Monday, January 11, 2010

എന്റെ പ്രിയപ്പെട്ട യേശു



എം. കെ. അര്‍ജുനന്‍














അന്നും ഇന്നും എനിക്ക്‌ യേശുദാസ്‌ സഹോദര തുല്യനാണ്‌. എന്റെ തറവാട്‌ മട്ടാഞ്ചേരിയിലായിരുന്നു. ദാസിന്റേത്‌ ഫോര്‍ട്ടുകൊച്ചിയിലും. നാലുവയസിന്റെ മൂപ്പുണ്ടെനിക്ക്‌. ചെറുപ്പം മുതലേ യേശുദാസിനെ അറിയും. യേശുവെന്നാണ്‌ ഞാന്‍ വിളിക്കാറ്‌. സിനിമയില്‍ എത്തുംമുമ്പേ ഞങ്ങള്‍ അടുത്ത പരിചയക്കാരായിരുന്നു. അക്കാലത്ത്‌ പത്രത്തില്‍ അച്ചടിച്ചുവന്ന പൊന്‍കുന്നം ദാമോദരന്റെ കവിത പാര്‍ട്ടിക്കാര്‍ എന്റെ കൈയില്‍ തന്നു. ഈണം നല്‍കി കുട്ടികളെ പഠിപ്പിക്കാനായിരുന്നു അഭ്യര്‍ത്ഥന. തെരുവുനാടകത്തിന്‌ ഉപയോഗിക്കാനാണ്‌. അക്കൂട്ടത്തില്‍ യേശുവുമുണ്ടായിരുന്നു.

പിന്നെ ഞങ്ങള്‍ രണ്ടുവഴിക്കായി. യേശു മദ്രാസിലെത്തി സിനിമയിലേക്കു തിരിഞ്ഞപ്പോള്‍ നാടകത്തിലായി എന്റെ ശ്രദ്ധ മുഴുവനും.

പത്തുവര്‍ഷം കഴിഞ്ഞു ദേവരാജന്‍ മാഷിന്റെ സഹായിയായി ഞാന്‍ മദ്രാസിലെത്തി. 1968 ല്‍ ബര്‍നാഡ്‌ ഷാ പിക്‌ചേഴ്‌സിന്റെ 'കറുത്ത പൗര്‍ണമി'യിലെ ഭാസ്‌കരന്‍ മാഷിന്റെ നാലു ഗാനങ്ങള്‍ക്ക്‌ ഈണമിട്ടായിരുന്നു ഹരിശ്രീ കുറിക്കല്‍. നാലുഗാനങ്ങളും യേശുവാണ്‌ പാടിയത്‌. ഞങ്ങള്‍ ഒരുമിച്ച ആദ്യ സിനിമയും ഇതായിരുന്നു. അദ്ദേഹം പാടിയ ''മാനത്തിന്‍ മുറ്റത്ത്‌ മഴവില്ലാല്‍ അഴകെട്ടും...'' എന്ന ഗാനം ഹിറ്റായതോടെ എനിക്ക്‌ അവസരങ്ങള്‍ കൂടി. നാരായണന്‍കുട്ടിയായിരുന്നു കറുത്ത പൗര്‍ണമിയുടെ സംവിധായകന്‍.

പാട്ടുപഠിപ്പിക്കുന്നതു പലപ്പോഴും യേശുദാസിന്റെ വീട്ടില്‍വച്ചുതന്നെയാവും. കണിശക്കാരനായിരുന്നു യേശുദാസ്‌. പറഞ്ഞുകൊടുക്കുന്ന കവിതയുടെ ഭാവം ഒപ്പിയെടുക്കാന്‍ 15 മിനിറ്റുമതി. രാഗത്തിന്റെ അനുഭൂതി ഒട്ടും ചോര്‍ന്നുപോകാത്ത ആലാപനം. യാതൊരു പരിഭ്രാന്തിയോ അടര്‍ച്ചയോ ഇല്ലാതെ അനായാസം പാടാനുള്ള ജന്മവാസന എന്നെ എന്നും വിസ്‌മയിപ്പിച്ചിട്ടുണ്ട്‌. ഇതുവരെ 40,000 പാട്ടുകള്‍ യേശു പാടിക്കഴിഞ്ഞതില്‍ ഞാന്‍ സംഗീതം നല്‍കിയ നാനൂറിലേറെ ഗാനങ്ങളുണ്ട്‌്. ആസാമി, കാശ്‌മീരി ഭാഷകളിലൊഴികെ മറ്റ്‌ ഇന്ത്യന്‍ ഭാഷകളിലെല്ലാം പാടി. കൂടാതെ റഷ്യന്‍, അറബി, ലത്തീന്‍, ഇംഗ്ലീഷ്‌ ഭാഷകളിലും. ഏഴ്‌ ദേശീയ അവാര്‍ഡുകളും 23 സംസ്‌ഥാന അവാര്‍ഡുകളും ലഭിച്ചു. ഇങ്ങനെ യേശു വളര്‍ന്നതിനു പിന്നില്‍ കഠിനാധ്വാനമായിരുന്നു.

ഒരിക്കല്‍ കോളജ്‌ കലോല്‍സവത്തിന്‌ അവതരിപ്പിക്കുന്ന രീതിയിലുള്ള ഗാനത്തിന്റെ റെക്കോഡിഗ്‌ നടക്കുന്നു. ആദ്യം സ്വരങ്ങള്‍ പാടിയശേഷം കുട്ടികളുടെ കൂക്കുവിളിയായിരുന്നു ഉദ്ദേശിച്ചിരുന്നത്‌. യേശു പാട്ടുതുടങ്ങിയപ്പോള്‍ കൂകുന്ന ശബ്‌ദം. 'എന്നെ ഇതിനു കിട്ടില്ലെന്നു' പറഞ്ഞ്‌ ഒറ്റ ഇറങ്ങിപ്പോക്കായിരുന്നു. ''നല്ല പാട്ടിലെന്തിനാണ്‌ കൂക്കുവിളി, അത്യാവശ്യമെങ്കില്‍ പിന്നെ ചേര്‍ത്താല്‍ പോരേ'' എന്നായിരുന്നു യേശുവിന്റെ ന്യായം. പിന്നെ സംവിധായകരും ഞാനും ഏറെ നിര്‍ബന്ധിച്ചിട്ടാണു പാടാന്‍ തയാറായത്‌. ഇത്‌ ആ സിനിമയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണെന്നു ബോധ്യപ്പെടുത്തേണ്ടിയുംവന്നു.

പള്ളുരുത്തി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ യേശു കച്ചേരി നടത്തിയിരുന്നു. കിട്ടുന്ന സമയമൊക്കെ സാധകം ചെയ്യുന്നതു ഇന്നും നിര്‍ബന്ധമാണ്‌. വിമാനത്തിലും വാഹനങ്ങളിലും യാത്ര ചെയ്യുമ്പോള്‍ മനസില്‍ സാധകം ചെയ്യുന്ന അപൂര്‍വം ഗായകരെയേ കണ്ടിട്ടുള്ളൂ. വെറുതേ കിട്ടുന്ന സമയത്ത്‌ രാഗങ്ങളെപ്പറ്റിയുള്ള ഗവേഷണമാണു യേശുവിന്റെ മറ്റൊരു വിനോദം. തുടക്കത്തില്‍ അവഗണിച്ചവര്‍ക്കെല്ലാം പിന്നീട്‌ യേശുദാസിനെ തേടി ചെല്ലേണ്ടിവന്നത്‌ ഈശ്വരനിശ്‌ചയമാണ്‌. തുടക്കക്കാരന്‍, അതും ക്രിസ്‌ത്യാനി- അക്കാലത്തെ തലമുതിര്‍ന്ന സംഗീതജ്‌ഞരില്‍ പലര്‍ക്കുമുള്ള സമീപനം ഇതായിരുന്നു.

ശുദ്ധ സംഗീതത്തെയും ലളിത സംഗീതത്തെയും കൃത്യമായ അതിര്‍വരമ്പിട്ടു കാണാന്‍ കഴിഞ്ഞതാണ്‌ യേശുദാസിന്റെ വിജയം. പാട്ടിനുവേണ്ടി എത്രസമയം ചെലവഴിക്കാനും മടിയില്ല. തന്റേതല്ലാത്ത പാകപ്പിഴകൊണ്ട്‌ 15 ടേക്കുവരെ എടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്‌. സപ്‌തതി വേളയിലും ദിവസം 10-15 പാട്ടുകള്‍വരെ പാടുന്നു ഗാനഗന്ധര്‍വ്വന്‍.

തയ്യാറാക്കിയത്‌: ജെബി പോള്‍

ചിത്രീകരണം: ജി. സുരേഷ്‌കുമാര്‍

മുത്താരം കുന്നിലെ സില്‍വര്‍ ജൂബിലി















ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്‌, കൃത്യമായി പറഞ്ഞാല്‍ 1985 ലെ ജനുവരി ഏഴിന്‌ 'മുത്താരംകുന്ന്‌ പി.ഒ' എന്നൊരു ആക്ഷേപഹാസ്യ ചിത്രത്തിന്റെ ചിത്രീകരണവുമായി ഒരു പുതുമുഖ സംവിധായകന്‍ മലയാളത്തിലെത്തി. തുടര്‍ന്ന്‌ മലയാള ചലച്ചിത്ര സംവിധാനത്തിലെ സിംഹഭാഗവും അയാള്‍ കൈക്കലാക്കി. പിന്നീടു കുത്തക സംവിധായകര്‍ക്കിടയില്‍ വിജയങ്ങളുടെ പുതിയ സമവാക്യവും രസതന്ത്രവും രചിച്ച്‌ അയാള്‍ മലയാള സിനിമക്കൊപ്പം നടന്നു. വിജയങ്ങളുടെ കാല്‍നൂറ്റാണ്ട്‌ പിന്നിട്ട ആ സംവിധായകന്റെ പേര്‌ സിബി മലയില്‍. അയാള്‍ നല്‍കിയ ചിത്രങ്ങള്‍ ഓരോന്നും മലയാളി നെഞ്ചോടു ചേര്‍ത്തു. തിയറ്റര്‍ വിട്ടു പുറത്തിറങ്ങിയാലും സിബിയുടെ സിനിമകളും അതിലെ കഥാപാത്രങ്ങളും കാഴ്‌ചക്കാരെ വിടാതെ പിന്തുടര്‍ന്നു. മനസിലെ വേദനയായി. നല്ലചിത്രങ്ങളുടെ മുറിപ്പെടുത്തലായി. അസ്വസ്‌ഥതകള്‍ ഏറെ തന്നു മലയാളിക്ക്‌ സിബി മലയില്‍.

സംവിധാനരംഗത്ത്‌ 25 ആണ്ടുകള്‍ പിന്നിട്ട ചുരുക്കം ചിലരില്‍ ഒരാള്‍. മുത്താരംകുന്ന്‌ പി.ഒ മുതല്‍ ആയിരത്തില്‍ ഒരുവന്‍വരെ എത്തിനില്‍ക്കുന്ന 40 ചിത്രങ്ങളുടെ കരിയര്‍.

തനിയാവര്‍ത്തനം, കിരീടം, ആകാശദൂത്‌, ഭരതം, പരമ്പര, ധനം, ദശരഥം, സദയം തുടരുന്നു ഇപ്പോഴും സിബിയുടെ കരിയര്‍.

2010 ജനുവരി ഏഴിന്‌ തന്റെ പുതിയ ചിത്രത്തിന്‌ ആദ്യ ക്ലാപ്പ്‌ അടിക്കുമ്പോള്‍ 25 വര്‍ഷത്തിനപ്പുറത്താണ്‌ സി.ബി. പുതിയൊരു തുടക്കം. പുതുമുഖങ്ങളെവച്ച്‌ എടുക്കുന്ന ചിത്രം മലയാളിക്ക്‌ എന്നെന്നും ഓര്‍മിക്കാനുള്ള ഒരു സിനിമയായിരിക്കണമെന്ന സ്വപ്‌നം മാത്രം.

'മലയാള ചലച്ചിത്ര സംവിധാനരംഗത്ത്‌ 25 വര്‍ഷം പിന്നിടുക എന്നതു ചില്ലറ കാര്യമല്ല. സിനിമ ഒരു സ്വപ്‌നമായി കൊണ്ടുനടന്ന കാലത്തും പിന്നീട്‌ ചലച്ചിത്രരംഗത്തെത്തിയപ്പോഴും ഇങ്ങനെയൊരു സ്‌ഥാനത്ത്‌ എത്തിപ്പെടുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മലയാളത്തില്‍ സാന്നിധ്യമറിയിക്കാനും നിലനില്‍ക്കാനും കഴിയുക എന്നത്‌ അപൂര്‍വകാര്യമാണ്‌. ഇതിനു സാധിച്ചു എന്നത്‌ കഴിവിനപ്പുറം ഈശ്വരസഹായമാണ്‌'' സിബി മലയില്‍ പറഞ്ഞു.

25 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 'മാസ്‌റ്റര്‍ പീസ്‌' ആകുമെന്നു കരുതിയ 'ദേവദൂതന്‍' നല്‍കിയ നിരാശ സിബിയെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ദേവദൂതനെക്കുറിച്ച്‌ സിബിമലയില്‍ പറയുന്നതിങ്ങനെ. ''ആ സിനിമ എന്റെ ഒരു ഡ്രീം ആയിരുന്നു. പൂര്‍ണമായും പുതുമുഖങ്ങളെ വച്ചു ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ പുതുമുഖങ്ങളെവച്ച്‌ സിനിമയെടുക്കാനുള്ള ധൈര്യം നിര്‍മാതാക്കള്‍ കാണിച്ചില്ല. അപ്പോഴാണ്‌ മോഹന്‍ലാലിനെ നിശ്‌ചയിച്ചത്‌. മോഹന്‍ലാലിനെപ്പോലുള്ള ഒരു താരത്തെവച്ച്‌ ദേവദൂതന്‍ എടുക്കേണ്ടിവന്നപ്പോള്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. തുടര്‍ന്ന്‌ 'ഡ്രീം' മാറിപ്പോയി. ആ സിനിമ ഞാന്‍ ഉദ്ദേശിച്ച രീതിയില്‍തന്നെ മറ്റേതെങ്കിലും ഭാഷയില്‍ എടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്‌.''

പുരസ്‌കാരത്തിനപ്പുറം നിര്‍മാതാവിനു നഷ്‌ടംവരാത്ത രീതിയില്‍ സിനിമ ചെയ്യണമെന്നുതന്നെയാണ്‌ ഇപ്പോഴും തന്റെ ആഗ്രഹമെന്നാണ്‌ സിബിയുടെ പക്ഷം. ''സംവിധായകനില്‍ വിശ്വസിച്ചാണ്‌ ഒരു നിര്‍മാതാവ്‌ സംവിധായകനെ സിനിമ ഏല്‍പ്പിക്കുന്നത്‌. അപ്പോള്‍ നിര്‍മാതാവിന്റെ വിശ്വാസം സംരക്ഷിക്കാന്‍ സംവിധായകനു കടമയുണ്ടാകണം'' സിബി അഭിപ്രായപ്പെട്ടു.

'ജൂലിയസ്‌ സീസര്‍' എന്ന ചിത്രം ഉപേക്ഷിക്കേണ്ടിവന്നതും കാല്‍നൂറ്റാണ്ട്‌ പിന്നിട്ട കരിയറിലെ നഷ്‌ടമായി സിബി കാണുന്നു. എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അഭിനേതാക്കളായി ജൂലിയസ്‌ സീസര്‍ എടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ അക്കാലത്ത്‌ അതുപോലുള്ള ഒരു ബിഗ്‌ ബജറ്റ്‌ ചിത്രം പൂര്‍ത്തിയാക്കുക എന്നതു പ്രയാസമേറിയ കാര്യമായിരുന്നു. എം.ടിയുടെ തിരക്കഥയില്‍ 'സദയം' പിന്നീട്‌ ചെയ്‌തെങ്കിലും 'ജൂലിയസ്‌ സീസര്‍' ചെയ്യാന്‍ കഴിഞ്ഞില്ല. അതൊരു നഷ്‌ടം തന്നെയാണെന്നാണു സിബിയുടെ പക്ഷം.

പുതിയ സിനിമാ പ്രവര്‍ത്തകര്‍ സാങ്കേതികതയെ ദുരുപയോഗം ചെയ്യുന്നുവെന്നാണു മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്റെ അഭിപ്രായം.

''ഞാന്‍ സിനിമയെ കാണുന്നത്‌ വൈകാരികമായ ഒരു തലത്തിലാണ്‌. മനഃസാക്ഷിയോടു സംവദിക്കുന്നതായിരിക്കണം സിനിമ. പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കേണ്ടത്‌ ഹൃദയംകൊണ്ടായിരിക്കണം.

സിനിമയില്‍ സാങ്കേതികത നല്ലതാണ്‌. എന്നാല്‍ സാങ്കേതികത വൈകാരിക തലത്തെ കവച്ചുവയ്‌ക്കരുത്‌. അങ്ങനെവന്നാല്‍ സിനിമക്ക്‌ അനുഭവത്തിന്റെ അവസ്‌ഥ നഷ്‌ടമാകുന്നു. അതാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. സാങ്കേതികമായ അഭ്യാസപ്രകടനത്തിന്‌ ഉപയോഗിക്കാന്‍ എനിക്കു താല്‍പര്യമില്ല. കാഴ്‌ചക്കാരുടെ കണ്ണിനും കാതിനും പീഡനം നല്‍കുന്ന ദൃശ്യങ്ങളും ശബ്‌ദങ്ങളുമാണ്‌ ഇന്നു സിനിമയിലുണ്ടാകുന്നത്‌. സാങ്കേതികത ആവശ്യത്തിനു വേണം എന്നാല്‍ അതൊരു വിഷ്വല്‍ ഗിമ്മിക്ക്‌ ആകുന്നതു ശരിയല്ല.'' സിബി പറയുന്നു.

കുടുംബബന്ധങ്ങളിലെ ശൈഥില്ല്യമാണ്‌ സിബി മലയിലിന്റെ പുതിയ ചിത്രത്തിന്റെ പ്രമേയം. എറണാകുളവും ചെന്നൈയുമാണ്‌ പ്രധാന ലൊക്കേഷനുകള്‍.

ഋതുവില്‍ അഭിനയിച്ച നിഷാന്‍, ആസിഫ്‌ അലി, വിനയ്‌ ഫോര്‍ട്ട്‌ എന്നിവര്‍ക്കൊപ്പം ആകാശഗോപുരത്തിലെ അഭിനേത്രി നിത്യാ മേനോനും ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ സിനിമ നേരത്തെ തന്നെ മനസിലുണ്ടായിരുന്നെങ്കിലും തുടങ്ങാന്‍ അല്‍പ്പം താമസിച്ചുവെന്ന്‌ സിബി വെളിപ്പെടുത്തി. 25 വര്‍ഷത്തെ സംവിധാന ജീവിതമെന്ന നാഴികക്കല്ല്‌ പിന്നിട്ട സിബി പുതിയ ചിത്രം വേറിട്ടതും പ്രേക്ഷകര്‍ സ്വീകരിക്കുന്നതും ആസ്വദിക്കുന്നതുമാണെന്ന തികഞ്ഞ പ്രതീക്ഷയിലാണ്‌.

അനൂബ്‌ ശ്രീധരന്‍

മാണിക്യം പോലൊരു പെണ്ണ്‌
















മുട്ടോളമെത്തുന്ന ഒറ്റമുണ്ട്‌. മുന്നിലേക്ക്‌ വലിച്ചുകെട്ടുന്ന ബ്ലൗസ്‌. കാച്ചെണ്ണ തേച്ച മിനുസമുള്ള മുടി. മഷിയെഴുതി കറുപ്പിച്ച നക്ഷത്രങ്ങള്‍പോലെ തിളങ്ങുന്ന നീണ്ടുവിടര്‍ന്ന കണ്ണുകള്‍. ഗ്രാമത്തിന്റെ നിഷ്‌കളങ്ക സൗന്ദര്യം മുഴുവന്‍ പകര്‍ത്തിവച്ച മുഖം. 'പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയിലെ നായികക്കുവേണ്ടി സംവിധായകന്‍ രഞ്‌ജിത്‌ തന്റെ അന്വേഷണം അവസാനിപ്പിച്ചത്‌ ഈ കണ്ണുകളുടെ ഉടമയ്‌ക്കു മുന്നിലാണ്‌. പ്രഗത്ഭ സംവിധായകന്‍ തന്നെ ഏല്‍പിച്ച ഉത്തരവാദിത്വം അങ്ങേയറ്റം കൃത്യതയോടെ ചെയ്‌ത് അവള്‍ അദ്ദേഹത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായി തീരുകയും ചെയ്‌തു.

കേരളത്തില്‍ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ട ആദ്യത്തെ കൊലപാതകക്കേസ്‌. ഒരിലയനക്കംപോലുമില്ലാത്ത പാതിരാവിന്റെ നിശബ്‌ദതയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട മാണിക്യമെന്ന സുന്ദരിയായ പെണ്ണിന്റെ നിലവിളി തീയറ്റര്‍ വിട്ടിറങ്ങുമ്പോഴും കാണികളുടെ നെഞ്ചില്‍ മുഴങ്ങുന്നു. ഒരു പുതുമുഖ നായികയും ചെയ്യാന്‍ മടിക്കുന്ന റോള്‍, അസാധാരണമായ തന്റേടത്തോടെയാണ്‌ മൈഥിലിയെന്ന ഈ പെണ്‍കുട്ടി പലേരി മാണിക്യമെന്ന സംഭവകഥയിലെ നായികയുടെ ദുരന്തം അവതരിപ്പിച്ചത്‌. പരിമിതമായ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ട്‌ ഒരു സിനിമയുടെ കഥാഗതിക്കൊപ്പം മുന്നേറാന്‍ കഴിഞ്ഞ ഒരു സാന്നിധ്യമായിരുന്നു മാണിക്യം. താരമായതിന്റെ ജാടയില്ലാതെ, പലേരി ഗ്രാമത്തിലെ ആളുകള്‍ തനിക്കയച്ച കത്തുകള്‍ വായിച്ച്‌ ആഹ്ലാദത്തില്‍ മൈഥിലി സംസാരിക്കുന്നു.

* സിനിമയുടെ ടൈറ്റിലില്‍തന്നെ അറിയപ്പെടുകയാണ്‌ മൈഥിലി?

സത്യത്തില്‍ അതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. കാരണം ആദ്യമായി അഭിനയിച്ച സിനിമയുടെ പേരില്‍ അറിയപ്പെടുന്ന നടിമാര്‍ അധികമൊന്നുമില്ല. പിന്നെ ഈ സിനിമ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നടന്ന ഒരു യഥാര്‍ഥ സംഭവമാണ്‌. ഞാന്‍ ടി.വി. രാജീവന്‍ സാറിന്റെ നോവല്‍ വായിച്ചു. ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യം.

* എങ്ങനെയാണ്‌ ഈ സിനിമയിലേക്കെത്തിയത്‌?

ഞാന്‍ കഴിഞ്ഞ കുറേ വര്‍ഷമായി മോഡലിംഗ്‌ ചെയ്യുന്നു. കുറെയധികം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. രഞ്‌ജിത്‌ സര്‍ ഈ സിനിമയുടെ നായികയെ അന്വേഷിച്ചു നടക്കുന്ന സമയത്ത്‌ അദ്ദേഹത്തിന്‌ ആരോ എന്റെ ഫോട്ടോ ഇ- മെയില്‍ ചെയ്‌തുകൊടുത്തു. പടം കണ്ട ഉടനെ അദ്ദേഹം എന്നെ വിളിച്ച്‌ എന്റെ ഉയരം എത്രയാണെന്നു ചോദിച്ചു. ഞാന്‍ അഞ്ചടി രണ്ടിഞ്ച്‌ എന്നു പറഞ്ഞു. സിനിമയില്‍ നായകന്‍ മമ്മൂട്ടി. മാത്രമല്ല ടൈറ്റില്‍ റോളിലേക്കാണ്‌ എന്നുകൂടി രഞ്‌ജിത്‌ സര്‍ പറഞ്ഞപ്പോള്‍ എനിക്ക്‌ കിട്ടില്ല എന്നുതന്നെയാണ്‌ കരുതിയത്‌. അതുകൊണ്ട്‌ സത്യം പറഞ്ഞാല്‍ ഓഡിഷനു പോകാന്‍പോലും എനിക്കു മടിയായിരുന്നു. പക്ഷേ, രഞ്‌ജിത്‌ സര്‍ എന്നോട്‌ വരണമെന്ന്‌ പറഞ്ഞു. പിന്നീട്‌ ഞാന്‍ അറിയുന്നത്‌ എന്നെ സെലക്‌ട് ചെയ്‌ത കാര്യമാണ്‌. എന്റെ ഉയരവും കൊല ചെയ്യപ്പെട്ട മാണിക്യത്തിന്റെ ഉയരവും ഒന്നുതന്നെ ആയിരുന്നു. അഞ്ചടി രണ്ടിഞ്ച്‌.

* പലേരി മാണിക്യത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍?

മുരളീമേനോന്‍ സാറിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ക്കെല്ലാം ഒരു അഭിനയ പരിശീലനക്കളരി നടത്തിയിരുന്നു. അവിടെ അവര്‍ പഠിപ്പിച്ച പ്രധാന കാര്യം ആരും അഭിനയിക്കരുത്‌ എന്നായിരുന്നു. മറ്റുള്ള എല്ലാവരും വളരെ എക്‌സ്പീരിയന്‍സ്‌ഡ് ആയിട്ടുള്ള ആളുകള്‍ ആയിരുന്നു. എനിക്ക്‌ അഭിനയിക്കാനുള്ള ധൈര്യം കിട്ടിയത്‌ ഈ വര്‍ക്‌ഷോപ്പിലൂടെയാണ്‌. പലേരി മാണിക്യത്തിലെ കോസ്‌റ്റ്യൂമിട്ട്‌ അന്നു മുതല്‍ പരിശീലനം നടത്തിയിരുന്നതുകൊണ്ട്‌് ഷൂട്ട്‌ ചെയ്യുന്ന സമയത്ത്‌ ഒട്ടും പ്രയാസമുണ്ടായില്ല. വളരെ കംഫര്‍ട്ടബിളായിരുന്നു.

* വളരെ ക്രൂരമായ ബലാത്സംഗരംഗമാണ്‌ ചിത്രത്തില്‍. ഒരു പുതുമുഖമായിട്ടും മൈഥിലിക്ക്‌ എങ്ങനെ ധൈര്യം ലഭിച്ചു ആ റോളില്‍ അഭിനയിക്കാന്‍?

ഇതു ശരിക്കും നടന്ന സംഭവമാണ്‌. റേപ്പ്‌ സീനും കൊലപാതകവും വെറുതെ കെട്ടിച്ചമച്ചതല്ല. എന്റെ റോള്‍ കഴിയുന്നത്ര പെര്‍ഫെക്‌ട് ആക്കണമെന്ന്‌ എനിക്ക്‌ വാശിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ധൈര്യപൂര്‍വം ഞാന്‍ ആ സീനില്‍ അഭിനയിച്ചത്‌.

* എങ്കിലും ക്യാമറയ്‌ക്കു മുന്നില്‍ ഇങ്ങനെ അഭിനയിക്കേണ്ടി വരുമ്പോള്‍?

ക്യാമറയെ അഭിമുഖീകരിക്കാന്‍ എനിക്ക്‌ പേടിയുണ്ടായിരുന്നില്ല. പക്ഷേ, ഒരുപാട്‌ ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ എന്റെ അഭിനയം ശരിയാകുമോ എന്നൊരു പേടി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

* മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ എളുപ്പമായിരുന്നോ?

മമ്മൂക്ക ശരിക്കും നമ്മളെ വളരെയധികം ഹെല്‍പ്പ്‌ ചെയ്യുന്ന വ്യക്‌തിയാണ്‌. ടൈമിംഗിനെക്കുറിച്ചൊക്കെ വളരെ വ്യക്‌തമായി പറഞ്ഞുതരും. സത്യത്തില്‍ അഭിനയകലയുടെ ഒരു ഇന്‍സ്‌റ്റിറ്റ്യൂഷന്‍തന്നെയാണ്‌ അദ്ദേഹം.

* അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ പേടി തോന്നിയില്ലേ?

(ചിരിക്കുന്നു). മമ്മൂക്ക ശരിക്കും പാവമാണ്‌. എന്നെ ഒരു കുട്ടിയെപ്പോലെയാണ്‌ ട്രീറ്റ്‌ ചെയ്‌തത്‌. എന്റെ അഭിനയം നന്നാവാന്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ വളരെ സഹായിച്ചിട്ടുണ്ട്‌.

* ആരാണ്‌ ഏറ്റവും ഇഷ്‌ടപ്പെട്ട നടന്‍?

മമ്മൂക്ക

* അത്‌ വെറുതെ. ആദ്യസിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതുകൊണ്ടു പറയുന്നതല്ലേ?

അല്ലേയല്ല. എനിക്ക്‌ അദ്ദേഹത്തിന്റെ പേഴ്‌സണാലിറ്റി വളരെ ഇഷ്‌ടമാണ്‌. വെറുതെ പറയുന്നതല്ല. സത്യം.

* യുവനടന്മാരില്‍ ആരെയാണിഷ്‌ടം?

എനിക്കെല്ലാവരോടും ഒരേപോലെതന്നെയാണ്‌. മാത്രമല്ല ഞാന്‍ അഭിനയിച്ചു തുടങ്ങിയിട്ടല്ലേയുള്ളൂ.

* ഇഷ്‌ട നടിമാര്‍?

ശോഭന ചേച്ചി, ഉര്‍വശി ചേച്ചി, രേവതി ചേച്ചി, മഞ്‌ജുവാര്യര്‍ ഇവരെല്ലാവരെയും എനിക്ക്‌ ഇഷ്‌ടമാണ്‌. കളിപ്പാട്ടം എന്ന സിനിമയില്‍ ഉര്‍വശി ചേച്ചി ചെയ്‌ത വേഷം അതുപോലെ കിലുക്കത്തില്‍ രേവതി ചേച്ചി ചെയ്‌തത്‌, മണിച്ചിത്രത്താഴിലെ ശോഭന ചേച്ചിയുടെ അഭിനയം അതൊക്കെ എനിക്കു വലിയ ഇഷ്‌ടമാണ്‌.

* തമിഴ്‌ സിനിമയില്‍ അഭിനയം തുടങ്ങി?

വിജയ്‌ സാഗര്‍ സംവിധാനം ചെയ്യുന്ന മുള്ളും മലരും എന്ന സിനിമയിലാണ്‌ ഞാനിപ്പോള്‍ അഭിനയിക്കുന്നത്‌. വളരെ റിയലിസ്‌റ്റിക്കായ ഒരു സിനിമയാണ്‌. ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയാണ്‌ എന്റെ കഥാപാത്രം.

* തമിഴിലും തെലുങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ നിലനില്‍ക്കാന്‍ കഴിയുമോ?

ഞാന്‍ ഒരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല. സത്യമാണ്‌. നല്ല കഥയും സംവിധായകനുമാണെങ്കില്‍ മാത്രമേ ഞാന്‍ അഭിനയിക്കുകയുള്ളൂ. വെറുതേ ശരീരപ്രദര്‍ശനം നടത്താന്‍ ഞാന്‍ തയാറല്ല. നിരവധി പേര്‍ കഥ പറഞ്ഞു. പക്ഷേ, എനിക്ക്‌ ഇഷ്‌ടമാണെങ്കില്‍ മാത്രമേ ഞാന്‍ അഭിനയിക്കൂ. അക്കാര്യത്തില്‍ തീരുമാനം പൂര്‍ണമായും എന്റേതാണ്‌.

* പലേരി മാണിക്യം റിലീസായതിനുശേഷം ജീവിതം മാറിക്കാണുമല്ലോ. ഈ തിരക്കുകള്‍?

ഞാന്‍ പൂര്‍ണമായും ആസ്വദിക്കുന്നു. എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയുന്നു. അഭിനന്ദിക്കുന്നു. അതൊക്കെ വളരെ സന്തോഷം ലഭിക്കുന്ന കാര്യങ്ങളാണ്‌. ഈ സിനിമ റിലീസായതിനുശേഷം പലേരി ഗ്രാമത്തില്‍നിന്നും എനിക്കു കുറേ കത്തുകള്‍ വന്നിരുന്നു. അവിടെ ഇപ്പോഴും കുട്ടികളെ ഉറക്കുന്നത്‌ മാണിക്യത്തിന്റെ കഥപറഞ്ഞിട്ടാണത്രേ. വളരെ പ്രായമുള്ള ആളുകളെഴുതിയ അഭിനന്ദന കത്തുകളും അക്കൂട്ടത്തിലുണ്ടായിരുന്നു.

* മൈഥിലിക്ക്‌ ഏറ്റവും വിലപ്പെട്ടതായി തോന്നിയ അഭിനന്ദനം?

ഈ സിനിമയുടെ നോവല്‍ എഴുതിയ ടി.പി. രാജീവ്‌ സാര്‍ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന മാണിക്യം എന്ന പെണ്ണിനെ ഞാന്‍ ഒരു മാറ്റവുമില്ലാതെ അവതരിപ്പിച്ചു എന്നു പറഞ്ഞത്‌ എന്നെ സംബന്ധിച്ച്‌ ഒരു വലിയ അംഗീകാരമായി ഞാന്‍ കാണുന്നു.

* മൈഥിലിയുടെ ദൗര്‍ബല്യം എന്താണ്‌?

എന്റെ സുഹൃത്തുക്കള്‍. പിന്നെ എന്റെ കുടുംബം.

പലേരിക്കാരുടെ മാത്രമല്ല, കേരളക്കരയുടെ ആകെ മനസു കീഴടക്കിയ ഈ കൊച്ചു സുന്ദരിക്ക്‌ പ്രണയം എന്നാല്‍ എന്താണ്‌?

പ്രണയമില്ലാത്തവരായി ഈ ലോകത്തില്‍ ആരുണ്ട്‌. എല്ലാവരുടെ മനസിലും പ്രണയഭാവമുണ്ട്‌. ഞാന്‍ പ്രണയത്തിന്‌ എതിരല്ല. പക്ഷേ, ഇപ്പോള്‍ എന്റെ ശ്രദ്ധ അഭിനയിക്കുന്നതിലാണ്‌. പ്രണയവും വിവാഹവും തല്‍ക്കാലം ഔട്ട്‌.

17. കോണിക്കാരി ൈബ്രറ്റി ബാലചന്ദ്രന്‍ എങ്ങനെ മൈഥിലിയായി?

സിനിമയ്‌ക്കുവേണ്ടി സ്വീകരിച്ച പേരാണ്‌ മൈഥിലി. പക്ഷേ, എനിക്കിപ്പോള്‍ ഈ പേരാണ്‌ ഏറെയിഷ്‌ടം

* കുടുംബം?

അച്‌ഛന്‍ ബാലചന്ദ്രന്‍. അമ്മ ബീന. ഒരു സഹോദരനുണ്ട്‌ ബിബിന്‍.

* ബി.കോം ഫൈനല്‍ ഇയര്‍. കറസ്‌പോണ്ടന്‍സായി പഠിക്കുന്നു. സിനിമയുടെ തിരക്കില്‍ ബി.കോം എങ്ങനെയാവുമോ എന്തോ?

ഒരു ടീനേജ്‌കാരിയുടെ പ്രസരിപ്പോടെ മൈഥിലി പൊട്ടിച്ചിരിക്കുന്നു. ഹൃദയാകര്‍ഷകമായ നിഷ്‌കളങ്കത. ചിരിയിലും വാക്കിലും കണ്ണിലും മാണിക്യത്തിന്റെ തിളക്കം.

ആഷ എസ്‌. പണിക്കര്‍

വര്‍ണവിവേചനമില്ലാത്ത തൂലിക


''ജനങ്ങളെ മതത്തിന്റെ, വര്‍ണത്തിന്റെ, ലിംഗത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നത്‌ തെറ്റാണ്‌. എല്ലാ ജീവജാലങ്ങളോടും നമ്മള്‍ സഹാനുഭൂതിയുള്ളവരായിരിക്കണം. മറ്റുള്ളവരെക്കുറിച്ച്‌ കരുതല്‍ ഉണ്ടാകണമെന്നത്‌ നമ്മുടെ ഉത്തരവാദിത്തവുമാണ്‌. ഈ വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു വര്‍ണവിവേചനത്തിനെതിരായുള്ള എന്റെ പോരാട്ടം''.

(ഷബീര്‍ ബാനുഭായി, ദക്ഷിണാഫ്രിക്കന്‍ കവികളില്‍ ശ്രദ്ധേയനായ ഇന്ത്യന്‍ വംശജന്‍.)

*** *** ***

കേവലം മനോവിചാരങ്ങളല്ല ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‍ കവി ഷബീര്‍ ബാനുഭായിക്ക്‌ കവിത. എഴുതുന്ന തൂലികയുടെ വലിപ്പവും മഹത്വവും അതില്‍ നിന്ന്‌ ഉതിരുന്ന വാക്കിന്റെ ശക്‌തിയും ഷബീറിനു വ്യക്‌തമായറിയാമെന്നതിന്‌ ചരിത്രം സാക്ഷി. ദക്ഷിണാഫ്രിക്കയിലെ കറുത്തവരെയും വെളുത്തവരെയും തൊലിപ്പുറത്തെ നിറത്തിന്റെ വ്യത്യാസത്തില്‍ മാത്രം വേര്‍തിരിക്കരുതെന്നുള്ള ഓര്‍മപ്പെടുത്തലുകളോടെ ഷബീര്‍ തന്റെ കവിതകളെ വര്‍ണവിവേചനത്തിനെതിരേയുള്ള പോരാട്ടവേദിയാക്കി. ഷബീറിന്റെ അക്ഷരംകൊണ്ടുള്ള ചാട്ടവാറടിയില്‍ ഭരണകൂടം ഞെരിപൊരികൊണ്ടു. തുടര്‍ന്നു വെള്ള ഭരണകൂടത്തിനു ഷബീറിന്റെ കവിതകളെ പലവട്ടം നിരോധിക്കേണ്ടിവന്നു. അധികാര വര്‍ഗത്തിന്റെ കാവല്‍സേനകളുടെ മുട്ടിവിളി ഏതുനിമിഷവും പ്രതീക്ഷിച്ചുതന്നെയാണ്‌ ഷബീര്‍ കവിതകളെഴുതിയത്‌. തന്റെ ചുറ്റുപാടുകളോട്‌ അര്‍ത്ഥവത്തായ രീതിയില്‍ പ്രതികരിക്കുന്നതില്‍ ഒരടിപോലും പിന്നോട്ടുവയ്‌ക്കാത്ത കവിയോടു പഴയപോരാട്ട നാളുകളെ കുറിച്ചു ചോദിച്ചാല്‍ അദ്ദേഹം ഇപ്പോഴും വാചാലനാകും.

1949 ല്‍ ഗുജറാത്തിലെ സൂറത്തില്‍നിന്നു ദര്‍ബനിലേക്കു കുടിയേറിയ അബ്‌ദുള്‍ ഹമീദിന്റെയും ജനാബ്‌ ബീബിയുടെയും മകനായി ജനിച്ച ഷബീര്‍ ബാനുഭായിക്ക്‌ ഈ അമ്പതാം വയസിലും തന്റെ ഉത്തരവാദിത്തം മറക്കാന്‍ കഴിയില്ല.

വര്‍ണവിവേചനത്തിനെതിരേയുളള പോരാട്ടത്തില്‍ മുന്‍നിരക്കാരനായിരുന്ന കവി, അതിനാല്‍തന്നെ ലോകത്തിന്റെ ഒരോ സ്‌പന്ദനങ്ങളും തൊട്ടറിഞ്ഞുള്ള യാത്രകളിലാണ്‌. 1970 കളില്‍ രൂപംകൊള്ളുകയും 80കളില്‍ വികസിക്കുകയും ചെയ്‌ത ദക്ഷിണാഫ്രിക്കയിലെ രാഷ്‌ട്രീയ-വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം കൊടുത്തതുകൊണ്ടും വര്‍ണവിവേചനത്തിനെതിരേ കറുത്തവര്‍ഗക്കാരുടെ സമരങ്ങളില്‍ പങ്കെടുത്തതിനാലും വെള്ള ഭരണകൂടത്തിന്റെ നോട്ടപ്പുളളിയായിരുന്നു പഠനകാലത്തെ ഷബീര്‍. അധ്യാപകനാവാന്‍ പഠനം തുടങ്ങിയ ഷബീര്‍ ഭരണകൂട അടിച്ചമര്‍ത്തല്‍ ശക്‌തമായപ്പോള്‍ വിദ്യാഭ്യാസം ഇടയ്‌ക്കുവച്ച്‌ ഉപേക്ഷിച്ചു വാണിജ്യമേഖലയിലേക്കു തിരിഞ്ഞു.

ആദ്യകാല രചനകളില്‍ ഭൂരിപക്ഷവും രാഷ്‌ട്രീയപരമാണ്‌. പിന്നീട്‌ രാഷ്‌ട്രീയത്തിനൊപ്പംതന്നെ സ്‌നേഹവും പ്രണയവും ദൈവവും ഉള്‍ക്കൊളളുന്ന സൂഫി കവിതകള്‍ക്കു സമാനമായ രചനകളിലേക്കു വഴുതിയെത്തി.

ലോകമെമ്പാടും അടിച്ചമര്‍ത്തല്‍ നേരിടുന്നവരോട്‌ - അത്‌ ഇറാഖിലോ ലാറ്റിനമേരിക്കയിലോ ഗുജറാത്തിലോ ആകട്ടെ - കവി ഐക്യപ്പെടുന്നു. 1992 ല്‍ ബാള്‍ക്കനില്‍ മുസ്ലീംകള്‍ കൂട്ടക്കൊലയ്‌ക്ക് ഇരയായപ്പോള്‍ ഷബീര്‍ ബാനുഭായി സാരായെവോയിലേക്കു തിരിച്ചു. അത്‌ ഒരു ജനതയുടെ ദുരന്തത്തില്‍ ഒപ്പംനില്‍ക്കാനുളള സാര്‍വദേശീയ മനസ്‌. പിന്നീട്‌ അവിടെ കണ്ട കാഴ്‌ചകളുടെ പശ്‌ചാത്തലത്തില്‍ എഴുതിയ 'സാരായെവോ' എന്ന കവിതക്ക്‌ 2001 ല്‍ തോമസ്‌ പ്രിംഗിള്‍ അവാര്‍ഡ്‌ ലഭിച്ചു. 'എക്കോസ്‌ ഓഫ്‌ മൈ അദര്‍ സെല്‍ഫ്‌' ആണ്‌ ആദ്യ കൃതി. 'ഷാഡോസ്‌ ഓഫ്‌ സണ്‍ ഡാര്‍ക്കന്‍ഡ്‌ ലാന്‍ഡ്‌', 'വിസ്‌ഡം ഇന്‍ എ ജഗ്‌-റിഫ്‌ളക്ഷന്‍സ്‌ ഓഫ്‌ ലവ്‌', 'ഇന്‍വേര്‍ഡ്‌ മൂണ്‍ ഔട്ട്‌വേര്‍ഡ്‌ സണ്‍', 'ബുക്ക്‌ ഓഫ്‌ സോംഗ്‌സ്', 'ഇഫ്‌ ഐ കുഡ്‌ റൈറ്റ്‌' (റമദാന്‍ ലെറ്റേഴ്‌സ്) എന്നിവയാണ്‌ മറ്റു കൃതികള്‍. അറുപതാം പിറന്നാള്‍ ദിനത്തില്‍ കേപ്‌ടൗണില്‍ കവിയുടെ മൂന്നു പുസ്‌തകങ്ങള്‍ പുറത്തിറങ്ങി. 'ഡാര്‍ക്ക്‌ ലൈറ്റ്‌', 'ലിറിക്‌സ് ഇന്‍ പാരഡൈസ്‌', 'ദ മിറേഴ്‌സ് മെമ്മറി' എന്നീ മൂന്ന്‌ കൃതികള്‍ മൂന്നുമാസം മുമ്പാണ്‌ പുറത്തിറങ്ങിയത്‌. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കേപ്‌ടൗണില്‍ സ്‌ഥിരതാമസം. ഇന്ത്യ സന്ദര്‍ശിക്കുന്ന ഷബീര്‍ കഴിഞ്ഞയാഴ്‌ച കൊച്ചിയില്‍ ഒരു പുസ്‌തക

പ്രകാശനത്തിനെത്തിയിരുന്നു. കവി സംസാരിക്കുന്നു.

* എന്താണ്‌ താങ്കള്‍ക്ക്‌ കവിത?

മനസിലെ വികാരങ്ങള്‍, ഉള്ളിലെ ആത്മീയത, വിശുദ്ധി എന്നിവയുടെ സത്യസന്ധമായ പ്രതിഫലനമാണ്‌ എന്റെ കവിതകള്‍. ദൈവം, സ്‌നേഹം എന്നിവ എന്നില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ബോധപൂര്‍വം രചനകളില്‍ ഒന്നും കുത്തിനിറയ്‌ക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. കവിതയെ ഞാന്‍ വളരെയേറെ ഇഷ്‌ടപ്പെടുന്നു. അത്‌ കലയുടെയും സംഗീതത്തിന്റെയും സങ്കലനമാണ്‌. കവിത എഴുതുന്നയാളുടെ വിശ്വാസങ്ങളും ധാരണകളും അതില്‍ അടങ്ങിയിട്ടുണ്ടാകും. എഴുതുന്ന ഓരോ വ്യക്‌തിയുടെയും ആത്മാവിന്റെ പ്രതിഫലനമാണത്‌. കവിതയെ ഞാന്‍ വളരെയേറെ ഇഷ്‌ടപ്പെടുന്നു. കവിതകളിലൂടെ എന്റെ നിലപാടുകള്‍ എനിക്കു മികച്ചരീതിയില്‍ തന്നെ ആവിഷ്‌കരിക്കാന്‍ കഴിയുന്നുണ്ട്‌. മനസ്‌ നിര്‍ബന്ധിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും കവിത എഴുതുന്നു.

* ഇന്നത്തെ എഴുത്തുകാര്‍ സാമൂഹിക, രാഷ്‌ട്രീയ പ്രശ്‌നങ്ങളിലൊന്നും സജീവമായി ഇടപെടാതെ മാറിനില്‍ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

എഴുതാന്‍ കഴിവുളളവര്‍ സാമൂഹിക, രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുകതന്നെ വേണം. എന്നാല്‍ കവി എഴുത്തുനിര്‍ത്തി പോരാട്ടം മാത്രം നടത്തണമെന്നതിനോട്‌ എനിക്കു യോജിപ്പില്ല. കവിക്കു തന്റെ ചുറ്റുപാടുകളെ അര്‍ത്ഥവത്തായ രീതിയില്‍ കാണാനാകും. അതുകൊണ്ട്‌ തന്നെ അയാള്‍ ചുറ്റുപാടുകളോടു പ്രതികരിക്കേണ്ടതുണ്ട്‌. എന്നാല്‍ എന്റെ ജോലി എഴുതുക എന്നതു മാത്രമാണെന്നും, ചുറ്റുപാടുകളോടു പ്രതികരിക്കേണ്ടതില്ലെന്നുമുള്ള ചിന്താഗതികളോട്‌ എനിക്കു യോജിപ്പില്ല.

* എന്താണ്‌ താങ്കളുടെ രാഷ്‌ട്രീയ കാഴ്‌ചപ്പാട്‌? കോളജ്‌ കാലത്തില്‍ നിന്നും ഇപ്പോള്‍ മാറ്റമുണ്ടായിട്ടുണ്ടോ?

ഇല്ല, ആ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ ഒട്ടും മാറിയിട്ടില്ല. ആ കാഴ്‌ചപ്പാടുകള്‍ക്ക്‌ ഒരിളക്കവും സംഭവിച്ചിട്ടില്ല. 1970 കാലങ്ങളില്‍ സ്‌റ്റുഡന്റ്‌ റെപ്രസന്ററ്റീവ്‌ കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്നു ഞാന്‍. പലതവണ നിരോധിക്കപ്പെട്ട കോളജ്‌ വാര്‍ത്താ പത്രത്തിന്റെ എഡിറ്ററുമായിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ സജീവമായി ഞാനുണ്ടായിരുന്നു. കോളജ്‌ വിദ്യാഭ്യാസമാണ്‌ ഇന്നത്തെ രീതിയില്‍ എന്നെയും കവിതയെയും രൂപപ്പെടുത്തിയത്‌.

* ഒരു കവിയെന്ന നിലയില്‍ താങ്കള്‍ ലക്ഷ്യം നേടിയെന്നു കരുതുന്നുണ്ടോ?

കൃത്യമായ ഒരുത്തരം പറയാന്‍ കഴിയില്ല. ഞാനെഴുതുന്നത്‌ സമൂഹത്തിന്‌ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെട്ടാലേ എഴുത്തു വിജയമാകുന്നുള്ളൂ. എനിക്ക്‌ അക്കാര്യത്തില്‍ ഉറപ്പില്ല. എന്റെ കവിത വായിക്കപ്പെടുന്നുണ്ട്‌. പലരും ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്‌. അതു കേള്‍ക്കുമ്പോള്‍ സന്തോഷം. ഇന്ന്‌ എന്റെ കവിതകള്‍ ആരും വായിക്കുന്നില്ലെന്നു കരുതുക. എനിക്ക്‌ അധികം വിഷമമുണ്ടാവില്ല. നാളെയൊരുനാള്‍ എല്ലാവരും വായിക്കും എന്നാണ്‌ പ്രതീക്ഷ. എന്തായാലും എന്റെ കവിതകള്‍ ഒരാളെ മോശക്കാരനാക്കുമെന്നു ഞാന്‍ കരുതുന്നില്ല.

* ദക്ഷിണാഫ്രിക്കയിലെ ഇന്നത്തെ വര്‍ണവിവേചനത്തിന്റെ സ്‌ഥിതി എന്താണ്‌?

വര്‍ണവിവേചനത്തിന്റെ രൂക്ഷത ഇന്നില്ല. കറുത്തവരുടേതായ ഭരണകൂടങ്ങള്‍ സ്‌ഥാപിതമായതോടെ വര്‍ണവിവേചനവും വെറിയും കുറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇന്നും ശക്‌തമായിതന്നെ ജനങ്ങള്‍ക്കിടയില്‍ വിവേചനമുണ്ട്‌. കറുത്തവര്‍ഗക്കാരനോട്‌ വന്‍നഗരങ്ങളിലെ ആഡംബര മേഖലകളില്‍ കഴിയുന്ന വെളുത്തനിറക്കാരന്‌ പുച്‌ഛവും അവജ്‌ഞയുമുണ്ട്‌. പക്ഷേ, മുമ്പത്തെപ്പോലെ പരസ്യമായി കറുത്തവര്‍ഗക്കാര്‍ക്കുനേരെ എന്തെങ്കിലും പറയാന്‍ വെളുത്തവര്‍ഗക്കാരനു ധൈര്യമില്ല. ഇപ്പോഴും കറുത്തവര്‍ വളരെ പിന്നിലാണ്‌. സാമ്പത്തികമായും സാമൂഹികമായും. അതിന്റെ പ്രശ്‌നങ്ങളുണ്ട്‌. രാജ്യം പൊതുവില്‍ മുന്നോട്ടാണ്‌ നീങ്ങുന്നത്‌.

* പൂര്‍വ്വികര്‍ ഗുജറാത്തിലാണല്ലോ, ഗുജറാത്ത്‌ കൂട്ടക്കൊലയെ കുറിച്ച്‌ അറിഞ്ഞുകാണുമല്ലോ, ഈ കാലഘട്ടത്തിലും ഇന്ത്യയിലും വര്‍ഗ, വര്‍ണ, ജാതി, രാഷ്‌ട്രീയ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു. ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ഗുജറാത്തില്‍ നടന്നത്‌ ഒരിക്കലും സംഭവിച്ചുകൂടാത്തതാണ്‌. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനെതിരേ നടത്തുന്ന ഏതൊരു തരം ഹിംസയും അനുവദിച്ചുകൂടാത്തതാണ്‌. ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്‌. ബന്ധുക്കള്‍ പലരും ഗുജറാത്തിലുള്ളതുകൊണ്ടു കൂടിയാവും അത്‌. കൂട്ടക്കൊല നടന്ന ദിവസങ്ങളില്‍ ഞങ്ങള്‍ വല്ലാത്ത അവസ്‌ഥയിലായിരുന്നു. കരയുകയായിരുന്നു എന്നു പറയാം. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിനു മതത്തിന്റെ പേരില്‍ നടക്കുന്ന ഏതൊരുതരം അതിക്രമവും നാണക്കേടാണ്‌. ഈ കൂട്ടക്കൊലകള്‍ മതത്തിന്റെ പേരില്‍ നടന്ന രാഷ്‌ട്രീയ മുതലെടുപ്പുകളുടെ അനന്തരഫലമാണ്‌. ഇന്ത്യയിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ മാറേണ്ടതുണ്ടെന്നാണ്‌ എന്റെ അഭിപ്രായം. ജാതി വ്യവസ്‌ഥ ഏറ്റവും ശക്‌തമായിതന്നെ പലയിടത്തും നിലനില്‍ക്കുന്നുണ്ട്‌. സ്‌ത്രീധനവും അതുമായി ബന്ധപ്പെട്ട മരണങ്ങളും നടക്കുന്നു. ഇന്ത്യ ഒത്തിരിയേറെ മുന്നോട്ടു പോകേണ്ടതുണ്ട്‌. അതേ സമയത്ത്‌ ഇന്ത്യ പല രാജ്യങ്ങളേക്കാള്‍ ജനാധിപത്യത്തിന്റെ കാര്യത്തില്‍ മുന്നിലാണു താനും. ഈ വസ്‌തുത കാണാതിരിക്കരുത്‌.

* ഇന്ത്യന്‍ സാഹിത്യം ശ്രദ്ധിക്കാറുണ്ടോ?

എഴുത്തുകാരില്‍ കമലാദാസിനെയും അരുന്ധതി റോയിയെയുമാണ്‌ ഇഷ്‌ടം. ശക്‌തമായ എഴുത്താണ്‌ കമലയുടേത്‌. അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ഇന്ത്യയില്‍ നിന്നുയരുന്ന ശക്‌തമായ ശബ്‌ദമാണ്‌ അരുന്ധതി റോയിയുടേത്‌. സാമൂഹിക പ്രശ്‌നങ്ങളിലും എഴുത്തിലും അവര്‍ എപ്പോഴും പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സാമൂഹിക വ്യവസ്‌ഥകളെ കുറിച്ചു കൃത്യമായ വര്‍ണനകള്‍ അവരുടെ പുസ്‌തകങ്ങളിലുണ്ട്‌. ഇവിടത്തെ വായനാസമൂഹം എന്നെ അത്ഭുതപ്പെടുത്തുന്നു. ദക്ഷിണാഫ്രിക്കയെ അപേക്ഷിച്ച്‌ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ പുസ്‌തകം ലഭിക്കുന്നതും വായനയെ വളര്‍ത്തുന്നുണ്ട്‌.

* താങ്കള്‍ ഈശ്വര വിശ്വാസിയാണോ?

ഈശ്വരനുമായുളള എന്റെ ബന്ധം ഇപ്പോഴും ദുര്‍ബലവും അപൂര്‍ണവുമാണ്‌. എന്റെ ഔപചാരികമായ വിശ്വാസം ഇസ്ലാമികമാണ്‌. ഞാനൊരു മുസ്ലീമാണ്‌. നല്ല മനുഷ്യനായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ മതത്തിന്റെയും കേന്ദ്രവും ലക്ഷ്യവും ഒന്നാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ദൈവസാന്നിധ്യം എല്ലായിടത്തുമുണ്ട്‌. നമുക്കുള്ളിലും പുറത്തുമുണ്ട്‌. ഈശ്വരനെ സ്‌നേഹിക്കുക എന്നതിനര്‍ത്ഥം എല്ലാവരോടും സഹാനുഭൂതിയുണ്ടാകുക എന്നതാണ്‌. എന്റെ വിശ്വാസങ്ങള്‍ നിശ്‌ചയമായും കവിതയിലും കടന്നുകൂടിയിട്ടുണ്ട്‌.

* ഇന്ത്യയില്‍ മുമ്പു വന്നിട്ടുണ്ടോ? കേരളത്തെക്കുറിച്ച്‌?

മുപ്പതുവര്‍ഷം മുമ്പ്‌ ഞാനും ഭാര്യ റുക്‌സാനയും വന്നിരുന്നു. അന്ന്‌ തിരുവനന്തപുരത്തു ഞങ്ങള്‍ രണ്ടു ദിവസം ചെലവഴിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക്‌ എന്റെ ആദ്യ പുസ്‌തകത്തിന്റെ കോപ്പി നേരിട്ടു നല്‍കുകയും ചെയ്‌തു. ഗുജറാത്തില്‍ എന്റെ ബന്ധുക്കളുണ്ട്‌. കേരളത്തില്‍ നിന്ന്‌ ഞാനങ്ങോട്ടാണ്‌ പോകുന്നത്‌. ഒരാഴ്‌ചയോളം അവിടെ തങ്ങും. എന്റെ മക്കളെ ഞങ്ങളുടെ ജന്മവേരുകള്‍ പരിചയപ്പെടുത്തുക എന്നതു കൂടിയാണ്‌ ഇത്തവണത്തെ യാത്രയുടെ ലക്ഷ്യം. കേരളത്തില്‍ ചില എഴുത്തുകാരുമായി എനിക്കു വര്‍ഷങ്ങളായി ഉറ്റ ബന്ധമുണ്ട്‌. കേരളം സുന്ദരമാണ്‌. പക്ഷേ സാമ്പത്തിക-സാമൂഹ്യ അവസ്‌ഥ ഇനിയും മെച്ചപ്പെടാനുണ്ട്‌. പക്ഷേ ഇവിടെ വരാനായത്‌ എന്റെ ഭാഗ്യമാണ്‌.

എം.എ. ബൈജു


പ്രതിരോധത്തിന്റെ 'വഴുതന സ്‌റ്റൈല്‍'

പരീക്ഷണശാലകളില്‍ നിന്നു പുറത്തിറക്കുന്ന ജനിതകമാറ്റം വരുത്തിയ കാര്‍ഷികവിളകളുടെ വിത്തുകള്‍ വിറ്റഴിച്ച്‌ കീശവീര്‍പ്പിക്കാന്‍ കാത്തിരിക്കുന്ന കുത്തകഭീമന്‍മാര്‍ക്കെതിരേ ഇതാ വ്യത്യസ്‌തമായ ഒരു പ്രതിഷേധം.

ഒരു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ മുന്നേറ്റത്തില്‍ ഗ്രാമവാസികളാകെ അണിനിരക്കുമ്പോള്‍ ഭക്ഷ്യവിളകളിലെ ജനിതകപരീക്ഷണങ്ങള്‍ വരുത്തിയേക്കാവുന്ന വിപത്തുകളെക്കുറിച്ച്‌ ഇവിടുത്തെ കൊച്ചുകുട്ടികള്‍പോലും ബോധവാന്‍മാര്‍.

ആഗോളകുത്തകകള്‍ക്ക്‌ രാജ്യത്തിന്റെ വാതില്‍ തുറന്നുകൊടുക്കുന്ന ഭരണാധികാരികള്‍ക്കും ഭാവിതലമുറകളെ ഗ്രസിക്കാവുന്ന വിപത്തായിട്ടും കണ്ണടച്ചിരുട്ടാക്കുന്ന രാഷ്‌ട്രീയക്കാര്‍ക്കുമുള്ള ശക്‌തമായ താക്കീതുകൂടിയാണ്‌ ഈ കൂട്ടായ്‌മ.

മാരാരിക്കുളം വടക്കുപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കണിച്ചുകുളങ്ങരയില്‍ നടക്കുന്ന 'വഴുതനോത്സവ'മാണ്‌ ലാഭക്കണ്ണുകളോടെ മൂന്നാം ലോകരാഷ്‌ട്രങ്ങളെ വിഴുങ്ങാന്‍ തയ്യാറെടുക്കുന്ന ബഹുരാഷ്‌ട്രകുത്തകകളുടെ അധിനിവേശത്തിനെതിരേയുള്ള കര്‍ഷകന്റെ പ്രതിരോധമാകുന്നത്‌.

അതിജീവനത്തിനായുള്ള അവന്റെ അവസാന പിടച്ചിലിന്റെ ബഹിര്‍സ്‌ഫുരണം സന്ദര്‍ശകരിലേക്കും സന്നിവേശിപ്പിക്കാന്‍ കഴിയുന്നതുതന്നെയാണ്‌ വഴുതനോത്സവത്തിന്റെ വിജയം.

ബി.ടി. വഴുതനയ്‌ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ പഞ്ചായത്ത്‌ വഴുതനോത്സവം സംഘടിപ്പിച്ചത്‌. പോയകാലത്ത്‌ ഏറെ പ്രസിദ്ധമായിരുന്ന 'മാരാരിക്കുളം വഴുതന' എന്ന തനതുവിളയുടെ നിലനില്‍പ്പും ലക്ഷ്യമിടുന്ന വഴുതനോത്സവത്തിന്‌ പിന്തുണയുമായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുമെത്തിയിട്ടുണ്ടെന്നത്‌ പരിപാടിയുടെ പ്രാധാന്യം വിളിച്ചോതുന്നു.

'മോണ്‍സാന്റോ' എന്ന അമേരിക്കന്‍ കമ്പിനിയുടെ സാങ്കേതകപിന്തുണയോടെ മഹാരാഷ്‌ട്ര ഹൈബ്രിഡ്‌ കോര്‍പ്പറേഷന്‍ (മഹികോ) പുറത്തിറക്കാനുദ്ദേശിക്കുന്ന ബി.ടി. വഴുതനയുടെ വിത്തുകള്‍ക്ക്‌ രാജ്യത്ത്‌ വിപണനാനുവാദം നല്‍കാനുള്ള തീരുമാനം വിവിധ സംഘടനകളുടെ ശക്‌തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരിവരെ മരവിപ്പിച്ചിരിക്കുകയാണ്‌.

നാലിരട്ടി വിളവെന്നും കീടങ്ങളില്‍ നിന്ന്‌ പരിരക്ഷയെന്നുമൊക്കെപ്പറഞ്ഞ്‌ അത്തരം വിത്തുകള്‍ ഉല്‌പാദിപ്പിച്ച്‌, കാലക്രമേണ അവരുടെ വിത്തുകള്‍ മാത്രമുപയോഗിക്കേണ്ട അവസ്‌ഥയിലെത്തിക്കാനുള്ള കുത്തക കമ്പിനികളുടെ നീക്കം ജൈവവൈവിധ്യത്തിന്‌ ഏല്‍പ്പിക്കാവുന്ന ആഘാതം എത്ര വലുതാണെന്നറിയണമെങ്കില്‍ ഈ വഴുതനോത്സവനഗരിയിലേക്ക്‌ വരണം.

ബി.ടി. വഴുതനയ്‌ക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ജമ്മു- കാശ്‌മീര്‍, ഹൈദരാബാദ്‌, മൈസൂര്‍, ബംഗളൂരു തുടങ്ങിയ സ്‌ഥലങ്ങളില്‍ വഴുതനമേളകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്ര വിപുലമായി 'വഴുതനോത്സവം' സംഘടിപ്പിക്കുന്നത്‌ ഇന്ത്യയിലിതാദ്യമാണെന്ന്‌ സംഘാടകര്‍ സാക്ഷ്യപ്പെടുത്തുന്നു. ജനുവരി മൂന്നിനാണ്‌ ഉത്സവം സമാപിക്കുക.

വഴുതനയെന്നാല്‍ അറിയൂ

അതു വെറും....

മുന്തിരിങ്ങയെക്കാള്‍ ചെറിയ ചുണ്ടയ്‌ക്ക മുതല്‍ ഏറെക്കുറെ പപ്പായയോളം വലിപ്പമുള്ള വഴുതനങ്ങവരെ... കടുംവയലറ്റ്‌ നിറത്തില്‍ മുതല്‍ വെള്ളയും പച്ചയും ബഹുവര്‍ണ്ണനിറങ്ങളിലുംവരെ... ആപ്പിളിനോടും തക്കാളിയോടും രൂപസാമ്യമുള്ളതു മുതല്‍ ചെറുവിരലിന്റെ പകുതിയില്‍ താഴെ വലിപ്പമുള്ള നിത്യവഴുതനയും പശുവിന്‍ മുഖം പോലിരിക്കുന്ന ഗോമുഖ വഴുതനയും വരെ... ഇങ്ങനെ വ്യത്യസ്‌തമായ നൂറോളം ഇനം വഴുതനങ്ങളുടെ അത്ഭുതപ്രപഞ്ചമാണ്‌ ഇവിടെ നമുക്കായി കാത്തിരിക്കുന്നത്‌ (ഇന്ത്യയില്‍ ആകെ 2500 ഓളം ഇനം വഴുതനയുണ്ടെന്നറിയുമ്പോഴാണ്‌ ബി.ടി. വഴുതനയെന്ന ഒറ്റയിനം വ്യാപിക്കപ്പെട്ടാലുള്ള ദോഷം വ്യക്‌തമാവുക.)

കര്‍ണ്ണാടകയിലെ ശിവമുഖ ജില്ലയില്‍ നിന്നുള്ള 'ഗോമുഖ' വഴുതന ആയുര്‍വേദ ഔഷധനിര്‍മ്മാണത്തിനുപയോഗിക്കുന്നതാണ്‌. ഉടുപ്പി ശ്രീകൃഷ്‌ണക്ഷേത്രത്തില്‍ നിത്യവും നിവേദ്യത്തിനുപയോഗിക്കുന്ന പാരമ്പിള്ളി കത്തിരിയും മേളയിലുണ്ട്‌.

ഹസിരുലോങ്‌, മുല്ല, എമഗ്രീന്‍, മരബദന, നീലി, മുളവഴുതന തുടങ്ങി 34 ഇനങ്ങള്‍ കര്‍ണാടകയില്‍ നിന്നു മാത്രം കൊണ്ടുവന്നിട്ടുണ്ട്‌. ഇതില്‍ രാമഗുല്ല, വൈറ്റ്‌ ഗുല്ല തുടങ്ങി ചുണ്ടയ്‌ക്ക തന്നെ അഞ്ചിലധികം ഇനങ്ങള്‍ വരും. അലന്‍ഗുടി, പാന്‍രുട്ടി, സക്കോടൈ, കുംഭകോണം, ഒട്ടന്‍ചന്ത്രം, കതിരിപുലം, തെന്നാപുലം തുടങ്ങി തമിഴ്‌നാട്ടില്‍ നിന്ന്‌ ഓരോ സ്‌ഥലങ്ങളില്‍ നിന്നും പ്രത്യേകം പ്രത്യേകം വഴുതന പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നു.

ആപ്പിള്‍ വഴുതന, തക്കാളി കത്തിരി, വാള വഴുതന, വെള്ള വഴുതന, നീല വഴുതന, വരയന്‍ കത്തിരി, പച്ച വഴുതന തുടങ്ങി കേരളത്തില്‍ നിന്നും അമ്പതോളം ഇനങ്ങള്‍ മേളയിലുണ്ട്‌.

ഇളംപച്ചനിറത്തില്‍ കനംകുറഞ്ഞ്‌ നീളത്തിലുള്ള മാരാരിക്കുളം വഴുതനയ്‌ക്ക് ചരിത്രത്തില്‍ സ്‌ഥാനമുണ്ടെന്ന്‌ സംഘാടകര്‍ അവകാശപ്പെടുന്നു. തിരുവിതാംകൂര്‍, അമ്പലപ്പുഴ രാജകുടുംബങ്ങളിലേക്ക്‌ ഏറെ രുചികരമായ ഈ വഴുതന സ്‌ഥിരമായി കൊണ്ടുപോയിരുന്നത്രെ. മുറജപം നടക്കുമ്പോഴും തിരുവനന്തപുരത്തേക്ക്‌ മാരാരിക്കുളം വഴുതന കൊണ്ടുപോയിരുന്നു. വിറ്റാമിന്‍- എ യുടെ അളവ്‌ ഇതില്‍ ഏറെയുണ്ടെന്ന്‌ പഠനങ്ങള്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

അഞ്ചുവര്‍ഷംവരെ വിളവെടുക്കാവുന്ന ഇനം വഴുതനകള്‍ വരെ പ്രദര്‍ശനത്തിലുണ്ട്‌. മരവഴുതനയുടെ ചെടി മരംപോലെ വളരുന്നതിനാലാണ്‌ ഈ പേരു കിട്ടിയത്‌.

വഴുതനയുടെ സ്വദേശം ഇന്ത്യയാണ്‌. ഏകദേശം 4000 വര്‍ഷം മുമ്പു മുതല്‍ വഴുതന കൃഷി ചെയ്‌തിരുന്നത്രെ. വിവിധ സംസ്‌ഥാനങ്ങളിലായി അഞ്ചുലക്ഷം ഹെക്‌ടറില്‍ നിന്ന്‌ പ്രതിവര്‍ഷം 82 ലക്ഷം ടണ്‍ വഴുതന ഉല്‍പ്പാദിപ്പിക്കുന്നതായാണ്‌ കണക്ക്‌. ഭക്ഷ്യവിഭവങ്ങള്‍, കട്‌ലറ്റ്‌, അച്ചാര്‍, ജാം തുടങ്ങിയവയ്‌ക്കുണ്ടാകാനും ഔഷധനിര്‍മ്മാണത്തിനും വഴുതനയുപയോഗിക്കുന്നു. വഴുതനത്തൈകളും മറ്റ്‌ കാര്‍ഷികോല്‍പ്പന്നങ്ങളും വഴുതനോത്സവ നഗരിയിലുണ്ട്‌.

തീന്‍പാത്രത്തിലെ വിഷം

ഭക്ഷ്യവിളകളില്‍ ജനിതകമാറ്റം വരുത്തുന്നതിനെതിരെ ബോളിവുഡ്‌ ചലച്ചിത്രകാരന്‍ മഹേഷ്‌ഭട്ട്‌ ഒരുക്കിയ തീന്‍പാത്രത്തിലെ വിഷം ക്ക ഗ്ഗഗ്നദ്ധന്ഥഗ്ന ഗ്നക്ഷ ഗ്ഗന്റന്ധനുന്ഥ എന്ന ഹ്രസ്വചിത്രം കാണാന്‍ കൊച്ചിയില്‍ പോയതാണ്‌ വഴുതനോത്സവമെന്ന ആശയത്തിന്‌ തുടക്കമിട്ടതെന്ന്‌ പ്രീയേഷ്‌കുമാര്‍ പറയുന്നു. ആ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന മനച്ചേരി വാസുപിള്ള എന്ന പരമ്പരാഗത വഴുതന കര്‍ഷകന്‍ രണ്ടാഴ്‌ച മുമ്പാണ്‌ മരിച്ചത്‌. പഞ്ചായത്ത്‌ വാസുപിള്ളയ്‌ക്ക് കര്‍ഷകശ്രേഷ്‌ഠപുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. വാസുപിള്ളയുടെ ഛായാചിത്രവും പ്രദര്‍ശനനഗരിക്ക്‌ മുന്‍പില്‍ സ്‌ഥാപിച്ചിട്ടുണ്ട്‌.

ബി.ടി. വഴുതനയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പരിസ്‌ഥിതി സംഘടനയായ 'തണല്‍' പഞ്ചായത്തിനൊപ്പമുണ്ട്‌. ഇവര്‍ക്ക്‌ പുറമേ ബംഗളുരു ആസ്‌ഥാനമാക്കി, പ്രവര്‍ത്തിക്കുന്ന 'സഹജസമ്രുധ'യുടെ പ്രവര്‍ത്തകരും വഴുതനോത്സവത്തില്‍ പങ്കെടുത്ത്‌ സന്ദര്‍ശകരെ ബി.ടി. വഴുതനയുടെ ദൂഷ്യവശങ്ങള്‍ പറഞ്ഞു മനസിലാക്കുന്നു. സഹജസമ്രുധ പ്രവര്‍ത്തകരും കര്‍ണ്ണാടകക്കാരുമായ ശ്രീനിവാസ്‌, സദാശിവന്‍ എന്നിവര്‍ക്കൊപ്പം വഴുതനോത്സവത്തില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്‌റ്റുകളായ അഭിജിത്‌, പവന്‍ എന്നിവര്‍ 'സെമോക്ലീസിന്റെ വാള്‍' പോലെ ബി.ടി. വഴുതന ഭാരതത്തിന്‌ മുകളില്‍ തൂങ്ങി നില്‍ക്കുന്നത്‌ ചിത്രീകരിച്ചിരിക്കുന്നതും കാണികളെ ആകര്‍ഷിക്കുന്നുണ്ട്‌.

ഇപ്പോള്‍ പ്രിയേഷ്‌കുമാറിന്റെ മൊബൈല്‍ ഫോണിലേക്ക്‌ വിളിച്ചാല്‍ കേള്‍ക്കുന്നത്‌ മാരാരിക്കുളം വഴുതനോത്സവത്തെക്കുറിച്ചുള്ള വിവരണമാണ്‌.

ബി.ടി. വഴുതന

വഴുതനയുടെ വിത്തിന്റെ ജനിതകഘടനയില്‍ മാറ്റം വരുത്തിയാണ്‌ ബി.ടി. വഴുതന നിര്‍മ്മിക്കുന്നത്‌. കീടങ്ങളെ പ്രതിരോധിക്കാനായി ബാക്‌ടീരിയകളെയും ഇതിലുള്‍പ്പെടുത്തുന്നത്‌ വഴുതന ഭക്ഷിക്കുന്നവര്‍ക്ക്‌ എന്തൊക്കെ ദൂഷ്യവശങ്ങളുണ്ടാക്കുമെന്നത്‌ സംബന്ധിച്ച്‌ ഇനിയും വേണ്ടത്ര പഠനങ്ങള്‍ നടത്തിയിട്ടില്ലെന്ന്‌ 'തണല്‍' ഡയറക്‌ടര്‍മാരിലൊരളായ ശ്രീധര്‍ പറയുന്നു. ബി.ടി. പരുത്തി വ്യാപിപ്പിച്ചപ്പോള്‍ ആയിരക്കണക്കിന്‌ പരുത്തിയിനങ്ങളാണ്‌ ഇല്ലാതായത്‌. ഇത്‌ കൃഷിചെയ്യുന്ന സ്‌ഥലങ്ങളില്‍ അലര്‍ജിരോഗങ്ങള്‍ വര്‍ദ്ധിക്കുകയും പരുത്തിച്ചെടിയുടെ അവശിഷ്‌ടങ്ങള്‍ കഴിച്ച കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്‌തു.

പരുത്തിവിത്ത്‌ വിറ്റ്‌ കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്ന്‌ 800 കോടിയാണ്‌ മോണ്‍സാന്റോ കൊണ്ടു പോയത്‌. നെല്ലുള്‍പ്പെടെ 56 ഇനങ്ങളില്‍ മോണ്‍സാന്റോ ജനിതകപരീക്ഷണം നടത്തുന്നു. കാര്‍ഷികവിത്തു വിപണി മൊത്തം കൈക്കലാക്കാന്‍ ശ്രമിക്കുന്ന മോണ്‍സാന്റോ ലോകത്തിന്‌ നാശം വരുത്തുന്ന പത്തുകമ്പിനികളില്‍ ആദ്യത്തേതായാണ്‌ അടുത്തിടെ നടന്ന പരിസ്‌ഥിതി ഉച്ചകോടിയില്‍ വിലയിരുത്തപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.

മഹേഷ്‌ഭട്ടിന്‌ പുറമേ ശ്രീശ്രീരവിശങ്കറും ബാബാ രാംഭേവും മുതല്‍ വിവിധരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനുപേര്‍ മാരാരിക്കുളത്തെ കര്‍ഷകരുടെ മുന്നിലുണ്ട്‌. മഹാത്മാഗാന്ധി സമരായുധമായി ഉപയോഗിച്ച പരുത്തിപോലും സ്വന്തമാക്കിയ ബഹുരാഷ്‌ട്ര കുത്തകകള്‍ നമ്മുടെ കാര്‍ഷികവിളകള്‍ക്കും ജൈവസമ്പത്തിനും പേറ്റന്റ്‌ എടുക്കാന്‍ ശ്രമിക്കുമ്പോഴും മൗനം ഭജിക്കുന്ന ഭരണാധികാരികള്‍ക്ക്‌ ഇനിയെത്രനാള്‍ നിസംഗനിലപാട്‌ തുടരാനാകുമെന്ന്‌ കണ്ടറിയണം.

പ്രദീപ്‌ സി. നെടുമണ്‍

മൗനത്തിന്റെ ഇടിമുഴങ്ങുന്ന പര്‍വതനിരയില്‍

ആത്മീയതയ്‌ക്ക് ഇവിടെ വല്ലാത്ത നിശബ്‌ദതയാണ്‌. അരുണാചലത്തില്‍ നിന്നു വരുന്ന കാറ്റിന്റെ മര്‍മരം ആ നിശബ്‌ദതയെ ഭേദിച്ചു പറയുന്നു. നോക്കൂ രമണമഹര്‍ഷി ഇവിടെയുണ്ട്‌.

'ഞാന്‍ ആരെ'ന്ന ചോദ്യം ഉള്ളിലുദിച്ചപ്പോഴാണു ബാലനായ വെങ്കട്ടരാമന്‍ വീടുവിട്ടിറങ്ങിയത്‌. പതിനേഴാം വയസില്‍ അരുണാചല പര്‍വതത്തിലെത്തിയ ആ ബാലന്‍ പുള്ളിപ്പുലികളോടും പേടമാനുകളോടും കൂട്ടുകൂടി ഇവിടെ ജീവിച്ചു. അവിടെ നിന്നും അദ്ദേഹം ലോകത്തിനുതന്നെ ആത്മപ്രകാശമേകുന്ന ആചാര്യനായി. ഇന്നും ഈ പര്‍വതനിരകളില്‍ കൂടുകെട്ടിനില്‍ക്കുന്ന മൗനം 'ഞാന്‍ ആര്‌' എന്നറിയാന്‍ ഉഴറി നടക്കുന്നവരെ തൊട്ടുവിളിക്കുന്നു നിശബ്‌ദമായി.

നിശബ്‌ദതയുടെ ലോകത്തേക്ക്‌

ഏതോ പ്രാചീനകാലത്തിന്റെ ചലനചിത്രങ്ങള്‍ പോലെയുള്ള കാവിപുതച്ച സന്യാസിമാര്‍ക്കും കൗതുകം നിറച്ച ചാരക്കണ്ണുകളുമായി ചാന്ദ്രയാത്രികരേപ്പോലെ ഇടറിനീങ്ങുന്ന വിദേശികള്‍ക്കുമിടെ പൊടിപറത്തി പായുന്ന മോട്ടോര്‍ വാഹനങ്ങള്‍. ഇവ മറികടന്ന്‌ ശ്രീ രമണാശ്രമം എന്ന്‌ ഇംഗ്ലീഷിലെഴുതിയ പഴയ രീതിയിലുള്ള കമാനം കടന്നാല്‍ പീലി വിടര്‍ത്തിയാടുന്ന മയിലുകളും കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിയുന്ന കുരങ്ങന്‍മാരും നായ്‌ക്കളുമാണു വരവേല്‍ക്കുക.

കടന്നു ചെല്ലുന്ന ആരെയും ആകര്‍ഷണ വലയത്തിലാക്കാന്‍ കഴിയുന്ന വശ്യതയുമായി രമണാശ്രമം നിലകൊള്ളുന്നു. അനന്തമായ ആധ്യാത്മികതയുടെ ആനന്ദം വിശ്വാസികള്‍ക്ക്‌ പകര്‍ന്നേകിക്കൊണ്ട്‌.

പഴയശൈലിയിലുള്ള ഒട്ടനവധി കെട്ടിടങ്ങള്‍. മിക്കവയും പുല്ലുമേഞ്ഞത്‌. ചൊരിമണല്‍ നിറഞ്ഞ വളപ്പില്‍ വേപ്പുമരങ്ങളും തെങ്ങുകളും ആകാശത്തിലേക്കു കൈകളുയര്‍ത്തി മൗനപ്രാര്‍ഥനയിലാണ്‌.

പുല്ലുമേഞ്ഞ ഓഫീസ്‌ കെട്ടിടം കഴിഞ്ഞ്‌ മുന്നോട്ട്‌ നീങ്ങിയാല്‍ രമണസമാധിമന്ദിരമായി. മന്ദിരത്തിനുള്ളിലെ കല്‍ത്തൂണുകള്‍ കടന്ന്‌ മുന്നോട്ടുനീങ്ങിയാല്‍ വലതുവശത്തായി കറുത്ത മാര്‍ബിളില്‍ തീര്‍ത്ത മഹര്‍ഷിയുടെ ജീവന്‍തുടിക്കുന്ന പ്രതിമ. ഒരു വശത്തായി ഭിത്തിയില്‍ മഹര്‍ഷിക്ക്‌ ചെറുപ്പത്തിലുണ്ടായ ആത്മീയ അനുഭൂതിയെപ്പറ്റിയും അദ്ദേഹം പിന്നീട്‌ എങ്ങനെ അരുണാചലത്തില്‍ എത്തിയതെന്നും വിശദമാക്കുന്ന ബോര്‍ഡ്‌ സ്‌ഥാപിച്ചിട്ടുണ്ട്‌.

അകത്തേക്കു കടന്നാല്‍ കരിങ്കല്ലില്‍ പണിത മാതൃഭൂതേശ്വരീ ക്ഷേത്രം. മഹര്‍ഷിയുടെ അമ്മയായിരുന്ന അഴകമ്മാളുടെ സമാധിയാണത്‌.

ക്ഷേത്രത്തിനുള്ളിലെ വാതിലിലൂടെ കടന്നാല്‍ രമണ സമാധിയായി. വിശാലമായ ഹാളില്‍ മഹര്‍ഷിയുടെ സമാധിയുടെ മുകളില്‍ ഒരു ശിവലിംഗ പ്രതിഷ്‌ഠയുണ്ട്‌. അഭിമുഖമായി നന്ദിയും. ഇവിടെയും അദ്ദേഹത്തിന്റെ പ്രതിമയുണ്ട്‌. ഹാളിന്റെ ചുമരുകളില്‍ മഹര്‍ഷിയുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. മാര്‍ബിള്‍ തറയിലെങ്ങും ധ്യാനത്തില്‍ മുഴുകിയിരിക്കുന്നവരാണ്‌.

പുറത്തേക്കുള്ള വഴി എത്തുന്നത്‌ ആശ്രമമുറ്റത്തെ വിശാലമായ കിണറിനുമുന്നിലേക്കാണ്‌. പഴക്കമേറെയുള്ള കിണറ്റില്‍ നിറയെ മത്സ്യങ്ങളാണ്‌. മുന്നോട്ടുനീങ്ങിയാല്‍ ഓള്‍ഡ്‌ ഹാളായി. നിരവധി വര്‍ഷങ്ങള്‍ മഹര്‍ഷി ധ്യാനത്തിലിരുന്ന സ്‌ഥലം. അവിടെയുള്ള കട്ടിലില്‍ മഹര്‍ഷിയുടെ ജീവന്‍ തുടിക്കുന്ന ഒരു ചിത്രം വച്ചിട്ടുണ്ട്‌. ഓള്‍ഡ്‌ ഹാളിലും ധ്യാനത്തിലാണ്ട്‌ നിരവധിയാളുകള്‍ ഇരിപ്പുണ്ട്‌. കണ്ണടച്ചാല്‍ തന്നെ അത്മീയത നല്‍കുന്ന അവാച്യമായ ആനന്ദം കൊണ്ട്‌ മനസ്‌ നിറയും. വൈരാഗ്യത്തിന്റെ തീവ്രതയില്‍ അവനവനെത്തന്നെ മറന്നുപോകുന്ന അവസ്‌ഥ.

രമണ സമാധിക്ക്‌ പുറത്ത്‌ സ്വാമി സമാധിയായ പഴയ മന്ദിരം അതേപടി നിലനിര്‍ത്തിയിരിക്കുന്നു. വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നുകയറിയ രണ്ടു മുറി കെട്ടിടത്തില്‍ മഹര്‍ഷി ഉപയോഗിച്ചിരുന്ന നിരവധി വസ്‌തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കട്ടില്‍, കമണ്ഡലു, ചോറ്റുപാത്രം തുടങ്ങിയവയൊക്കെ ഇവിടെ കാണാം.

ഓള്‍ഡ്‌ ഹാളിന്റെ പുറത്ത്‌ മഹര്‍ഷിയുടെ സഹചാരികളായ ലക്ഷ്‌മിയെന്ന പശുവിന്റെയും ജാക്കിയെന്ന നായയുടെയും വള്ളിയെന്ന മാനിന്റെയും ഒരു കാക്കയുടേയും സമാധി സ്‌ഥലങ്ങളുണ്ട്‌. ഇതുകൂടാതെ മഹര്‍ഷിയുടെ നിരവധി ശിഷ്യന്‍മാരുടേയും മറ്റ്‌ ആശ്രമവാസികളുടേയും നിരവധി സമാധികളും ആശ്രമത്തിലുണ്ട്‌. ആശ്രമ വളപ്പിന്റെ പിറകില്‍ നിന്നാണ്‌ അരുണാചലത്തിലേക്കുള്ള വഴി. ആത്മീയതയുടെ ഉത്തംഗൃംഗത്തിലേക്കുള്ള കവാടം.

അത്മീയതയുടെ ഉയരങ്ങളിലേക്ക്‌,

അരുണാചലത്തിലേക്ക്‌

അടിക്കുപന്നിപോയി നിന്‍മുടിക്കെരന്നവും പറ-

ന്നടുത്തുകണ്ടില്ല നിന്നെയിന്നുമഗ്നിലൈമേ,

എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രയങ്ങളോടുടന്‍

നടിച്ചിടും നമശ്ശിവായ നായക നമോ നമഃ

എന്നാണ്‌ ശ്രീ നാരായണ ഗുരു അരുണാചലത്തെ പ്രകീര്‍ത്തിക്കുന്നത്‌. ബ്രഹ്‌മാവും വിഷ്‌ണുവും കാണാന്‍ യത്നിച്ച ശൈവമഹാവെളിയാണ്‌ അരുണാലമെന്ന ഐതിഹ്യമാണ്‌ ഗുരു സദാവശിവ ദര്‍ശനത്തിലൂടെ ഇങ്ങനെ സ്‌മരിച്ചിരിക്കുന്നത്‌. ഒരു പര്‍വതമെന്നതിലുപരി ശക്‌തിപ്രസരം പുറത്തുവിടുന്ന ഒരു ഊര്‍ജകേന്ദ്രമാണ്‌ അരുണാചലം. ആശ്രമത്തോടു ചേര്‍ന്നുള്ള പര്‍വതത്തിന്റെ ഭാഗത്ത്‌ ചെറുകുടിലുകള്‍ കാണാം. തദ്ദേശവാസികളുടേതാണ്‌ ഇവ. ഇവിടം പിന്നിട്ടാല്‍ പാറക്കഷണങ്ങള്‍ പാകിയ മൂന്നടിയോളം മാത്രം വീതിയുള്ള പാത തുടങ്ങുന്നു. കുത്തനെയുള്ള കയറ്റം. വരണ്ട പാറക്കെട്ടുകള്‍ നിറഞ്ഞ വഴി. മലയിലെങ്ങും ചെറുമരങ്ങള്‍ വളര്‍ന്നു വരുന്നു. പുല്‍ച്ചെടികള്‍ വരെ വച്ചു പിടിപ്പിച്ചിരിക്കുന്നു. അവയെ ശ്രദ്ധയോടെ പരിചരിക്കുന്നുണ്ടെന്ന്‌ ഉറപ്പാണ്‌. നീണ്ടു നിവര്‍ന്നുകിടക്കുന്ന ചെങ്കുത്തായ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വഴി. വഴിയില്‍ നായ്‌ക്കളെ കാണാം, പിന്നീട്‌ മുമ്പേ നടന്നു പോകുന്നവരെയും മലയിറങ്ങുന്നവരെയും. ഒറ്റയ്‌ക്കായിപ്പോയാല്‍ അമ്പരിപ്പിക്കുന്ന നിശബ്‌ദത മാത്രം. പാതയുടെ ഇരുവശത്തും നിരവധി ഇടവഴികള്‍ എവിടെയും കാണാം. എകാന്തതയുടെയും മഹാമൗനത്തിന്റെയും പൊരുളറിയാന്‍ ഈ മലമുകളിലെ നിരവധിയിടങ്ങളില്‍ ഇന്നും തപസനുഷ്‌ഠിക്കുന്നവരുണ്ടത്രേ. മലമുകളിലേക്കെത്തും തോറും താഴെ തിരുവണ്ണാമലെ നഗരത്തിന്റെയും അരുണാചലക്ഷേത്രത്തിന്റെയും കാഴ്‌ചകള്‍ ദൃശ്യമാകും. ഇടയ്‌ക്ക് ഒരു സന്യാസിയെ കണ്ടു. 'ദി അണ്‍വാണ്ടറിംഗ്‌' എന്നാണ്‌ ഗൃഹസ്‌ഥാശ്രമത്തില്‍ നിന്ന്‌ വാനപ്രസ്‌ഥത്തിലേക്ക്‌ എത്തിയ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്‌. 13- ഭാഷകള്‍ അറിയാവുന്ന അദ്ദേഹം അരുണാചലത്തില്‍ തന്നെയാണ്‌ വാസം. മലയേറി വരുന്ന ആരെയും അദ്ദേഹം അഭിസംബോധന ചെയ്യും അവരുടെ ഭാഷയില്‍ തന്നെ. ഇഷ്‌ടപ്പെട്ടവരോട്‌ ഏറെ സംസാരിക്കും. അരുണാചലം സദാസമയം മഹാ ഊര്‍ജം പ്രസരിപ്പിക്കുന്നുവെന്ന്‌ അദ്ദഹം പറഞ്ഞുതന്നു. ഭൂഖണ്ഡങ്ങള്‍ രൂപം കൊണ്ട കാലത്ത്‌ ഉയര്‍ന്നുവന്നതാണ്‌ അരുണാചലം. ഹിമാലയത്തേക്കാള്‍ പഴക്കമുള്ള പര്‍വതം. യാതൊരു പരിശീലനവുമില്ലാതെ ധ്യാനത്തിലിരിക്കാന്‍ കഴിയുന്ന ഇടമെന്നതാണ്‌ അരുണാചലത്തിന്റെ എറ്റവും വലിയ പ്രത്യേകത.

ഭൂമിശാസ്‌ത്രപരമായ ചില പ്രത്യേകതകള്‍ ഉള്ളതിനാലാണ്‌ അരുണാചലത്തിന്‌ ആത്മീയത പ്രസരിപ്പിക്കാനാകുന്നത്‌. ഇതിനുസമാനമായ ഒരു സ്‌ഥലം ബ്രസീലിലെ ബ്രസീലിയയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെ നിന്ന്‌ യാത്രപറഞ്ഞ്‌ വീണ്ടും നടന്നുനീങ്ങി. വഴിയിലെങ്ങും കരിങ്കല്ലില്‍ മനോഹരമായ കൊത്തുപണികള്‍ ചെയ്‌തു ചെറിയ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്‌. മനോഹരമായ ചെറുവിഗ്രഹങ്ങള്‍. വിലപേശലൊന്നും ഇല്ല. എല്ലായിടത്തും ഒരു വിലമാത്രം. വീണ്ടും നടന്നുനീങ്ങിയാല്‍ സ്‌കന്ദാശ്രമത്തിലേക്ക്‌ എത്തും.

സ്‌കന്ദാശ്രമത്തിലേക്ക്‌...

മഹര്‍ഷി നിരവധി വര്‍ഷങ്ങള്‍ തപസ്‌ ചെയ്‌ത ഇരട്ടമുറിക്കെട്ടിടം. അദ്ദേഹത്തെ കാണാന്‍ അരുണാചലത്തിലെത്തിയ അമ്മ അഴഗമ്മാള്‍ താമസിച്ചിരുന്നതും ഇവിടെയായിരുന്നു. അവിടെവച്ചാണ്‌ അമ്മയുടെ അന്ത്യവും ഉണ്ടായത്‌. ഒരു ഗുഹയായിരുന്ന സ്‌കന്ദാശ്രമം ഇരട്ടമുറിക്കെട്ടിടമായി മാറ്റിയെടുത്തതാണ്‌. ആശ്രമത്തിലെ ഇരുട്ടുനിറഞ്ഞ മുറികളില്‍ ധ്യാനത്തില്‍ ഇരിക്കുന്നവരെ കാണാം. പരിസരത്ത്‌ നിരവധി വന്‍ വൃക്ഷങ്ങള്‍. മുന്നിലെ കല്‍ക്കെട്ടുകളില്‍ വിശ്രമിക്കുന്ന നിരവധിയാളുകള്‍. മേഞ്ഞു നടക്കുന്ന മയിലുകള്‍. ആശ്രമത്തിന്റെ അകത്തുകൂടി കടന്നുചെന്നാല്‍ പാറക്കൂട്ടത്തിനിടെയില്‍ ഒരു ചെറു ഉറവ പുറപ്പെടുന്നതുകാണാം. ഒരു നദിയുടെ തുടക്കം. മാധുര്യമേറിയ തണുപ്പ്‌ നിറഞ്ഞ വെള്ളം. ഇവിടെയുള്ള രണ്ട്‌ വന്‍ പാറകള്‍ക്കിടയിലൂടെ ഒരു വന്‍ മരം വളര്‍ന്ന്‌ പന്തലിച്ചു നില്‍ക്കുന്നു. സിമന്റിട്ട തറയില്‍ നിരവധിപേര്‍ ധ്യാനത്തില്‍ ഇരുന്നിരുന്നു. ഈ പാറകളിലൂടെ പിടിച്ചുകയറിയാല്‍ അരുണാചലത്തിന്റെ മുകളിലെത്താം. സ്‌കന്ദാശ്രമത്തില്‍ നിന്നു പുറത്തിറങ്ങി താഴേക്കുള്ള പടിക്കെട്ടുകള്‍ ഇറങ്ങിയാല്‍ വിരൂപാക്ഷ ഗുഹയിലേക്കുള്ള വഴിയായി.

വിരൂപാക്ഷ ഗുഹയിലേക്ക്‌

സ്‌കന്ദാശ്രമത്തില്‍ നിന്നുള്ള ഇറക്കമാണ്‌ വിരൂപാക്ഷ ഗുഹയിലേക്കുള്ള വഴി. വന്‍ പാറകള്‍ക്കും കുറ്റിച്ചെടികള്‍ക്കും ചെറുമരങ്ങള്‍ക്കും ഇടയിലൂടെ ചെങ്കുത്തായ ഇറക്കം. ഈ ഒറ്റയടിപ്പാത അവസാനിക്കുന്നത്‌ വിരൂപാക്ഷഗുഹയിലേക്കാണ്‌. വലിയൊരു പാറക്കടിയിലുള്ള ഒരുഗുഹ ചെറിയ മാറ്റങ്ങള്‍ വരുത്തി ചെറിയ ഒരു തിണ്ണ ഉണ്ടാക്കിയിട്ടുണ്ട്‌. പൂച്ചെടികള്‍ നിറഞ്ഞു നില്‍ക്കുന്ന മുറ്റം. പ്രണവാകൃതിയിലാണ്‌ ഗുഹ. അതിനാല്‍ എപ്പോഴും ഇവിടെ നിന്ന്‌ ഓംകാരം നിര്‍ഗമിക്കുന്നു. 16-ാം നൂറ്റാണ്ടില്‍ ഇവിടതപസുചെയ്‌തിരുന്ന വിരൂപാക്ഷ ഭഗവാന്റെ പേരിലാണ്‌ ഈ ഗുഹ അറിയപ്പെടുന്നത്‌. അവസാനകാലത്ത്‌ ഇവിടെയെത്തിയ വിരൂപാക്ഷ ഭഗവാനെ എകാന്തമായിരിക്കാന്‍ ശിഷ്യന്‍മാര്‍ അനുവദിച്ചു. പിറ്റേദിവസം അദ്ദേഹത്തിന്റെ ശരീരം ഭസ്‌മമായിരുന്നു. ഇവിടെ രമണമഹര്‍ഷി ഒരു ശിവലിംഗം പ്രതിഷ്‌ഠിച്ചു. നിറഞ്ഞുകത്തുന്ന ഒരു മണ്‍ചിരാതിനു മുന്നില്‍ ഇവിടെയും ധ്യാനനിരതരായി നിരവധിപ്പേരുണ്ടായിരുന്നു. 1899-1916 വരെനീണ്ട 17 വര്‍ഷക്കാലമാണ്‌ രമണ മഹര്‍ഷി ഇവിടെ തപസ്‌ ചെയ്‌തത്‌. നിരവധി അദ്വൈത ഗ്രന്ഥങ്ങള്‍ തമിഴിലേക്കു വിവര്‍ത്തനം ചെയ്‌തതും അരുണാചല സ്‌തുതി പഞ്ചകം രചിച്ചതും ഈ സമയത്താണ്‌. ശിഷ്യന്‍മാരായ ഗംഭീരം ശേഷയ്യര്‍ക്ക്‌ ''ഞാന്‍ ആര്‌ ''എന്ന അന്വേഷണവിദ്യ പകര്‍ന്നു നല്‍കിയതും '' ആത്മാന്വേഷണം'' എന്ന വിദ്യയും തപസ്‌ എങ്ങനെ ചെയ്യണമെന്ന ഉപദേശവും കാവ്യകണ്‌ഠ മുനിക്ക്‌ നല്‍കിയതും വിരൂപാക്ഷ ഗുഹയില്‍ വച്ചാണ്‌. ഭഗവാന്‍ രമണ മഹര്‍ഷിയിലേക്കുള്ള വെങ്കട്ടരാമന്റെ മാറ്റം പൂര്‍ണമാകുന്നത്‌ ഈ കാലയളവിലാണ്‌.

മനം നിറഞ്ഞ്‌ തിരിച്ചിറക്കം

വിരൂപാക്ഷ ഗുഹയില്‍ നിന്നുള്ള പടിക്കെട്ടുകള്‍ കയറി സ്‌കാന്ദശ്രമത്തിന്റെ മുന്നിലേക്കുള്ള യാത്ര തീര്‍ത്തും കഠിനമാണ്‌. കുത്തനെയുള്ള പടിക്കെട്ടുകള്‍. ഇരുന്ന്‌ വിശ്രമിക്കാനാകാതെ കയറാനാകില്ല. തിരിച്ചിറക്കത്തില്‍ മനസ്‌ എന്തെന്നല്ലാത്ത ശാന്തമാകും. പാറക്കല്ലുകള്‍ മാത്രം നിറഞ്ഞ ഈ പര്‍വതത്തെ പച്ചപുതപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കാണേണ്ടതുതന്നെയാണ്‌. അരുണാചല റീഅഫോര്‍സ്‌റ്റേഷന്‍ സൊസൈറ്റി കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയാണ്‌. ഇന്ന്‌ ഇവിടെ കാണുന്ന ഓരോ പുല്‍ച്ചെടികളും ഇത്തരത്തില്‍ വെച്ചുപിടിപ്പിക്കപ്പെട്ടവയാണ്‌. ചെറുമരങ്ങള്‍ വളര്‍ന്ന്‌ വൃക്ഷങ്ങള്‍ ആയിത്തുടങ്ങിയിരിക്കുന്നു. ഓരോപുല്‍ക്കൊടിയുടേയും ചുവട്ടില്‍ ഹോസുകള്‍ എത്തുന്നുണ്ട്‌ നനയ്‌ക്കുന്നതിനായി. അരുണാചലത്തിലെ ഉറവകളില്‍ നിന്നുള്ള ശുദ്ധജലം. മനസിനൊപ്പം ശരീരത്തിനെ മൊത്തത്തില്‍ തണുപ്പിക്കുന്ന കുളിര്‍മയാണ്‌ ഈ ഈ വെള്ളം കുടിക്കുമ്പോള്‍ അനുഭവപ്പെടുന്നത്‌. പ്രകൃതിയ്‌ക്കൊപ്പം മനുഷ്യനും മൃഗങ്ങളും ഒന്നാകുന്നയിടമാണ്‌ അരുണാചലം. താന്‍ ആരാണെന്ന്‌ അന്വേഷിച്ചറിയാനാണ്‌ വെങ്കട്ടരാമന്‍ അരുണാചലത്തിലെത്തിയത്‌. മരണത്തിന്റെ അനുഭവത്തെ അതിജീവിച്ച്‌ അദ്ദേഹം രമണ മഹര്‍ഷിയായത്‌ ഈ പര്‍വതത്തില്‍ ജീവിച്ചാണ്‌.

മധുരയ്‌ക്കടുത്ത്‌ നീര്‍ച്ചുഴി ഗ്രാമത്തില്‍ മജിസ്‌ട്രേട്ട്‌ കോടതി പ്ലീഡറായിരുന്ന സുന്ദരയ്യരുടെയും അളകമ്മാളിന്റെയും മകനായി 1879 ഡിസംബര്‍ 30നാണ്‌ വെങ്കട്ടരാമന്‍ ജനിച്ചത്‌. പതിമൂന്നാം വയസ്സില്‍ പിതാവിനെ നഷ്‌ടപ്പെട്ടു. സ്‌കൂളില്‍പ്പോയി പഠിക്കാന്‍ താല്‍പര്യമില്ലായിരുന്ന വെങ്കിട്ടരാമനു 1886 ജൂലൈ 16ന്‌ വിചിത്രമായ ഒരു അനുഭവം ഉണ്ടായി. വീട്ടില്‍ ഒറ്റയ്‌ക്കിരിക്കുമ്പോള്‍ താന്‍ മരിക്കുകയാണെന്ന്‌ ആ ബാലന്‌ തോന്നലുണ്ടായി. ഇതോടെ ലൗകികജീവിതത്തോടെ താല്‍പര്യം നശിച്ചു. വീട്ടുകാര്‍ അനിഷ്‌ടം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വീടുവിട്ടറങ്ങി. ഏറെ ദൂരം താണ്ടി 17-ാം വയസില്‍ തിരുവണ്ണാമലയിലെത്തി. അരുണാചലേശ്വര ശിവക്ഷേത്രത്തിലായിരുന്നു ആദ്യം വസിച്ചത്‌. അപൂര്‍വമായ കൊത്തുപണികള്‍ കൊണ്ട്‌ നിറഞ്ഞതാണ്‌ കരിങ്കല്ലില്‍ തീര്‍ത്ത ഈ ക്ഷേത്രം. കൊത്തുപണികള്‍ നിറഞ്ഞ നാലു ഗോപുരങ്ങള്‍. 1001 കല്‍ത്തൂണുകള്‍ നിറഞ്ഞ മണ്ഡപം, വിശാലമായ കുളം, ഭീമാകാരമായ നന്ദിപ്രതിമ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ്‌ മനോഹരമായ ഈ ക്ഷേത്രം. 16-ാം നൂറ്റാണ്ടില്‍ ചോള രാജാക്കന്‍മാരാണ്‌ ക്ഷേത്രം നിര്‍മിച്ചത്‌. അരുണാചലശ്വേരനെ സ്വന്തം പിതാവെന്നായിരുന്നു മഹര്‍ഷി വിശേഷിപ്പിച്ചിരുന്നത്‌. ക്ഷേത്രത്തില്‍ അദ്ദേഹം തപസുചെയ്‌ത പാതാളലിംഗ ക്ഷേത്രവും അപൂര്‍വമായ ഒരു നിര്‍മിതിയാണ്‌.

പിന്നീട്‌ അരുണാചല പര്‍വതത്തിലേക്കു മഹര്‍ഷി താമസം മാറ്റി. തികഞ്ഞ മൗനത്തില്‍ നീണ്ട കാലം തപസിലിരുന്ന അദ്ദേഹം പുറം ലോകത്ത്‌ നടക്കുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ക്രമേണ പ്രശസ്‌തനായ അദ്ദേഹത്തെ തേടി ഭക്‌തന്‍മാരെത്തിത്തുടങ്ങി. അവരോടു സംസാരിക്കാനും വേദങ്ങള്‍ ചര്‍ച്ച ചെയ്യാനും ആരംഭിച്ചു. മകന്‍ തിരുവണ്ണാമലയിലുണ്ടെന്നറിഞ്ഞ അഴകമ്മാള്‍ തിരുവണ്ണാമലയിലെത്തി പുത്രനെ കണ്ടു. 1922-ല്‍ അമ്മയുടെ സമാധിക്കുശേഷമാണ്‌ അദ്ദേഹം അരുണാചലത്തിന്റെ താഴ്‌വരയിലുള്ള രമണാശ്രമത്തിലേക്കു താമസം മാറ്റിയത്‌.

നീണ്ട അമ്പത്തിനാലു വര്‍ഷങ്ങളാണ്‌ അദ്ദേഹം അരുണാചലത്തില്‍ കഴിഞ്ഞത്‌. പുള്ളിപ്പുലികളും, അണ്ണാറക്കണ്ണന്‍മാരും മയിലുകളും കുരങ്ങന്‍മാരും ഒക്കെ അദ്ദേഹത്തിനു സൃഹൃത്തുക്കളായിരുന്നു. 1950ഏപ്രില്‍ 14 ന്‌ ഭൗതിക ശരീരം വെടിയുന്നതുവരെ അദ്ദേഹം ജീവിച്ചുകാണിച്ചത്‌ പ്രകൃതിയും ഈശ്വരനും മനുഷ്യനും ഒന്നാകുന്നത്‌ എങ്ങനെയാണെന്നതായിരുന്നു. ശുദ്ധാദ്വൈതത്തിന്റെ ഉദാത്തമായ മാതൃകയായി. വരും തലമുറയ്‌ക്ക് ബാക്കിവെക്കാതെ ഒന്നാകെ പ്രകൃതിയെ തിന്നുതീര്‍ക്കുന്ന പുതുതലമുറയ്‌ക്ക് രമണ മഹര്‍ഷിയുടെ ജീവിതം നല്‍കുന്ന സന്ദേശം ഇതാണ്‌ പ്രകൃതിയോട്‌ ഇണങ്ങി ജീവിക്കുക.

രമണ മഹര്‍ഷിയുടെ ചരിത്രം മൗനത്തിന്റെ ചരിത്രമാണ്‌. വേദാന്തത്തിന്റെയും ഹിന്ദുമതത്തിന്റെയും ആചാര്യസ്‌ഥാനത്ത്‌ നില്‍ക്കുന്ന ശ്രീശങ്കരാചാര്യര്‍ പകര്‍ന്നുനല്‍കിയ എല്ലാത്തിനും മൂര്‍ത്തരൂപമായ ഉദാഹരണമായിരുന്നു രമണ മഹര്‍ഷി.

ആത്മവിദ്യയിലൂടെ ഈശ്വരനെ അറിഞ്ഞ്‌ പ്രപഞ്ചത്തിന്റെ ഭാഗമായി ജീവിക്കുക എന്നതാണ്‌ ഈ നൂറ്റാണ്ടിലും ഭഗവാന്‍ രമണ മഹര്‍ഷിയുടെ ജീവിതം നല്‍കുന്ന പാഠം.അരുണാചലം ഒരു പ്രതീകം മാത്രമാണ്‌ പ്രകൃതി ഓരോ ജീവനും പകര്‍ന്നുനല്‍കുന്ന ഊര്‍ജത്തിന്റെ പ്രതീകം. ആധ്യാത്മിക പകര്‍ന്നേകുന്ന ആനന്ദം തേടിയെത്തുന്നവരെ അറിയാതെ സ്വയമലയിക്കുകയാണ്‌ അരുണാചലവും രമണമഹര്‍ഷിയും ഇന്നും ചെയ്യുന്നത്‌.

പരസ്‌പരം സംസാരിക്കാന്‍ ഭാഷപോലും ആവശ്യമില്ലാതിരുന്ന ആ മഹാത്മാവ്‌ വിവരിക്കാനാവാത്ത അനുഭൂതിയാണ്‌ ഇന്നും തന്നെത്തേടിയെത്തുന്നവര്‍ക്ക്‌ പകര്‍ന്നേകുന്നത്‌.

അഭിലാഷ്‌ നായര്‍

മഞ്ഞില്‍ വിരിയുന്ന സംവിധായകന്‍

മുപ്പതുവര്‍ഷങ്ങള്‍ക്കപുറം ഇതുപോലൊരു മഞ്ഞുകാലത്ത്‌ കഴുത്തില്‍ ഷാള്‍ ചുറ്റി ഒരു നായകന്‍ മലയാളസിനിമയുടെ വെളളിത്തിരയില്‍ എത്തി. അയാളുടെ പ്രണയഭാവങ്ങള്‍ പുത്തനനുഭവമായ എണ്‍പതുകളിലെ മലയാള യുവത്വത്തിന്റെ നെഞ്ചിടിപ്പായി ആ നായകന്‍ മാറി. അഭ്രപാളികളില്‍ മിന്നിമറിഞ്ഞ പ്രണയാതുരനായ നായകന്റെ പേര്‌ പിന്നീടു പലവട്ടം മലയാളി ഏറ്റുപറഞ്ഞു. ശങ്കര്‍.. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകന്‍ പിന്നീട്‌ വെളളിത്തിരയുടെ പകിട്ടില്‍ നിന്നു നീണ്ട ഇടവേളയിലേക്ക്‌ സ്വയം പ്രവേശിച്ചതും ഒപ്പമെത്തിയവര്‍ കാലത്തിനൊപ്പം കിതപ്പില്ലാതെ ഇന്നും സഞ്ചരിക്കുന്നതും ചരിത്രം. എന്നാല്‍ ഇടവേളകള്‍ക്ക്‌ അവധിനല്‍കി ശങ്കര്‍ ഇപ്പോള്‍ മലയാളസിനിമയില്‍ സജീവമാകുന്നു. ഒരു വ്യത്യാസം മാത്രം കാമറയ്‌ക്കു മുന്നിലെ അഭിനേതാവിനേക്കാള്‍ കാമറക്കു പിന്നിലെ സംവിധായകന്റെ റോളില്‍. പേരില്‍ അല്‍പ്പം മാറ്റംകൂടി, ശങ്കര്‍ പണിക്കര്‍. തന്റെ ആദ്യ വാണിജ്യ ചിത്രമായ 'കേരളോത്സവം 09' പുറത്തിറങ്ങിയ ശേഷം കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും ശങ്കര്‍ പണിക്കര്‍ മംഗളത്തോടു സംസാരിച്ചപ്പോള്‍.

* കാമറക്കു മുന്നില്‍ നിന്നു പിന്നിലേക്കു വരുന്നതിന്റെ അനുഭവം ?

വളരെ നാളത്തെ ഇടവേളക്കുശേഷം രണ്ടാമത്‌ അഭിനയരംഗത്തു തിരിച്ചുവന്നു. സൂര്യവനം, ഫയര്‍ തുടങ്ങി രണ്ടു മൂന്നു ചിത്രങ്ങളില്‍ നായകനായെങ്കിലും അതു വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ അഭിനയത്തിന്‌ വീണ്ടും ഇടവേള നല്‍കേണ്ടിവന്നു. സിനിമയില്‍ അഭിനേതാവായി സജീവമായിരുന്നപ്പോഴും സംവിധാനം മനസില്‍ ഉണ്ടായിരുന്നു. 95 ല്‍ സുരേഷ്‌ഗോപിയെ വച്ച്‌ ഒരു സിനിമ ചെയ്യാന്‍ തയാറായതാണ്‌. എന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റും കഥ പൂര്‍ണരൂപത്തില്‍ കിട്ടാതിരുന്നതും ആ പദ്ധതി ഉപേക്ഷിക്കേണ്ടതായിവന്നു.

* മലയാളത്തിന്റെ ഒരു കാലഘട്ടത്തിന്റെ നായകന്‍ സംവിധായകന്റെ റോളിലേക്കു വരുമ്പോള്‍ ?

ഒരുപാട്‌ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചയാളാണ്‌ ഞാന്‍. അതുകൊണ്ടുതന്നെ കഥ പറഞ്ഞുപോകുമ്പോള്‍ ഒരോ ഷോട്ടും എങ്ങനെ എടുക്കണമെന്നു വ്യക്‌തമായ ധാരണയുണ്ടായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലധികം ഫീല്‍ഡില്‍ നില്‍ക്കുന്നൊരാളെന്ന നിലയില്‍ സംവിധായകന്റെ കുപ്പായമണിയുന്നതിന്‌ പ്രത്യേകിച്ചു വെല്ലുവിളികള്‍ ഒന്നും ഉണ്ടായില്ല.

ആദ്യത്തെ വാണിജ്യചിത്രത്തെക്കുറിച്ച്‌ ?

സിനിമയില്‍ ഇത്രയും അനുഭവ പരിചയമുളളയാള്‍ ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ ചിത്രത്തില്‍ എന്തെങ്കിലും സന്ദേശം ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. വാണിജ്യ സിനിമയുടെ എല്ലാ ചേരുവകളും ഉള്‍ക്കൊളളിച്ചുകൊണ്ടുതന്നെ ജനങ്ങള്‍ കണ്ടിരിക്കേണ്ട സിനിമയാണ്‌ 'കേരളോത്സവം 09'. ഇയാള്‍ ഇത്‌ എന്താണ്‌ ഈ കാണിച്ചുവച്ചിരിക്കുന്നതെന്നു മറ്റുളളവരെക്കൊണ്ട്‌ പറയിപ്പിക്കാത്ത ചിത്രമാണെന്ന്‌ എനിക്കുറപ്പുണ്ട്‌.

* കാലികമായി വളരെ ശ്രദ്ധിക്കപ്പെടുന്ന വിഷയമാണല്ലോ പ്രമേയമാക്കിയിരിക്കുന്നത്‌ ?

ചിത്രത്തിന്റെ പേരുകണ്ട്‌ സിനിമകാണാന്‍ കയറിയവര്‍ കഥ കണ്ട്‌ ഞെട്ടിപ്പോയി. സമൂഹത്തില്‍ മാനുഷിക ബന്ധങ്ങളില്‍ വരുന്ന വിളളലിലൂടെയാണ്‌ തീവ്രവാദം പോലുളള സാമൂഹ്യതിന്മകള്‍ തഴച്ചുവളരാന്‍ ഇടയാകുന്നത്‌. നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ അവകാശപ്പെടുന്ന ഈ കൊച്ചു കേരളത്തിലും കാര്യങ്ങള്‍ വ്യത്യസ്‌തമല്ലെന്നു സമീപകാലത്തെ ദൃശ്യപത്ര മാധ്യമങ്ങളിലൂടെ മനസിലാക്കാന്‍ കഴിയും. എങ്ങിനെയാണ്‌ യുവാക്കള്‍ തീവ്രവാദംപോലുളള തിന്മയിലേക്ക്‌ എത്തപ്പെടുന്നത്‌, അതിനോടു സമൂഹത്തിനുളള പ്രതികരണം എങ്ങനെയാണ്‌ എന്നീ കാര്യങ്ങളാണ്‌ ഞാന്‍ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്‌.

ഇതിലൂടെ സമൂഹത്തിന്‌ ഒരു സന്ദേശം നല്‍കാനാണ്‌ ഞാന്‍ ആഗ്രഹിച്ചത്‌. ചിത്രം ഇറങ്ങിയതിനുശേഷം ഒരുപാട്‌ മുസ്ലീം സുഹൃത്തുക്കള്‍ എന്നെ വിളിച്ച്‌ അഭിനന്ദിച്ചിരുന്നു.

* എറണാകുളം പോലുളള പ്രമുഖ നഗരങ്ങളില്‍ ചിത്രം റിലീസ്‌ ചെയ്യുന്നതിന്‌ തിയറ്റര്‍ ലഭിച്ചില്ലല്ലോ ?

ഇതു മലയാള സിനിമയുടെ ശാപമാണ്‌. ഇവിടെ ഒന്നരക്കോടിയുടെ ഒരു ലോ ബജറ്റ്‌ ചിത്രമെടുത്താല്‍ അതു മത്സരിക്കേണ്ടിവരുന്നത്‌ കൈവിരലില്‍ എണ്ണിയാല്‍ തീരാത്ത കോടികള്‍ മുടക്കിയെത്തുന്ന തമിഴ്‌, കന്നഡ, ഇംഗ്ലീഷ്‌, ഹിന്ദി തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളോടാണ്‌. ഇവിടെ ഒരു നഗരത്തിലെ അഞ്ചു തിയറ്ററുകളിലും തമിഴ്‌ സിനിമകള്‍ ഓടുമ്പോള്‍ ചെറിയ മുതല്‍മുടക്കിലുളള സിനിമകള്‍ പുറന്തളളപ്പെടുന്നു. പിന്നെയും മലയാളത്തില്‍ പിടിച്ചുനില്‍ക്കുന്നത്‌ താരമൂല്യത്താലാണ്‌. അടുത്തിടെ റിലീസായ നീലത്താമര ഓടുന്നുണ്ട്‌. ഇവിടെ ലാല്‍ജോസ്‌ എന്ന സംവിധായകന്റെയും എം.ടി എന്ന തിരക്കഥാകൃത്തിന്റെയും താരമൂല്യം തുണയായി. മലയാളത്തില്‍ പുതിയ ഒരു ചിത്രം ഇറങ്ങിയാല്‍ അതു കുറച്ചു പേര്‍ കണ്ട്‌ നല്ലതാണെങ്കില്‍ ആ ആഭിപ്രായം രൂപീകരിക്കാന്‍ പോലും സമയം ലഭിക്കാതെ ചിത്രം തിയറ്ററുകളില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നു. എന്നാല്‍ തമിഴില്‍ നടക്കുന്ന പരീക്ഷണങ്ങളെ മലയാളികള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു. ഉദാഹരണത്തിനു സുബ്രഹ്‌മണ്യപുരം പോലുളള ചിത്രങ്ങള്‍.

* ഫാന്‍സ്‌ ക്ലബ്‌ രൂപീകരിക്കാതിരുന്നത്‌ അബദ്ധമായിപ്പോയി എന്ന്‌ പറയുകയുണ്ടായല്ലോ ?

സിനിമയില്‍ സജീവമായിരുന്നപ്പോള്‍ ഫാന്‍സ്‌ ക്ലബ്‌ രൂപീകരിക്കാമെന്നു പറഞ്ഞ്‌ പലരും സമീപിച്ചിരുന്നു. അത്‌ ഒരുപക്ഷേ മലയാളത്തിനേക്കാള്‍ അധികം തമിഴ്‌നാട്ടില്‍ നിന്നായിരുന്നു. അന്ന്‌ അതിന്റെ ആവശ്യമുണ്ടായിരുന്നതായി തോന്നിയിരുന്നില്ല. പിന്നീട്‌ ആലോചിച്ചപ്പോള്‍ അത്‌ അബദ്ധമായി എന്നു തോന്നിയിട്ടുണ്ട്‌. ഇന്ന്‌ ഒരു ആക്‌ടറിന്‌ ഫാന്‍സ്‌ ക്ലബ്‌ ഒഴിവാക്കാന്‍ സാധിക്കാത്ത സംഭവമാണ്‌. ഇതിന്‌ ഒരു വശത്തു ഗുണവും മറുവശത്തു ദോഷവുമുണ്ടെങ്കിലും.

* സൗഹൃദങ്ങളെക്കുറിച്ച്‌ ?

സിനിമയിലും വ്യക്‌തിജീവിതത്തിലും ഒരുപാട്‌ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നയാളാണ്‌ ഞാന്‍. ഇടവേളക്കുശേഷം സിനിമയിലേക്കു തിരിച്ചു വന്നതിനുശേഷവും മോഹന്‍ലാലുമായും പ്രിയദര്‍ശനുമായും എന്നല്ല എല്ലാവരുമായും ഞാന്‍ സൗഹൃദം തുടരുന്നുണ്ട്‌. എന്നാല്‍ എടുത്തു പറയേണ്ടത്‌ നിര്‍മാതാവ്‌ സുരേഷ്‌ കുമാറുമായുളള സൗഹൃദമാണ്‌. ചിത്രങ്ങള്‍ പരാജയപ്പെട്ട്‌ അവസരങ്ങള്‍ കുറഞ്ഞുവന്ന അവസ്‌ഥയിലും അദ്ദേഹം എന്നെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. റൊമാന്റിക്‌ വേഷങ്ങള്‍ തന്നെ ചെയ്യാതെ മാറിചെയ്യാന്‍ ഇവരെല്ലാംതന്നെ അന്ന്‌ എന്നെ ഉപദേശിച്ചിരുന്നവരാണ്‌.

* പുതിയ തലമുറയിലെ മലയാളത്തിലെ നായകന്മാരെക്കുറിച്ച്‌?

എല്ലാരും തന്നെ കഴിവുളളവരാണ്‌. പൃഥ്വിരാജ്‌, ജയസൂര്യ, ഇന്ദ്രജിത്‌, നരേന്‍ എന്നീ പേരുകള്‍ മലയാളസിനിമയില്‍ വരുംകാലത്ത്‌ മുതല്‍കൂട്ടാകും എന്നുതന്നെയാണ്‌ എന്റെ വിശ്വാസം. പിന്നെ എന്റെ ചിത്രത്തിലെ നായകന്‍ വിനുമോഹന്‍ ടാലന്റുള്ള ആക്‌ടറാണ്‌. വിനു എന്റെ ചിത്രത്തിലെ ചില രംഗങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ചെയ്‌തിരുന്നു.

* അഭിനേതാവായി തുടര്‍ന്നിരുന്നെങ്കില്‍ ഇന്നും നായകനാകുമായിരുന്നോ?

തീര്‍ച്ചയായും. കലാകാരന്റെ ശരീരത്തെ മാത്രമേ കാലത്തിനു കീഴ്‌പ്പെടുത്താന്‍ സാധിക്കുളളൂ. മനസിനെയും പ്രതിഭയെയും കീഴ്‌പ്പെടുത്താന്‍ സാധിക്കില്ല.

* സൂപ്പര്‍ സ്‌റ്റാറുകള്‍ ഇനിയും നായകന്മാരായി തുടരുന്നത്‌ പുതിയ തലമുറയെ ബാധിക്കുമെന്നു കരുതുന്നുണ്ടോ ?

അങ്ങനെ പറയാന്‍ സാധിക്കില്ല. തമിഴില്‍ അറുപതാമത്തെ വയസിലും രജനീകാന്ത്‌ അഭിനയിക്കുന്നു. കാലഘട്ടങ്ങള്‍ പരിശോധിച്ചാല്‍ അറിയാം സത്യന്‍-നസീര്‍, ശങ്കര്‍-മോഹന്‍ലാല്‍, മമ്മൂട്ടി-മോഹന്‍ലാല്‍ ഇങ്ങനെയുളള ടീമുകളാണ്‌ മലയാളത്തില്‍ നായക സങ്കല്‍പങ്ങളായിരുന്നത്‌. സ്വാഭാവികമായും അടുത്ത തലമുറ വരുമ്പോള്‍ അവര്‍ അവരവരുടെ സ്‌ഥാനങ്ങള്‍ കണ്ടെത്തിക്കൊളളും.

* നടനായാണോ സംവിധായകനായാണോ ഇനിയുളള കാലം അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്‌.

മോഹന്‍ലാല്‍ നായകനായ 'ഇവിടം സ്വര്‍ഗമാണ്‌' എന്ന സിനിമയില്‍ അഭിനയിച്ചു. മോഹന്‍ലാലിന്റെ തന്നെ കാസിനോവയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംവിധാനം ചെയ്‌ത ചിത്രത്തെക്കുറിച്ച്‌ ആരും മോശം എന്നൊരഭിപ്രായം പറഞ്ഞിട്ടില്ല. ഇതെല്ലാം പറയുന്നത്‌ നല്ല വേഷങ്ങള്‍ വന്നാല്‍ അഭിനയിക്കുമെന്നും സംവിധാനം ചെയ്യാന്‍ പറ്റുന്ന പ്രോജക്‌ടുകള്‍ കിട്ടിയാല്‍ അതു ചെയ്യുമെന്നുമാണ്‌. മലയാളി പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുകയെന്നത്‌ ശ്രമകരമായ ജോലിയാണ്‌. മറ്റാരേക്കാളും മലയാളികളുടെ മനസ്‌ എനിക്കറിയാം. എന്തായാലും ഇനിയുളളകാലം സിനിമയില്‍ സജീവമാകുകയെന്നതാണ്‌ ആഗ്രഹം.

അനൂപ്‌ വൈക്കപ്രയാര്‍