ആത്മീയതയ്‌ക്ക് ഇവിടെ വല്ലാത്ത നിശബ്‌ദതയാണ്. അരുണാചലത്തില്‍ നിന്നു വരുന്ന കാറ്റിന്റെ മര്‍മരം ആ നിശബ്‌ദതയെ ഭേദിച്ചു പറയുന്നു. നോക്കൂ രമണമഹര്‍ഷി ഇവിടെയുണ്ട്. 'ഞാന്‍ ആരെ'ന്ന ചോദ്യം ഉള്ളിലുദിച്ചപ്പോഴാണു ബാലനായ വെങ്കട്ടരാമന്‍ വീടുവിട്ടിറങ്ങിയത്. പതിനേഴാം വയസില്‍ അരുണാചല പര്‍വതത്തിലെത്തിയ ആ ബാലന്‍ പുള്ളിപ്പുലികളോടും പേടമാനുകളോടും കൂട്ടുകൂടി ഇവിടെ ജീവിച്ചു. അവിടെ നിന്നും അദ്ദേഹം ലോകത്തിനുതന്നെ ആത്മപ്രകാശമേകുന്ന ആചാര്യനായി. ഇന്നും ഈ പര്‍വതനിരകളില്‍ കൂടുകെട്ടിനില്‍ക്കുന്ന മൗനം 'ഞാന്‍ ആര്' എന്നറിയാന്‍ ഉഴറി നടക്കുന്നവരെ തൊട്ടുവിളിക്കുന്നു നിശബ്‌ദമായി. നിശബ്‌ദതയുടെ ലോകത്തേക്ക് ഏതോ പ്രാചീനകാലത്തിന്റെ ചലനചിത്രങ്ങള്‍ പോലെയുള്ള കാവിപുതച്ച സന്യാസിമാര്‍ക്കും കൗതുകം നിറച്ച ചാരക്കണ്ണുകളുമായി ചാന്ദ്രയാത്രികരേപ്പോലെ ഇടറിനീങ്ങുന്ന വിദേശികള്‍ക്കുമിടെ പൊടിപറത്തി പായുന്ന മോട്ടോര്‍ വാഹനങ്ങള്‍. ഇവ മറികടന്ന് ശ്രീ രമണാശ്രമം എന്ന് ഇംഗ്ലീഷിലെഴുതിയ പഴയ രീതിയിലുള്ള കമാനം കടന്നാല്‍ പീലി വിടര്‍ത്തിയാടുന്ന മയിലുകളും കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിയുന്ന കുരങ്ങന്‍മാരും നായ്‌ക്കളുമാണു വരവേല്‍ക്കുക. കടന്നു ചെല്ലുന്ന ആരെയും ആകര്‍ഷണ വലയത്തിലാക്കാന്‍ കഴിയുന്ന വശ്യതയുമായി രമണാശ്രമം നിലകൊള്ളുന്നു. അനന്തമായ ആധ്യാത്മികതയുടെ ആനന്ദം വിശ്വാസികള്‍ക്ക് പകര്‍ന്നേകിക്കൊണ്ട്. പഴയശൈലിയിലുള്ള ഒട്ടനവധി കെട്ടിടങ്ങള്‍. മിക്കവയും പുല്ലുമേഞ്ഞത്. ചൊരിമണല്‍ നിറഞ്ഞ വളപ്പില്‍ വേപ്പുമരങ്ങളും തെങ്ങുകളും ആകാശത്തിലേക്കു കൈകളുയര്‍ത്തി മൗനപ്രാര്‍ഥനയിലാണ്. പുല്ലുമേഞ്ഞ ഓഫീസ് കെട്ടിടം കഴിഞ്ഞ് മുന്നോട്ട് നീങ്ങിയാല്‍ രമണസമാധിമന്ദിരമായി. മന്ദിരത്തിനുള്ളിലെ കല്‍ത്തൂണുകള്‍ കടന്ന് മുന്നോട്ടുനീങ്ങിയാല്‍ വലതുവശത്തായി കറുത്ത മാര്‍ബിളില്‍ തീര്‍ത്ത മഹര്‍ഷിയുടെ ജീവന്‍തുടിക്കുന്ന പ്രതിമ. ഒരു വശത്തായി ഭിത്തിയില്‍ മഹര്‍ഷിക്ക് ചെറുപ്പത്തിലുണ്ടായ ആത്മീയ അനുഭൂതിയെപ്പറ്റിയും അദ്ദേഹം പിന്നീട് എങ്ങനെ അരുണാചലത്തില്‍ എത്തിയതെന്നും വിശദമാക്കുന്ന ബോര്‍ഡ് സ്‌ഥാപിച്ചിട്ടുണ്ട്. അകത്തേക്കു കടന്നാല്‍ കരിങ്കല്ലില്‍ പണിത മാതൃഭൂതേശ്വരീ ക്ഷേത്രം. മഹര്‍ഷിയുടെ അമ്മയായിരുന്ന അഴകമ്മാളുടെ സമാധിയാണത്. ക്ഷേത്രത്തിനുള്ളിലെ വാതിലിലൂടെ കടന്നാല്‍ രമണ സമാധിയായി. വിശാലമായ ഹാളില്‍ മഹര്‍ഷിയുടെ സമാധിയുടെ മുകളില്‍ ഒരു ശിവലിംഗ പ്രതിഷ്‌ഠയുണ്ട്. അഭിമുഖമായി നന്ദിയും. ഇവിടെയും അദ്ദേഹത്തിന്റെ പ്രതിമയുണ്ട്. ഹാളിന്റെ ചുമരുകളില്‍ മഹര്‍ഷിയുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. മാര്‍ബിള്‍ തറയിലെങ്ങും ധ്യാനത്തില്‍ മുഴുകിയിരിക്കുന്നവരാണ്. പുറത്തേക്കുള്ള വഴി എത്തുന്നത് ആശ്രമമുറ്റത്തെ വിശാലമായ കിണറിനുമുന്നിലേക്കാണ്. പഴക്കമേറെയുള്ള കിണറ്റില്‍ നിറയെ മത്സ്യങ്ങളാണ്. മുന്നോട്ടുനീങ്ങിയാല്‍ ഓള്‍ഡ് ഹാളായി. നിരവധി വര്‍ഷങ്ങള്‍ മഹര്‍ഷി ധ്യാനത്തിലിരുന്ന സ്‌ഥലം. അവിടെയുള്ള കട്ടിലില്‍ മഹര്‍ഷിയുടെ ജീവന്‍ തുടിക്കുന്ന ഒരു ചിത്രം വച്ചിട്ടുണ്ട്. ഓള്‍ഡ് ഹാളിലും ധ്യാനത്തിലാണ്ട് നിരവധിയാളുകള്‍ ഇരിപ്പുണ്ട്. കണ്ണടച്ചാല്‍ തന്നെ അത്മീയത നല്‍കുന്ന അവാച്യമായ ആനന്ദം കൊണ്ട് മനസ് നിറയും. വൈരാഗ്യത്തിന്റെ തീവ്രതയില്‍ അവനവനെത്തന്നെ മറന്നുപോകുന്ന അവസ്‌ഥ. രമണ സമാധിക്ക് പുറത്ത് സ്വാമി സമാധിയായ പഴയ മന്ദിരം അതേപടി നിലനിര്‍ത്തിയിരിക്കുന്നു. വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നുകയറിയ രണ്ടു മുറി കെട്ടിടത്തില്‍ മഹര്‍ഷി ഉപയോഗിച്ചിരുന്ന നിരവധി വസ്‌തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കട്ടില്‍, കമണ്ഡലു, ചോറ്റുപാത്രം തുടങ്ങിയവയൊക്കെ ഇവിടെ കാണാം. ഓള്‍ഡ് ഹാളിന്റെ പുറത്ത് മഹര്‍ഷിയുടെ സഹചാരികളായ ലക്ഷ്‌മിയെന്ന പശുവിന്റെയും ജാക്കിയെന്ന നായയുടെയും വള്ളിയെന്ന മാനിന്റെയും ഒരു കാക്കയുടേയും സമാധി സ്‌ഥലങ്ങളുണ്ട്. ഇതുകൂടാതെ മഹര്‍ഷിയുടെ നിരവധി ശിഷ്യന്‍മാരുടേയും മറ്റ് ആശ്രമവാസികളുടേയും നിരവധി സമാധികളും ആശ്രമത്തിലുണ്ട്. ആശ്രമ വളപ്പിന്റെ പിറകില്‍ നിന്നാണ് അരുണാചലത്തിലേക്കുള്ള വഴി. ആത്മീയതയുടെ ഉത്തംഗൃംഗത്തിലേക്കുള്ള കവാടം. അത്മീയതയുടെ ഉയരങ്ങളിലേക്ക്, അരുണാചലത്തിലേക്ക് അടിക്കുപന്നിപോയി നിന്‍മുടിക്കെരന്നവും പറ- ന്നടുത്തുകണ്ടില്ല നിന്നെയിന്നുമഗ്നിലൈമേ, എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രയങ്ങളോടുടന്‍ നടിച്ചിടും നമശ്ശിവായ നായക നമോ നമഃ എന്നാണ് ശ്രീ നാരായണ ഗുരു അരുണാചലത്തെ പ്രകീര്‍ത്തിക്കുന്നത്. ബ്രഹ്‌മാവും വിഷ്‌ണുവും കാണാന്‍ യത്നിച്ച ശൈവമഹാവെളിയാണ് അരുണാലമെന്ന ഐതിഹ്യമാണ് ഗുരു സദാവശിവ ദര്‍ശനത്തിലൂടെ ഇങ്ങനെ സ്‌മരിച്ചിരിക്കുന്നത്. ഒരു പര്‍വതമെന്നതിലുപരി ശക്‌തിപ്രസരം പുറത്തുവിടുന്ന ഒരു ഊര്‍ജകേന്ദ്രമാണ് അരുണാചലം. ആശ്രമത്തോടു ചേര്‍ന്നുള്ള പര്‍വതത്തിന്റെ ഭാഗത്ത് ചെറുകുടിലുകള്‍ കാണാം. തദ്ദേശവാസികളുടേതാണ് ഇവ. ഇവിടം പിന്നിട്ടാല്‍ പാറക്കഷണങ്ങള്‍ പാകിയ മൂന്നടിയോളം മാത്രം വീതിയുള്ള പാത തുടങ്ങുന്നു. കുത്തനെയുള്ള കയറ്റം. വരണ്ട പാറക്കെട്ടുകള്‍ നിറഞ്ഞ വഴി. മലയിലെങ്ങും ചെറുമരങ്ങള്‍ വളര്‍ന്നു വരുന്നു. പുല്‍ച്ചെടികള്‍ വരെ വച്ചു പിടിപ്പിച്ചിരിക്കുന്നു. അവയെ ശ്രദ്ധയോടെ പരിചരിക്കുന്നുണ്ടെന്ന് ഉറപ്പാണ്. നീണ്ടു നിവര്‍ന്നുകിടക്കുന്ന ചെങ്കുത്തായ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വഴി. വഴിയില്‍ നായ്‌ക്കളെ കാണാം, പിന്നീട് മുമ്പേ നടന്നു പോകുന്നവരെയും മലയിറങ്ങുന്നവരെയും. ഒറ്റയ്‌ക്കായിപ്പോയാല്‍ അമ്പരിപ്പിക്കുന്ന നിശബ്‌ദത മാത്രം. പാതയുടെ ഇരുവശത്തും നിരവധി ഇടവഴികള്‍ എവിടെയും കാണാം. എകാന്തതയുടെയും മഹാമൗനത്തിന്റെയും പൊരുളറിയാന്‍ ഈ മലമുകളിലെ നിരവധിയിടങ്ങളില്‍ ഇന്നും തപസനുഷ്‌ഠിക്കുന്നവരുണ്ടത്രേ. മലമുകളിലേക്കെത്തും തോറും താഴെ തിരുവണ്ണാമലെ നഗരത്തിന്റെയും അരുണാചലക്ഷേത്രത്തിന്റെയും കാഴ്‌ചകള്‍ ദൃശ്യമാകും. ഇടയ്‌ക്ക് ഒരു സന്യാസിയെ കണ്ടു. 'ദി അണ്‍വാണ്ടറിംഗ്' എന്നാണ് ഗൃഹസ്‌ഥാശ്രമത്തില്‍ നിന്ന് വാനപ്രസ്‌ഥത്തിലേക്ക് എത്തിയ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. 13- ഭാഷകള്‍ അറിയാവുന്ന അദ്ദേഹം അരുണാചലത്തില്‍ തന്നെയാണ് വാസം. മലയേറി വരുന്ന ആരെയും അദ്ദേഹം അഭിസംബോധന ചെയ്യും അവരുടെ ഭാഷയില്‍ തന്നെ. ഇഷ്‌ടപ്പെട്ടവരോട് ഏറെ സംസാരിക്കും. അരുണാചലം സദാസമയം മഹാ ഊര്‍ജം പ്രസരിപ്പിക്കുന്നുവെന്ന് അദ്ദഹം പറഞ്ഞുതന്നു. ഭൂഖണ്ഡങ്ങള്‍ രൂപം കൊണ്ട കാലത്ത് ഉയര്‍ന്നുവന്നതാണ് അരുണാചലം. ഹിമാലയത്തേക്കാള്‍ പഴക്കമുള്ള പര്‍വതം. യാതൊരു പരിശീലനവുമില്ലാതെ ധ്യാനത്തിലിരിക്കാന്‍ കഴിയുന്ന ഇടമെന്നതാണ് അരുണാചലത്തിന്റെ എറ്റവും വലിയ പ്രത്യേകത. ഭൂമിശാസ്‌ത്രപരമായ ചില പ്രത്യേകതകള്‍ ഉള്ളതിനാലാണ് അരുണാചലത്തിന് ആത്മീയത പ്രസരിപ്പിക്കാനാകുന്നത്. ഇതിനുസമാനമായ ഒരു സ്‌ഥലം ബ്രസീലിലെ ബ്രസീലിയയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെ നിന്ന് യാത്രപറഞ്ഞ് വീണ്ടും നടന്നുനീങ്ങി. വഴിയിലെങ്ങും കരിങ്കല്ലില്‍ മനോഹരമായ കൊത്തുപണികള്‍ ചെയ്‌തു ചെറിയ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. മനോഹരമായ ചെറുവിഗ്രഹങ്ങള്‍. വിലപേശലൊന്നും ഇല്ല. എല്ലായിടത്തും ഒരു വിലമാത്രം. വീണ്ടും നടന്നുനീങ്ങിയാല്‍ സ്‌കന്ദാശ്രമത്തിലേക്ക് എത്തും. സ്‌കന്ദാശ്രമത്തിലേക്ക്... മഹര്‍ഷി നിരവധി വര്‍ഷങ്ങള്‍ തപസ് ചെയ്‌ത ഇരട്ടമുറിക്കെട്ടിടം. അദ്ദേഹത്തെ കാണാന്‍ അരുണാചലത്തിലെത്തിയ അമ്മ അഴഗമ്മാള്‍ താമസിച്ചിരുന്നതും ഇവിടെയായിരുന്നു. അവിടെവച്ചാണ് അമ്മയുടെ അന്ത്യവും ഉണ്ടായത്. ഒരു ഗുഹയായിരുന്ന സ്‌കന്ദാശ്രമം ഇരട്ടമുറിക്കെട്ടിടമായി മാറ്റിയെടുത്തതാണ്. ആശ്രമത്തിലെ ഇരുട്ടുനിറഞ്ഞ മുറികളില്‍ ധ്യാനത്തില്‍ ഇരിക്കുന്നവരെ കാണാം. പരിസരത്ത് നിരവധി വന്‍ വൃക്ഷങ്ങള്‍. മുന്നിലെ കല്‍ക്കെട്ടുകളില്‍ വിശ്രമിക്കുന്ന നിരവധിയാളുകള്‍. മേഞ്ഞു നടക്കുന്ന മയിലുകള്‍. ആശ്രമത്തിന്റെ അകത്തുകൂടി കടന്നുചെന്നാല്‍ പാറക്കൂട്ടത്തിനിടെയില്‍ ഒരു ചെറു ഉറവ പുറപ്പെടുന്നതുകാണാം. ഒരു നദിയുടെ തുടക്കം. മാധുര്യമേറിയ തണുപ്പ് നിറഞ്ഞ വെള്ളം. ഇവിടെയുള്ള രണ്ട് വന്‍ പാറകള്‍ക്കിടയിലൂടെ ഒരു വന്‍ മരം വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. സിമന്റിട്ട തറയില്‍ നിരവധിപേര്‍ ധ്യാനത്തില്‍ ഇരുന്നിരുന്നു. ഈ പാറകളിലൂടെ പിടിച്ചുകയറിയാല്‍ അരുണാചലത്തിന്റെ മുകളിലെത്താം. സ്‌കന്ദാശ്രമത്തില്‍ നിന്നു പുറത്തിറങ്ങി താഴേക്കുള്ള പടിക്കെട്ടുകള്‍ ഇറങ്ങിയാല്‍ വിരൂപാക്ഷ ഗുഹയിലേക്കുള്ള വഴിയായി. വിരൂപാക്ഷ ഗുഹയിലേക്ക് സ്‌കന്ദാശ്രമത്തില്‍ നിന്നുള്ള ഇറക്കമാണ് വിരൂപാക്ഷ ഗുഹയിലേക്കുള്ള വഴി. വന്‍ പാറകള്‍ക്കും കുറ്റിച്ചെടികള്‍ക്കും ചെറുമരങ്ങള്‍ക്കും ഇടയിലൂടെ ചെങ്കുത്തായ ഇറക്കം. ഈ ഒറ്റയടിപ്പാത അവസാനിക്കുന്നത് വിരൂപാക്ഷഗുഹയിലേക്കാണ്. വലിയൊരു പാറക്കടിയിലുള്ള ഒരുഗുഹ ചെറിയ മാറ്റങ്ങള്‍ വരുത്തി ചെറിയ ഒരു തിണ്ണ ഉണ്ടാക്കിയിട്ടുണ്ട്. പൂച്ചെടികള്‍ നിറഞ്ഞു നില്‍ക്കുന്ന മുറ്റം. പ്രണവാകൃതിയിലാണ് ഗുഹ. അതിനാല്‍ എപ്പോഴും ഇവിടെ നിന്ന് ഓംകാരം നിര്‍ഗമിക്കുന്നു. 16-ാം നൂറ്റാണ്ടില്‍ ഇവിടതപസുചെയ്‌തിരുന്ന വിരൂപാക്ഷ ഭഗവാന്റെ പേരിലാണ് ഈ ഗുഹ അറിയപ്പെടുന്നത്. അവസാനകാലത്ത് ഇവിടെയെത്തിയ വിരൂപാക്ഷ ഭഗവാനെ എകാന്തമായിരിക്കാന്‍ ശിഷ്യന്‍മാര്‍ അനുവദിച്ചു. പിറ്റേദിവസം അദ്ദേഹത്തിന്റെ ശരീരം ഭസ്‌മമായിരുന്നു. ഇവിടെ രമണമഹര്‍ഷി ഒരു ശിവലിംഗം പ്രതിഷ്‌ഠിച്ചു. നിറഞ്ഞുകത്തുന്ന ഒരു മണ്‍ചിരാതിനു മുന്നില്‍ ഇവിടെയും ധ്യാനനിരതരായി നിരവധിപ്പേരുണ്ടായിരുന്നു. 1899-1916 വരെനീണ്ട 17 വര്‍ഷക്കാലമാണ് രമണ മഹര്‍ഷി ഇവിടെ തപസ് ചെയ്‌തത്. നിരവധി അദ്വൈത ഗ്രന്ഥങ്ങള്‍ തമിഴിലേക്കു വിവര്‍ത്തനം ചെയ്‌തതും അരുണാചല സ്‌തുതി പഞ്ചകം രചിച്ചതും ഈ സമയത്താണ്. ശിഷ്യന്‍മാരായ ഗംഭീരം ശേഷയ്യര്‍ക്ക് ''ഞാന്‍ ആര് ''എന്ന അന്വേഷണവിദ്യ പകര്‍ന്നു നല്‍കിയതും '' ആത്മാന്വേഷണം'' എന്ന വിദ്യയും തപസ് എങ്ങനെ ചെയ്യണമെന്ന ഉപദേശവും കാവ്യകണ്‌ഠ മുനിക്ക് നല്‍കിയതും വിരൂപാക്ഷ ഗുഹയില്‍ വച്ചാണ്. ഭഗവാന്‍ രമണ മഹര്‍ഷിയിലേക്കുള്ള വെങ്കട്ടരാമന്റെ മാറ്റം പൂര്‍ണമാകുന്നത് ഈ കാലയളവിലാണ്. മനം നിറഞ്ഞ് തിരിച്ചിറക്കം വിരൂപാക്ഷ ഗുഹയില്‍ നിന്നുള്ള പടിക്കെട്ടുകള്‍ കയറി സ്‌കാന്ദശ്രമത്തിന്റെ മുന്നിലേക്കുള്ള യാത്ര തീര്‍ത്തും കഠിനമാണ്. കുത്തനെയുള്ള പടിക്കെട്ടുകള്‍. ഇരുന്ന് വിശ്രമിക്കാനാകാതെ കയറാനാകില്ല. തിരിച്ചിറക്കത്തില്‍ മനസ് എന്തെന്നല്ലാത്ത ശാന്തമാകും. പാറക്കല്ലുകള്‍ മാത്രം നിറഞ്ഞ ഈ പര്‍വതത്തെ പച്ചപുതപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കാണേണ്ടതുതന്നെയാണ്. അരുണാചല റീഅഫോര്‍സ്‌റ്റേഷന്‍ സൊസൈറ്റി കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയാണ്. ഇന്ന് ഇവിടെ കാണുന്ന ഓരോ പുല്‍ച്ചെടികളും ഇത്തരത്തില്‍ വെച്ചുപിടിപ്പിക്കപ്പെട്ടവയാണ്. ചെറുമരങ്ങള്‍ വളര്‍ന്ന് വൃക്ഷങ്ങള്‍ ആയിത്തുടങ്ങിയിരിക്കുന്നു. ഓരോപുല്‍ക്കൊടിയുടേയും ചുവട്ടില്‍ ഹോസുകള്‍ എത്തുന്നുണ്ട് നനയ്‌ക്കുന്നതിനായി. അരുണാചലത്തിലെ ഉറവകളില്‍ നിന്നുള്ള ശുദ്ധജലം. മനസിനൊപ്പം ശരീരത്തിനെ മൊത്തത്തില്‍ തണുപ്പിക്കുന്ന കുളിര്‍മയാണ് ഈ ഈ വെള്ളം കുടിക്കുമ്പോള്‍ അനുഭവപ്പെടുന്നത്. പ്രകൃതിയ്‌ക്കൊപ്പം മനുഷ്യനും മൃഗങ്ങളും ഒന്നാകുന്നയിടമാണ് അരുണാചലം. താന്‍ ആരാണെന്ന് അന്വേഷിച്ചറിയാനാണ് വെങ്കട്ടരാമന്‍ അരുണാചലത്തിലെത്തിയത്. മരണത്തിന്റെ അനുഭവത്തെ അതിജീവിച്ച് അദ്ദേഹം രമണ മഹര്‍ഷിയായത് ഈ പര്‍വതത്തില്‍ ജീവിച്ചാണ്. മധുരയ്‌ക്കടുത്ത് നീര്‍ച്ചുഴി ഗ്രാമത്തില്‍ മജിസ്‌ട്രേട്ട് കോടതി പ്ലീഡറായിരുന്ന സുന്ദരയ്യരുടെയും അളകമ്മാളിന്റെയും മകനായി 1879 ഡിസംബര്‍ 30നാണ് വെങ്കട്ടരാമന്‍ ജനിച്ചത്. പതിമൂന്നാം വയസ്സില്‍ പിതാവിനെ നഷ്‌ടപ്പെട്ടു. സ്‌കൂളില്‍പ്പോയി പഠിക്കാന്‍ താല്‍പര്യമില്ലായിരുന്ന വെങ്കിട്ടരാമനു 1886 ജൂലൈ 16ന് വിചിത്രമായ ഒരു അനുഭവം ഉണ്ടായി. വീട്ടില്‍ ഒറ്റയ്‌ക്കിരിക്കുമ്പോള്‍ താന്‍ മരിക്കുകയാണെന്ന് ആ ബാലന് തോന്നലുണ്ടായി. ഇതോടെ ലൗകികജീവിതത്തോടെ താല്‍പര്യം നശിച്ചു. വീട്ടുകാര്‍ അനിഷ്‌ടം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വീടുവിട്ടറങ്ങി. ഏറെ ദൂരം താണ്ടി 17-ാം വയസില്‍ തിരുവണ്ണാമലയിലെത്തി. അരുണാചലേശ്വര ശിവക്ഷേത്രത്തിലായിരുന്നു ആദ്യം വസിച്ചത്. അപൂര്‍വമായ കൊത്തുപണികള്‍ കൊണ്ട് നിറഞ്ഞതാണ് കരിങ്കല്ലില്‍ തീര്‍ത്ത ഈ ക്ഷേത്രം. കൊത്തുപണികള്‍ നിറഞ്ഞ നാലു ഗോപുരങ്ങള്‍. 1001 കല്‍ത്തൂണുകള്‍ നിറഞ്ഞ മണ്ഡപം, വിശാലമായ കുളം, ഭീമാകാരമായ നന്ദിപ്രതിമ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് മനോഹരമായ ഈ ക്ഷേത്രം. 16-ാം നൂറ്റാണ്ടില്‍ ചോള രാജാക്കന്‍മാരാണ് ക്ഷേത്രം നിര്‍മിച്ചത്. അരുണാചലശ്വേരനെ സ്വന്തം പിതാവെന്നായിരുന്നു മഹര്‍ഷി വിശേഷിപ്പിച്ചിരുന്നത്. ക്ഷേത്രത്തില്‍ അദ്ദേഹം തപസുചെയ്‌ത പാതാളലിംഗ ക്ഷേത്രവും അപൂര്‍വമായ ഒരു നിര്‍മിതിയാണ്. പിന്നീട് അരുണാചല പര്‍വതത്തിലേക്കു മഹര്‍ഷി താമസം മാറ്റി. തികഞ്ഞ മൗനത്തില്‍ നീണ്ട കാലം തപസിലിരുന്ന അദ്ദേഹം പുറം ലോകത്ത് നടക്കുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ക്രമേണ പ്രശസ്‌തനായ അദ്ദേഹത്തെ തേടി ഭക്‌തന്‍മാരെത്തിത്തുടങ്ങി. അവരോടു സംസാരിക്കാനും വേദങ്ങള്‍ ചര്‍ച്ച ചെയ്യാനും ആരംഭിച്ചു. മകന്‍ തിരുവണ്ണാമലയിലുണ്ടെന്നറിഞ്ഞ അഴകമ്മാള്‍ തിരുവണ്ണാമലയിലെത്തി പുത്രനെ കണ്ടു. 1922-ല്‍ അമ്മയുടെ സമാധിക്കുശേഷമാണ് അദ്ദേഹം അരുണാചലത്തിന്റെ താഴ്‌വരയിലുള്ള രമണാശ്രമത്തിലേക്കു താമസം മാറ്റിയത്. നീണ്ട അമ്പത്തിനാലു വര്‍ഷങ്ങളാണ് അദ്ദേഹം അരുണാചലത്തില്‍ കഴിഞ്ഞത്. പുള്ളിപ്പുലികളും, അണ്ണാറക്കണ്ണന്‍മാരും മയിലുകളും കുരങ്ങന്‍മാരും ഒക്കെ അദ്ദേഹത്തിനു സൃഹൃത്തുക്കളായിരുന്നു. 1950ഏപ്രില്‍ 14 ന് ഭൗതിക ശരീരം വെടിയുന്നതുവരെ അദ്ദേഹം ജീവിച്ചുകാണിച്ചത് പ്രകൃതിയും ഈശ്വരനും മനുഷ്യനും ഒന്നാകുന്നത് എങ്ങനെയാണെന്നതായിരുന്നു. ശുദ്ധാദ്വൈതത്തിന്റെ ഉദാത്തമായ മാതൃകയായി. വരും തലമുറയ്‌ക്ക് ബാക്കിവെക്കാതെ ഒന്നാകെ പ്രകൃതിയെ തിന്നുതീര്‍ക്കുന്ന പുതുതലമുറയ്‌ക്ക് രമണ മഹര്‍ഷിയുടെ ജീവിതം നല്‍കുന്ന സന്ദേശം ഇതാണ് പ്രകൃതിയോട് ഇണങ്ങി ജീവിക്കുക. രമണ മഹര്‍ഷിയുടെ ചരിത്രം മൗനത്തിന്റെ ചരിത്രമാണ്. വേദാന്തത്തിന്റെയും ഹിന്ദുമതത്തിന്റെയും ആചാര്യസ്‌ഥാനത്ത് നില്‍ക്കുന്ന ശ്രീശങ്കരാചാര്യര്‍ പകര്‍ന്നുനല്‍കിയ എല്ലാത്തിനും മൂര്‍ത്തരൂപമായ ഉദാഹരണമായിരുന്നു രമണ മഹര്‍ഷി. ആത്മവിദ്യയിലൂടെ ഈശ്വരനെ അറിഞ്ഞ് പ്രപഞ്ചത്തിന്റെ ഭാഗമായി ജീവിക്കുക എന്നതാണ് ഈ നൂറ്റാണ്ടിലും ഭഗവാന്‍ രമണ മഹര്‍ഷിയുടെ ജീവിതം നല്‍കുന്ന പാഠം.അരുണാചലം ഒരു പ്രതീകം മാത്രമാണ് പ്രകൃതി ഓരോ ജീവനും പകര്‍ന്നുനല്‍കുന്ന ഊര്‍ജത്തിന്റെ പ്രതീകം. ആധ്യാത്മിക പകര്‍ന്നേകുന്ന ആനന്ദം തേടിയെത്തുന്നവരെ അറിയാതെ സ്വയമലയിക്കുകയാണ് അരുണാചലവും രമണമഹര്‍ഷിയും ഇന്നും ചെയ്യുന്നത്. പരസ്‌പരം സംസാരിക്കാന്‍ ഭാഷപോലും ആവശ്യമില്ലാതിരുന്ന ആ മഹാത്മാവ് വിവരിക്കാനാവാത്ത അനുഭൂതിയാണ് ഇന്നും തന്നെത്തേടിയെത്തുന്നവര്‍ക്ക് പകര്‍ന്നേകുന്നത്. അഭിലാഷ് നായര്‍ |
Monday, January 11, 2010
മൗനത്തിന്റെ ഇടിമുഴങ്ങുന്ന പര്‍വതനിരയില്‍
Subscribe to:
Post Comments (Atom)
Excellent information
ReplyDelete