ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1985 ലെ ജനുവരി ഏഴിന് 'മുത്താരംകുന്ന് പി.ഒ' എന്നൊരു ആക്ഷേപഹാസ്യ ചിത്രത്തിന്റെ ചിത്രീകരണവുമായി ഒരു പുതുമുഖ സംവിധായകന്‍ മലയാളത്തിലെത്തി. തുടര്‍ന്ന് മലയാള ചലച്ചിത്ര സംവിധാനത്തിലെ സിംഹഭാഗവും അയാള്‍ കൈക്കലാക്കി. പിന്നീടു കുത്തക സംവിധായകര്‍ക്കിടയില്‍ വിജയങ്ങളുടെ പുതിയ സമവാക്യവും രസതന്ത്രവും രചിച്ച് അയാള്‍ മലയാള സിനിമക്കൊപ്പം നടന്നു. വിജയങ്ങളുടെ കാല്‍നൂറ്റാണ്ട് പിന്നിട്ട ആ സംവിധായകന്റെ പേര് സിബി മലയില്‍. അയാള്‍ നല്‍കിയ ചിത്രങ്ങള്‍ ഓരോന്നും മലയാളി നെഞ്ചോടു ചേര്‍ത്തു. തിയറ്റര്‍ വിട്ടു പുറത്തിറങ്ങിയാലും സിബിയുടെ സിനിമകളും അതിലെ കഥാപാത്രങ്ങളും കാഴ്‌ചക്കാരെ വിടാതെ പിന്തുടര്‍ന്നു. മനസിലെ വേദനയായി. നല്ലചിത്രങ്ങളുടെ മുറിപ്പെടുത്തലായി. അസ്വസ്‌ഥതകള്‍ ഏറെ തന്നു മലയാളിക്ക് സിബി മലയില്‍. സംവിധാനരംഗത്ത് 25 ആണ്ടുകള്‍ പിന്നിട്ട ചുരുക്കം ചിലരില്‍ ഒരാള്‍. മുത്താരംകുന്ന് പി.ഒ മുതല്‍ ആയിരത്തില്‍ ഒരുവന്‍വരെ എത്തിനില്‍ക്കുന്ന 40 ചിത്രങ്ങളുടെ കരിയര്‍. തനിയാവര്‍ത്തനം, കിരീടം, ആകാശദൂത്, ഭരതം, പരമ്പര, ധനം, ദശരഥം, സദയം തുടരുന്നു ഇപ്പോഴും സിബിയുടെ കരിയര്‍. 2010 ജനുവരി ഏഴിന് തന്റെ പുതിയ ചിത്രത്തിന് ആദ്യ ക്ലാപ്പ് അടിക്കുമ്പോള്‍ 25 വര്‍ഷത്തിനപ്പുറത്താണ് സി.ബി. പുതിയൊരു തുടക്കം. പുതുമുഖങ്ങളെവച്ച് എടുക്കുന്ന ചിത്രം മലയാളിക്ക് എന്നെന്നും ഓര്‍മിക്കാനുള്ള ഒരു സിനിമയായിരിക്കണമെന്ന സ്വപ്‌നം മാത്രം. 'മലയാള ചലച്ചിത്ര സംവിധാനരംഗത്ത് 25 വര്‍ഷം പിന്നിടുക എന്നതു ചില്ലറ കാര്യമല്ല. സിനിമ ഒരു സ്വപ്‌നമായി കൊണ്ടുനടന്ന കാലത്തും പിന്നീട് ചലച്ചിത്രരംഗത്തെത്തിയപ്പോഴും ഇങ്ങനെയൊരു സ്‌ഥാനത്ത് എത്തിപ്പെടുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മലയാളത്തില്‍ സാന്നിധ്യമറിയിക്കാനും നിലനില്‍ക്കാനും കഴിയുക എന്നത് അപൂര്‍വകാര്യമാണ്. ഇതിനു സാധിച്ചു എന്നത് കഴിവിനപ്പുറം ഈശ്വരസഹായമാണ്'' സിബി മലയില്‍ പറഞ്ഞു. 25 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 'മാസ്‌റ്റര്‍ പീസ്' ആകുമെന്നു കരുതിയ 'ദേവദൂതന്‍' നല്‍കിയ നിരാശ സിബിയെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ദേവദൂതനെക്കുറിച്ച് സിബിമലയില്‍ പറയുന്നതിങ്ങനെ. ''ആ സിനിമ എന്റെ ഒരു ഡ്രീം ആയിരുന്നു. പൂര്‍ണമായും പുതുമുഖങ്ങളെ വച്ചു ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ പുതുമുഖങ്ങളെവച്ച് സിനിമയെടുക്കാനുള്ള ധൈര്യം നിര്‍മാതാക്കള്‍ കാണിച്ചില്ല. അപ്പോഴാണ് മോഹന്‍ലാലിനെ നിശ്‌ചയിച്ചത്. മോഹന്‍ലാലിനെപ്പോലുള്ള ഒരു താരത്തെവച്ച് ദേവദൂതന്‍ എടുക്കേണ്ടിവന്നപ്പോള്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. തുടര്‍ന്ന് 'ഡ്രീം' മാറിപ്പോയി. ആ സിനിമ ഞാന്‍ ഉദ്ദേശിച്ച രീതിയില്‍തന്നെ മറ്റേതെങ്കിലും ഭാഷയില്‍ എടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.'' പുരസ്‌കാരത്തിനപ്പുറം നിര്‍മാതാവിനു നഷ്‌ടംവരാത്ത രീതിയില്‍ സിനിമ ചെയ്യണമെന്നുതന്നെയാണ് ഇപ്പോഴും തന്റെ ആഗ്രഹമെന്നാണ് സിബിയുടെ പക്ഷം. ''സംവിധായകനില്‍ വിശ്വസിച്ചാണ് ഒരു നിര്‍മാതാവ് സംവിധായകനെ സിനിമ ഏല്‍പ്പിക്കുന്നത്. അപ്പോള്‍ നിര്‍മാതാവിന്റെ വിശ്വാസം സംരക്ഷിക്കാന്‍ സംവിധായകനു കടമയുണ്ടാകണം'' സിബി അഭിപ്രായപ്പെട്ടു. 'ജൂലിയസ് സീസര്‍' എന്ന ചിത്രം ഉപേക്ഷിക്കേണ്ടിവന്നതും കാല്‍നൂറ്റാണ്ട് പിന്നിട്ട കരിയറിലെ നഷ്‌ടമായി സിബി കാണുന്നു. എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അഭിനേതാക്കളായി ജൂലിയസ് സീസര്‍ എടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ അക്കാലത്ത് അതുപോലുള്ള ഒരു ബിഗ് ബജറ്റ് ചിത്രം പൂര്‍ത്തിയാക്കുക എന്നതു പ്രയാസമേറിയ കാര്യമായിരുന്നു. എം.ടിയുടെ തിരക്കഥയില്‍ 'സദയം' പിന്നീട് ചെയ്‌തെങ്കിലും 'ജൂലിയസ് സീസര്‍' ചെയ്യാന്‍ കഴിഞ്ഞില്ല. അതൊരു നഷ്‌ടം തന്നെയാണെന്നാണു സിബിയുടെ പക്ഷം. പുതിയ സിനിമാ പ്രവര്‍ത്തകര്‍ സാങ്കേതികതയെ ദുരുപയോഗം ചെയ്യുന്നുവെന്നാണു മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്റെ അഭിപ്രായം. ''ഞാന്‍ സിനിമയെ കാണുന്നത് വൈകാരികമായ ഒരു തലത്തിലാണ്. മനഃസാക്ഷിയോടു സംവദിക്കുന്നതായിരിക്കണം സിനിമ. പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കേണ്ടത് ഹൃദയംകൊണ്ടായിരിക്കണം. സിനിമയില്‍ സാങ്കേതികത നല്ലതാണ്. എന്നാല്‍ സാങ്കേതികത വൈകാരിക തലത്തെ കവച്ചുവയ്‌ക്കരുത്. അങ്ങനെവന്നാല്‍ സിനിമക്ക് അനുഭവത്തിന്റെ അവസ്‌ഥ നഷ്‌ടമാകുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതികമായ അഭ്യാസപ്രകടനത്തിന് ഉപയോഗിക്കാന്‍ എനിക്കു താല്‍പര്യമില്ല. കാഴ്‌ചക്കാരുടെ കണ്ണിനും കാതിനും പീഡനം നല്‍കുന്ന ദൃശ്യങ്ങളും ശബ്‌ദങ്ങളുമാണ് ഇന്നു സിനിമയിലുണ്ടാകുന്നത്. സാങ്കേതികത ആവശ്യത്തിനു വേണം എന്നാല്‍ അതൊരു വിഷ്വല്‍ ഗിമ്മിക്ക് ആകുന്നതു ശരിയല്ല.'' സിബി പറയുന്നു. കുടുംബബന്ധങ്ങളിലെ ശൈഥില്ല്യമാണ് സിബി മലയിലിന്റെ പുതിയ ചിത്രത്തിന്റെ പ്രമേയം. എറണാകുളവും ചെന്നൈയുമാണ് പ്രധാന ലൊക്കേഷനുകള്‍. ഋതുവില്‍ അഭിനയിച്ച നിഷാന്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട് എന്നിവര്‍ക്കൊപ്പം ആകാശഗോപുരത്തിലെ അഭിനേത്രി നിത്യാ മേനോനും ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ സിനിമ നേരത്തെ തന്നെ മനസിലുണ്ടായിരുന്നെങ്കിലും തുടങ്ങാന്‍ അല്‍പ്പം താമസിച്ചുവെന്ന് സിബി വെളിപ്പെടുത്തി. 25 വര്‍ഷത്തെ സംവിധാന ജീവിതമെന്ന നാഴികക്കല്ല് പിന്നിട്ട സിബി പുതിയ ചിത്രം വേറിട്ടതും പ്രേക്ഷകര്‍ സ്വീകരിക്കുന്നതും ആസ്വദിക്കുന്നതുമാണെന്ന തികഞ്ഞ പ്രതീക്ഷയിലാണ്. അനൂബ് ശ്രീധരന്‍ | ||
Monday, January 11, 2010
മുത്താരം കുന്നിലെ സില്‍വര്‍ ജൂബിലി
Subscribe to:
Post Comments (Atom)
No comments:
Post a Comment