Monday, January 11, 2010

വര്‍ണവിവേചനമില്ലാത്ത തൂലിക


''ജനങ്ങളെ മതത്തിന്റെ, വര്‍ണത്തിന്റെ, ലിംഗത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നത്‌ തെറ്റാണ്‌. എല്ലാ ജീവജാലങ്ങളോടും നമ്മള്‍ സഹാനുഭൂതിയുള്ളവരായിരിക്കണം. മറ്റുള്ളവരെക്കുറിച്ച്‌ കരുതല്‍ ഉണ്ടാകണമെന്നത്‌ നമ്മുടെ ഉത്തരവാദിത്തവുമാണ്‌. ഈ വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു വര്‍ണവിവേചനത്തിനെതിരായുള്ള എന്റെ പോരാട്ടം''.

(ഷബീര്‍ ബാനുഭായി, ദക്ഷിണാഫ്രിക്കന്‍ കവികളില്‍ ശ്രദ്ധേയനായ ഇന്ത്യന്‍ വംശജന്‍.)

*** *** ***

കേവലം മനോവിചാരങ്ങളല്ല ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‍ കവി ഷബീര്‍ ബാനുഭായിക്ക്‌ കവിത. എഴുതുന്ന തൂലികയുടെ വലിപ്പവും മഹത്വവും അതില്‍ നിന്ന്‌ ഉതിരുന്ന വാക്കിന്റെ ശക്‌തിയും ഷബീറിനു വ്യക്‌തമായറിയാമെന്നതിന്‌ ചരിത്രം സാക്ഷി. ദക്ഷിണാഫ്രിക്കയിലെ കറുത്തവരെയും വെളുത്തവരെയും തൊലിപ്പുറത്തെ നിറത്തിന്റെ വ്യത്യാസത്തില്‍ മാത്രം വേര്‍തിരിക്കരുതെന്നുള്ള ഓര്‍മപ്പെടുത്തലുകളോടെ ഷബീര്‍ തന്റെ കവിതകളെ വര്‍ണവിവേചനത്തിനെതിരേയുള്ള പോരാട്ടവേദിയാക്കി. ഷബീറിന്റെ അക്ഷരംകൊണ്ടുള്ള ചാട്ടവാറടിയില്‍ ഭരണകൂടം ഞെരിപൊരികൊണ്ടു. തുടര്‍ന്നു വെള്ള ഭരണകൂടത്തിനു ഷബീറിന്റെ കവിതകളെ പലവട്ടം നിരോധിക്കേണ്ടിവന്നു. അധികാര വര്‍ഗത്തിന്റെ കാവല്‍സേനകളുടെ മുട്ടിവിളി ഏതുനിമിഷവും പ്രതീക്ഷിച്ചുതന്നെയാണ്‌ ഷബീര്‍ കവിതകളെഴുതിയത്‌. തന്റെ ചുറ്റുപാടുകളോട്‌ അര്‍ത്ഥവത്തായ രീതിയില്‍ പ്രതികരിക്കുന്നതില്‍ ഒരടിപോലും പിന്നോട്ടുവയ്‌ക്കാത്ത കവിയോടു പഴയപോരാട്ട നാളുകളെ കുറിച്ചു ചോദിച്ചാല്‍ അദ്ദേഹം ഇപ്പോഴും വാചാലനാകും.

1949 ല്‍ ഗുജറാത്തിലെ സൂറത്തില്‍നിന്നു ദര്‍ബനിലേക്കു കുടിയേറിയ അബ്‌ദുള്‍ ഹമീദിന്റെയും ജനാബ്‌ ബീബിയുടെയും മകനായി ജനിച്ച ഷബീര്‍ ബാനുഭായിക്ക്‌ ഈ അമ്പതാം വയസിലും തന്റെ ഉത്തരവാദിത്തം മറക്കാന്‍ കഴിയില്ല.

വര്‍ണവിവേചനത്തിനെതിരേയുളള പോരാട്ടത്തില്‍ മുന്‍നിരക്കാരനായിരുന്ന കവി, അതിനാല്‍തന്നെ ലോകത്തിന്റെ ഒരോ സ്‌പന്ദനങ്ങളും തൊട്ടറിഞ്ഞുള്ള യാത്രകളിലാണ്‌. 1970 കളില്‍ രൂപംകൊള്ളുകയും 80കളില്‍ വികസിക്കുകയും ചെയ്‌ത ദക്ഷിണാഫ്രിക്കയിലെ രാഷ്‌ട്രീയ-വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം കൊടുത്തതുകൊണ്ടും വര്‍ണവിവേചനത്തിനെതിരേ കറുത്തവര്‍ഗക്കാരുടെ സമരങ്ങളില്‍ പങ്കെടുത്തതിനാലും വെള്ള ഭരണകൂടത്തിന്റെ നോട്ടപ്പുളളിയായിരുന്നു പഠനകാലത്തെ ഷബീര്‍. അധ്യാപകനാവാന്‍ പഠനം തുടങ്ങിയ ഷബീര്‍ ഭരണകൂട അടിച്ചമര്‍ത്തല്‍ ശക്‌തമായപ്പോള്‍ വിദ്യാഭ്യാസം ഇടയ്‌ക്കുവച്ച്‌ ഉപേക്ഷിച്ചു വാണിജ്യമേഖലയിലേക്കു തിരിഞ്ഞു.

ആദ്യകാല രചനകളില്‍ ഭൂരിപക്ഷവും രാഷ്‌ട്രീയപരമാണ്‌. പിന്നീട്‌ രാഷ്‌ട്രീയത്തിനൊപ്പംതന്നെ സ്‌നേഹവും പ്രണയവും ദൈവവും ഉള്‍ക്കൊളളുന്ന സൂഫി കവിതകള്‍ക്കു സമാനമായ രചനകളിലേക്കു വഴുതിയെത്തി.

ലോകമെമ്പാടും അടിച്ചമര്‍ത്തല്‍ നേരിടുന്നവരോട്‌ - അത്‌ ഇറാഖിലോ ലാറ്റിനമേരിക്കയിലോ ഗുജറാത്തിലോ ആകട്ടെ - കവി ഐക്യപ്പെടുന്നു. 1992 ല്‍ ബാള്‍ക്കനില്‍ മുസ്ലീംകള്‍ കൂട്ടക്കൊലയ്‌ക്ക് ഇരയായപ്പോള്‍ ഷബീര്‍ ബാനുഭായി സാരായെവോയിലേക്കു തിരിച്ചു. അത്‌ ഒരു ജനതയുടെ ദുരന്തത്തില്‍ ഒപ്പംനില്‍ക്കാനുളള സാര്‍വദേശീയ മനസ്‌. പിന്നീട്‌ അവിടെ കണ്ട കാഴ്‌ചകളുടെ പശ്‌ചാത്തലത്തില്‍ എഴുതിയ 'സാരായെവോ' എന്ന കവിതക്ക്‌ 2001 ല്‍ തോമസ്‌ പ്രിംഗിള്‍ അവാര്‍ഡ്‌ ലഭിച്ചു. 'എക്കോസ്‌ ഓഫ്‌ മൈ അദര്‍ സെല്‍ഫ്‌' ആണ്‌ ആദ്യ കൃതി. 'ഷാഡോസ്‌ ഓഫ്‌ സണ്‍ ഡാര്‍ക്കന്‍ഡ്‌ ലാന്‍ഡ്‌', 'വിസ്‌ഡം ഇന്‍ എ ജഗ്‌-റിഫ്‌ളക്ഷന്‍സ്‌ ഓഫ്‌ ലവ്‌', 'ഇന്‍വേര്‍ഡ്‌ മൂണ്‍ ഔട്ട്‌വേര്‍ഡ്‌ സണ്‍', 'ബുക്ക്‌ ഓഫ്‌ സോംഗ്‌സ്', 'ഇഫ്‌ ഐ കുഡ്‌ റൈറ്റ്‌' (റമദാന്‍ ലെറ്റേഴ്‌സ്) എന്നിവയാണ്‌ മറ്റു കൃതികള്‍. അറുപതാം പിറന്നാള്‍ ദിനത്തില്‍ കേപ്‌ടൗണില്‍ കവിയുടെ മൂന്നു പുസ്‌തകങ്ങള്‍ പുറത്തിറങ്ങി. 'ഡാര്‍ക്ക്‌ ലൈറ്റ്‌', 'ലിറിക്‌സ് ഇന്‍ പാരഡൈസ്‌', 'ദ മിറേഴ്‌സ് മെമ്മറി' എന്നീ മൂന്ന്‌ കൃതികള്‍ മൂന്നുമാസം മുമ്പാണ്‌ പുറത്തിറങ്ങിയത്‌. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കേപ്‌ടൗണില്‍ സ്‌ഥിരതാമസം. ഇന്ത്യ സന്ദര്‍ശിക്കുന്ന ഷബീര്‍ കഴിഞ്ഞയാഴ്‌ച കൊച്ചിയില്‍ ഒരു പുസ്‌തക

പ്രകാശനത്തിനെത്തിയിരുന്നു. കവി സംസാരിക്കുന്നു.

* എന്താണ്‌ താങ്കള്‍ക്ക്‌ കവിത?

മനസിലെ വികാരങ്ങള്‍, ഉള്ളിലെ ആത്മീയത, വിശുദ്ധി എന്നിവയുടെ സത്യസന്ധമായ പ്രതിഫലനമാണ്‌ എന്റെ കവിതകള്‍. ദൈവം, സ്‌നേഹം എന്നിവ എന്നില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ബോധപൂര്‍വം രചനകളില്‍ ഒന്നും കുത്തിനിറയ്‌ക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. കവിതയെ ഞാന്‍ വളരെയേറെ ഇഷ്‌ടപ്പെടുന്നു. അത്‌ കലയുടെയും സംഗീതത്തിന്റെയും സങ്കലനമാണ്‌. കവിത എഴുതുന്നയാളുടെ വിശ്വാസങ്ങളും ധാരണകളും അതില്‍ അടങ്ങിയിട്ടുണ്ടാകും. എഴുതുന്ന ഓരോ വ്യക്‌തിയുടെയും ആത്മാവിന്റെ പ്രതിഫലനമാണത്‌. കവിതയെ ഞാന്‍ വളരെയേറെ ഇഷ്‌ടപ്പെടുന്നു. കവിതകളിലൂടെ എന്റെ നിലപാടുകള്‍ എനിക്കു മികച്ചരീതിയില്‍ തന്നെ ആവിഷ്‌കരിക്കാന്‍ കഴിയുന്നുണ്ട്‌. മനസ്‌ നിര്‍ബന്ധിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും കവിത എഴുതുന്നു.

* ഇന്നത്തെ എഴുത്തുകാര്‍ സാമൂഹിക, രാഷ്‌ട്രീയ പ്രശ്‌നങ്ങളിലൊന്നും സജീവമായി ഇടപെടാതെ മാറിനില്‍ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

എഴുതാന്‍ കഴിവുളളവര്‍ സാമൂഹിക, രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുകതന്നെ വേണം. എന്നാല്‍ കവി എഴുത്തുനിര്‍ത്തി പോരാട്ടം മാത്രം നടത്തണമെന്നതിനോട്‌ എനിക്കു യോജിപ്പില്ല. കവിക്കു തന്റെ ചുറ്റുപാടുകളെ അര്‍ത്ഥവത്തായ രീതിയില്‍ കാണാനാകും. അതുകൊണ്ട്‌ തന്നെ അയാള്‍ ചുറ്റുപാടുകളോടു പ്രതികരിക്കേണ്ടതുണ്ട്‌. എന്നാല്‍ എന്റെ ജോലി എഴുതുക എന്നതു മാത്രമാണെന്നും, ചുറ്റുപാടുകളോടു പ്രതികരിക്കേണ്ടതില്ലെന്നുമുള്ള ചിന്താഗതികളോട്‌ എനിക്കു യോജിപ്പില്ല.

* എന്താണ്‌ താങ്കളുടെ രാഷ്‌ട്രീയ കാഴ്‌ചപ്പാട്‌? കോളജ്‌ കാലത്തില്‍ നിന്നും ഇപ്പോള്‍ മാറ്റമുണ്ടായിട്ടുണ്ടോ?

ഇല്ല, ആ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ ഒട്ടും മാറിയിട്ടില്ല. ആ കാഴ്‌ചപ്പാടുകള്‍ക്ക്‌ ഒരിളക്കവും സംഭവിച്ചിട്ടില്ല. 1970 കാലങ്ങളില്‍ സ്‌റ്റുഡന്റ്‌ റെപ്രസന്ററ്റീവ്‌ കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്നു ഞാന്‍. പലതവണ നിരോധിക്കപ്പെട്ട കോളജ്‌ വാര്‍ത്താ പത്രത്തിന്റെ എഡിറ്ററുമായിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ സജീവമായി ഞാനുണ്ടായിരുന്നു. കോളജ്‌ വിദ്യാഭ്യാസമാണ്‌ ഇന്നത്തെ രീതിയില്‍ എന്നെയും കവിതയെയും രൂപപ്പെടുത്തിയത്‌.

* ഒരു കവിയെന്ന നിലയില്‍ താങ്കള്‍ ലക്ഷ്യം നേടിയെന്നു കരുതുന്നുണ്ടോ?

കൃത്യമായ ഒരുത്തരം പറയാന്‍ കഴിയില്ല. ഞാനെഴുതുന്നത്‌ സമൂഹത്തിന്‌ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെട്ടാലേ എഴുത്തു വിജയമാകുന്നുള്ളൂ. എനിക്ക്‌ അക്കാര്യത്തില്‍ ഉറപ്പില്ല. എന്റെ കവിത വായിക്കപ്പെടുന്നുണ്ട്‌. പലരും ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്‌. അതു കേള്‍ക്കുമ്പോള്‍ സന്തോഷം. ഇന്ന്‌ എന്റെ കവിതകള്‍ ആരും വായിക്കുന്നില്ലെന്നു കരുതുക. എനിക്ക്‌ അധികം വിഷമമുണ്ടാവില്ല. നാളെയൊരുനാള്‍ എല്ലാവരും വായിക്കും എന്നാണ്‌ പ്രതീക്ഷ. എന്തായാലും എന്റെ കവിതകള്‍ ഒരാളെ മോശക്കാരനാക്കുമെന്നു ഞാന്‍ കരുതുന്നില്ല.

* ദക്ഷിണാഫ്രിക്കയിലെ ഇന്നത്തെ വര്‍ണവിവേചനത്തിന്റെ സ്‌ഥിതി എന്താണ്‌?

വര്‍ണവിവേചനത്തിന്റെ രൂക്ഷത ഇന്നില്ല. കറുത്തവരുടേതായ ഭരണകൂടങ്ങള്‍ സ്‌ഥാപിതമായതോടെ വര്‍ണവിവേചനവും വെറിയും കുറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇന്നും ശക്‌തമായിതന്നെ ജനങ്ങള്‍ക്കിടയില്‍ വിവേചനമുണ്ട്‌. കറുത്തവര്‍ഗക്കാരനോട്‌ വന്‍നഗരങ്ങളിലെ ആഡംബര മേഖലകളില്‍ കഴിയുന്ന വെളുത്തനിറക്കാരന്‌ പുച്‌ഛവും അവജ്‌ഞയുമുണ്ട്‌. പക്ഷേ, മുമ്പത്തെപ്പോലെ പരസ്യമായി കറുത്തവര്‍ഗക്കാര്‍ക്കുനേരെ എന്തെങ്കിലും പറയാന്‍ വെളുത്തവര്‍ഗക്കാരനു ധൈര്യമില്ല. ഇപ്പോഴും കറുത്തവര്‍ വളരെ പിന്നിലാണ്‌. സാമ്പത്തികമായും സാമൂഹികമായും. അതിന്റെ പ്രശ്‌നങ്ങളുണ്ട്‌. രാജ്യം പൊതുവില്‍ മുന്നോട്ടാണ്‌ നീങ്ങുന്നത്‌.

* പൂര്‍വ്വികര്‍ ഗുജറാത്തിലാണല്ലോ, ഗുജറാത്ത്‌ കൂട്ടക്കൊലയെ കുറിച്ച്‌ അറിഞ്ഞുകാണുമല്ലോ, ഈ കാലഘട്ടത്തിലും ഇന്ത്യയിലും വര്‍ഗ, വര്‍ണ, ജാതി, രാഷ്‌ട്രീയ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു. ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ഗുജറാത്തില്‍ നടന്നത്‌ ഒരിക്കലും സംഭവിച്ചുകൂടാത്തതാണ്‌. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനെതിരേ നടത്തുന്ന ഏതൊരു തരം ഹിംസയും അനുവദിച്ചുകൂടാത്തതാണ്‌. ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്‌. ബന്ധുക്കള്‍ പലരും ഗുജറാത്തിലുള്ളതുകൊണ്ടു കൂടിയാവും അത്‌. കൂട്ടക്കൊല നടന്ന ദിവസങ്ങളില്‍ ഞങ്ങള്‍ വല്ലാത്ത അവസ്‌ഥയിലായിരുന്നു. കരയുകയായിരുന്നു എന്നു പറയാം. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിനു മതത്തിന്റെ പേരില്‍ നടക്കുന്ന ഏതൊരുതരം അതിക്രമവും നാണക്കേടാണ്‌. ഈ കൂട്ടക്കൊലകള്‍ മതത്തിന്റെ പേരില്‍ നടന്ന രാഷ്‌ട്രീയ മുതലെടുപ്പുകളുടെ അനന്തരഫലമാണ്‌. ഇന്ത്യയിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ മാറേണ്ടതുണ്ടെന്നാണ്‌ എന്റെ അഭിപ്രായം. ജാതി വ്യവസ്‌ഥ ഏറ്റവും ശക്‌തമായിതന്നെ പലയിടത്തും നിലനില്‍ക്കുന്നുണ്ട്‌. സ്‌ത്രീധനവും അതുമായി ബന്ധപ്പെട്ട മരണങ്ങളും നടക്കുന്നു. ഇന്ത്യ ഒത്തിരിയേറെ മുന്നോട്ടു പോകേണ്ടതുണ്ട്‌. അതേ സമയത്ത്‌ ഇന്ത്യ പല രാജ്യങ്ങളേക്കാള്‍ ജനാധിപത്യത്തിന്റെ കാര്യത്തില്‍ മുന്നിലാണു താനും. ഈ വസ്‌തുത കാണാതിരിക്കരുത്‌.

* ഇന്ത്യന്‍ സാഹിത്യം ശ്രദ്ധിക്കാറുണ്ടോ?

എഴുത്തുകാരില്‍ കമലാദാസിനെയും അരുന്ധതി റോയിയെയുമാണ്‌ ഇഷ്‌ടം. ശക്‌തമായ എഴുത്താണ്‌ കമലയുടേത്‌. അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ഇന്ത്യയില്‍ നിന്നുയരുന്ന ശക്‌തമായ ശബ്‌ദമാണ്‌ അരുന്ധതി റോയിയുടേത്‌. സാമൂഹിക പ്രശ്‌നങ്ങളിലും എഴുത്തിലും അവര്‍ എപ്പോഴും പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സാമൂഹിക വ്യവസ്‌ഥകളെ കുറിച്ചു കൃത്യമായ വര്‍ണനകള്‍ അവരുടെ പുസ്‌തകങ്ങളിലുണ്ട്‌. ഇവിടത്തെ വായനാസമൂഹം എന്നെ അത്ഭുതപ്പെടുത്തുന്നു. ദക്ഷിണാഫ്രിക്കയെ അപേക്ഷിച്ച്‌ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ പുസ്‌തകം ലഭിക്കുന്നതും വായനയെ വളര്‍ത്തുന്നുണ്ട്‌.

* താങ്കള്‍ ഈശ്വര വിശ്വാസിയാണോ?

ഈശ്വരനുമായുളള എന്റെ ബന്ധം ഇപ്പോഴും ദുര്‍ബലവും അപൂര്‍ണവുമാണ്‌. എന്റെ ഔപചാരികമായ വിശ്വാസം ഇസ്ലാമികമാണ്‌. ഞാനൊരു മുസ്ലീമാണ്‌. നല്ല മനുഷ്യനായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ മതത്തിന്റെയും കേന്ദ്രവും ലക്ഷ്യവും ഒന്നാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ദൈവസാന്നിധ്യം എല്ലായിടത്തുമുണ്ട്‌. നമുക്കുള്ളിലും പുറത്തുമുണ്ട്‌. ഈശ്വരനെ സ്‌നേഹിക്കുക എന്നതിനര്‍ത്ഥം എല്ലാവരോടും സഹാനുഭൂതിയുണ്ടാകുക എന്നതാണ്‌. എന്റെ വിശ്വാസങ്ങള്‍ നിശ്‌ചയമായും കവിതയിലും കടന്നുകൂടിയിട്ടുണ്ട്‌.

* ഇന്ത്യയില്‍ മുമ്പു വന്നിട്ടുണ്ടോ? കേരളത്തെക്കുറിച്ച്‌?

മുപ്പതുവര്‍ഷം മുമ്പ്‌ ഞാനും ഭാര്യ റുക്‌സാനയും വന്നിരുന്നു. അന്ന്‌ തിരുവനന്തപുരത്തു ഞങ്ങള്‍ രണ്ടു ദിവസം ചെലവഴിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക്‌ എന്റെ ആദ്യ പുസ്‌തകത്തിന്റെ കോപ്പി നേരിട്ടു നല്‍കുകയും ചെയ്‌തു. ഗുജറാത്തില്‍ എന്റെ ബന്ധുക്കളുണ്ട്‌. കേരളത്തില്‍ നിന്ന്‌ ഞാനങ്ങോട്ടാണ്‌ പോകുന്നത്‌. ഒരാഴ്‌ചയോളം അവിടെ തങ്ങും. എന്റെ മക്കളെ ഞങ്ങളുടെ ജന്മവേരുകള്‍ പരിചയപ്പെടുത്തുക എന്നതു കൂടിയാണ്‌ ഇത്തവണത്തെ യാത്രയുടെ ലക്ഷ്യം. കേരളത്തില്‍ ചില എഴുത്തുകാരുമായി എനിക്കു വര്‍ഷങ്ങളായി ഉറ്റ ബന്ധമുണ്ട്‌. കേരളം സുന്ദരമാണ്‌. പക്ഷേ സാമ്പത്തിക-സാമൂഹ്യ അവസ്‌ഥ ഇനിയും മെച്ചപ്പെടാനുണ്ട്‌. പക്ഷേ ഇവിടെ വരാനായത്‌ എന്റെ ഭാഗ്യമാണ്‌.

എം.എ. ബൈജു


No comments:

Post a Comment