അവിടെ തീയറ്റര്‍ ഉടമയുടെ വീട്ടില്‍ വിരുന്ന്‌. അവിടെയെത്തിയ ഹനീഫിക്കായുടെ അടുക്കല്‍ ഞാനെത്തി. എന്റെ തോളില്‍ കൈയ്യിട്ട്‌ വിശേഷങ്ങള്‍ ചോദിച്ചു. ഒരുമിച്ചു നിന്നു ഫോട്ടോകളെടുത്തു.

കാലങ്ങള്‍ക്കു ശേഷം ആ എട്ടു വയസുകാരന്‍ വളര്‍ന്ന്‌ പിന്നീട്‌ കോട്ടയം നസീറായപ്പോള്‍ ഒരു ദിവസം ഹനീഫിക്കായോട്‌ ഈ സംഭവം പറഞ്ഞു. അന്ന്‌ മിമിക്രിവേദിയില്‍ ഹനീഫിക്കായെ അനുകരിച്ച്‌ അല്‌പം പേരുണ്ടായിരിക്കുന്ന സമയം. അരമനവീടും അഞ്ഞൂറേക്കറും എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയ എന്നെ ഹനീഫിക്കാ പാലക്കാട്‌ ഗസ്‌റ്റഹൗസിലേ മുറിയിലേക്ക്‌ കൂട്ടി. അവിടെ ചെന്ന്‌ ചായയ്‌ക്ക് പറഞ്ഞു. എത്തിയ ചായ ഊതി കുടിച്ചു. എന്നോടും ചായ കുടിക്കാന്‍ പറഞ്ഞു. പിന്നെ ഗൗരവത്തില്‍ എന്നെ ഉപദേശിച്ചു തുടങ്ങി നീ ഇപ്പോള്‍ എത്ര സിനിമ ചെയ്‌തു. നീ മിമിക്രി ചെയ്യുന്നത്‌ ഞാന്‍ കണ്ടു, കൊളളാം, പക്ഷേ സിനിമയുടെ താരപ്രഭ കണ്ട്‌ എല്ലാ സിനിമയിലും ചാടി അഭിനയിക്കരുത്‌. അത്‌ ദോഷമേ ചെയ്യൂ, ഞാന്‍ ഒന്നു മിണ്ടാതെ കേട്ടിരുന്നു.

ഒടുവില്‍ ഞാന്‍ ചോദിച്ചു, ഇക്കായ്‌ക്ക് എന്നെ ഓര്‍മ്മയുണ്ടോ. ഇക്കാ എന്നെ സൂക്ഷിച്ചു നോക്കി ഞാന്‍ കറുകച്ചാലിലെ ആ എട്ടുവയസുകാരന്റെ കഥ പറഞ്ഞു. ഒരു പൊട്ടിചിരിയായിരുന്നു മറുപടി. പിന്നീട്‌ ചിരിക്കിടയില്‍ ഒരു ചോദ്യവും നീ ആ നാട്ടുകാരനാ. അതൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു. അവിടെ വച്ച്‌ ഇക്കായുടെ ആവശ്യപ്രകാരം ഞാന്‍ ഹൈദ്രോസായി. പിന്നീട്‌ എത്രയൊ വേദികളില്‍ ഇക്കായ്‌ക്ക് മുന്‍പില്‍ കൊച്ചിന്‍ഹനീഫയുടെ രൂപവും ശബ്‌ദവുമായി. പിന്നീട്‌ കാണുമ്പോള്‍ അല്ലെങ്കില്‍ ഞാന്‍ എവിടേക്കെങ്കിലും കടന്നുചെല്ലുമ്പോള്‍ ഇക്കാ പറയും ദേ കൊച്ചിന്‍ ഹനീഫ വരുന്നു. ഞാന്‍ തിരിച്ച്‌ ചോദിക്കും കോട്ടയം നസീര്‍ നേരത്തെ എത്തിയോ. ഇക്കാ എന്നും എനിക്ക്‌ ഒരു അനിയന്റെ വാത്സല്യമാണ്‌ തന്നത്‌. ഒരിക്കല്‍ ഇക്കായുടെ അനിയന്റെ കല്ല്യാണത്തിന്‌ ചെന്നപ്പോള്‍ എന്നെയും ഇക്കായെയും പലരും മാറി മാറി നോക്കുന്നു. ഞങ്ങള്‍ ബന്ധുകളാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. പലരും ചോദിച്ചപ്പോള്‍ ഇക്ക എന്റെ അടുത്തെത്തി എന്നെ ചേര്‍ത്ത്‌് പിടിച്ചു പറഞ്ഞു ഇവന്‍ എന്റെ അനിയന്‍ തന്നെ. കണ്ണു നിറഞ്ഞുപോയ നിമിഷമായിരുന്നു അത്‌. ഒപ്പം എന്റെ ഭാഗ്യത്തില്‍ അഹങ്കാരം തോന്നിയ നിമിഷവും.

ഞങ്ങള്‍ ഒത്തു ചേരുമ്പോഴേക്കെ സംസാരം മിമിക്രിയെ കുറിച്ചായിരുന്നു. സത്യന്‍ മാഷിനെ ഇക്ക ഭംഗിയായി അവതരിപ്പിക്കുമായിരുന്നു. തങ്കപ്പതക്കം എന്ന സിനിമയിലെ ഡയലോഗാവും പറയുക. പറഞ്ഞു തീര്‍ത്തിട്ട്‌ ഹനീഫിക്കാ എന്നോട്‌ ചോദിക്കും ഇപ്പോള്‍ നിങ്ങള്‍ മിമിക്രിക്കാര്‌ സത്യന്‍മാഷിനെ അവതരിപ്പിക്കുന്നത്‌ ഇങ്ങനെയാണോ എന്ന്‌. എനിക്കു മറുപടിയുണ്ടാവില്ല. ഒരിക്കല്‍ മമ്മൂക്ക(മമ്മൂട്ടി) പോലും പറഞ്ഞിരുന്നു ഹനീഫയുടെ സത്യന്റെ ഫാനാണ്‌ ഞാനെന്ന്‌. അങ്ങനെ ഇക്കായെ അടുത്തറിയമ്പോഴെല്ലാം ഇക്കാ എന്നെ വിസ്‌മയിപ്പിച്ചിരുന്നു. അതിലൊന്നാണ്‌ ഇക്കായുടെ ബന്ധങ്ങള്‍. കരുണാനിധിയില്‍ തുടങ്ങി പ്രതിഭകളായ എത്രയൊ പേര്‍. ഞാന്‍ ഒരിക്കല്‍ ചോദിച്ചു ഇത്രയെറെ ബന്ധങ്ങള്‍ എങ്ങനെ സൂക്ഷിക്കുന്നു ഒരു ചിരിയായിരുന്നു മറുപടി. ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ എല്ലാവരും പറയും നമ്മള്‍ അയാളുടെ കഴിവുകള്‍ വേണ്ടവിധത്തില്‍ ഉപയോഗപെടുത്തിയില്ല എന്ന്‌ എന്നാല്‍ ഹനീഫിക്കായുടെ കഴിവുകള്‍ ആര്‍ക്കും പിടികിട്ടുന്നതിലപ്പുറമായിരുന്നു. സിനിമസംവിധാനം, രചന. ഇതിലൊക്കെ അപ്പുറം മനുഷത്വം. വാക്കുകളില്‍ നിറയ്‌ക്കാന്‍ കഴിയുന്നതിലപ്പുറം വലിയ പ്രതിഭയായിരുന്നു ഹനീഫ. എന്റെ ജീവിതത്തില്‍ എനിക്ക്‌ ഒരു ലേബലുണ്ടായത്‌ മിമിക്രി വേദികളില്‍ കൊച്ചിന്‍ ഹനീഫയായി മാറിയതിനു ശേഷമാണ്‌.

ആശുപത്രി കിടക്കയിലായിരുന്ന സമയത്തും ഞാന്‍ വിളിച്ചിരുന്നു അപ്പോള്‍ എന്നോട്‌ പറഞ്ഞു എനിക്ക്‌ ഒന്നുമില്ലെടാ ഒരു ചെറിയ ഗ്യാസിന്റെ പ്രശ്‌നം. ഞാന്‍ അങ്ങോട്ട്‌ വരാമെന്ന്‌ പറഞ്ഞപ്പോള്‍ എന്നെ വിലക്കി. അതിനുമാത്രം ഒന്നുമില്ല ഇവിടെ ഓടിപിടിച്ചു വരാന്‍ എന്നായി. എന്നാല്‍ ഇക്കായുടെ നില ഗുരുതരമാണന്ന്‌ എല്ലാവര്‍ക്കും അറിയാവുന്ന സമയം. എന്നിട്ടും സ്വന്തം വിഷമം ഉളളില്‍ ഒതുക്കി എന്നോട്‌ എന്റെ വിശേഷങ്ങളറിയാനായിരുന്നു താത്‌പര്യം കൂടുതല്‍.

ഇന്ന്‌ ആ സ്‌നേഹവാത്സല്യം എനിക്കൊപ്പമില്ല. ഒരു പാട്‌ പേര്‍ എന്നെ വിളിച്ചു പറഞ്ഞു. ഹനീഫായുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ മനസില്‍ ആദ്യം ഓടിയെത്തിയത്‌ നിന്റെ മുഖമാണന്ന്‌... അവര്‍ക്കൊക്കെ ഹനീഫിക്ക എന്റെ ആരൊക്കെയൊ ആണ്‌. എനികാകട്ടെ എന്റെ കൂടപ്പിറപ്പാണ്‌ എന്നില്‍ നിന്നകന്നത്‌. എനിക്ക്‌ ജീവിതം തന്ന 'ആസാനേ' എന്ന വിളിയും 'കീരിക്കാടന്‍ ചത്തേ' എന്ന ആര്‍പ്പുവിളിയും എനിക്ക്‌ ചുറ്റും മുഴങ്ങുകയാണ്‌. എന്നെ ഞാനാക്കിയ ഹനീഫിക്കാ നിങ്ങളെ എനിക്ക്‌ മറക്കാന്‍കഴിയില്ല. നിങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന്‌ അകലുവാനും

തയാറാക്കിയത്‌. എം.എസ്‌. സന്ദീപ്‌.

മല്ലീശ്വരന്‍മുടിയിലെ ഗോത്ര ശിവരാത്രി



കൈലാസത്തെ അനുസ്‌മരിപ്പിക്കുമാറ്‌ തലയെടുപ്പോടെ നില്‌ക്കുന്ന മല്ലീശ്വരന്‍മുടി. ചിലപ്പോള്‍ കോടമഞ്ഞിനാല്‍ മറഞ്ഞും ഒഴുകിപ്പോകുന്ന മേഘശകലങ്ങള്‍ക്കുള്ളില്‍ ഒളിച്ചും മറ്റു ചിലപ്പോള്‍ സൂര്യപ്രഭയില്‍ തിളങ്ങിയും കാഴ്‌ചയില്‍ ഭക്‌തിയുടെ ദുരൂഹതവിളിച്ചോതുന്ന മല്ലീശ്വരന്‍മുടി...

ആയിരത്തിഅറുനൂറോളം കിലോമീറ്റര്‍ ഘോരവനത്തിലൂടെ യാത്രചെയ്‌ത് 'മലപൂജാരികള്‍' തെളിക്കുന്ന ഐശ്വര്യത്തിന്റെ തിരിവെട്ടം. ആ വെളിച്ചം എത്തിയാല്‍ മാത്രമേ ഒരു നാട്‌ മുഴുവന്‍ ഇരുട്ടിനെ ഉപേക്ഷിച്ച്‌ ദീപത്തിന്റെ പ്രഭയ്‌ക്ക് ഇടം നല്‌കൂ. ആ വെളിച്ചം കണ്ട്‌ അതിന്റെ പ്രഭയില്‍ സായൂജ്യമടയുന്ന ഊരുകളും ഗോത്രജനതയും. മല്ലീശ്വരന്റെ ഗോത്രവെളിച്ചം... അത്‌ ഐശ്വര്യമായി വരാനിരിക്കുന്ന കാലത്തിന്റെ ശുഭപ്രതീക്ഷകളായി ജീവിച്ചിരിക്കാനും കൃഷിചെയ്യാനുമുള്ള ഉണര്‍വായി മലയുടെ താഴ്‌വാരങ്ങളിലെ ഗോത്രജീവിതത്തിലേക്ക്‌ അരിച്ചിറങ്ങുന്നു.

പൊതുവെ ശിവരാത്രിയുടെ ഭാഗമായി നമ്മുടെ നാട്ടില്‍ നടന്നു കാണുന്ന അനുഷ്‌ഠാനപരതയില്‍ നിന്നും വ്യത്യസ്‌തമായി സവിശേഷമായ നിര്‍വ്വഹണങ്ങള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും അനുബന്ധകഥകള്‍ കൊണ്ടും ശ്രദ്ധേയമാണ്‌ പാലക്കാട്‌ ജില്ലയില്‍ മണ്ണാര്‍ക്കാട്‌ താലൂക്കില്‍പ്പെടുന്ന അട്ടപ്പാടി മല്ലീശ്വരന്‍മുടിയിലെ ശിവരാത്രി ആഘോഷം.

പാലക്കാട്ട്‌ ജില്ലയുടെ വടക്കുകിഴക്ക്‌ മാറിയും നീലഗിരി മലനിരകള്‍ക്കും കോയമ്പത്തൂര്‍ ജില്ലയ്‌ക്കും ഓരം ചേര്‍ന്നു അട്ടപ്പാടി എന്ന പ്രകൃതിമനോഹരമായ സ്‌ഥലം സ്‌ഥിതിചെയ്യുന്നു. അട്ടപ്പാടിയിലെ ഏറ്റവും ഉയരം കൂടിയ മലയാണ്‌ മല്ലീശ്വരന്‍മുടി. കേരളത്തിലെ ആദിവാസികളുടെ ഹൃദയഭൂമിയെന്നാണ്‌ അട്ടപ്പാടി അറിയപ്പെടുന്നത്‌. ഗോത്രസംസ്‌കാരത്തിന്റെയും തനതു ജീവിതശൈലിയുടെയും ഈറ്റില്ലമായിരുന്ന അട്ടപ്പാടിക്ക്‌ ഇന്ന്‌ ഈ വിശേഷണം എത്രത്തോളം ചേരുമെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ഇവിടുത്തെ ആദിവാസിക്ക്‌ മാത്രമായി അവകാശപ്പെടാവുന്ന ഒരു അനുഷ്‌ഠാനമാണ്‌ മല്ലീശ്വരന്‍മുടിയിലെ ശിവരാത്രി. മുഴുവന്‍ ഗോത്രജനതയുടെയും ഹൃദയമാണ്‌ ഇവിടെ അരങ്ങും അണിയറയും. ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍ തുടങ്ങി മൂന്നു വിഭാഗം ഗോത്രജനതയാണ്‌ അട്ടപ്പാടിയില്‍ അധിവസിക്കുന്നത്‌.

പുരാവൃത്തങ്ങളും കേട്ടുകഥകളും

മല്ലീശ്വരന്‍മുടിയുടെ താഴെ മല്ലീശ്വര ആദിവാസി ക്ഷേത്രമുണ്ട്‌. ക്ഷേത്രത്തില്‍ ഈശ്വരിയും മല്ലീശ്വരന്‍മുടിയില്‍ ഈശ്വരനും കുടികൊള്ളുന്നുവെന്ന്‌ വിശ്വാസം. മല്ലീശ്വരന്‍മുടിയുമായി ബന്ധപ്പെട്ട്‌ നിരവധി കഥകള്‍ പുരാവൃത്തങ്ങളുടെ സ്വഭാവത്തില്‍ ഗോത്രസമൂഹത്തിലെ വിവിധ സമുദായങ്ങളുടെ ഇടയില്‍ നിലനില്‌ക്കുന്നു. 'കരുവാര' ഊരിലെ കുറുമ്പവിഭാഗത്തില്‍പ്പെട്ട മല്ലിക (മല്ലീശ്വരി) എന്ന പെണ്‍കുട്ടിയെ ഇരുളവിഭാഗത്തില്‍പ്പെട്ട ഒരാള്‍ (മല്ലീശ്വരന്‍) പ്രണയിച്ചു. രണ്ട്‌ വിഭാഗം ആയതുകൊണ്ട്‌ തന്നെ അത്‌ സമൂഹം അംഗീകരിക്കില്ലായിരുന്നു. (മല്ലീശ്വരന്‌ വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നതായും ചില പഴമക്കാര്‍ പറയുന്നു) സമുദായത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച്‌ രണ്ടുപേരും സ്വന്തം ഇഷ്‌ടപ്രകാരം ഒളിച്ചോടി. ഇവരെ പിടിക്കാന്‍ മല്ലികയുടെ ഊരുകാര്‍ നാലുപാടും അന്വേഷിച്ചുനടന്നു. ഭയന്നോടിയ മല്ലികയും കാമുകനും മല്ലീശ്വരന്‍മുടിയിലേക്ക്‌ ഓടിക്കയറി അപ്രത്യക്ഷമായി. (ഇവര്‍ അവിടെ മരിച്ചു കിടന്നതായും പറഞ്ഞു കേള്‍ക്കുന്നു. മരണശേഷം മരിച്ചവരെ ദൈവതുല്യം ആരാധിക്കുന്ന ഗോത്രരീതി ഇതിനെ സാധൂകരിക്കുന്നു). അതിനുശേഷം എല്ലാ ശിവരാത്രിയിലും മല്ലീശ്വരന്‍ തന്റെ അനുഗ്രഹം ഊരുകള്‍ക്ക്‌ ആകെ തന്നെ തിരിവെട്ടത്തിന്റെ പ്രകാശമായി പകര്‍ന്നു നല്‌കുന്നു.

എല്ലാ ഊരുകള്‍ക്കും കാണാന്‍ കഴിയുന്ന തന്റെ വെളിച്ചമാണെന്നും അത്‌ എന്നും ഗോത്രജനതയെ കാത്തുകൊള്ളുമെന്നും മല്ലീശ്വരന്‍ അനുഗ്രഹിച്ചപ്പോള്‍ തന്നെയും മല്ലീശ്വരിയെയും ദ്രോഹിച്ച കരുവാര ഊരിനെ മാത്രം ദൈവം ശപിച്ചു. ഒരിക്കലും മല്ലീശ്വരന്‍മുടിയിലെ ദീപം കരുവാര ഊരിന്‌ കാണാന്‍ കഴിയാതാകട്ടെ എന്നായിരുന്നു ശാപം. അട്ടപ്പാടിയിലെ 187 ഊരുകളില്‍ കരുവാര ഊരിനുമാത്രം ഇന്നും ശിവരാത്രിയിലെ ജ്യോതി കാണാന്‍ കഴിയില്ല. ശിവന്‍ കാട്ടാളവേഷത്തില്‍ എത്തുകയും മല്ലിക എന്ന ആദിവാസി പെണ്‍കുട്ടിയെ മോഹിക്കുകയും ഒടുവില്‍ അവളെ ഗര്‍ഭിണിയാക്കിയശേഷം ഉപേക്ഷിച്ച്‌ പോവുകയും ചെയ്‌തതായി മറ്റൊരു കഥ പറയുന്നു. എന്നാല്‍ കുറേ കാലങ്ങള്‍ക്കുശേഷം മടങ്ങിവന്ന തന്റെ മകളാണെന്നറിയാതെ മല്ലികയുടെ മകളെയും ശിവന്‍ മോഹിക്കുന്നു. ഇതറിഞ്ഞെത്തിയ മല്ലിക ശിവനെ ശപിക്കുകയും ശിവന്‍ മല്ലീശ്വരന്‍മുടിയില്‍ പാറയായി മാറുകയും ചെയ്‌തു. ഈ പുരാവൃത്തം പില്‍ക്കാലത്ത്‌ ഹൈന്ദവവത്‌ക്കരണവുമായി ബന്ധപ്പെട്ട്‌ രൂപപ്പെട്ട്‌ വന്നതാവാം.

മുഡുഗര്‍ വര്‍ഷങ്ങളായി ആരാധിച്ചുവന്ന ഒരു കല്‍വിഗ്രഹവും ഈ വിഭാഗത്തില്‍പ്പെട്ട മല്ലിക എന്ന പെണ്‍കുട്ടിയെയും തങ്ങളുടെ കൃഷിക്ക്‌ കാവല്‍നില്‌ക്കാന്‍ വന്ന 'നിണ്ടി' എന്ന ഇരുളയുവാവ്‌ കടത്തിക്കൊണ്ട്‌ പോവുകയും ചോദിക്കാന്‍ ചെന്ന മുഡുഗരില്‍ ഒരാളെ ഇയാള്‍ തലവെട്ടിയതായി ഒരു കഥ മുഡുഗരുടെ ഇടയിലും ഇരുളവിഭാഗത്തില്‍പ്പെട്ട സഹോദരങ്ങളായ ഞണ്ടിപാട്ടനും കൊക്കപാട്ടനും കാലിമേയ്‌ച്ച്‌ ജീവിക്കുന്നതിനിടയില്‍ ആണ്ടിപാട്ടന്‍ മല്ലികയെന്ന മുഡുഗവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കൂട്ടി നാടുവിടുകയും ഇവരെ തിരഞ്ഞ്‌ അനുജന്‍ കൊക്കപാട്ടനോട്‌ വഴക്കിനു ചെന്ന മുഡുഗരിലൊരാളെ ഇയാള്‍ തലവെട്ടി കൊന്നതായി ഒരു കഥ ഇരുളരുടെ ഇടയിലും കാണുന്നു. അന്ന്‌ മരിച്ച അയാള്‍ക്ക്‌ ക്ഷേത്രത്തിന്‌ അരികില്‍ സ്‌ഥാനവും നല്‌കിയിട്ടുണ്ട്‌. ഓരോ പുരാവൃത്തങ്ങളും അതു നിലനില്‌ക്കുന്ന സ്‌ഥലത്തിന്റെ, സമുദായത്തിന്റെ ന്യായീകരണം കൂടിയായി മാറുന്നു.

അനുഷ്‌ഠാനവും ചടങ്ങുകളും

മല്ലീശ്വരമുടിയില്‍ ക്ഷേത്രത്തിന്റെ അധികാരം ഇരുളര്‍ക്കും മലയുടെ അധികാരം മുഡുഗര്‍ക്കുമാണ്‌. ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്‌ ബ്രാഹ്‌മണനല്ല മറിച്ച്‌ ഇരുളവിഭാഗത്തില്‍ ദേവണാര്‍ കുലത്തില്‍പെട്ട ആദിവാസി തന്നെയാണ്‌. മലയില്‍ പോയി പൂജ നടത്തി സന്ധ്യസമയത്ത്‌ ജ്യോതി തെളിക്കാനുള്ള അവകാശം മുഡുഗര്‍ക്കാണ്‌. മുഡുഗവിഭാഗത്തിലെ പൂജാരികള്‍ 41 ദിവസം വ്രതം നിന്ന്‌ മലകയറി ജ്യോതി തെളിക്കുന്നു. ശിവരാത്രിയുടെ അന്ന്‌ രാവിലെ മലപൂജാരികളെ ഭവാനിപ്പുഴയുടെ തീരത്തുനിന്ന്‌ ചെണ്ടയുടെയും ആദിവാസി വാദ്യങ്ങളുടെയും കുഴലിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക്‌ സ്വീകരിച്ച്‌ ആനയിക്കുന്നു.

മലപൂജാരികളുടെ പുറകില്‍ വലിയ നീളവും വ്യാപ്‌തിയുള്ള മുള ആവനാഴിപോലെ കെട്ടിയിട്ടുണ്ടാവും. ഇതില്‍ നിറച്ചാണ്‌ ഊരില്‍ നിന്നും നേര്‍ച്ചയായി എത്തുന്ന നെയ്യും എണ്ണയും പാലും ധാന്യങ്ങളും മലപൂജാരികള്‍ മലയിലേക്ക്‌ കൊണ്ടുപോവുന്നത്‌. ക്ഷേത്രത്തിന്‌ മുന്നിലിരുന്ന്‌ തിരികെട്ടി നേര്‍ച്ചയും കാണിക്കയും സ്വീകരിച്ച്‌ ഉച്ചകഴിയുന്നതിനു മുമ്പുതന്നെ ഭവാനിപ്പുഴ കടത്തി മലപൂജാരികളെ യാത്രയാക്കുന്നു. ഗോത്രജന്യമായ ഒരു ശബ്‌ദാരവത്തോടെ അവര്‍ അകന്നുപോവുന്നതിന്റെ ശബ്‌ദം അന്തരീക്ഷമുഖരിതമാക്കുന്നു.

ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവര്‍ തങ്ങളുടെ കൃഷിയിടത്തെ ആദ്യ വിളവ്‌, പ്രധാനമായും തുവര, ക്ഷേത്രത്തിന്‌ ചുറ്റും വാരിവിതറുന്നത്‌ ഒരു പ്രധാന ചടങ്ങാണിവിടെ. ഈ ധാന്യങ്ങള്‍ മറ്റുള്ളവര്‍ ശേഖരിച്ച്‌ വിത്തായി അടുത്ത കൃഷിക്കുവേണ്ടി കൊണ്ടുപോകുന്നു. വിത്തുള്ളവന്‍ എറിയുകയും ഇല്ലാത്തവന്‍ എടുക്കുകയും ചെയ്യുന്നു. ക്ഷേത്ര പരിസരമാകെ വിത്തുകള്‍കൊണ്ട്‌ നിറഞ്ഞിരിക്കും. കാളകളെയും മണ്ണിലുണ്ടാക്കിയ കാളയുടെ ചെറിയ രൂപങ്ങളും ഇതേസമയം നടയ്‌ക്കിരുത്തുകയും ചെയ്യും.

മലമുകളിലെത്തുന്ന മലപൂജാരികള്‍ അവിടെ ചില പൂജകള്‍ നടത്തിയശേഷം സന്ധ്യയോടെ വലിയ മുളയുടെ അടുത്ത്‌ കെട്ടിയ ചൂട്ട്‌ കത്തിച്ച്‌ വീശികാണിക്കുന്നു. അതിനുശേഷമാണ്‌ അനുഷ്‌ഠാനത്തിന്റെ ഭാഗമായ വലിയ തിരി കത്തിക്കുന്നത്‌. മലമുകളില്‍ തിരി തെളിയുന്നതുവരെ ഊരുകളും നാടാകെ തന്നെയും ഇരുട്ടിലാകും. തിരി തെളിയുന്നതോടെ വിശ്വാസികളുടെ മനസ്സും നാടും പ്രകാശഭൂരിതമാകും. ശബരിമലയിലെ ജ്യോതിക്ക്‌ സമാനമായ കാഴ്‌ചയാണ്‌ മല്ലീശ്വരന്‍മുടിയിലെ ജ്യോതിയും നല്‌കുന്നത്‌. മല്ലീശ്വരന്‍മുടിയിലെ ജ്യോതി തനിയേ തെളിയുന്ന ദിവ്യ ജ്യോതിയല്ലെന്ന്‌ മാത്രം.

പിറ്റേന്നാണ്‌ മലപൂജാരികള്‍ മടങ്ങിവരുന്നത്‌. ആനയും പുലിയും കടുവയും എല്ലാം ഉള്ള ഘോരവനത്തിലൂടെ യാത്ര ചെയ്‌ത് ഒരു രാത്രി, അവിടെ കഴിക്കുന്നു. സുരക്ഷിതമായി ഇവര്‍ മടങ്ങിവരുന്നതുവരെ ഉറക്കം ഒഴിച്ച്‌ അവര്‍ക്കുവേണ്ടി ഒരു പ്രദേശവും അവിടുത്തെ ഗോത്രജനതയും നടത്തുന്ന മനമുരുകിയ പ്രാര്‍ത്ഥനയാണ്‌ മല്ലീശ്വരന്‍മുടിയിലെ ഗോത്ര ശിവരാത്രിയുടെ ആത്മാവ്‌. ഇവര്‍ മടങ്ങിയെത്തുന്നതോടു കൂടിയാണ്‌ ശിവരാത്രി അതിന്റെ പാരമ്യത്തിലെത്തുന്നത്‌. മലമുകളില്‍ നിന്നും ശേഖരിക്കുന്ന വെള്ളവും ക്ഷേത്രത്തില്‍ നിന്നുകൊണ്ട്‌ പോയ നേര്‍ച്ചദ്രവ്യങ്ങളും ചേര്‍ത്ത്‌ തയാറാക്കിയ നിവേദ്യം മലപൂജാരികള്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. മുകളില്‍ നിന്നും ആടിയും പാടിയും സംഘങ്ങള്‍ ക്ഷേത്രത്തിലെത്തും. ബോധം പാതി മാഞ്ഞും വിശ്വാസത്തില്‍ പൂര്‍ണമായി അര്‍പ്പിച്ചും എല്ലാവരും ആനന്ദനൃത്തം ചവിട്ടും. മലപൂജാരികളെ സ്വീകരിച്ച്‌ ക്ഷേത്രത്തിലേക്ക്‌ മടക്കിക്കൊണ്ട്‌ വരുന്ന യാത്ര നയനമനോഹരവും ഏറെ ആനന്ദദായകവുമാണ്‌. പ്രതീക്ഷയ്‌ക്കും ആകുലതയ്‌ക്കും ആകാംക്ഷയ്‌ക്കും ഒടുവില്‍ ആഹ്ലാദം നടത്തുന്ന ആട്ടത്തിന്റെയും പാട്ടിന്റെയും ലഹരിയാണ്‌ ഗോത്രഭക്‌തിയുടെ ജീവന്‍. മനുഷ്യനും പ്രകൃതിയും മനസ്സും എല്ലാം അരങ്ങാവുകയും ആടി തിമിര്‍ക്കുകയും ചെയ്യുന്ന അസുലഭനിമിഷങ്ങള്‍.

ലക്ഷക്കണക്കിന്‌ ആദിവാസികളും അല്ലാത്തവരും ആയ വിശ്വാസികളെകൊണ്ട്‌ ക്ഷേത്രപരിസരം നിറയും. തദവസരത്തില്‍ ലക്ഷക്കണക്കിന്‌ രൂപയുടെ വരുമാനവും ക്ഷേത്രത്തിന്‌ ലഭിക്കും. കാള നേര്‍ച്ചയിലൂടെയും കച്ചവടത്തിന്‌ സ്‌ഥലം ലേലം ചെയ്യുന്നതിലൂടെയും ലക്ഷങ്ങളാണ്‌ ഉത്സസമയ വരുമാനം.

ഹൈന്ദവവിശ്വാസത്തിലെ ശിവരാത്രി സങ്കല്‌പവുമായി നിരവധി വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും ഗോത്രശിവരാത്രിക്കുണ്ട്‌. ആത്മാവും ശരീരവും എല്ലാം ഇത്രയധികം ആര്‍ജ്‌ജവത്തോടെ വ്യതിരിക്‌തവും തനിമയാര്‍ന്നതുമാകുമ്പോള്‍ ശിവരാത്രിയെന്ന്‌ ഈ ചടങ്ങിനെ വിളിച്ചു തീര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല.

ഹിന്ദുവിശ്വാസപ്രകാരമുള്ള ശിവരാത്രിയില്‍ വിശ്വാസികള്‍ ഭക്ഷണം കഴിക്കില്ലയെന്നത്‌ പ്രധാന വ്രത ചടങ്ങാണല്ലോ. എന്നാല്‍ മല്ലീശ്വരമുടിയില്‍ വിളക്കുതെളിയുന്നതോടെ ഊരുകളില്‍ നേരത്തെ തയാറാക്കിയ വിഭവസമൃദ്ധമായ സദ്യ ഊരിലെല്ലാവരും കഴിക്കുന്നു. സവിശേഷതയും തനിമയും മായ്‌ച്ചുകളഞ്ഞ്‌ ഹിന്ദുവിശ്വാസത്തിലേക്ക്‌ ശിവരാത്രിയെ പറിച്ചുനടാനും ക്ഷേത്രത്തിന്റെ ഭരണം ദേവസ്വംബോര്‍ഡ്‌ ഏറ്റെടുക്കാനും സംസ്‌കാരത്തിന്റെ തലത്തിലും അധികാരത്തിന്റെ തലത്തിലും ശ്രമങ്ങള്‍ നടക്കുന്നു.

ആദിവാസി പൂജിക്കുന്ന അമ്പലത്തില്‍ ഹിന്ദുപരിവാര രാഷ്‌ട്രീയസംഘങ്ങള്‍ മോര്‌ വിതരണം നടത്തുന്നു. പക്ഷേ ഈ ബാഹ്യ ഇടപെടലുകളെയെല്ലാം ചെറുത്ത്‌ എത്രകാലം മല്ലീശ്വരനെ ഗോത്രജനതയ്‌ക്ക് ഹൃദയത്തില്‍ സംരക്ഷിക്കാനാവും എന്നത്‌ കണ്ടുതന്നെ അറിയണം.

അന്യവത്‌ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ദൈവത്തിന്റെ മാഞ്ഞുപോകുന്ന ഒരു ചിത്രം ഒരു പക്ഷേ നമുക്ക്‌ മല്ലീശ്വരന്‍മുടിയില്‍ തെളിഞ്ഞുകാണാം. നഷ്‌ടപ്പെടലുകള്‍ക്ക്‌ നടുവിലും കാഴ്‌ചയുടെ വിശ്വാസത്തിലും വിശ്വാസത്തിന്റെ കാഴ്‌ചയ്‌ക്കും ഊര്‍ജ്‌ജം പകരാന്‍ പുറംലോകത്തിന്റെ കൂടി കണ്ണുകള്‍ക്ക്‌ നിറം പകരാന്‍ മല്ലീശ്വരന്‍മുടി ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസികളെയും അന്വേഷകരെയും പഠിതാക്കളെയും യാത്രാപ്രേമികളെയും എല്ലാം ഗോത്ര ജനത ഫെബ്രുവരി 12, 13 ദിവസങ്ങളില്‍ അവരുടെ വിശ്വാസത്തിന്റെ ഹൃദയത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

(മണ്ണാര്‍ക്കാട്‌ നിന്ന്‌ ആനക്കട്ടി റൂട്ടില്‍ ചൊമണൂരാണ്‌ മല്ലീശ്വരക്ഷേത്രം)

കമല്‍ സി. ചവറ

ഒരു നിയോഗം പോലെ യുഗപുരുഷന്‍



ഒരു സിനിമയ്‌ക്കുവേണ്ടി നീണ്ട 16 വര്‍ഷങ്ങള്‍. ഓരോ ശ്രമം പരാജയപ്പെടുമ്പോഴും ആര്‍. സുകുമാരന്‍ തന്റെ മനസൊരുക്കുകയായിരുന്നു. നിരാശയുടെ പടുകുഴിയില്‍നിന്ന്‌ പെട്ടെന്ന്‌ എല്ലാ സൗകര്യവും ഒത്തുവന്നപ്പോള്‍ സുകുമാരന്‍ സ്‌നേഹത്തിന്റെ ഗുരുസാമീപ്യം തിരിച്ചറിഞ്ഞു. കരുണയുടെ... അറിവിന്റെ.... ആത്മീയതയുടെ സ്‌നേഹജ്വാല തെളിയിച്ച്‌ സവര്‍ണ സര്‍വാധിപത്യത്തെ നിഷ്‌പ്രഭമാക്കിയ ശ്രീനാരായണഗുരുവിനെക്കുറിച്ച്‌ ചരിത്രത്തിലാദ്യമായി ഒരു സിനിമ അങ്ങനെ യാഥാര്‍ഥ്യമായി.

അയിത്തത്തിന്റെ അഴുക്കുപുരണ്ട സമൂഹമധ്യത്തില്‍ നൂറ്റാണ്ടുകളോളം മൃഗതുല്യരായി ജനിച്ചുജീവിച്ച അധകൃതലക്ഷങ്ങളെ ആത്മാഭിമാനവും സംഘബോധവും നല്‍കി വിളിച്ചുണര്‍ത്തിയ വിപ്ലവകാരിയായ ഗുരുവിനെക്കുറിച്ചുള്ള സിനിമയ്‌ക്ക് സുകുമാരന്‍ പേരും നേരത്തേതന്നെ നിശ്‌ചയിച്ചിരുന്നു. 'യുഗപുരുഷന്‍'.

'16 വര്‍ഷങ്ങള്‍ നീണ്ട എന്റെ പരിശ്രമമാണ്‌ 'യുഗപുരുഷന്‍'. ഇപ്പോള്‍ കണ്ണടച്ചാല്‍ ഞാന്‍ കാണുന്നത്‌ ഗുരുവിനെ മാത്രമാണ്‌. ഈ സിനിമ മെച്ചപ്പെട്ടതാണെന്ന്‌ നിങ്ങള്‍ പറയണ്ട, പകരം ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. അതാണു ഞാന്‍ ആഗ്രഹിക്കുന്നതും'. സുകുമാരന്‍ തുടരുന്നു.

ശ്രീനാരായണഗുരുവിനെക്കുറിച്ച്‌ ഒരു ഡോക്യൂമെന്ററിയല്ല ഞാന്‍ ഉദ്ദേശിച്ചത്‌. ഗുരുദര്‍ശനങ്ങളെ ജനങ്ങള്‍ക്കു മുന്നിലേക്കെത്തിക്കണമെങ്കില്‍ കൊമേഴ്‌സ്യല്‍ തലത്തില്‍ കഥ പറയണമെന്ന്‌ എനിക്കുതോന്നി. ഒരു സിനിമാറ്റിക്‌ കണ്‍സെപ്‌റ്റില്‍ ചരിത്രത്തെ മാറ്റിപ്പറയാനാണു ഞാന്‍ ശ്രമിച്ചത്‌. ഗുരുവിനോടൊപ്പം ചരിത്രപുരുഷന്‍മാരായ നിരവധി മഹാന്‍മാര്‍ യുഗപുരുഷനിലുണ്ട്‌. കഥ പറയാന്‍ ഞാനവരെ ഉപയോഗിക്കുകയായിരുന്നു.

അതോടൊപ്പം ചില കഥാപാത്രങ്ങളെ സൃഷ്‌ടിക്കുകയും ചെയ്‌തു. കലാഭവന്‍ മണി അവതരിപ്പിക്കുന്ന 'കോരന്‍' എന്ന കഥാപാത്രത്തെ ഞാനുണ്ടാക്കിയതാണ്‌. തൊലിയുടെ നിറം കറുത്തതായതിനാല്‍ മാറിനടക്കേണ്ടിവന്ന പലരില്‍ ഒരാള്‍. അങ്ങനെയുള്ള നിരവധിപേര്‍ അക്കാലത്തുണ്ടായിരുന്നു. ദലിതനെ മാല ചാര്‍ത്തി സാമൂഹികവിപ്ലവത്തിനു വഴി തുറക്കാന്‍ സ്വയമൊരുങ്ങിയ ബ്രാഹ്‌മണ പെണ്‍കൊടിയായ നവ്യയുടെ കഥാപാത്രവും എന്റെ സൃഷ്‌ടിയാണ്‌.

മമ്മൂട്ടിയുടെ കെ.സി കുട്ടനെന്ന കഥാപാത്രം ചരിത്രത്തില്‍ ഇല്ലെന്നു പറയുന്നവര്‍ ഒന്നുകില്‍ അജ്‌ഞരാണ്‌. അല്ലെങ്കില്‍ അവര്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നു. ചേര്‍ത്തലയില്‍ ഇപ്പോഴും കുട്ടന്റെ ഇളയമകനുണ്ട്‌, ചെറുമക്കളും ബന്ധുക്കളുമുണ്ട്‌. അദ്ദേഹത്തിന്‌ ചിത്തിരതിരുനാള്‍ മഹാരാജാവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സത്യത്തിനുവേണ്ടി നിലകൊണ്ട വ്യക്‌തിത്വമാണ്‌ അദ്ദേഹം.

അതിനാലാണ്‌ സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ നിത്യയൗവനമാക്കിയത്‌. മറ്റുള്ളവര്‍ വയസായപ്പോഴും കുട്ടനെ മാത്രം ഒരു നര പോലുമില്ലാതെ ഞാന്‍ കുട്ടപ്പനാക്കി നിര്‍ത്തിയത്‌ സത്യത്തിന്റെയും പ്രതീക്ഷയുടെ ചിഹ്നമാക്കിയാണ്‌. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്‌' എന്നു പറഞ്ഞ ഗുരു, ഏതു ജാതിയില്‍പ്പെട്ട ഏതു മതത്തില്‍പ്പെട്ട ദൈവത്തിനെയാണ്‌ പ്രതിഷ്‌ഠിക്കേണ്ടതെന്ന്‌ സമൂഹത്തോടു ചോദിക്കാന്‍ ധൈര്യം കാണിച്ചത്‌ കുട്ടനാണ്‌. കുട്ടന്റെ ബലിഷ്‌ഠമായ കരങ്ങളില്‍ പിടിച്ച്‌ ശക്‌തി ഉറപ്പുവരുത്തി, ഭാവി ഏല്‍പ്പിച്ചാണ്‌ ഒടുവില്‍ ഗുരു മടങ്ങുന്നത്‌.

എല്ലാ മഹാന്‍മാരെയും പോലെ ഗുരുവും ഒടുവില്‍ നിരാശനായാണു മടങ്ങുന്നത്‌. അപ്പോള്‍ അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ച യുവസമൂഹത്തിന്റെ പ്രതിനിധിയാണു കുട്ടന്‍. അവാച്യാനുഭൂതിയുടെ അസംഖ്യം ഗുരുവചനങ്ങള്‍ പ്രപഞ്ച സാഹോദര്യത്തിന്റെ പ്രതീക്ഷയായി പ്രതിധ്വനിക്കുമ്പോള്‍ സമകാലീന സമൂഹത്തോടുള്ള കടമ അറിയിക്കാന്‍ ഗുരു നിയോഗിക്കുന്നതു കുട്ടനെയാണ്‌.

'ഗുരുപ്രസാദം' എന്ന പേരില്‍ ഈ സിനിമയെടുക്കാനാണ്‌ തുടക്കത്തില്‍ പദ്ധതിയുണ്ടായിരുന്നത്‌. എന്നാല്‍ അതിനുവേണ്ടി സഹകരിച്ച വ്യക്‌തി ഒടുവില്‍ കാലുമാറി. പിന്നീട്‌ മുംബൈ സ്വദേശിയായ ഗുരുഭക്‌തന്‍ കെ.എസ്‌ തമ്പിയാണ്‌ ഈ പ്രോജക്‌ടിനുവേണ്ടി മുന്നിട്ടിറങ്ങിയത്‌. 'ഗുരു ക്രിയേഷന്‍സ്‌' എന്ന പേരില്‍ പദ്ധതിയുടെ ആസൂത്രണവുമായി മുന്നോട്ടുപോയെങ്കിലും അതും നടന്നില്ല.

വര്‍ഷങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ അനാദ്യന്തമായ സ്വസ്‌തിയുടെ പ്രവാചകനെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ എനിക്കു സമയം നല്‍കി. നിരവധി പുസ്‌തകങ്ങള്‍... ഗുരുവുമായി ബന്ധമുണ്ടായിരുന്ന നിരവധിപേര്‍.... അവയെല്ലാം കാലദേശാതീതനായ ഗുരു ശ്രീനാരായണനെയും ആ ധര്‍മ്മത്തിന്റെ സ്‌ഫടിക ദര്‍ശനങ്ങളെയും എനിക്കു മുന്നിലെത്തിച്ചു.

ഒടുവില്‍ ഒരു നിയോഗം പോലെ എറണാകുളത്തുനിന്നും ഗുരുഭക്‌തനായ കെ.എസ്‌ സിദ്ധാര്‍ഥന്റെ ഫോണ്‍കോളെത്തി. അദ്ദേഹമാണ്‌ എ.വി അനൂപിനെ (മെഡിമിക്‌സ്) പരിചയപ്പെടുത്തിയത്‌. അപ്പോഴേക്കും 'യുഗപുരുഷന്‍' എന്റെ നിയോഗമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. മമ്മൂട്ടിയെയാണു ഗുരുവായി ആദ്യം നിശ്‌ചയിച്ചിരുന്നത്‌. തിരക്കഥ പൂര്‍ണമായി വായിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പിന്‍മാറി. ഗുരുവിന്റെ മാനറിസങ്ങളും ശരീരഭാഷയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ തനിക്കു കഴിയില്ലെന്നു പറഞ്ഞാണു അദ്ദേഹം പിന്‍മാറിയത്‌. പിന്നീട്‌ ദിവസങ്ങള്‍ നീണ്ട അന്വേഷണമായിരുന്നു. ആയിരത്തിലധികം പേരെ പരിഗണിച്ചു. ഒടുവില്‍ തമിഴ്‌നടനായ തലൈവാസല്‍ വിജയിനെ കണ്ടെത്തി. ചെന്നൈയിലും എറണാകുളത്തും തിരുവനന്തപുരത്തുമായി നടന്ന മൂന്നു ഫോട്ടോസെഷനുകള്‍ക്കു ശേഷമാണു അദ്ദേഹത്തെ ഗുരുവായി തീരുമാനിച്ചത്‌. വിജയ്‌ ഗുരുവായപ്പോള്‍ പൃഥിരാജിനു വച്ചിരുന്ന കെ.സി കുട്ടന്റെ വേഷം മമ്മൂട്ടിക്കു നല്‍കി. സ്വാമി വിവേകാനന്ദന്റെ വേഷം മോഹന്‍ലാലിനു വേണ്ടി തയാറാക്കിയെങ്കിലും കോള്‍ഷീറ്റിന്റെ പ്രശ്‌നങ്ങള്‍ മൂലം അദ്ദേഹത്തിനും പങ്കെടുക്കാനായില്ല.

സത്യത്തിന്റെ ജീവസ്‌പര്‍ശത്തോടെ ഗുരുവിന്റെ ഒരു ചിത്രം മാത്രമേ നാം കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ മുന്‍കാല ഛായയും ഒടുവില്‍ വയസായപ്പോഴുള്ള ഭാവവും വിജയ്‌ ആവിഷ്‌കരിച്ചത്‌ തന്‍മയത്വത്തോടെയാണ്‌. ഇപ്പോള്‍ വിജയിനെ ആള്‍ക്കാര്‍ കാണുന്നത്‌ ഒരു ഗുരുവിനെപ്പോലെയാണ്‌. അദ്ദേഹത്തിന്റെ ഭാര്യ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടു. ഇപ്പോള്‍ അദ്ദേഹത്തെ കണ്ടാലുടന്‍ ഭാര്യ എണീറ്റുനിന്നു തൊഴും. അതാണു വിജയിന്റെ പരാതി.

68 ദിവസം കൊണ്ടാണു ചിത്രം പൂര്‍ത്തിയായത്‌. ഒറ്റപ്പാലം, ചേര്‍ത്തല, കണ്ണൂര്‍, ചിത്രാജ്‌ഞലി സ്‌റ്റുഡിയോ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷന്‍- പറഞ്ഞു തീരുന്നതിനിടയില്‍ സുകുമാരന്റെ മൊബൈല്‍ഫോണ്‍ ചിലച്ചു. 'തിയേറ്ററിന്റെ വിഷയമെല്ലാം നിങ്ങള്‍ നോക്കൂ.... ഞാന്‍ എന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. എന്റെ നിയോഗമായിരുന്നു അത്‌'....

വിദേശങ്ങളിലുള്‍പ്പെടെ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള സുകുമാരന്‍ പെയിന്റിംഗ്‌ ബ്രഷും ക്യാന്‍വാസും മാറ്റിവച്ചാണ്‌ യുഗപുരുഷനു വേണ്ടി വര്‍ഷങ്ങള്‍ ചെലവിട്ടത്‌. മലയാളസിനിമയില്‍ മാറ്റത്തിന്റെ വഴിവിളക്കുകളായ രണ്ടുചിത്രങ്ങള്‍ മാത്രമാണു സുകുമാരന്റെ അക്കൗണ്ടിലുള്ളത്‌, പാദമുദ്രയും രാജശില്‍പ്പിയും. ആദ്യചിത്രമായ പാദമുദ്ര കോമഡിചിത്രങ്ങളില്‍ കുടുങ്ങിക്കിടന്ന മോഹന്‍ലാലിനെ സീരിയസ്‌ വേഷങ്ങളിലേക്ക്‌ കൊണ്ടുചെന്നെത്തിച്ചു. ഈ ചിത്രത്തിലൂടെ മലയാളസിനിമയില്‍ മികച്ചൊരു സംവിധായകന്റെ കസേരയും സുകുമാരനു സ്വന്തമായി.

ഭ്രാന്താലയമായിരുന്ന ഇരുണ്ട ഭൂപ്രദേശത്തിലെ ഉപേക്ഷിക്കപ്പെട്ട ജനലക്ഷങ്ങളുടെ മനസില്‍ ഗുരു കൊളുത്തിവച്ചത്‌ വിദ്യയുടെയും വിവേകത്തിന്റെയും വിളക്കുകളായിരുന്നു. മാനവികതയ്‌ക്കായി മിന്നിത്തിളങ്ങിയ ശാന്തിയുടെയും സാഹോദര്യത്തിന്റെയും ഒരു മിഴിവിളക്ക്‌. ആ പ്രകാശം ഊതിക്കത്തിക്കാനാണു സുകുമാരന്‍ ശ്രമിച്ചത്‌. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, 'ഒരു നിയോഗം പോലെ'....

സി.എസ്‌. സിദ്ധാര്‍ഥന്‍

സമയം വിശാലമാകുന്നു



സമയം വിശാലിന്റേതാണ്‌.

അതുകൊണ്ടതാണു തൊട്ടതെല്ലാം പൊന്നാക്കുന്നത്‌. കഴിഞ്ഞവര്‍ഷം കമീനോ സംവിധാനം ചെയ്‌തു കൊണ്ട്‌ ബോളിവുഡിന്റെ്‌ വേറിട്ട സംവിധായകന്‍ എന്ന പേരു കേള്‍പ്പിച്ച വിശാല്‍ ഭരദ്വാജ്‌ 2010ലും സുവര്‍ണത്തിളക്കത്തിലാണ്‌. ഓംകാരയില്‍ തുടങ്ങിയ ഈ കുതിപ്പ്‌ പുതിയ റിലീസായ ഇഷിക്യയിലും ആവര്‍ത്തിക്കുന്നു. വിശാല്‍ നിര്‍മാതാവിന്റേയും കഥാകൃത്തിന്റേയും റോളിലെത്തുന്ന ഇഷിക്യയെക്കുറിച്ച തകര്‍പ്പന്‍ റിപ്പോര്‍ട്ടുകളാണിപ്പോഴുള്ളത്‌. ചിത്രം ബോക്‌സോഫീസിലും തകര്‍ക്കുന്നു. വിദ്യാബാലനും നാനാ പഡേക്കറും അര്‍ഷാദ്‌ വാര്‍സിയും മത്സരിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ സംഗീതവും വിശാലിന്റേതു തന്നെ.

ബോയ്‌സ് വളര്‍ന്നു

ഷങ്കറിന്റെ ബോയ്‌സിലെ പക്കാ ബോയിയായി വന്ന സിദ്ധാര്‍ഥ്‌ ശരിക്കും 'വളര്‍ന്നു'. സിദ്ധാര്‍ഥ്‌ നായകനാകുന്ന ആദ്യഹിന്ദി ചിത്രം 'സ്‌ട്രൈക്കര്‍' റിലീസിന്‌ തയാറെടുക്കുകയാണ്‌. ബോയ്‌സിലൂടെ അരങ്ങേറിയ ജനീല ഡിസൂസ രണ്ടുചിത്രങ്ങളുമായി ഇതിനോടകം ബോളിവുഡില്‍ കാലുറപ്പിച്ചു കഴിഞ്ഞു. ബോയ്‌സ്, ആയുധഎഴുത്ത്‌, രംഗ്‌ ദേ ബസന്തി, എന്നീ വമ്പന്‍ ചിത്രങ്ങളിലൂടെ സിദ്ധാര്‍ഥ്‌ എന്ന ഉത്തരേന്ത്യക്കാരന്‍ പയ്യന്‍ പരിചിതനാണെങ്കിലും ബോളിവുഡില്‍ സ്വന്തം നിലയില്‍ കാലുറപ്പിയ്‌ക്കുന്നത്‌ ആദ്യമായിട്ടാണ്‌. ചിത്രത്തില്‍ ഒരു കാരംസ്‌ പ്ലെയറുടെ റോളാണ്‌ സിദ്ധാര്‍ഥിന്‌. ചിത്രം സൂപ്പര്‍ഹിറ്റാകുമെന്ന കാര്യത്തില്‍ 'പയ്യന്‌' ഒരു സംശയവുമില്ല. അത്ര മികച്ചരീതിയിലാണു ചിത്രം ഒരുക്കിയിരിക്കുന്നത്‌ എന്നു സിദ്ധാര്‍ഥ്‌ തറപ്പിച്ചു പറയുന്നു.

ഓ.... പിയാ

കോളിവുഡിന്‌ കുളിരേകാന്‍ ഒരു നായിക കൂടി. പിയ. കിറ്റ്‌കാറ്റിന്റെ പരസ്യത്തിലൂടെ അറിയപ്പെടുന്ന മോഡല്‍ കൂടിയായ പിയ വെങ്കട്‌ പ്രഭുവിന്റെ പുതിയ ചിത്രമായ 'ഗോവ'യിലൂടെ തമിഴ്‌മാദകറാണിമാരുടെ നിരയിലേക്ക്‌ എത്താനുള്ള ശ്രമത്തിലാണ്‌. പൊയ്‌ സൊല്ല പോരും എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ ഈ മുംബൈ മോഡല്‍ ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റത്തിലാണ്‌. സരോജ എന്ന സൂപ്പര്‍ഹിറ്റിലൂടെ തമിഴ്‌സിനിമയില്‍ സ്വന്തം പാതവെട്ടിത്തുറന്ന സംവിധായകനാണ്‌ വെങ്കട്‌ പ്രഭൂ. ചൂടന്‍ രംഗങ്ങള്‍ കൊണ്ട്‌ 'ഗോവയ്‌ക്ക്' സെന്‍സര്‍ ബോര്‍ഡ്‌ എ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനും സാധ്യതയുണ്ട്‌.

അംഗീകാര പ്രഭയില്‍ മാണിക്യം മകന്‍ മധുസൂദനന്‍














ബയോസ്‌കോപ്പ്‌ ഒരു പുരാവൃത്തമാണ്‌. സിനിമയുടെ ബഹു വര്‍ണത്തില്‍ നിന്നും ആദിമ രൂപത്തിലേക്കുള്ള യാത്ര. ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണയത്തില്‍ ജൂറിയുടെ പ്രത്യേക അവാര്‍ഡ്‌ നേടി മലയാളത്തിന്റെ മാനം കാത്തത്‌ ബയോസ്‌കോപ്പിന്റെ സംവിധായകന്‍ കെ.എം. മധുസൂദനനാണ്‌. ചിത്രകലയുടെ മൗന സൗന്ദര്യത്തില്‍ നിന്നാണ്‌ ഈ സംവിധായകന്‍ സിനിമയുടെ ലവണരസം കണ്ടെത്തുന്നത്‌.

നിശബ്‌ദ ചിത്രങ്ങളെ കുറിച്ചുള്ള എട്ടുവര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ്‌ മധുസൂദനന്‍ 'ബയോസ്‌കോപ്പി'ന്റെ പണിപ്പുരയിലേക്കു പ്രവേശിച്ചത്‌. സിനിമയുടെ പുരാതന സങ്കേതങ്ങളും അതിന്റെ വ്യാകുലതകളുമാണ്‌ 94 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ബയോസ്‌കോപ്പില്‍ അവതരിപ്പിച്ചത്‌. നിരവധി വിദേശ ഫിലിം ഫെസ്‌റ്റുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മൂന്ന്‌ അന്താരാഷ്‌ട്ര അവാര്‍ഡുകളും നേടി. നേരത്തെ അഞ്ച്‌ സംസ്‌ഥാന അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ തന്നെ സിനിമാ പ്രേമികളുടെ മനസില്‍ അദ്ദേഹം ഇടം കണ്ടെത്തി.

ആലപ്പുഴയിലാണ്‌ കെ.എം. മധുസൂദനന്റെ ജനനം. പിതാവ്‌ മാണിക്യം. അമ്മ തങ്കമ്മാള്‍. ചിത്രകലയോടുള്ള പ്രണയം മധുസൂദനനെ തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ എത്തിച്ചു. ഉപരിപഠനം ബറോഡ ഫൈന്‍ ആര്‍ട്‌സ് കോളജില്‍. നിരവധി അംഗീകാരങ്ങളും പെരുമയും നേടാന്‍ ഈ കാലയളവില്‍ കഴിഞ്ഞു.

പിന്നീട്‌ വെള്ളിത്തിരയിലേക്ക്‌. നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്‌തു. അവയൊക്കെ അംഗീകരിക്കപ്പെട്ടു. പ്രശസ്‌തിയിലേക്കുള്ള കുറുക്കുവഴികള്‍ അപ്പോഴും ഈ ഫിലിം മേക്കര്‍ക്ക്‌ അജ്‌ഞാതമായിരുന്നു. 2002-ല്‍ സാഹിത്യ അക്കാദമിക്കു വേണ്ടിയെടുത്ത 'ലൈഫ്‌ ആന്‍ഡ്‌ വര്‍ക്ക്‌സ്', ഒ.വി വിജയന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. പിന്നെ 'ബാലാമണിയമ്മ', ദി സ്‌റ്റോറി ഓഫ്‌ സുജ', മായാബസാര്‍ തുടങ്ങി നിരവധി ഹ്രസ്വ ചിത്രങ്ങള്‍. രണ്ടു തവണ ന്യുയോര്‍ക്ക്‌ മ്യൂസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്ടിന്റെ പുരസ്‌കാരം ലഭിച്ചു. സിനിമ എന്ന മാധ്യമത്തെ നന്നായി വിനിയോഗിച്ച്‌ കാഴ്‌ചയുടെ ഉത്സവമാക്കാന്‍ സംവിധായകനു കഴിഞ്ഞതായി പുരസ്‌കാര സമിതി വിലയിരുത്തിയിരുന്നു. നെറ്റ്‌പാക്‌ ജൂറി അവാര്‍ഡ്‌, ബെസ്‌റ്റ് സിനിമോട്ടോഗ്രാഫി അവാര്‍ഡ്‌, ഓഷ്യന്‍സ്‌ സിനിഫാന്‍ ഇന്റര്‍നാഷണല്‍ ജൂറി അവാര്‍ഡ്‌ എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍.

ഒടുവില്‍ സ്വന്തം നാടിന്റെ ആദരവിന്‌ പാത്രമാകുമ്പോള്‍ മധുസൂദനന്‍ എന്ന ചലച്ചിത്രകാരന്‍ ഏറെ വിനയാന്വിതനാകുന്നു. സിനിമയ്‌ക്കുള്ളിലെ സിനിമയാണ്‌ ബയോസ്‌കോപ്പ്‌.

ഒരു സമൂഹത്തിലേക്ക്‌ സിനിമ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരുടെ കഷ്‌ടപ്പാടുകളുടെ കഥയാണ്‌ സിനിമ പറയുന്നത്‌. അമച്വര്‍ ആര്‍ട്ടിസ്‌റ്റുകളാണ്‌ കഥാപാത്രങ്ങള്‍ക്ക്‌ മുഖം നല്‍കിയത്‌.

ഒരു കാലഘട്ടത്തെ പറിച്ചു നടുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ പരിചിതമായ മുഖം കാണിച്ചാല്‍ അത്‌ അനുയോജ്യമാവില്ലെന്നും മധുസൂദനന്‍ പറയുന്നു. നാഷണല്‍ ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷനാണ്‌ ചിത്രത്തിന്റെ സാക്ഷാത്‌കാരത്തിന്‌ ഏറെ സഹായിച്ചത്‌. ഛായാഗ്രഹണം എം.ജെ രാധാകൃഷ്‌ണന്‍. എഡിറ്റിംഗ്‌- ബീനാപോള്‍, സംഗീതം -ചന്ദ്രന്‍, ഇവരോടെല്ലാം മധുസൂദനന്‍ നന്ദിപറയുന്നു.

അവാര്‍ഡ്‌ പ്രഖ്യാപനത്തില്‍ മലയാള സിനിമയെ തഴഞ്ഞു എന്ന അഭിപ്രായമൊന്നും മധുസൂദനനില്ല. പുതിയ ചിത്രമായ 'മാജിക്‌ ലാന്റേണ്‍' ചിത്രീകരണം തുടങ്ങി. ബയോസ്‌കോപ്പിനും പുറകിലേക്കുള്ള യാത്രയാണിത്‌.

ആദ്യ ചിത്രത്തിന്‌ ദേശീയ അംഗീകാരം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ മധുസൂദനന്‍ പറയുന്നു. ഡല്‍ഹിയിലാണ്‌ താമസം. കൊല്‍ക്കൊത്തക്കാരി അനുരാധയാണ്‌ ഭാര്യ: മകള്‍: നീലാംബരി.

അനില്‍ വള്ളിക്കോട്‌

കഥയില്‍ പുതിയ 'ട്വിസ്‌റ്റ്'

നൂറു സിസി ബൈക്കുകളോട്‌ ഇപ്പോള്‍ ഇന്ത്യന്‍ വാഹന വിപണിക്ക്‌ എന്തോ ഒരു അലര്‍ജിയാണ്‌. പ്രമുഖ വാഹന നിര്‍മാതാക്കള്‍ പലരും 100 സിസി വാഹനങ്ങള്‍ പുറത്തിറക്കുന്നത്‌ വെറും ചടങ്ങിനെന്ന പോലെയാണ്‌. ഹീറോ ഹോണ്ടയും ബജാജുമെല്ലാം ഇതുപോലെ തന്നെയാണ്‌. കാരണം മറ്റൊന്നുമല്ല... യുവത്വത്തിന്‌ ഇപ്പോള്‍ 100 സിസി ബൈക്കുകളോട്‌ പഴയ താല്‍പ്പര്യമില്ല എന്നതു തന്നെയാണ്‌. ചെറുപ്പക്കാര്‍ക്ക്‌ ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ പിന്നെ ആരു വാങ്ങാന്‍...

എന്നാല്‍ ഒടുവില്‍ ഹീറോ ഹോണ്ട മനസു മാറ്റുകയാണ്‌. കഥയില്‍ പുതിയ വഴിത്തിരിവുണ്ടാക്കി സി ബി ട്വിസ്‌റ്റര്‍ എന്ന 110 സിസി ബൈക്കുമായി ഹീറോ ഹോണ്ട ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയില്‍ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന ആധിപത്യം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ്‌. കുറഞ്ഞ വിലയില്‍ മികച്ച മൈലേജ്‌, യാത്രാസുഖം, സ്‌റ്റൈല്‍ തുടങ്ങിയവ ആഗ്രഹിക്കുന്നവരെയാണ്‌ സി.ബി ട്വിസ്‌റ്റര്‍ ലക്ഷ്യമിടുന്നത്‌. മികച്ച മൈലേജും കുറഞ്ഞ വിലയുമായി ഉപഭോക്‌താക്കളെ തങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്ന ബജാജിന്‌ തടയിടുകയെന്നതാണ്‌ ട്വിസ്‌റ്ററിലുടെ ഹീറോ ഹോണ്ട ലക്ഷ്യമിടുന്നത്‌.

നേക്കഡ്‌ ഹോണ്ട സി.ബി 1000 ആറിന്‌ സമാനമാണ്‌ സി.ബി ട്വിസ്‌റ്ററിന്റെ രൂപകല്‍പ്പന. 109 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ്‌ ഫോര്‍ സ്‌ട്രോക്‌ എന്‍ജിനാണ്‌ സി.ബി ട്വിസ്‌റ്ററിലുള്ളത്‌. ആകര്‍ഷകമായ ഹെഡ്‌ലൈറ്റ്‌ ക്ലസ്‌റ്റര്‍, ഇന്ധനടാങ്ക്‌, സൈലന്‍സര്‍ തുടങ്ങിയവയാണ്‌ ട്വിസ്‌റ്ററിന്റെ പ്രത്യേകതകള്‍. 8000 ആര്‍.പി.എമ്മില്‍ ഒന്‍പത്‌ ബി.എച്ച്‌.പി കരുത്തും 6000 ആര്‍.പി.എമ്മില്‍ ഒന്‍പത്‌ എന്‍.എം ടോര്‍ക്കും സി.ബി ട്വിസ്‌റ്റര്‍ നല്‍കും. 70 കിലോമീറ്ററാണ്‌ മൈലേജ്‌. സിറ്റി യാത്രയ്‌ക്ക് 50 കിലോമീറ്റര്‍ ഉറപ്പിക്കാം.

ട്യൂബ്‌ ലെസ്‌ ടയറുകളുമായി എത്തുന്ന ഈ സെഗ്‌മെന്റിലെ ആദ്യ വാഹനം എന്ന ബഹുമതിയും സി.ബി. ട്വിസ്‌റ്ററിനാണുള്ളത്‌. മുന്നില്‍ ടെലിസ്‌കോപിക്‌ ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്‌ അബ്‌സോര്‍ബറുകളുമുണ്ട്‌.

6 സ്‌പോക്ക്‌ അലോയ്‌ വീലുകളും ട്വിസ്‌റ്ററിനെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തനാക്കുന്നു. മൂന്ന്‌ മോഡലുകള്‍ വിപണിയില്‍ ലഭിക്കും. കിക്ക്‌ സ്‌റ്റാര്‍ട്ട്‌, ഡ്രം ബ്രേക്കുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ്‌ അടിസ്‌ഥാന മോഡല്‍. സെല്‍ഫ്‌ സ്‌റ്റാര്‍ട്ട്‌ ഉള്ളതാണ്‌ അടുത്തത്‌. മുന്‍ ഡിസ്‌ക് ബ്രേക്ക്‌ വൈദ്യുത സ്‌റ്റാര്‍ട്ടര്‍ എന്നിവ ഉള്‍പ്പെട്ടതാണ്‌ ഉയര്‍ന്ന മോഡല്‍.

സിബിഎഫ്‌ സ്‌റ്റണ്ണറിന്റെ ഇന്ധന ടാങ്കിനോട്‌ സാമ്യം തോന്നുന്നതാണ്‌ സ്‌റ്റണ്ണറിന്റെയും ടാങ്ക്‌. ഇതിനു പുറമേ ചുവപ്പ്‌ ഷോക്ക്‌ അബ്‌സോര്‍ബറുകളും ഉയര്‍ന്ന ശ്രേണിയിലുള്ള ബൈക്കുകളോട്‌ സാദൃശ്യം തോന്നിപ്പിക്കും. സിക്‌സ് സ്‌പോക്‌ മാഗ്‌ അലോയിസ്‌, ഫ്രണ്ട്‌ ഡിസ്‌ക് ബ്രേക്ക്‌, സ്‌പ്ലിറ്റ്‌ ഗ്രാഫ്‌ റെയിലുകള്‍, ഓപ്പണ്‍ ചെയിന്‍ തുടങ്ങിയവയാണ്‌ മറ്റു പ്രത്യേകതകള്‍.

എട്ടു ലിറ്ററാണ്‌ ഇന്ധന ടാങ്കിന്റെ ശേഷി. 42,000 രൂപയാണ്‌ അടിസ്‌ഥാന മോഡലിന്റെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.മെയിന്റനന്‍സ്‌ ഫ്രീ ബാറ്ററി, വിസ്‌കസ്‌ എയര്‍ ഫില്‍ട്ടര്‍, ഫോര്‍ട്ട്‌ മഫ്‌ല, ഹാഫ്‌ ചെയിന്‍ എന്നിവയെല്ലാം ട്വിസ്‌റ്ററിന്റെ പ്രത്യേകതകളാണ്‌. അഞ്ചു വര്‍ണങ്ങളില്‍ സി.ബി. ട്വിസ്‌റ്റര്‍ വിപണിയിലെത്തും. പേള്‍ നൈറ്റ്‌ സ്‌റ്റാര്‍ ബ്ലാക്‌, പേള്‍ ഫ്യൂജി ബ്ലൂ, പേള്‍ ആംബിള്‍ യെല്ലോ, കാന്‍ഡി കോമിക്‌ ഗ്രീന്‍, പേളി സിയേന റെഡ്‌ എന്നീ നിറങ്ങളില്‍ ട്വിസ്‌റ്റര്‍ ഷോറൂമുകളിലേക്കെത്തും. ഉയര്‍ന്ന മോഡലിന്‌ അര ലക്ഷം വരെ വിലയാകും.

സുജിത്‌ പി. നായര്‍