പരീക്ഷണശാലകളില്‍ നിന്നു പുറത്തിറക്കുന്ന ജനിതകമാറ്റം വരുത്തിയ കാര്‍ഷികവിളകളുടെ വിത്തുകള്‍ വിറ്റഴിച്ച് കീശവീര്‍പ്പിക്കാന്‍ കാത്തിരിക്കുന്ന കുത്തകഭീമന്‍മാര്‍ക്കെതിരേ ഇതാ വ്യത്യസ്‌തമായ ഒരു പ്രതിഷേധം. ഒരു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ മുന്നേറ്റത്തില്‍ ഗ്രാമവാസികളാകെ അണിനിരക്കുമ്പോള്‍ ഭക്ഷ്യവിളകളിലെ ജനിതകപരീക്ഷണങ്ങള്‍ വരുത്തിയേക്കാവുന്ന വിപത്തുകളെക്കുറിച്ച് ഇവിടുത്തെ കൊച്ചുകുട്ടികള്‍പോലും ബോധവാന്‍മാര്‍. ആഗോളകുത്തകകള്‍ക്ക് രാജ്യത്തിന്റെ വാതില്‍ തുറന്നുകൊടുക്കുന്ന ഭരണാധികാരികള്‍ക്കും ഭാവിതലമുറകളെ ഗ്രസിക്കാവുന്ന വിപത്തായിട്ടും കണ്ണടച്ചിരുട്ടാക്കുന്ന രാഷ്‌ട്രീയക്കാര്‍ക്കുമുള്ള ശക്‌തമായ താക്കീതുകൂടിയാണ് ഈ കൂട്ടായ്‌മ. മാരാരിക്കുളം വടക്കുപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കണിച്ചുകുളങ്ങരയില്‍ നടക്കുന്ന 'വഴുതനോത്സവ'മാണ് ലാഭക്കണ്ണുകളോടെ മൂന്നാം ലോകരാഷ്‌ട്രങ്ങളെ വിഴുങ്ങാന്‍ തയ്യാറെടുക്കുന്ന ബഹുരാഷ്‌ട്രകുത്തകകളുടെ അധിനിവേശത്തിനെതിരേയുള്ള കര്‍ഷകന്റെ പ്രതിരോധമാകുന്നത്. അതിജീവനത്തിനായുള്ള അവന്റെ അവസാന പിടച്ചിലിന്റെ ബഹിര്‍സ്‌ഫുരണം സന്ദര്‍ശകരിലേക്കും സന്നിവേശിപ്പിക്കാന്‍ കഴിയുന്നതുതന്നെയാണ് വഴുതനോത്സവത്തിന്റെ വിജയം. ബി.ടി. വഴുതനയ്‌ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പഞ്ചായത്ത് വഴുതനോത്സവം സംഘടിപ്പിച്ചത്. പോയകാലത്ത് ഏറെ പ്രസിദ്ധമായിരുന്ന 'മാരാരിക്കുളം വഴുതന' എന്ന തനതുവിളയുടെ നിലനില്‍പ്പും ലക്ഷ്യമിടുന്ന വഴുതനോത്സവത്തിന് പിന്തുണയുമായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുമെത്തിയിട്ടുണ്ടെന്നത് പരിപാടിയുടെ പ്രാധാന്യം വിളിച്ചോതുന്നു. 'മോണ്‍സാന്റോ' എന്ന അമേരിക്കന്‍ കമ്പിനിയുടെ സാങ്കേതകപിന്തുണയോടെ മഹാരാഷ്‌ട്ര ഹൈബ്രിഡ് കോര്‍പ്പറേഷന്‍ (മഹികോ) പുറത്തിറക്കാനുദ്ദേശിക്കുന്ന ബി.ടി. വഴുതനയുടെ വിത്തുകള്‍ക്ക് രാജ്യത്ത് വിപണനാനുവാദം നല്‍കാനുള്ള തീരുമാനം വിവിധ സംഘടനകളുടെ ശക്‌തമായ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരിവരെ മരവിപ്പിച്ചിരിക്കുകയാണ്. നാലിരട്ടി വിളവെന്നും കീടങ്ങളില്‍ നിന്ന് പരിരക്ഷയെന്നുമൊക്കെപ്പറഞ്ഞ് അത്തരം വിത്തുകള്‍ ഉല്‌പാദിപ്പിച്ച്, കാലക്രമേണ അവരുടെ വിത്തുകള്‍ മാത്രമുപയോഗിക്കേണ്ട അവസ്‌ഥയിലെത്തിക്കാനുള്ള കുത്തക കമ്പിനികളുടെ നീക്കം ജൈവവൈവിധ്യത്തിന് ഏല്‍പ്പിക്കാവുന്ന ആഘാതം എത്ര വലുതാണെന്നറിയണമെങ്കില്‍ ഈ വഴുതനോത്സവനഗരിയിലേക്ക് വരണം. ബി.ടി. വഴുതനയ്‌ക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ജമ്മു- കാശ്‌മീര്‍, ഹൈദരാബാദ്, മൈസൂര്‍, ബംഗളൂരു തുടങ്ങിയ സ്‌ഥലങ്ങളില്‍ വഴുതനമേളകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്ര വിപുലമായി 'വഴുതനോത്സവം' സംഘടിപ്പിക്കുന്നത് ഇന്ത്യയിലിതാദ്യമാണെന്ന് സംഘാടകര്‍ സാക്ഷ്യപ്പെടുത്തുന്നു. ജനുവരി മൂന്നിനാണ് ഉത്സവം സമാപിക്കുക. വഴുതനയെന്നാല്‍ അറിയൂ അതു വെറും.... മുന്തിരിങ്ങയെക്കാള്‍ ചെറിയ ചുണ്ടയ്‌ക്ക മുതല്‍ ഏറെക്കുറെ പപ്പായയോളം വലിപ്പമുള്ള വഴുതനങ്ങവരെ... കടുംവയലറ്റ് നിറത്തില്‍ മുതല്‍ വെള്ളയും പച്ചയും ബഹുവര്‍ണ്ണനിറങ്ങളിലുംവരെ... ആപ്പിളിനോടും തക്കാളിയോടും രൂപസാമ്യമുള്ളതു മുതല്‍ ചെറുവിരലിന്റെ പകുതിയില്‍ താഴെ വലിപ്പമുള്ള നിത്യവഴുതനയും പശുവിന്‍ മുഖം പോലിരിക്കുന്ന ഗോമുഖ വഴുതനയും വരെ... ഇങ്ങനെ വ്യത്യസ്‌തമായ നൂറോളം ഇനം വഴുതനങ്ങളുടെ അത്ഭുതപ്രപഞ്ചമാണ് ഇവിടെ നമുക്കായി കാത്തിരിക്കുന്നത് (ഇന്ത്യയില്‍ ആകെ 2500 ഓളം ഇനം വഴുതനയുണ്ടെന്നറിയുമ്പോഴാണ് ബി.ടി. വഴുതനയെന്ന ഒറ്റയിനം വ്യാപിക്കപ്പെട്ടാലുള്ള ദോഷം വ്യക്‌തമാവുക.) കര്‍ണ്ണാടകയിലെ ശിവമുഖ ജില്ലയില്‍ നിന്നുള്ള 'ഗോമുഖ' വഴുതന ആയുര്‍വേദ ഔഷധനിര്‍മ്മാണത്തിനുപയോഗിക്കുന്നതാണ്. ഉടുപ്പി ശ്രീകൃഷ്‌ണക്ഷേത്രത്തില്‍ നിത്യവും നിവേദ്യത്തിനുപയോഗിക്കുന്ന പാരമ്പിള്ളി കത്തിരിയും മേളയിലുണ്ട്. ഹസിരുലോങ്, മുല്ല, എമഗ്രീന്‍, മരബദന, നീലി, മുളവഴുതന തുടങ്ങി 34 ഇനങ്ങള്‍ കര്‍ണാടകയില്‍ നിന്നു മാത്രം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ രാമഗുല്ല, വൈറ്റ് ഗുല്ല തുടങ്ങി ചുണ്ടയ്‌ക്ക തന്നെ അഞ്ചിലധികം ഇനങ്ങള്‍ വരും. അലന്‍ഗുടി, പാന്‍രുട്ടി, സക്കോടൈ, കുംഭകോണം, ഒട്ടന്‍ചന്ത്രം, കതിരിപുലം, തെന്നാപുലം തുടങ്ങി തമിഴ്‌നാട്ടില്‍ നിന്ന് ഓരോ സ്‌ഥലങ്ങളില്‍ നിന്നും പ്രത്യേകം പ്രത്യേകം വഴുതന പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നു. ആപ്പിള്‍ വഴുതന, തക്കാളി കത്തിരി, വാള വഴുതന, വെള്ള വഴുതന, നീല വഴുതന, വരയന്‍ കത്തിരി, പച്ച വഴുതന തുടങ്ങി കേരളത്തില്‍ നിന്നും അമ്പതോളം ഇനങ്ങള്‍ മേളയിലുണ്ട്. ഇളംപച്ചനിറത്തില്‍ കനംകുറഞ്ഞ് നീളത്തിലുള്ള മാരാരിക്കുളം വഴുതനയ്‌ക്ക് ചരിത്രത്തില്‍ സ്‌ഥാനമുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. തിരുവിതാംകൂര്‍, അമ്പലപ്പുഴ രാജകുടുംബങ്ങളിലേക്ക് ഏറെ രുചികരമായ ഈ വഴുതന സ്‌ഥിരമായി കൊണ്ടുപോയിരുന്നത്രെ. മുറജപം നടക്കുമ്പോഴും തിരുവനന്തപുരത്തേക്ക് മാരാരിക്കുളം വഴുതന കൊണ്ടുപോയിരുന്നു. വിറ്റാമിന്‍- എ യുടെ അളവ് ഇതില്‍ ഏറെയുണ്ടെന്ന് പഠനങ്ങള്‍ വ്യക്‌തമാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷംവരെ വിളവെടുക്കാവുന്ന ഇനം വഴുതനകള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. മരവഴുതനയുടെ ചെടി മരംപോലെ വളരുന്നതിനാലാണ് ഈ പേരു കിട്ടിയത്. വഴുതനയുടെ സ്വദേശം ഇന്ത്യയാണ്. ഏകദേശം 4000 വര്‍ഷം മുമ്പു മുതല്‍ വഴുതന കൃഷി ചെയ്‌തിരുന്നത്രെ. വിവിധ സംസ്‌ഥാനങ്ങളിലായി അഞ്ചുലക്ഷം ഹെക്‌ടറില്‍ നിന്ന് പ്രതിവര്‍ഷം 82 ലക്ഷം ടണ്‍ വഴുതന ഉല്‍പ്പാദിപ്പിക്കുന്നതായാണ് കണക്ക്. ഭക്ഷ്യവിഭവങ്ങള്‍, കട്‌ലറ്റ്, അച്ചാര്‍, ജാം തുടങ്ങിയവയ്‌ക്കുണ്ടാകാനും ഔഷധനിര്‍മ്മാണത്തിനും വഴുതനയുപയോഗിക്കുന്നു. വഴുതനത്തൈകളും മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളും വഴുതനോത്സവ നഗരിയിലുണ്ട്. തീന്‍പാത്രത്തിലെ വിഷം ഭക്ഷ്യവിളകളില്‍ ജനിതകമാറ്റം വരുത്തുന്നതിനെതിരെ ബോളിവുഡ് ചലച്ചിത്രകാരന്‍ മഹേഷ്‌ഭട്ട് ഒരുക്കിയ തീന്‍പാത്രത്തിലെ വിഷം ക്ക ഗ്ഗഗ്നദ്ധന്ഥഗ്ന ഗ്നക്ഷ ഗ്ഗന്റന്ധനുന്ഥ എന്ന ഹ്രസ്വചിത്രം കാണാന്‍ കൊച്ചിയില്‍ പോയതാണ് വഴുതനോത്സവമെന്ന ആശയത്തിന് തുടക്കമിട്ടതെന്ന് പ്രീയേഷ്‌കുമാര്‍ പറയുന്നു. ആ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന മനച്ചേരി വാസുപിള്ള എന്ന പരമ്പരാഗത വഴുതന കര്‍ഷകന്‍ രണ്ടാഴ്‌ച മുമ്പാണ് മരിച്ചത്. പഞ്ചായത്ത് വാസുപിള്ളയ്‌ക്ക് കര്‍ഷകശ്രേഷ്‌ഠപുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. വാസുപിള്ളയുടെ ഛായാചിത്രവും പ്രദര്‍ശനനഗരിക്ക് മുന്‍പില്‍ സ്‌ഥാപിച്ചിട്ടുണ്ട്. ബി.ടി. വഴുതനയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പരിസ്‌ഥിതി സംഘടനയായ 'തണല്‍' പഞ്ചായത്തിനൊപ്പമുണ്ട്. ഇവര്‍ക്ക് പുറമേ ബംഗളുരു ആസ്‌ഥാനമാക്കി, പ്രവര്‍ത്തിക്കുന്ന 'സഹജസമ്രുധ'യുടെ പ്രവര്‍ത്തകരും വഴുതനോത്സവത്തില്‍ പങ്കെടുത്ത് സന്ദര്‍ശകരെ ബി.ടി. വഴുതനയുടെ ദൂഷ്യവശങ്ങള്‍ പറഞ്ഞു മനസിലാക്കുന്നു. സഹജസമ്രുധ പ്രവര്‍ത്തകരും കര്‍ണ്ണാടകക്കാരുമായ ശ്രീനിവാസ്, സദാശിവന്‍ എന്നിവര്‍ക്കൊപ്പം വഴുതനോത്സവത്തില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്‌റ്റുകളായ അഭിജിത്, പവന്‍ എന്നിവര്‍ 'സെമോക്ലീസിന്റെ വാള്‍' പോലെ ബി.ടി. വഴുതന ഭാരതത്തിന് മുകളില്‍ തൂങ്ങി നില്‍ക്കുന്നത് ചിത്രീകരിച്ചിരിക്കുന്നതും കാണികളെ ആകര്‍ഷിക്കുന്നുണ്ട്. ഇപ്പോള്‍ പ്രിയേഷ്‌കുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചാല്‍ കേള്‍ക്കുന്നത് മാരാരിക്കുളം വഴുതനോത്സവത്തെക്കുറിച്ചുള്ള വിവരണമാണ്. ബി.ടി. വഴുതന വഴുതനയുടെ വിത്തിന്റെ ജനിതകഘടനയില്‍ മാറ്റം വരുത്തിയാണ് ബി.ടി. വഴുതന നിര്‍മ്മിക്കുന്നത്. കീടങ്ങളെ പ്രതിരോധിക്കാനായി ബാക്‌ടീരിയകളെയും ഇതിലുള്‍പ്പെടുത്തുന്നത് വഴുതന ഭക്ഷിക്കുന്നവര്‍ക്ക് എന്തൊക്കെ ദൂഷ്യവശങ്ങളുണ്ടാക്കുമെന്നത് സംബന്ധിച്ച് ഇനിയും വേണ്ടത്ര പഠനങ്ങള്‍ നടത്തിയിട്ടില്ലെന്ന് 'തണല്‍' ഡയറക്‌ടര്‍മാരിലൊരളായ ശ്രീധര്‍ പറയുന്നു. ബി.ടി. പരുത്തി വ്യാപിപ്പിച്ചപ്പോള്‍ ആയിരക്കണക്കിന് പരുത്തിയിനങ്ങളാണ് ഇല്ലാതായത്. ഇത് കൃഷിചെയ്യുന്ന സ്‌ഥലങ്ങളില്‍ അലര്‍ജിരോഗങ്ങള്‍ വര്‍ദ്ധിക്കുകയും പരുത്തിച്ചെടിയുടെ അവശിഷ്‌ടങ്ങള്‍ കഴിച്ച കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്‌തു. പരുത്തിവിത്ത് വിറ്റ് കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്ന് 800 കോടിയാണ് മോണ്‍സാന്റോ കൊണ്ടു പോയത്. നെല്ലുള്‍പ്പെടെ 56 ഇനങ്ങളില്‍ മോണ്‍സാന്റോ ജനിതകപരീക്ഷണം നടത്തുന്നു. കാര്‍ഷികവിത്തു വിപണി മൊത്തം കൈക്കലാക്കാന്‍ ശ്രമിക്കുന്ന മോണ്‍സാന്റോ ലോകത്തിന് നാശം വരുത്തുന്ന പത്തുകമ്പിനികളില്‍ ആദ്യത്തേതായാണ് അടുത്തിടെ നടന്ന പരിസ്‌ഥിതി ഉച്ചകോടിയില്‍ വിലയിരുത്തപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. മഹേഷ്‌ഭട്ടിന് പുറമേ ശ്രീശ്രീരവിശങ്കറും ബാബാ രാംഭേവും മുതല്‍ വിവിധരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനുപേര്‍ മാരാരിക്കുളത്തെ കര്‍ഷകരുടെ മുന്നിലുണ്ട്. മഹാത്മാഗാന്ധി സമരായുധമായി ഉപയോഗിച്ച പരുത്തിപോലും സ്വന്തമാക്കിയ ബഹുരാഷ്‌ട്ര കുത്തകകള്‍ നമ്മുടെ കാര്‍ഷികവിളകള്‍ക്കും ജൈവസമ്പത്തിനും പേറ്റന്റ് എടുക്കാന്‍ ശ്രമിക്കുമ്പോഴും മൗനം ഭജിക്കുന്ന ഭരണാധികാരികള്‍ക്ക് ഇനിയെത്രനാള്‍ നിസംഗനിലപാട് തുടരാനാകുമെന്ന് കണ്ടറിയണം. പ്രദീപ് സി. നെടുമണ്‍ |
Monday, January 11, 2010
പ്രതിരോധത്തിന്റെ 'വഴുതന സ്‌റ്റൈല്‍'
Subscribe to:
Post Comments (Atom)
No comments:
Post a Comment