Monday, June 7, 2010

പാതാളത്തിലെ പക്ഷികള്‍

Text Size:
യാത്ര തുടങ്ങുകയാണ്‌...

തിരുനെല്ലി ക്ഷേത്രത്തോടു ചേര്‍ന്നുള്ള വനംവകുപ്പിന്റെ ഐ.ബിക്കു പുറത്തു നേരം വെളുത്തു വരുന്നു. ഐബിയോട്‌ ചേര്‍ന്നുളള ചങ്ങലക്കെട്ടാണു കാടിന്റെ അതിര്‍ത്തി. ജീപ്പ്‌ റോഡെന്നു സങ്കല്‍പിക്കാവുന്ന തെളിച്ചിട്ട കാട്ടുവഴിയിലൂടെ കുറച്ചുദൂരം. വനംവകുപ്പിന്റെ ജീപ്പിനു മാത്രമാണ്‌ ഇവിടേക്കു പ്രവേശനം. മഴ കഴിഞ്ഞ്‌ നടന്നു കാടുകയറുന്ന ആദ്യ കൂട്ടമായിരുന്നു ഞങ്ങളുടേത്‌. അട്ടപ്പട്ടാളം സമൃദ്ധമായിരിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ ഉപ്പും പുകയിലയും കൂട്ടിക്കുഴച്ച്‌ കിഴിയുണ്ടാക്കി, അത്‌ ഒരു വടിയുടെ തലപ്പത്തു കെട്ടിയാണു നടത്തം. അട്ട കാലില്‍ കയറിയാല്‍ ഇതുകൊണ്ടൊന്നു തൊട്ടാല്‍ മതി. അതു ചത്തുവീഴും.

കുറച്ചുദൂരം പിന്നിട്ടപ്പോള്‍ റോഡുപേക്ഷിച്ച്‌ ഊടുവഴികളിലൂടെയായി നടപ്പ്‌. തണുപ്പിനൊപ്പം കയറ്റത്തിന്റെ കാഠിന്യവും ഏറുന്നു. ഹൃദയമിടിപ്പിന്റെ താളവും മാറുന്നുണ്ട്‌.

തടസങ്ങളും കുറ്റിക്കാടുകളും വകഞ്ഞുമാറ്റാന്‍ വഴികാട്ടിയായി വനംവകുപ്പിന്റെ വാച്ചര്‍ മുന്നില്‍. കുറ്റിക്കാടെന്നു പറയാന്‍ മാത്രമേ പറ്റൂ. തലയ്‌ക്കു മുകളിലാണ്‌ ഉയരം. കയറ്റം കുത്തനെയായി. എത്തിപ്പെട്ടത്‌ ഒരു പുല്‍മേട്ടില്‍. അകലെ ഞങ്ങള്‍ യാത്ര തുടങ്ങിയ തിരുനെല്ലി ക്ഷേത്രം... മലമടക്കുകളില്‍ അള്ളിപ്പിടിച്ചു വളരുന്ന ചോലവനങ്ങള്‍. അതിനുമപ്പുറം കാളിന്ദീ തീരത്തു നീണ്ടു നിവര്‍ന്നുകിടക്കുന്ന വയല്‍... ഒരു കാഴ്‌ചയും ഒറ്റ ഫ്രെയിമില്‍ ഒതുക്കാവുന്നതല്ല.

നടത്തം പാതിയില്‍ നിര്‍ത്തിയാല്‍ മുന്നോട്ടു പോകാനാവുമെന്നു കരുതേണ്ട- കൂടെയുള്ള വഴികാട്ടി ഓര്‍മിപ്പിച്ചു. ബ്രഹ്‌മഗിരി മലയുടെ പാതി പിന്നിട്ടിരിക്കുന്നു. അമ്മയെ കുഞ്ഞ്‌ അള്ളിപ്പിടിച്ചു കിടക്കുംപോലെയാണ്‌ ചോലക്കാടുകള്‍. മലമുകളിലെ കനത്തകാറ്റിനെ പ്രതിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ ചോലക്കാടുകള്‍ മലഞ്ചെരുവില്‍ മാത്രമെന്ന്‌ ചിലരുടെ സംശയങ്ങള്‍ക്കു വാച്ചറുടെ മറുപടി.

ചോലക്കാടുകളിലെ മരങ്ങള്‍ക്കുമുണ്ട്‌ പ്രത്യേകതകള്‍. ഇലകള്‍ നന്നേ ചെറുത്‌. ചില്ലകളില്‍ അപ്പൂപ്പന്‍താടികള്‍ പോലെ തൂങ്ങിക്കിടക്കുന്ന ഫംഗസുകള്‍. വര്‍ഷങ്ങളുടെ പഴക്കമുണ്ടത്രേ പല മരങ്ങള്‍ക്കും. പക്ഷേ, പറഞ്ഞാല്‍ വിശ്വസിക്കില്ല. കാരണം, അത്ര പ്രായം തോന്നിപ്പിക്കുന്ന നീളമോ തടിയോ ഇല്ലെന്നതുതന്നെ. ബോണ്‍സായ്‌ ചെടികളെപോലെ. ചോലവനങ്ങള്‍ പിന്നിട്ടു വീണ്ടും പുല്‍മേട്ടിലേക്ക്‌...

കൂറേദൂരം കൂടി പിന്നിട്ടപ്പോള്‍ മുന്നില്‍ നടന്നവര്‍ നിശബ്‌ദരായി അടുത്തമലയിലേക്കു നോക്കുന്നു. ഒരൊറ്റയാന, പൊടിമണ്ണ്‌ വാരി ദേഹത്തിട്ടു തകര്‍ക്കുകയാണ്‌. ഇടയ്‌ക്കു ചോലക്കാടിനോടു ചേര്‍ന്നു വളര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റിക്കാട്ടില്‍നിന്ന്‌ എന്തൊക്കെയോ പിഴുതെറിയുന്നു.

സംഘത്തിലുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കു കാടിനുള്ളില്‍ കിട്ടിയ ആദ്യ ഇര. അതവര്‍ കിടന്നും മരത്തില്‍ കയറിയുമൊക്കെ ചിത്രമെടുത്ത്‌ ആഘോഷിച്ചു.

ഒറ്റയാന്റെ പരാക്രമങ്ങളില്‍ രസിച്ചു നില്‍ക്കുമ്പോള്‍ വാച്ചറുടെ മുന്നറിയിപ്പ്‌. പക്ഷി പാതാളത്തിലേക്ക്‌ ഇനിയുമുണ്ടേറെ. നടപ്പു തുടര്‍ന്നു. ബ്രഹ്‌മഗിരിയുടെ മുകളിലെത്തി. ഇവിടെ സന്ദര്‍ശകരെ കാത്തെന്നപോലെ കൂറ്റന്‍ വാച്ച്‌ ടവര്‍.

കാഴ്‌ച കാണാന്‍ അതിനുമുകളിലേക്കു വലിഞ്ഞുകയറി. ഒരാള്‍ക്കുമാത്രം കഷ്‌ടിച്ചു കയറാനാവുന്ന കുത്തനെയുള്ള ഗോവണിയിലൂടെ വേണം മുകളിലെത്താന്‍. മുകളിലെത്തിയപ്പോഴാകട്ടെ ശരിക്കും ആകാശം തൊട്ടതുപോലെ.

ദൂരെ തിരുനെല്ലി ക്ഷേത്രം ഇപ്പോഴും കാണാം. ടവറിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ കാടിന്റെ തലപ്പും കാണാം. ചോലക്കാടുകളില്‍ തമ്പടിച്ച പക്ഷികളുടെ കൂടുകാണാം. കാട്ടുപൊന്തയില്‍ ഇളംവെയില്‍ കായാനിരിക്കുന്ന അപൂര്‍വ ചിത്രശലഭങ്ങളെ കാണാം, അതിനെല്ലാമിടയില്‍ കാടിന്റെ മൊത്തം കാവല്‍ക്കാരനാണെന്നു തോന്നിപ്പിക്കുന്നതരത്തില്‍ പുല്‍മേട്ടില്‍ ഒരൊറ്റമരവും.

ഇനിയാത്ര മലയുടെ മറുപുറത്തേക്കാണ്‌. പക്ഷിപാതാളം കേരളത്തിലാണെങ്കിലും അവിടെത്താന്‍ കര്‍ണാടക അതിര്‍ത്തി കടക്കണം. കുറച്ചുദൂരം കര്‍ണാടകത്തിലൂടെ നടന്ന്‌ വീണ്ടും കേരളത്തിലേക്കുതന്നെ എത്തി. കാടിനുള്ളിലെന്തു കര്‍ണാടകവും കേരളവും...

കൂറേ നടന്നപ്പോള്‍ പുല്‍മേടിനു കനവും നീളവും കൂടിവരുന്നതായി തോന്നി. ഇപ്പോള്‍ മുന്‍പില്‍ ഒരാള്‍ പൊക്കത്തിലുളള പുല്‍മേടാണ്‌. കുറേ ദൂരം നടന്നപ്പോള്‍ വീണ്ടും ഒരു ചോലവനത്തിലേക്കുകയറി. നല്ലകാട്‌. ഒരു ഗുഹയിലേക്കുകടക്കുന്നതുപോലെയാണ്‌ ചോലക്കാട്ടിലേക്കു കയറിയത്‌. പെട്ടെന്ന്‌ ഇരുട്ടായതുപോലെ. ഉള്ളിലേക്കു കയറിയപ്പോള്‍തന്നെ ഒരു കാട്ടരുവിയുടെ ശബ്‌ദം കേട്ടു. അടിക്കാടുകളെ വകഞ്ഞുമാറ്റി കുറച്ചുനടന്നപ്പോള്‍ കാട്ടാറിനടുത്തെത്തി. കണ്ണാടിപോലെ അതങ്ങനെ ഒഴുകുകയാണ്‌. സമയം ഉച്ചയായിരിക്കുന്നു. നല്ലവിശപ്പും ദാഹവും. കണ്ണാടിപോലെ ഒഴുകുന്ന ആറിലേക്ക്‌ കൈക്കുമ്പിള്‍ താഴ്‌ത്തി. നല്ലതണുപ്പ്‌. കുറേ വെളളം കുടിച്ച്‌ ദാഹംമാറ്റി.

ക്യാമ്പിന്റെ സംഘാടകര്‍ ആരോകൊണ്ടുവന്ന അവല്‍പൊതിയഴിച്ച്‌ വയറുനിറയെ അതും കഴിച്ച്‌ യാത്ര തുടര്‍ന്നു. ഇപ്പോള്‍ നാലുഭാഗത്തും പുല്‍മേടുകള്‍മാത്രം. ചെറുതും വലുതുമായ ചോലവനങ്ങള്‍ മലമടക്കുകളില്‍ ചിതറിക്കിടക്കുന്നപോലെ തോന്നി. ചോലവനങ്ങളെ തൊട്ടുരുമ്മി മഴമേഘങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുകയാണ്‌. പുല്‍മേട്ടിലൂടെ നടന്നപ്പോള്‍ അങ്ങു ദൂരെ ഒരു വലിയ പാറകണ്ടു. ഞങ്ങള്‍ക്ക്‌ മുന്‍പേ പോയവര്‍ പാറപുറത്ത്‌ കയറിയിരിക്കുന്നു.

കുത്തനെയുളള കയറ്റമാണ്‌. പാറയില്‍ അളളിപ്പിടിച്ച്‌ മുകളിലെത്തിയപ്പോള്‍ തലകറങ്ങുന്നതുപോലെ തോന്നി. ചുറ്റും നല്ലകാട്‌, ചെങ്കുത്തായ ചരിവ്‌, പാലക്കാട്ടുനിന്ന്‌ ക്യാമ്പിനുവന്ന രാധാകൃഷ്‌ണന്‍ എന്ന രാധ ഒറ്റയാനായ ഒരു പാറപുറത്തേക്ക്‌ വലിഞ്ഞുകയറി സാഹസികത കാട്ടി. അവനുപിന്നില്‍ വലിയ ഒരു കൊല്ലിയാണ്‌ പാതാളക്കൊല്ലി!

ചിതറിക്കിടക്കുന്ന പാറക്കൂട്ടങ്ങളാണ്‌ താഴെ. ഇതാണ്‌ പക്ഷി പാതാളം. പാതാളത്തിലേക്കിറങ്ങാന്‍ വഴിവേറെയാണ്‌. പാറപ്പുറത്തുനിന്ന്‌ അള്ളിപിടിച്ചുതന്നെ താഴോട്ടിറങ്ങി. ഗൂഹാമുഖംപോലെ രണ്ടു വലിയ പാറയിടുക്കിലൂടെ ഞങ്ങള്‍ പിന്നെ പാതാളം ലക്ഷ്യമായിറങ്ങി. പാറക്കെട്ടുകള്‍ക്കെല്ലാം നല്ല തണുപ്പ്‌. പേടിപ്പെടുത്തുന്ന നിശബ്‌ദത. പാതാളത്തിലേക്ക്‌ ഇറങ്ങുന്തോറും ഇരുട്ടു കൂടി വരുന്നുണ്ട്‌. ചില സ്‌ഥലങ്ങളില്‍ പാറയിടുക്കുകളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചമാണ്‌ വഴികാട്ടി. വെളിച്ചം അരിച്ചിറങ്ങുന്ന പാറയിടുക്കിലൂടെ നോക്കിയാല്‍ കാടിന്റെ തലപ്പുകാണാം.

കൂറേക്കൂടിയിറങ്ങിയപ്പോള്‍ പാറയിടുക്കില്‍ കുരുവികള്‍ കൂടുകൂട്ടിയതു കണ്ടു. വീണ്ടും താഴോട്ടിറങ്ങിയപ്പോള്‍ കുറേ നരിച്ചീറുകള്‍ വീണ്ടും ആവേശത്തോടെ താഴോട്ടിറങ്ങിയപ്പോള്‍ മുന്നിലൊട്ടും വെളിച്ചമില്ല. നിശബ്‌ദതയെ കീറിമുറിച്ച്‌ വവ്വാലുകളുടെ ചിറകടിയൊച്ച. പിന്നെ അനേകം പക്ഷിക്കൂട്ടങ്ങളുടെ സാമ്രാജ്യത്തിലൂടെ, അവയുടെ ഒരിക്കലും തീരാത്ത കലമ്പലുകളിലൂടെ കുറേ നേരം. ഏതോ മന്ത്രവാദിയുടെ സിംഹാസനത്തിലെത്തിയതുപോലെ തോന്നി. കുറേ നേരം ആ പേടിപ്പെടുത്തുന്ന കറുത്ത തണുപ്പില്‍ തന്നെ ഇരുന്നു.

പിന്നെ എഴുപതുകളില്‍ വസന്തത്തിന്റെ ഇടിമുഴക്കം കാതോര്‍ത്ത്‌ കുറേ ചെറുപ്പക്കാര്‍ നക്‌സല്‍ പ്രസ്‌ഥാനത്തിന്റെ ഊടും പാവും നെയ്‌തതും ഇവിടെ വച്ചായിരുന്നു. പക്ഷിപാതാളത്തിന്റെ ഈ ഇരുട്ടില്‍ നിന്നായിരുന്നോ അവര്‍ സമത്വസുന്ദര ലോകം സ്വപ്‌ന്ം കണ്ടത്‌? എന്തായാലും ചരിത്രാന്വേഷകര്‍ക്കും പ്രകൃതി പഠനത്തിനായി ഈ പാതാളലോകത്തെത്തുന്നവര്‍ക്കും ഒരത്ഭുത ലോകമായി പക്ഷിപാതാളം എന്നും നിലനില്‍ക്കുമെന്ന കാര്യമുറപ്പാണ്‌. പക്ഷിപാതാളമെന്ന വാക്കുപോലെ വിചിത്രവും കൗതുകവുമാണ്‌ ഇവിടുത്തെ കാഴ്‌ച്ചകളും.

വരുണ്‍ രമേഷ്‌

തിരിച്ചുവരവിലെ മാണിക്യം


പന്ത്രണ്ട്‌ വര്‍ഷം മുമ്പായിരുന്നു അത്‌. ഒരു മലയാളി പെണ്‍കൊടി കാമസൂത്രയുടെ പരസ്യത്തില്‍ സഭ്യമല്ലാത്ത രീതിയില്‍ പ്രത്യക്ഷപ്പെടുക! സദാചാരത്തിന്റെ കാവല്‍ക്കാര്‍ മുറവിളി കൂട്ടി. എന്നാല്‍ തന്റെ ജോലി ഭംഗിയായി ചെയ്‌തതിന്‌ നാട്ടില്‍ എന്തിനീ കോലാഹലം എന്ന്‌ മുംബൈയില്‍ താമസിച്ചിരുന്ന ആ കുട്ടിക്കു മനസ്സിലായില്ല. പിന്നീടവള്‍ ഇന്ത്യന്‍ സൗന്ദര്യമത്സരത്തില്‍ മുന്‍നിരയിലെത്തിയപ്പോഴും പലരും നെറ്റി ചുളിച്ചു. തുടര്‍ന്ന്‌ ഐറ്റം ഡാന്‍സുകളിലൂടെയും ഗ്ലാമര്‍ റോളുകളിലൂടേയും സിനിമയിലെത്തി. ഇന്നിതാ തന്റെ നാട്‌ തന്നിലെ നാടന്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ്‌ ഇരുകൈയുംനീട്ടി സ്വീകരിച്ചതില്‍ ശ്വേതാ മേനോന്‍ സന്തുഷ്‌ടയാണ്‌. മധ്യവേനല്‍, പരദേശി, കേരളകഫേ, പാലേരിമാണിക്യം, കടാക്ഷം, ടി.ഡി ദാസന്‍ Vll B ആ തുടങ്ങിയ വേറിട്ട ചിത്രങ്ങളിലൂടെ സിനിമയെ ഗൗരവമായി കാണുന്നവരുടെ മനസ്സില്‍ ഈ നടി സ്‌ഥാനം പിടിച്ചു കഴിഞ്ഞു. ഒപ്പം സംസ്‌ഥാന പുരസ്‌കാരവും ഇവരെ തേടിയെത്തി. മാതാപിതാക്കളോടൊപ്പം വിഷു ആഘോഷിക്കാന്‍ തൃശൂരിലെ വീട്ടിലെത്തിയ ശ്വേത ഇക്കുറി ഏറെ സന്തുഷ്‌ടയായിരുന്നു.

? ടി.ഡി ദാസന്‍ Vll B ആ ആണല്ലോ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തിലെ ചന്ദ്രികയെന്ന കഥാപാത്രം സന്തുഷ്‌ടി നല്‍കിയോ

തീര്‍ച്ചയായും. വളരെ വ്യത്യസ്‌തമായ പ്രമേയമാണ്‌ സിനിമയില്‍ നവസംവിധായകനായ മോഹന്‍ രാഘവന്‍ കൈകാര്യം ചെയ്യുന്നത്‌. ഒരു പാലക്കാടന്‍ ഉള്‍ഗ്രാമത്തിലും ബംഗളുരു നഗരത്തിലും വളരുന്ന രണ്ടുകുട്ടികളിലൂടെ ആധുനിക സമൂഹത്തില്‍ നഷ്‌ടപ്പെട്ടുപോകുന്ന സ്‌നേഹവും കുടുംബന്ധങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഈഗോ മൂലം കുടുംബ ബന്ധങ്ങള്‍ തകരുമ്പോള്‍ ചിതറുന്ന ബാല്യങ്ങള്‍. നഗരമായാലും ഗ്രാമമായാലും കുഞ്ഞുങ്ങളുടെ മനസ്സ്‌ തേടുന്നത്‌ ഒന്നുതന്നെ. തീപ്പെട്ടി കമ്പനിയില്‍ ജോലിചെയ്‌ത് കുഞ്ഞിനെ വളര്‍ത്തുന്ന തന്റേടിയായ നാടന്‍ പെണ്ണിനെ പ്രേക്ഷകര്‍ സ്വീകരിക്കാതിരിക്കില്ല. മലയാള സിനിമ പ്രതിസന്ധി നേരിടുന്നു എന്നു പറയുമ്പോള്‍ തികച്ചും വ്യത്യസ്‌തമായ ഇത്തരം സംരംഭങ്ങളെ പിന്തുണയ്‌ക്കാന്‍ സിനിമാപ്രേമികള്‍ തയ്യാറാകണം. മാതാപിതാക്കള്‍ നിര്‍ബന്ധമായും ഈ സിനിമ കാണണം.

? അടുത്തിടെ മലയാളത്തിലെ ശ്രദ്ധേയമായ പല സിനിമകളിലും വ്യത്യസ്‌ഥമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച്‌

തീര്‍ച്ചയായും എന്റെ ഭാഗ്യം. നടിയെന്ന രീതിയില്‍ ഏതു വേഷവും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്‌. എന്നാല്‍ വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെ തന്നെ. പാലേരിമാണിക്യത്തിലും പരദേശിയിലും അവതരിപ്പിച്ചത്‌ ജീവിതത്തില്‍ മറക്കാനാകാത്ത കഥാപാത്രങ്ങളെയാണ്‌. ചീരുവും ആമിനയും. മലയാളത്തിലെ മികച്ച രണ്ടു സംവിധായകരുടെ സിനിമകള്‍. ഒപ്പം മമ്മുട്ടിയും മോഹന്‍ലാലും. ജനിച്ചുവളര്‍ന്ന സാഹചര്യത്തില്‍ നിന്ന്‌ എത്രയോ വ്യത്യസ്‌തമായ കഥാപാത്രങ്ങള്‍. നന്നാകുമോ എന്ന്‌ പലരും സംശയിച്ചു. ഞാനും ആശങ്കപ്പെടാതിരുന്നില്ല. എന്നാല്‍ കപ്പിത്താന്‍ മിടുക്കനാണെങ്കില്‍ യാത്രക്കാര്‍ എന്തിനു ഭയപ്പെടണം? രഞ്‌ജിത്തും പി.ടിയും ധൈര്യം തന്നു. സിനിമ കണ്ടവരെല്ലാം അഭിനന്ദിച്ചു. പരദേശിയിലെ അഭിനയത്തിന്‌ അവാര്‍ഡ്‌ കിട്ടുമെന്ന്‌ അന്നേ പലരും പറഞ്ഞു. എന്നാല്‍ സമയമായിരുന്നില്ല. കിട്ടിയത്‌ പാലേരിമാണിക്യത്തിനായി. അവാര്‍ഡ്‌ കിട്ടിയപ്പോഴാകട്ടെ പ്രേക്ഷകരോടുള്ള ഉത്തരവാദിത്തം വര്‍ദ്ധിച്ചതായി തോന്നുന്നു.

ഇതേ പോലെ സന്തോഷം നല്‍കിയവയാണ്‌ മധ്യവേനലും കടാക്ഷവും കേരള കഫേയും മറ്റും. മധ്യവേനലിലെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മുറുക്കിപിടിച്ച്‌ ചര്‍ക്കതിരിച്ച്‌ ജീവിതത്തെ നേരിടുന്ന സരോജനി. കടാക്ഷത്തിലാകട്ടെ ദാമ്പത്യത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന രേവതി എന്ന വീട്ടമ്മ. കേരള കഫേ സിനിമയുടെ സ്വഭാവം അറിയാതെയായിരുന്നു അവിരാമം എന്ന സെഗ്‌മെന്റില്‍ അഭിനയിച്ചത്‌. മലയാളത്തിലെ ശ്രദ്ധേയമായ പരീക്ഷണമാണ്‌ ആ സിനിമ. പലതും വളരെ ചെറുതാണെങ്കിലും ഇത്തരം കഥാപാത്രങ്ങളെ വളരെ ചുരുങ്ങിയ കാലയളവില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതാണ്‌ ഭാഗ്യം എന്നു ഞാന്‍ പറഞ്ഞത്‌.

? കാമസൂത്ര പരസ്യത്തില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നു തോന്നുന്നുണ്ടോ? ഇത്തരം പരസ്യങ്ങളിലും സിനിമയിലെ ഗ്ലാമര്‍ റോളുകളിലും ഇനിയും പ്രത്യക്ഷപ്പെടുമോ?

തീര്‍ച്ചയായും. മോഡലിംഗും അഭിനയവും എന്റെ തൊഴിലാണ്‌. കണ്ടീഷനുകള്‍ വച്ച്‌ അതുചെയ്യാന്‍ കഴിയില്ല. എന്നാല്‍ സംശയം വേണ്ട, മുന്‍ഗണന നല്ല കഥാപാത്രങ്ങള്‍ക്കും നല്ല സിനിമകള്‍ക്കും തന്നെയായിരിക്കും.

? മുംബൈ നഗരത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിക്ക്‌ കേരളത്തെ അഡ്‌ജസ്‌റ്റ് ചെയ്യാന്‍ കഴിയുന്നതെങ്ങിനെ? പ്രത്യേകിച്ച്‌ സ്‌ത്രീ പുരുഷ ബന്ധങ്ങളിലും മറ്റും കേരളം വളരെ പുറകിലെന്ന്‌ പരക്കെ അംഗീകരിക്കപ്പെടുമ്പോള്‍. കാമസൂത്ര വിവാദത്തിനു കാരണം പോലും മലയാളിയുടെ കപടമായയ സദാചാരബോധമല്ലേ?

അങ്ങനെ പൂര്‍ണ്ണമായും ഞാന്‍ പറയില്ല. തീര്‍ച്ചയായും മുംബൈയില്‍നിന്ന്‌ വ്യത്യസ്‌തമാണ്‌ കേരളം. അത്‌ സ്വാഭാവികമല്ലേ? ആളുകളുടെ മനസ്സ്‌ അത്ര പെട്ടെന്ന്‌ മാറില്ല. എന്നാല്‍ അന്ന്‌ വിവാദം ഉണ്ടാക്കിയെന്നു പറയുന്ന മലയാളികള്‍ തന്നെ എന്നെ ഇന്ന്‌ രണ്ടുകൈയും നീട്ടി സ്വീകരിച്ചില്ലേ? അതില്‍പ്പരം സന്തോഷം മറ്റെന്തുവേണം?

? മലയാളസിനിമയില്‍ അടുത്ത കാലത്തുണ്ടായ മാറ്റം ഏറെ ചര്‍ച്ചാവിഷയമാണല്ലോ. മുമ്പൊക്കെ സത്യന്‍ - ശാരദ, നസീര്‍ - ജയഭാരതി, മധു - ഷീല എന്നൊക്കെ തുല്ല്യപ്രാധാന്യത്തോടെ പറഞ്ഞിരുന്നു. ഇന്നത്‌ മാറി മമ്മുട്ടി സിനിമ, മോഹന്‍ലാല്‍ സിനിമ എന്നു പറയുന്നു. സ്‌ത്രീ കഥാപാത്രങ്ങള്‍ക്കും നടികള്‍ക്കും പ്രാധാന്യം കുറഞ്ഞെന്നും. നടികള്‍ മറ്റു ഭാഷകളിലേക്ക്‌ ചേക്കേറുന്നു.

അതേ കുറിച്ച്‌ എനിക്കറിയില്ല. പക്ഷേ, ഞാനഭിനയിച്ച മിക്ക സിനിമകളും നോക്കു. അതങ്ങനെയല്ല എന്നുകാണാം. അവ മിക്കവാറും സ്‌ത്രീകള്‍ക്ക്‌ വളരെ പ്രാധാന്യമുള്ള സിനിമകള്‍ തന്നെയാണ്‌.

? മലയാള സിനിമയില്‍ ഇനിയും താങ്കളെ പ്രതീക്ഷിക്കാം..

തീര്‍ച്ചയായും. നേരത്തെ പറഞ്ഞപോലെ ഭാഗ്യം കൂടി തുണക്കുമെങ്കില്‍.....

ഐ. ഗോപിനാഥ്‌

മതത്തിനുമപ്പുറം ഉയരുന്ന ക്ഷേത്രങ്ങള്‍


വളരെ ചെറുപ്പത്തിലേ നാല്‍പതു ക്ഷേത്രങ്ങള്‍ക്ക്‌ സ്‌ഥാനം നിര്‍ണയിക്കാന്‍ കഴിയുന്നതുതന്നെ വലിയ കാര്യം. ക്ഷേത്രങ്ങളുടെ സ്‌ഥാപതിയാകുന്നത്‌ ഒരു മുസ്ലീമാണെങ്കിലോ?

പുന്നപ്ര കുറവന്തോട്ടുങ്കല്‍ സുബൈര്‍ മന്‍സിലില്‍ മുസ്‌തഫകുഞ്ഞ്‌ ഹാജിയുടെയും ജമീലയുടെയും മകനായ നജീബ്‌ എന്ന യുവാവാണ്‌ സ്‌ഥാപത്യശാസ്‌ത്രമെന്ന ആര്‍ഷഭാരത പാരമ്പര്യത്തിന്റെ പടിക്കെട്ടുകള്‍ ഒന്നൊന്നായി കയറുന്നത്‌. കണക്കുകളിലെ കണിശതകൊണ്ടും വിശ്വാസത്തില്‍ അണുവിട വെള്ളം ചേര്‍ക്കാതെയും തീര്‍ത്ത സര്‍പ്പക്ഷേത്രങ്ങള്‍ അടക്കമുള്ള ക്ഷേത്രങ്ങള്‍ നജീബിനെ ദ്രാവിഡ സംസ്‌കാരത്തിന്റെ പാരമ്പര്യം പിന്‍പറ്റുന്ന തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ സ്‌ഥപതി സ്‌ഥാനത്തേക്കും 34 വയസിനുള്ളില്‍ എത്തിച്ചു. ക്ഷേത്രങ്ങള്‍ക്കും ഗൃഹങ്ങള്‍ക്കുമൊപ്പം മുസ്ലീം പള്ളിയും വാസ്‌തുശാസ്‌ത്ര വിധിപ്രകാരം നിര്‍മിച്ചാണ്‌ ഈ രംഗത്ത്‌ നജീബ്‌ ശ്രദ്ധേയനാകുന്നത്‌.

പോളിടെക്‌നിക്കില്‍ നിന്ന്‌ ലഭിച്ച എഞ്ചിനീയറിംഗ്‌ ബിരുദവുമായി രംഗത്തിറങ്ങിയ നജീബ്‌ ഒരിക്കല്‍ വരച്ചുനല്‍കിയ രൂപരേഖ വാസ്‌തുശാസ്‌ത്ര പ്രകാരം തെറ്റാണെന്ന്‌ വാസ്‌തുശാസ്‌ത്ര പണ്ഡിതന്‍ പുല്ലങ്ങടി ബാലകൃഷ്‌ണന്‍ വിമര്‍ശിച്ചതാണ്‌ വാസ്‌തുശാസ്‌ത്രം പഠിക്കാനും അത്‌ പ്രയോഗിക്കാനും നജീബിന്‌ പ്രേരണയായത്‌. തെറ്റ്‌ കണ്ടെത്തി വിമര്‍ശിച്ചയാളെ ഗുരുവായി സ്വീകരിച്ച്‌ തുടങ്ങിയ വാസ്‌തുശാസ്‌ത്ര പഠനം ശാസ്‌ത്രീയമായും പരിശീലനത്തിലൂടെയും ഇപ്പോഴും തുടരുകയാണ്‌.

ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ ഹൈന്ദവമെന്ന നിലയില്‍ ആചരിക്കുന്ന വിശ്വാസത്തെ പിന്‍പറ്റി സഞ്ചരിച്ചപ്പോള്‍ ആദ്യം സ്വന്തം സമുദായാംഗങ്ങളില്‍ നിന്നുതന്നെ എതിര്‍പ്പുണ്ടായി. ഇതോടൊപ്പം സ്‌ഥാപത്യ വേദത്തെ വ്യഖാനിക്കാനും പ്രയോഗിക്കാനും ഒരു അഹിന്ദുവിന്‌ എന്ത്‌ അധികാരം എന്ന ചോദ്യവുമായി സ്‌ഥാപത്യവേദത്തിന്റെ 'കുത്തകക്കാരും' രംഗത്തിറങ്ങി. എന്നാല്‍ സ്വന്തം പുത്രന്‌ പോലും പകര്‍ന്നു നല്‍കിയിട്ടില്ലാത്ത പാഠങ്ങള്‍ ഓതിത്തന്ന ഗുരുവിന്റെ പ്രചോദനവും ഈ മഹാശാസ്‌ത്രം പഠിക്കുമെന്ന ദൃഢനിശ്‌ചയവും നജീബിനെ മുന്നോട്ട്‌ നയിക്കുകയായിരുന്നു.

പലപ്പോഴും മാറ്റിപ്പണിതിട്ടും ശരിയാകാതിരുന്ന കപ്പക്കടയിലെ സര്‍പ്പക്ഷേത്രത്തിന്റെ കണക്ക്‌ ശരിയാക്കി നല്‍കിയാണ്‌ നജീബ്‌ ക്ഷേത്ര നിര്‍മാണ രംഗത്ത്‌ തുടക്കം കുറിക്കുന്നത്‌. മുസ്ലീം സമുദായംഗം വരച്ചു നല്‍കിയതാണെന്ന കാരണത്താല്‍ പ്രശ്‌നംവച്ചു നോക്കാതെതന്നെ തള്ളിക്കളയാതിരിക്കാന്‍, നജീബ്‌ രൂപരേഖ കവറിനുള്ളിലാക്കിയാണ്‌ തന്നെ സമീപിച്ചവരുടെ പക്കല്‍ ഏല്‍പിച്ചത്‌. പ്രശ്‌നവിധിയില്‍ അത്യുത്തമമെന്നു കണ്ടതോടെ ആ കണക്കില്‍ ക്ഷേത്രം പണിതുയര്‍ത്തുകയായിരുന്നു.

സുബഹ്‌ നിസ്‌കാരം തൊട്ട്‌ യഥാര്‍ഥ വിശ്വാസി അനുഷ്‌ഠിക്കേണ്ട മുഴുവന്‍ കര്‍മ്മങ്ങളും അനുഷ്‌ഠിച്ചുകൊണ്ടാണ്‌ നജീബ്‌ ക്ഷേത്രനിര്‍മ്മിതിയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്‌.

മഹാജ്‌ഞാനം മറഞ്ഞുകിടക്കുന്ന ഈ നാടിന്റെ വൈദിക ദത്തമായ പൈതൃകം എല്ലാ ഭാരതീയന്റെയും സ്വന്തമല്ലേയെന്നും നജീബ്‌ ചോദിക്കുന്നു.

പുന്നപ്ര എന്‍.എസ്‌.എസ്‌.യു.പി.എസ്‌, അറവുകാട്‌ എച്ച്‌.എസ്‌ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും ആലപ്പുഴ എസ്‌.ഡി കോളജില്‍ പ്രീ-ഡിഗ്രി പഠനവും പൂര്‍ത്തിയാക്കിയ നജീബ്‌ കാര്‍മല്‍ പോളിടെക്‌നിക്കില്‍ നിന്നാണ്‌ സിവില്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടിയത്‌. ഏറ്റവും ഒടുവില്‍ ആറന്‍മുള വാസ്‌തുവിദ്യാഗുരുകുലത്തില്‍ പാരമ്പര്യ തച്ചുശാസ്‌ത്രവും പഠിച്ചതാണ്‌ നജീബിന്റെ അക്കാദമിക്‌ യോഗ്യതകള്‍.

ശാസ്‌ത്രവ്യാഖ്യാനങ്ങള്‍ തെല്ലും തെറ്റാതെ പാലിക്കപ്പെടാന്‍ വേണ്ടിയാണ്‌ അവയെ പഴയ തലമുറ വിശ്വാസത്തിന്റെ മധുരത്തില്‍ അലിയിച്ചത്‌ എന്നു വിശ്വസിക്കുന്ന നജീബ്‌, കൗമാര കാലത്ത്‌ ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ സഹയാത്രികന്‍ കൂടിയായിരുന്നു.

കൂടത്തില്‍ മഹാദേവക്ഷേത്രം, പള്ളിപ്പാട്‌ ഭദ്രകാളിക്ഷേത്രം, പെരുമ്പാവൂര്‍ മുരിക്കല്‍ പള്ളി തുടങ്ങിയ ദേവാലയങ്ങളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തീകരിച്ച നജീബ്‌ ഇപ്പോള്‍ മറ്റുക്ഷേത്രങ്ങളുടെയും ഗുരുദേവ മണ്ഡപങ്ങളുടെയും നിര്‍മാണത്തിരക്കിലാണ്‌. പച്ച, കുന്നുമ്മ എന്നിവിടങ്ങളിലാണ്‌ ഗുരുദേവക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നത്‌.

സുബഹ്‌ നിസ്‌കാരത്തിന്‌ നേരമായപ്പോള്‍ ഒരു ഹിന്ദുകുടുംബം അവരുടെ പൂജാമുറി നിസ്‌കാരത്തിന്‌ വിട്ടുനല്‍കിയതടക്കമുള്ള സംഭവങ്ങള്‍ തന്റെ ജീവിതത്തില്‍ മറക്കാനാവാത്തതാണ്‌ നജബീന്‌. സ്‌ഥാപത്യ ശാസ്‌ത്രവും മറ്റുമായി പോകുന്ന നജീബിന്റെ രീതിയോടുള്ള ചില സമുദായാംഗങ്ങളുടെ എതിര്‍പ്പ്‌ കണ്ട്‌ ഭാര്യ ഷെഫീനപോലും ഈ ജോലി വേണോയെന്ന്‌ ചോദിക്കാറുണ്ട്‌.

എന്നാല്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ വയറ്റിപ്പിഴപ്പിനുളള അഭ്യാസമാണ്‌ ഇതെന്ന്‌ തോന്നുമെങ്കിലും തനിക്ക്‌ ഇതൊരു തപസാണെന്ന മറുപടിയിലൂടെയാണ്‌ ഭാര്യയെ ആശ്വസിപ്പിക്കുന്നത്‌. ആസിയാ നജീബ്‌, അബ്‌ദുള്‍ റസാഖ്‌ എന്നിവരാണ്‌ മക്കള്‍.

കള്ളനാണയങ്ങള്‍ ഏറെ കടന്നുകൂടിയതാണ്‌ എവിടെയുമെന്നപോലെ ഈ മേഖലയിലെയും അപചയത്തിന്‌ കാരണമെന്ന്‌ തന്റെ ചെറിയകാലത്തെ അനുഭവം കൊണ്ട്‌ തിരിച്ചറിഞ്ഞെന്ന്‌ നജീബ്‌ പറയുന്നു.

രജീഷ്‌ പി. രഘുനാഥ്‌