Monday, January 11, 2010

മഞ്ഞില്‍ വിരിയുന്ന സംവിധായകന്‍

മുപ്പതുവര്‍ഷങ്ങള്‍ക്കപുറം ഇതുപോലൊരു മഞ്ഞുകാലത്ത്‌ കഴുത്തില്‍ ഷാള്‍ ചുറ്റി ഒരു നായകന്‍ മലയാളസിനിമയുടെ വെളളിത്തിരയില്‍ എത്തി. അയാളുടെ പ്രണയഭാവങ്ങള്‍ പുത്തനനുഭവമായ എണ്‍പതുകളിലെ മലയാള യുവത്വത്തിന്റെ നെഞ്ചിടിപ്പായി ആ നായകന്‍ മാറി. അഭ്രപാളികളില്‍ മിന്നിമറിഞ്ഞ പ്രണയാതുരനായ നായകന്റെ പേര്‌ പിന്നീടു പലവട്ടം മലയാളി ഏറ്റുപറഞ്ഞു. ശങ്കര്‍.. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകന്‍ പിന്നീട്‌ വെളളിത്തിരയുടെ പകിട്ടില്‍ നിന്നു നീണ്ട ഇടവേളയിലേക്ക്‌ സ്വയം പ്രവേശിച്ചതും ഒപ്പമെത്തിയവര്‍ കാലത്തിനൊപ്പം കിതപ്പില്ലാതെ ഇന്നും സഞ്ചരിക്കുന്നതും ചരിത്രം. എന്നാല്‍ ഇടവേളകള്‍ക്ക്‌ അവധിനല്‍കി ശങ്കര്‍ ഇപ്പോള്‍ മലയാളസിനിമയില്‍ സജീവമാകുന്നു. ഒരു വ്യത്യാസം മാത്രം കാമറയ്‌ക്കു മുന്നിലെ അഭിനേതാവിനേക്കാള്‍ കാമറക്കു പിന്നിലെ സംവിധായകന്റെ റോളില്‍. പേരില്‍ അല്‍പ്പം മാറ്റംകൂടി, ശങ്കര്‍ പണിക്കര്‍. തന്റെ ആദ്യ വാണിജ്യ ചിത്രമായ 'കേരളോത്സവം 09' പുറത്തിറങ്ങിയ ശേഷം കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും ശങ്കര്‍ പണിക്കര്‍ മംഗളത്തോടു സംസാരിച്ചപ്പോള്‍.

* കാമറക്കു മുന്നില്‍ നിന്നു പിന്നിലേക്കു വരുന്നതിന്റെ അനുഭവം ?

വളരെ നാളത്തെ ഇടവേളക്കുശേഷം രണ്ടാമത്‌ അഭിനയരംഗത്തു തിരിച്ചുവന്നു. സൂര്യവനം, ഫയര്‍ തുടങ്ങി രണ്ടു മൂന്നു ചിത്രങ്ങളില്‍ നായകനായെങ്കിലും അതു വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ അഭിനയത്തിന്‌ വീണ്ടും ഇടവേള നല്‍കേണ്ടിവന്നു. സിനിമയില്‍ അഭിനേതാവായി സജീവമായിരുന്നപ്പോഴും സംവിധാനം മനസില്‍ ഉണ്ടായിരുന്നു. 95 ല്‍ സുരേഷ്‌ഗോപിയെ വച്ച്‌ ഒരു സിനിമ ചെയ്യാന്‍ തയാറായതാണ്‌. എന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റും കഥ പൂര്‍ണരൂപത്തില്‍ കിട്ടാതിരുന്നതും ആ പദ്ധതി ഉപേക്ഷിക്കേണ്ടതായിവന്നു.

* മലയാളത്തിന്റെ ഒരു കാലഘട്ടത്തിന്റെ നായകന്‍ സംവിധായകന്റെ റോളിലേക്കു വരുമ്പോള്‍ ?

ഒരുപാട്‌ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചയാളാണ്‌ ഞാന്‍. അതുകൊണ്ടുതന്നെ കഥ പറഞ്ഞുപോകുമ്പോള്‍ ഒരോ ഷോട്ടും എങ്ങനെ എടുക്കണമെന്നു വ്യക്‌തമായ ധാരണയുണ്ടായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലധികം ഫീല്‍ഡില്‍ നില്‍ക്കുന്നൊരാളെന്ന നിലയില്‍ സംവിധായകന്റെ കുപ്പായമണിയുന്നതിന്‌ പ്രത്യേകിച്ചു വെല്ലുവിളികള്‍ ഒന്നും ഉണ്ടായില്ല.

ആദ്യത്തെ വാണിജ്യചിത്രത്തെക്കുറിച്ച്‌ ?

സിനിമയില്‍ ഇത്രയും അനുഭവ പരിചയമുളളയാള്‍ ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ ചിത്രത്തില്‍ എന്തെങ്കിലും സന്ദേശം ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. വാണിജ്യ സിനിമയുടെ എല്ലാ ചേരുവകളും ഉള്‍ക്കൊളളിച്ചുകൊണ്ടുതന്നെ ജനങ്ങള്‍ കണ്ടിരിക്കേണ്ട സിനിമയാണ്‌ 'കേരളോത്സവം 09'. ഇയാള്‍ ഇത്‌ എന്താണ്‌ ഈ കാണിച്ചുവച്ചിരിക്കുന്നതെന്നു മറ്റുളളവരെക്കൊണ്ട്‌ പറയിപ്പിക്കാത്ത ചിത്രമാണെന്ന്‌ എനിക്കുറപ്പുണ്ട്‌.

* കാലികമായി വളരെ ശ്രദ്ധിക്കപ്പെടുന്ന വിഷയമാണല്ലോ പ്രമേയമാക്കിയിരിക്കുന്നത്‌ ?

ചിത്രത്തിന്റെ പേരുകണ്ട്‌ സിനിമകാണാന്‍ കയറിയവര്‍ കഥ കണ്ട്‌ ഞെട്ടിപ്പോയി. സമൂഹത്തില്‍ മാനുഷിക ബന്ധങ്ങളില്‍ വരുന്ന വിളളലിലൂടെയാണ്‌ തീവ്രവാദം പോലുളള സാമൂഹ്യതിന്മകള്‍ തഴച്ചുവളരാന്‍ ഇടയാകുന്നത്‌. നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ അവകാശപ്പെടുന്ന ഈ കൊച്ചു കേരളത്തിലും കാര്യങ്ങള്‍ വ്യത്യസ്‌തമല്ലെന്നു സമീപകാലത്തെ ദൃശ്യപത്ര മാധ്യമങ്ങളിലൂടെ മനസിലാക്കാന്‍ കഴിയും. എങ്ങിനെയാണ്‌ യുവാക്കള്‍ തീവ്രവാദംപോലുളള തിന്മയിലേക്ക്‌ എത്തപ്പെടുന്നത്‌, അതിനോടു സമൂഹത്തിനുളള പ്രതികരണം എങ്ങനെയാണ്‌ എന്നീ കാര്യങ്ങളാണ്‌ ഞാന്‍ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്‌.

ഇതിലൂടെ സമൂഹത്തിന്‌ ഒരു സന്ദേശം നല്‍കാനാണ്‌ ഞാന്‍ ആഗ്രഹിച്ചത്‌. ചിത്രം ഇറങ്ങിയതിനുശേഷം ഒരുപാട്‌ മുസ്ലീം സുഹൃത്തുക്കള്‍ എന്നെ വിളിച്ച്‌ അഭിനന്ദിച്ചിരുന്നു.

* എറണാകുളം പോലുളള പ്രമുഖ നഗരങ്ങളില്‍ ചിത്രം റിലീസ്‌ ചെയ്യുന്നതിന്‌ തിയറ്റര്‍ ലഭിച്ചില്ലല്ലോ ?

ഇതു മലയാള സിനിമയുടെ ശാപമാണ്‌. ഇവിടെ ഒന്നരക്കോടിയുടെ ഒരു ലോ ബജറ്റ്‌ ചിത്രമെടുത്താല്‍ അതു മത്സരിക്കേണ്ടിവരുന്നത്‌ കൈവിരലില്‍ എണ്ണിയാല്‍ തീരാത്ത കോടികള്‍ മുടക്കിയെത്തുന്ന തമിഴ്‌, കന്നഡ, ഇംഗ്ലീഷ്‌, ഹിന്ദി തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളോടാണ്‌. ഇവിടെ ഒരു നഗരത്തിലെ അഞ്ചു തിയറ്ററുകളിലും തമിഴ്‌ സിനിമകള്‍ ഓടുമ്പോള്‍ ചെറിയ മുതല്‍മുടക്കിലുളള സിനിമകള്‍ പുറന്തളളപ്പെടുന്നു. പിന്നെയും മലയാളത്തില്‍ പിടിച്ചുനില്‍ക്കുന്നത്‌ താരമൂല്യത്താലാണ്‌. അടുത്തിടെ റിലീസായ നീലത്താമര ഓടുന്നുണ്ട്‌. ഇവിടെ ലാല്‍ജോസ്‌ എന്ന സംവിധായകന്റെയും എം.ടി എന്ന തിരക്കഥാകൃത്തിന്റെയും താരമൂല്യം തുണയായി. മലയാളത്തില്‍ പുതിയ ഒരു ചിത്രം ഇറങ്ങിയാല്‍ അതു കുറച്ചു പേര്‍ കണ്ട്‌ നല്ലതാണെങ്കില്‍ ആ ആഭിപ്രായം രൂപീകരിക്കാന്‍ പോലും സമയം ലഭിക്കാതെ ചിത്രം തിയറ്ററുകളില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നു. എന്നാല്‍ തമിഴില്‍ നടക്കുന്ന പരീക്ഷണങ്ങളെ മലയാളികള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു. ഉദാഹരണത്തിനു സുബ്രഹ്‌മണ്യപുരം പോലുളള ചിത്രങ്ങള്‍.

* ഫാന്‍സ്‌ ക്ലബ്‌ രൂപീകരിക്കാതിരുന്നത്‌ അബദ്ധമായിപ്പോയി എന്ന്‌ പറയുകയുണ്ടായല്ലോ ?

സിനിമയില്‍ സജീവമായിരുന്നപ്പോള്‍ ഫാന്‍സ്‌ ക്ലബ്‌ രൂപീകരിക്കാമെന്നു പറഞ്ഞ്‌ പലരും സമീപിച്ചിരുന്നു. അത്‌ ഒരുപക്ഷേ മലയാളത്തിനേക്കാള്‍ അധികം തമിഴ്‌നാട്ടില്‍ നിന്നായിരുന്നു. അന്ന്‌ അതിന്റെ ആവശ്യമുണ്ടായിരുന്നതായി തോന്നിയിരുന്നില്ല. പിന്നീട്‌ ആലോചിച്ചപ്പോള്‍ അത്‌ അബദ്ധമായി എന്നു തോന്നിയിട്ടുണ്ട്‌. ഇന്ന്‌ ഒരു ആക്‌ടറിന്‌ ഫാന്‍സ്‌ ക്ലബ്‌ ഒഴിവാക്കാന്‍ സാധിക്കാത്ത സംഭവമാണ്‌. ഇതിന്‌ ഒരു വശത്തു ഗുണവും മറുവശത്തു ദോഷവുമുണ്ടെങ്കിലും.

* സൗഹൃദങ്ങളെക്കുറിച്ച്‌ ?

സിനിമയിലും വ്യക്‌തിജീവിതത്തിലും ഒരുപാട്‌ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നയാളാണ്‌ ഞാന്‍. ഇടവേളക്കുശേഷം സിനിമയിലേക്കു തിരിച്ചു വന്നതിനുശേഷവും മോഹന്‍ലാലുമായും പ്രിയദര്‍ശനുമായും എന്നല്ല എല്ലാവരുമായും ഞാന്‍ സൗഹൃദം തുടരുന്നുണ്ട്‌. എന്നാല്‍ എടുത്തു പറയേണ്ടത്‌ നിര്‍മാതാവ്‌ സുരേഷ്‌ കുമാറുമായുളള സൗഹൃദമാണ്‌. ചിത്രങ്ങള്‍ പരാജയപ്പെട്ട്‌ അവസരങ്ങള്‍ കുറഞ്ഞുവന്ന അവസ്‌ഥയിലും അദ്ദേഹം എന്നെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. റൊമാന്റിക്‌ വേഷങ്ങള്‍ തന്നെ ചെയ്യാതെ മാറിചെയ്യാന്‍ ഇവരെല്ലാംതന്നെ അന്ന്‌ എന്നെ ഉപദേശിച്ചിരുന്നവരാണ്‌.

* പുതിയ തലമുറയിലെ മലയാളത്തിലെ നായകന്മാരെക്കുറിച്ച്‌?

എല്ലാരും തന്നെ കഴിവുളളവരാണ്‌. പൃഥ്വിരാജ്‌, ജയസൂര്യ, ഇന്ദ്രജിത്‌, നരേന്‍ എന്നീ പേരുകള്‍ മലയാളസിനിമയില്‍ വരുംകാലത്ത്‌ മുതല്‍കൂട്ടാകും എന്നുതന്നെയാണ്‌ എന്റെ വിശ്വാസം. പിന്നെ എന്റെ ചിത്രത്തിലെ നായകന്‍ വിനുമോഹന്‍ ടാലന്റുള്ള ആക്‌ടറാണ്‌. വിനു എന്റെ ചിത്രത്തിലെ ചില രംഗങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ചെയ്‌തിരുന്നു.

* അഭിനേതാവായി തുടര്‍ന്നിരുന്നെങ്കില്‍ ഇന്നും നായകനാകുമായിരുന്നോ?

തീര്‍ച്ചയായും. കലാകാരന്റെ ശരീരത്തെ മാത്രമേ കാലത്തിനു കീഴ്‌പ്പെടുത്താന്‍ സാധിക്കുളളൂ. മനസിനെയും പ്രതിഭയെയും കീഴ്‌പ്പെടുത്താന്‍ സാധിക്കില്ല.

* സൂപ്പര്‍ സ്‌റ്റാറുകള്‍ ഇനിയും നായകന്മാരായി തുടരുന്നത്‌ പുതിയ തലമുറയെ ബാധിക്കുമെന്നു കരുതുന്നുണ്ടോ ?

അങ്ങനെ പറയാന്‍ സാധിക്കില്ല. തമിഴില്‍ അറുപതാമത്തെ വയസിലും രജനീകാന്ത്‌ അഭിനയിക്കുന്നു. കാലഘട്ടങ്ങള്‍ പരിശോധിച്ചാല്‍ അറിയാം സത്യന്‍-നസീര്‍, ശങ്കര്‍-മോഹന്‍ലാല്‍, മമ്മൂട്ടി-മോഹന്‍ലാല്‍ ഇങ്ങനെയുളള ടീമുകളാണ്‌ മലയാളത്തില്‍ നായക സങ്കല്‍പങ്ങളായിരുന്നത്‌. സ്വാഭാവികമായും അടുത്ത തലമുറ വരുമ്പോള്‍ അവര്‍ അവരവരുടെ സ്‌ഥാനങ്ങള്‍ കണ്ടെത്തിക്കൊളളും.

* നടനായാണോ സംവിധായകനായാണോ ഇനിയുളള കാലം അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്‌.

മോഹന്‍ലാല്‍ നായകനായ 'ഇവിടം സ്വര്‍ഗമാണ്‌' എന്ന സിനിമയില്‍ അഭിനയിച്ചു. മോഹന്‍ലാലിന്റെ തന്നെ കാസിനോവയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംവിധാനം ചെയ്‌ത ചിത്രത്തെക്കുറിച്ച്‌ ആരും മോശം എന്നൊരഭിപ്രായം പറഞ്ഞിട്ടില്ല. ഇതെല്ലാം പറയുന്നത്‌ നല്ല വേഷങ്ങള്‍ വന്നാല്‍ അഭിനയിക്കുമെന്നും സംവിധാനം ചെയ്യാന്‍ പറ്റുന്ന പ്രോജക്‌ടുകള്‍ കിട്ടിയാല്‍ അതു ചെയ്യുമെന്നുമാണ്‌. മലയാളി പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുകയെന്നത്‌ ശ്രമകരമായ ജോലിയാണ്‌. മറ്റാരേക്കാളും മലയാളികളുടെ മനസ്‌ എനിക്കറിയാം. എന്തായാലും ഇനിയുളളകാലം സിനിമയില്‍ സജീവമാകുകയെന്നതാണ്‌ ആഗ്രഹം.

അനൂപ്‌ വൈക്കപ്രയാര്‍

No comments:

Post a Comment